04 October Wednesday

മതവും രാഷ്ട്രീയവും സുപ്രീംകോടതിയും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 4, 2017

മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കുന്നതിനെതിരെ സുപ്രീംകോടതി ഇടപെടല്‍ ആദ്യമല്ല. എങ്കിലും മതനിരപേക്ഷത തന്നെ ഭരണഘടനയില്‍ നിലനിര്‍ത്തേണ്ടതുണ്ടോ എന്ന ചോദ്യമുയര്‍ത്തുന്നവര്‍ ഭരണം കൈയാളുമ്പോള്‍ ഇക്കാര്യം സുപ്രീംകോടതി വീണ്ടും പറയുന്നു എന്നത് അതിപ്രധാനമാകുന്നു. മാത്രമല്ല, തെരഞ്ഞെടുപ്പിലെ മതത്തിന്റെ ഉപയോഗത്തിന്റെ നിര്‍വചനം ഈ വിഷയത്തില്‍ തിങ്കളാഴ്ചയുണ്ടായ സുപ്രീംകോടതിവിധി കൂടുതല്‍ വിപുലമാക്കിയിട്ടുമുണ്ട്.  ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റെ വിധി ഏകകണ്ഠമല്ല. മൂന്ന് ജഡ്ജിമാര്‍ വിയോജിച്ച് പ്രത്യേക വിധിന്യായംതന്നെ എഴുതിയിട്ടുണ്ട്. ഈ ഭിന്നാഭിപ്രായവിധിയിലും പ്രസക്തമായ പലകാര്യങ്ങളും ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഭൂരിപക്ഷവിധിക്കൊപ്പം അവയും വരുംനാളുകളില്‍ രാജ്യം ചര്‍ച്ചചെയ്യുമെന്ന് പ്രത്യാശിക്കാം. 

മതനിരപേക്ഷത എന്തുകൊണ്ട് ഇന്ത്യന്‍ ഭരണഘടനയുടെ നെടുംതൂണാണെന്നതിന് അടിവരയിടുന്നതാണ്് ഭൂരിപക്ഷ അഭിപ്രായം എന്ന നിലയില്‍ ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ എഴുതിയ വിധിന്യായം.  ഡോ. എസ് രാധാകൃഷ്ണന്റെയും ഡോ. ബി ആര്‍ അംബേദ്കറുടെയും വാക്കുകളും 1962 മുതലുള്ള സുപ്രീംകോടതി വിധികളും നിലപാട് സാധൂകരിക്കാന്‍ ജസ്റ്റിസ് ഠാക്കൂര്‍ വിധിയില്‍ ഉദ്ധരിക്കുന്നു. മതനിരപേക്ഷത ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങളില്‍ ഒന്നുതന്നെയാണെന്ന 1994ലെ എസ് ആര്‍ ബൊമ്മെ കേസിലെ വിധിയും ജസ്റ്റിസ് ഠാക്കൂര്‍ ഓര്‍മിപ്പിക്കുന്നു. മതനിരപേക്ഷതയുടെ ഈ അടിത്തറയില്‍നിന്നുകൊണ്ട് ജനപ്രാതിനിധ്യനിയമത്തിലെ വ്യവസ്ഥകളെ വിലയിരുത്താനാണ് സുപ്രീംകോടതി ശ്രമിക്കുന്നത്. മതം, ജാതി, സമുദായം. ഭാഷ എന്നിവ ഉപയോഗിച്ച് വോട്ടുതേടുന്നത് ജനപ്രാതിനിധ്യനിയമപ്രകാരം നിയമവിരുദ്ധമാണെന്ന അടിസ്ഥാന നിഗമനത്തില്‍ കോടതി എത്തിച്ചേരുകയുംചെയ്യുന്നു.

