29 September Tuesday

സ്ത്രീകള്‍ കള്ളക്കേസ് ചമയ്ക്കുന്നവരോ?

വെബ് ഡെസ്‌ക്‌Updated: Wednesday Aug 2, 2017


സുപ്രീംകോടതിക്കു മുന്നില്‍ കഴിഞ്ഞ ദിവസം നടന്ന  മഹിളാ മാര്‍ച്ചില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങളിലൊന്ന് അസാധാരണവും വികാരഭരിതവുമായിരുന്നു. സ്ത്രീകളെ കള്ളം പറയുന്നവരെന്ന് മുദ്രയടിക്കാന്‍ ഇടയാക്കുന്ന സുപ്രീംകോടതി ഉത്തരവ് തിരുത്തണമെന്നായിരുന്നു ആവശ്യം. ഗാര്‍ഹിക പീഡനവകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഏറിയപങ്കും കള്ളക്കേസുകളാണെന്ന നിരീക്ഷണമാണ് മഹിളാസംഘടനകളുടെ സംയുക്ത പ്രതിഷേധത്തിനു കാരണമായത്. ഇത്തരമൊരു പരാമര്‍ശത്തിനപ്പുറം അപകടകരമായ നിരവധി നിര്‍ദേശങ്ങള്‍കൂടി അടങ്ങുന്നതായിരുന്നു സുപ്രീംകോടതി ഉത്തരവ്. സ്ത്രീകള്‍ വീടിനകത്ത് അനുഭവിക്കുന്ന മാനസിക, ശാരീരിക പീഡനങ്ങള്‍ക്ക് തടയിടാനുള്ള ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498 എ വകുപ്പിനെ ഫലത്തില്‍ ഇല്ലാതാക്കുന്ന നിര്‍ദേശങ്ങളാണ് സുപ്രീംകോടതി അന്വേഷണ,  നീതിന്യായ സംവിധാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

സ്ത്രീധന നിരോധനം ഉള്‍പ്പെടെയുള്ള സ്ത്രീസുരക്ഷാ നിയമങ്ങള്‍ നിലവിലിരിക്കുമ്പോഴും രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ അത്യന്തം പരിതാപകരമായ സാഹചര്യത്തിലാണ് 1983ല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഗാര്‍ഹിക പീഡനം തടയാന്‍ പ്രത്യേക വകുപ്പ് കൂട്ടിച്ചേര്‍ത്തത്. സ്ത്രീകള്‍ക്കുനേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ നല്ലൊരുപങ്ക് കുടുംബത്തില്‍നിന്ന് തന്നെയായിരുന്നു. സ്ത്രീധന മരണങ്ങളുടെ എണ്ണവും ക്രമാതീതമായി വര്‍ധിച്ചു. ഇത് തടയാന്‍ ഫലപ്രദമായ നിയമം വേണമെന്ന മുറവിളിക്ക് പരിഹാരമായി ശിക്ഷാനിയമം, തെളിവുനിയമം, ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് എന്നിവ ഭേദഗതി ചെയ്തു. പരമ്പരാഗതമായ പുരുഷകേന്ദ്രീകൃത സാമൂഹ്യവ്യവസ്ഥയും ഹിന്ദു, മുസ്ളിം, ക്രിസ്ത്യന്‍ വ്യക്തിനിയമങ്ങളിലെ പുരുഷപക്ഷപാതവും ചേര്‍ന്ന് അങ്ങേയറ്റത്തെ നീതിനിഷേധമാണ് സ്ത്രീകള്‍ അനുഭവിച്ചിരുന്നത്. വിവാഹം, സ്വത്തവകാശം തുടങ്ങിയവ  വ്യക്തിനിയമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവയിലെല്ലാം ഏറിയും കുറഞ്ഞും പുരുഷ മേല്‍ക്കോയ്മ നിലനിന്നിരുന്നുതാനും.

ഗാര്‍ഹിക പീഡന നിയമപ്രകാരം ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുക്കളോ നടത്തുന്ന എല്ലാത്തരം മാനസിക, ശാരീരിക പീഡനങ്ങളില്‍നിന്നും സ്ത്രീകള്‍ക്ക് സംരക്ഷണം ലഭിച്ചുപോന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ടല്ലാതെതന്നെ ക്രൂരതയും പീഡനവും തെളിയിക്കപ്പെട്ടാല്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ശിക്ഷിക്കപ്പെടുന്ന അവസ്ഥ ഇന്ത്യന്‍ സ്ത്രീയുടെ ആത്മാഭിമാനത്തെ തെല്ലൊന്നുമല്ല ഉയര്‍ത്തിയത്. നീതിപീഠത്തിന്റെ ഭാഗത്തുനിന്ന് സ്ത്രീകള്‍ക്ക് അനുകൂലമായ ഇടപെടലുകളാണ് മുന്‍കാലങ്ങളില്‍  ഉണ്ടായിട്ടുള്ളത്. ഷബാനുകേസില്‍ മൊഴിചൊല്ലിയ ഭാര്യക്ക് ഭര്‍ത്താവ് ചെലവിന് നല്‍കണമെന്നായിരുന്നു സുപ്രീംകോടതിവിധി. മതപൌരോഹിത്യത്തിന്റെ സമ്മര്‍ദത്തിനു വഴങ്ങി ഈ വിധി മറികടക്കാന്‍ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നിയമനിര്‍മാണം നടത്തിയെന്നത് ചരിത്രത്തിലെ വിരോധാഭാസം. മേരിറോയ് കേസില്‍ ക്രിസ്ത്യന്‍ സ്വത്തവകാശ നിയമത്തിലെ സ്ത്രീവിരുദ്ധതയ്ക്കെതിരെയാണ് സുപ്രീംകോടതി നിലപാടെടുത്തത്.

