22 June Tuesday

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കപ്പെടണം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 24, 2018


സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷം നൽകിയ നോട്ടീസ് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു തള്ളിയെങ്കിലും പരമോന്നത നീതിപീഠത്തിനുമേൽ വീണ കരിനിഴൽ എളുപ്പമൊന്നും മായില്ല. ജനാധിപത്യത്തിന്റെ നെടുംതൂൺ  അപകടത്തിലാണെന്ന സംശയം ഉയരുമ്പോൾ രാഷ്ട്രീയമായ പരിഹാരമല്ല ആവശ്യം. സീസറുടെ ഭാര്യ സംശയത്തിനതീതയായിരിക്കണമെന്ന ഉന്നത നീതിബോധമാണ് പുലരേണ്ടത്. പ്രതിപക്ഷ നോട്ടീസ് ക്രമത്തിലല്ലെന്ന സാങ്കേതികത്വമാണ് ഉപരാഷ്ട്രപതി ചൂണ്ടിക്കാണിക്കുന്നത്. ഇംപീച്ച്മെന്റ് ആവശ്യത്തിൽ കഴമ്പില്ലെന്നും അതിനുള്ള കാരണങ്ങളൊന്നും  കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വിധിക്കുന്നത്, ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ അന്തരീക്ഷത്തിൽ അലയടിക്കുന്ന ഘട്ടത്തിലാണെന്നുകൂടി ഓർക്കണം.

അമിത്ഷാ പ്രതിയായ കേസ് കേൾക്കുന്ന മുംബൈ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം ഉൾപ്പെടെയുള്ള പ്രധാന കേസുകൾ പരിഗണിക്കുന്ന ബെഞ്ചുകൾ നിശ്ചയിക്കുന്നതിൽ ചീഫ് ജസ്റ്റിസിന് മുൻവിധികൾ ഉണ്ടായിരുന്നുവെന്ന ആരോപണം പരസ്യമായി ഉയർത്തിയത് സുപ്രീംകോടതിയിലെ മൂന്ന് മുതിർന്ന ജഡ്ജിമാരാണ്. കേന്ദ്ര ഭരണകക്ഷിയുടെ നേതാക്കൾ പ്രതികളായ കേസുകൾ തുടരെ വിട്ടയക്കപ്പെടുന്ന സ്ഥിതിയുണ്ടായി. എന്തിനേറെ ലോയ കേസിൽ അന്വേഷണം ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസുതന്നെ അധ്യക്ഷനായ ബഞ്ച് വിധിച്ചു. അന്വേഷണം ആവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കുന്നതാണെന്നും വിലയിരുത്തി. പ്രത്യക്ഷത്തിൽ  വിമർശം ഏറ്റുവാങ്ങിയ ഈ വിധികളാണ് ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസ് നൽകാൻ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചതെന്ന് കാണാൻ പ്രയാസമില്ല.

ഗുരുതര ആരോപണങ്ങളാണ് ഇംപീച്ച്മെന്റ് നോട്ടീസിൽ ചീഫ് ജസ്റ്റിസിനെതിരെ  ഉന്നയിക്കപ്പെട്ടത്.  മെഡിക്കൽ കോഴക്കേസിൽ ചീഫ് ജസ്റ്റിസ് അനധികൃതമായി ഇടപെട്ടതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്,  ചീഫ് ജസ്റ്റിസ് ഉൾപ്പെടെ അന്വേഷണപരിധിയിൽ വരുന്ന മെഡിക്കൽ കോഴക്കേസിൽ  ഹർജികൾ തള്ളാൻ സ്വയംഭരണപരവും നിയമപരവുമായ അധികാരം ഉപയോഗിച്ചു,  ഈ കേസുമായി ബന്ധപ്പെട്ട പ്രധാന ഉത്തരവിന്റെ തീയതി ചീഫ് ജസ്റ്റിസ് ഇടപെട്ട് തിരുത്തിത്തുടങ്ങിയവയാണ്  ആരോപണങ്ങൾ. അഭിഭാഷകനായിരുന്ന കാലത്ത് ജസ്റ്റിസ് ദീപക്മിശ്ര വ്യാജ സത്യവാങ്മൂലം നൽകി ഭൂമി തട്ടിയെടുത്തു, സത്യവാങ്മൂലം വ്യാജമെന്ന് കണ്ടെത്തി 1985ൽ എഡിഎം ഭൂമി ഇടപാട് റദ്ദാക്കി,  സുപ്രീംകോടതി ജഡ്ജിയായി ഉയർത്തപ്പെട്ടശേഷം 2012ൽ മാത്രമാണ് വിവാദഭൂമി തിരിച്ചുകൊടുക്കാൻ  തയ്യാറായത്. ചീഫ് ജസ്റ്റിസെന്ന നിലയിൽ 'മാസ്റ്റർ ഓഫ് റോസ്റ്റർ' എന്ന അധികാരം ഉപയോഗിച്ച് ജസ്റ്റിസ് ദീപക് മിശ്ര രാഷ്ട്രീയപ്രാധാന്യമുള്ള കേസുകൾ താൽപ്പര്യമുള്ള ജഡ്ജിമാർക്ക് കൈമാറിത്തുടങ്ങിയ ഗുരുതര ആരോപണങ്ങളും ഉന്നയിക്കപ്പെട്ടു.