മതത്തിന്റെപേരില്‍ വോട്ടുതേടുന്ന ഒരാള്‍ അത് സ്വന്തം മതത്തിന്റെ പേരിലായാലും വോട്ടറുടെ മതത്തിന്റെ പേരിലായാലും ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന നിലപാടിലാണ് കോടതി എത്തുന്നത്. വോട്ടിനുവേണ്ടി മതത്തെയും ജാതിയെയും സമുദായത്തെയും വംശത്തെയും ‘ഭാഷയെയും കൂട്ടുപിടിക്കുന്നത് തെരഞ്ഞെടുപ്പ് ക്രമക്കേടായി കോടതി കാണുന്നു. വ്യക്തിയുടെ മതത്തിന്റെ (his religion)' പേരിലുള്ള പ്രചാരണം’ എന്ന ജനപ്രാതിനിധ്യനിയമത്തിലെ പരാമര്‍ശത്തിന്റെപേരില്‍ ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായി.  ഈ പരാമര്‍ശത്തില്‍, എല്ലാ വോട്ടര്‍മാരുടെയും സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും മതവും ജാതിയും സമുദായവും ഉള്‍പ്പെടുമെന്ന നിലപാടാണ് ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ എം ബി ലോക്കൂറും  എസ് എ ബോബ്ഡെയും എല്‍ നാഗേശ്വരറാവുവും സ്വീകരിച്ചത്.  വ്യക്തിയുടെ മതമെന്ന പരാമര്‍ശം സ്ഥാനാര്‍ഥിയുടെ മതമായി കണ്ടാല്‍മതിയെന്നായിരുന്നു വിയോജിപ്പ് രേഖപ്പെടുത്തിയ ജഡ്ജിമാരായ എ കെ ഗോയല്‍, യു യു ലളിത്, ഡി വൈ ചന്ദ്രചൂഡ് എന്നിവരുടെ നിലപാട്. എന്നാല്‍, ഭൂരിപക്ഷവിധി 'വ്യക്തി' എന്ന  വാക്കിന്റെ വ്യാഖ്യാനം വിപുലപ്പെടുത്തിയതോടെ തന്റെ മതത്തിന്റെ പേരിലല്ലാതെ വോട്ടറുടെ മതത്തെ മുന്‍നിര്‍ത്തിയുള്ള തെരഞ്ഞൈടുപ്പ് പ്രചാരണവും ഇനി തെരഞ്ഞെടുപ്പ് അഴിമതിയായി മാറും.

മതത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഉപാധിയാക്കുന്നത്  ഇന്ന് മുമ്പെന്നത്തേക്കാളും പ്രകടമാണ്. ഹിന്ദു എന്ന ലേബലോടെ ജനിക്കുന്നവര്‍മാത്രമാണ് ഇന്ത്യക്കാരെന്നും അവരുടേതുമാത്രമാണ് ഇന്ത്യ എന്നും പ്രചരിപ്പിക്കുന്ന തീവ്രഹിന്ദുത്വ സംഘടനയായ ബിജെപിയാണ് ഇന്ത്യ ഭരിക്കുന്നത്. പല സംസ്ഥാനങ്ങളിലും സങ്കുചിത മതചിന്തയും മതവൈരവും വിതച്ചാണ് അവര്‍ അധികാരം പിടിച്ചത്. വിധി മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട് മുന്‍കാലപ്രാബല്യത്തോടെ അംഗീകരിച്ചാല്‍ ബിജെപിയുടെ അധികാരാരോഹണംതന്നെ അസാധുവാകും.

ബിജെപി മതത്തെ തന്നെ രാഷ്ട്രീയാടിത്തറയും മേല്‍ക്കൂരയുമാക്കുന്ന പാര്‍ടിയായതിനാല്‍ അവരില്‍നിന്ന് മറ്റൊന്ന് പ്രതീക്ഷിക്കാനില്ല. എന്നാല്‍, സങ്കുചിത രാഷ്ട്രീയനേട്ടങ്ങള്‍ക്കായി മതത്തെ ഉപയോഗിക്കുന്നതില്‍ കോണ്‍ഗ്രസ് ഒരിക്കലും മടിച്ചുനിന്നിട്ടില്ലെന്നത് ചരിത്രം. ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ വിമോചനസമരം സംഘടിപ്പിച്ചതും അടുത്ത തെരഞ്ഞെടുപ്പില്‍ മതസംഘടനകളുടെ മെഗഫോണായി മാറി ഭരണം പിടിച്ചതും കോണ്‍ഗ്രസ് നേതൃത്വത്തിലായിരുന്നു.