സ്ത്രീ-പുരുഷ തുല്യതയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും  പ്രത്യേക പരിരക്ഷയുമെന്നത് ഭരണഘടനാതത്വമാണ്. ഇത് മൌലികാവകാശങ്ങളുടെ ലംഘനമാകില്ലെന്ന് ആര്‍ട്ടിക്കിള്‍ 15 (3) നിസ്സംശയം വ്യക്തമാക്കിയിട്ടുമുണ്ട്്. ഇതുസംബന്ധിച്ച് വന്ന നിരവധി കേസുകളില്‍ സുപ്രീംകോടതി നിലപാടും സുവ്യക്തമായിരുന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ രമേശ്കുമാര്‍ കേസിലെ സുപ്രീംകോടതി ഉത്തരവ് സ്ത്രീസമൂഹത്തിലാകെ ആശങ്ക ഉണര്‍ത്തിയിരിക്കുന്നു. ഡല്‍ഹിയില്‍ ബസില്‍ ഒരു പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നുണ്ടായ നിയമനിര്‍മാണം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ശക്തിപ്പെടുത്തിയ കാലഘട്ടത്തിലാണ് കുടുംബത്തില്‍ സ്ത്രീക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പരിരക്ഷ ഇല്ലാതാക്കുന്നത്.

രാജ്യത്ത് നിലനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല സുപ്രീംകോടതി നിരീക്ഷണം. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ പ്രകാരം മൂന്നുസ്ത്രീകളില്‍ ഒരാള്‍വീതം മാനസികവും ശാരീരികവും വാക്കാലുമുള്ള ഗാര്‍ഹിക പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുന്നു. ദേശീയ ക്രൈംബ്യൂറോയുടെ കണക്കനുസരിച്ച് 2015ല്‍ ഒന്നേകാല്‍ ലക്ഷത്തോളം കേസുകള്‍ 498 എ പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇതില്‍ 90 ശതമാനത്തിലും കുറ്റപത്രവും നല്‍കി. ഗാര്‍ഹിക പീഡനക്കേസുകളില്‍ നിയമത്തിന്റെയോ വസ്തുതകളുടെയോ പിന്‍ബലമില്ലാത്ത 'കള്ളക്കേസുകള്‍' എട്ടു ശതമാനത്തില്‍ താഴെയായിരിക്കുമ്പോഴാണ് സ്ത്രീസമൂഹമാകെ കള്ളക്കേസ് ചമയ്ക്കുന്നവരായി ചിത്രീകരിക്കപ്പെടുന്നത്്.

ശിക്ഷിക്കുന്ന കേസുകള്‍ 15 ശതമാനത്തില്‍ താഴെയാണെന്നതാണ് മറ്റൊരുവാദം. കുറ്റമറ്റ അന്വേഷണവും തെളിവുശേഖരണവും ഇല്ലാത്തതാണ് ശിക്ഷാനിരക്ക് കുറയ്ക്കുന്നത്. ഗാര്‍ഹിക പീഡനക്കേസുകളെ പൊലീസ് മുന്‍വിധിയോടെ സമീപിക്കുന്നതാണ് പ്രധാന കാരണം. പീഡനങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളില്‍ നല്ലൊരുപങ്കും പരാതിപ്പെടാന്‍പോലും ത്രാണിയില്ലാത്തവരാണ്. ഇത്തരമൊരു പശ്ചാത്തലത്തില്‍ മരണമോ പ്രത്യക്ഷമായ പരിക്കുകളോ ഇല്ലാത്ത കേസുകളില്‍ 498 എ ബാധകമാക്കേണ്ടതില്ലെന്ന നിര്‍ദേശം പൊലീസിന് നല്‍കുന്നത് ആപല്‍ക്കരമായ ഫലങ്ങള്‍ ഉളവാക്കും. സ്ത്രീസമൂഹം ഏറെക്കാലമായി അനുഭവിച്ചുകൊണ്ടിരുന്ന രക്ഷാകവചം ഇല്ലാതാകുന്നതിനെതിരെ എല്ലാതലങ്ങളിലും പ്രതിരോധം ഉയര്‍ന്നുവരേണ്ടതുണ്ട്
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top