ഷാബാനുകേസിനെ തുടര്‍ന്നുണ്ടായ മുസ്ളിംപ്രീണനമെന്ന പ്രതീതി മാറ്റാന്‍ ബാബറിമസ്ജിദ് ഇരുന്നസ്ഥലത്ത് 1986ല്‍ പൂജ അനുവദിച്ച രാജീവ്ഗാന്ധിയുടെ നടപടിയും ഈ വഴിക്കായിരുന്നു. രണ്ടും അടുത്ത തെരഞ്ഞെടുപ്പില്‍ ഇരുമതവിഭാഗങ്ങള്‍ക്കിടയിലും കോണ്‍ഗ്രസ് പ്രചാരണായുധമാക്കുകയും ചെയ്തു. ഇന്നും മതരാഷ്ട്രീയം തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് മടിക്കുന്നില്ല. സുപ്രീംകോടതിവിധി അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനും താക്കീതാണ്.

തെരഞ്ഞെടുപ്പിലെ മതവിലക്ക് തികച്ചും സ്വാഗതാര്‍ഹമായിരിക്കുമ്പോഴും വ്യക്തതവരുത്തേണ്ട ചിലവശങ്ങള്‍ വിധിക്കുണ്ടെന്ന് കണ്ടേതീരൂ. അതിലൊന്ന് മതത്തിന്റെപേരില്‍ ഏതെങ്കിലും ജനവിഭാഗം നേരിടുന്ന വിവേചനം തെരഞ്ഞെടുപ്പില്‍ ഉന്നയിക്കുന്നത് ഈ വിധിയുടെ പരിധിയില്‍ വരുമോ എന്നത്. അങ്ങനെവന്നാല്‍ അത് ന്യായമായ ജനകീയപ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉന്നയിക്കുന്നതിനെ വിലക്കുന്ന തരത്തിലാകില്ലേ എന്ന ആശങ്കയുണ്ട്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എഴുതിയ ഭിന്നാഭിപ്രായവിധിയില്‍  ഈ പ്രശ്നം ഉന്നയിക്കുന്നുണ്ട്. ജാതിയുടെപേരില്‍ അയിത്തം പോലും നേരിടുന്ന ജനവിഭാഗങ്ങളുള്ള രാജ്യമാണ്. ഒരു മതത്തില്‍ ജനിച്ചതിന്റെപേരില്‍ മാത്രം ഒരാള്‍ കൊല്ലപ്പെടാമെന്ന സ്ഥിതിയുമുണ്ട്. ഇത്തരത്തിലൊരു പ്രശ്നം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്നതിനെ തടയുന്ന വിധത്തില്‍ ഈ വിധി ഉപയോഗിക്കപ്പെടുമോ എന്ന ആശങ്ക തികച്ചും ന്യായമാണ്. ഇക്കാര്യത്തില്‍ സുപ്രീംകോടതി തന്നെ വ്യക്തത വരുത്തേണ്ടതുണ്ട്.
ആര്‍ക്കും ഏതുമതത്തിലും വിശ്വസിക്കാനും ഒന്നിലും വിശ്വസിക്കാതിരിക്കാനും സ്വാതന്ത്യ്രംനല്‍കുന്ന ഭരണഘടനാവ്യവസ്ഥപോലും തകര്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ ഭരണവേളയില്‍ പരമോന്നതകോടതിയില്‍നിന്ന്് ഇത്തരത്തിലൊരു വിധി തികച്ചും പ്രതീക്ഷ നല്‍കുന്നതാണ്. പരിമിതികള്‍ എന്തുതന്നെയായാലും ഈ വിധി ആ നിലയ്ക്ക് നിര്‍ണായകമാകുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top