മോഡി ഗവൺമെന്റിനെതിരെ ലോക്സഭയിൽ  കഴിഞ്ഞ സമ്മേളനകാലത്ത് നോട്ടീസ് നൽകിയ അവിശ്വാസപ്രമേയത്തിന്റെ ഗതിയും ഇപ്പോഴത്തെ സംഭവവികാസങ്ങളുമായി ചേർത്തുവായിക്കേണ്ടതുണ്ട്. പ്രതിപക്ഷം നിയമാനുസൃതം നൽകിയ നോട്ടീസ് പരിഗണിക്കാതെ തൊടുന്യായങ്ങൾ പറഞ്ഞ് സഭാസമ്മേളനം പിരിയുകയായിരുന്നു. രാജ്യസഭയിൽ ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയതാകട്ടെ രണ്ടാംപൗരനായ  ഉപരാഷ്ട്രപതിയും. ജനാധിപത്യത്തിന്റെ ഉന്നതമൂല്യങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും ഒന്നൊന്നായി അട്ടിമറിക്കപ്പെടുന്ന ഭീതിദമായ അവസ്ഥയിലേക്കാണ് ഈ നടപടികളെല്ലാം വിരൽചുണ്ടുന്നത്.  ചീഫ് ജസ്റ്റിസിനെ ഇംപീച്ച്ചെയ്യാനുള്ള പ്രതിപക്ഷതീരുമാനം മാധ്യമങ്ങളിൽ വരുന്നത് തടയാൻ നടന്ന ശ്രമം  രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യംപോലും അപകടത്തിലാണെന്ന മുന്നറിയിപ്പാണ് നൽകുന്നത്.  ഇംപീച്ച്മെന്റ് വാർത്തകൾ റിപ്പോർട്ട്ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ തടയണമെന്ന് ആവശ്യപ്പെട്ട ഹർജികൾ പരിഗണിച്ച ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റെ പ്രതികരണം  മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്ന തരത്തിലായിരുന്നു.

ഇംപീച്ച്മെന്റ് പ്രമേയം അംഗീകരിക്കാനും തള്ളാനും ലോക്സഭാ സ്പീക്കർക്കും രാജ്യസഭാ അധ്യക്ഷനുമുള്ള  അധികാരം അങ്ങേയറ്റത്തെ നീതിനിഷ്ഠയോടെ  വേണം വിനിയോഗിക്കാൻ. പ്രമേയം അംഗീകരിച്ചാൽ സഭ മൂന്നംഗസമിതിക്ക് രൂപം കൊടുക്കണം. ആരോപണം ശരിയാണെന്ന് സമിതി കണ്ടെത്തിയാൽ പ്രമേയം സഭ പരിഗണനയ്ക്കെടുക്കും. സഭയിൽ ഹാജരുള്ള അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിൽ പ്രമേയം പാസാകും. ആദ്യം അവതരിപ്പിച്ച സഭയിൽ ഇംപീച്ച്മെന്റ് പ്രമേയം പാസായാൽ അടുത്ത സഭയിലും പ്രമേയം പാസാക്കണം. അവിടെയും പാസായാൽ രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിടും. ഇത്രയൊക്കെ കടമ്പകൾ കടന്നാലേ ജഡ്ജിമാരെ പുറത്താക്കാൻ സാധിക്കുകയള്ളൂ. ഭരണഘടന ഇത്രയേറെ സംരക്ഷണവും ഔന്നത്യവും കൽപ്പിക്കുന്ന ജഡ്ജിമാർ ജനാധിപത്യസംവിധാനങ്ങളുടെ ഓഡിറ്റിങ്ങിനും വിധേയരാണെന്ന തത്ത്വമാണ് ഇംപീച്ച്മെന്റ് നോട്ടീസിലൂടെ ഓർമിപ്പിക്കപ്പെട്ടത്. അതിനെ സർക്കാർ നേരിടേണ്ടത് പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടും വ്യവസ്ഥാപിതമാർഗങ്ങളിലൂടെയുമാകണം. ബിജെപി ഭരണത്തിൽ ഭരണഘടനാസ്ഥാപനങ്ങളായ തെരഞ്ഞെടുപ്പ് കമീഷൻ, പാർലമെന്റ്, ജുഡീഷ്യറി തുടങ്ങിയവയെല്ലാം നേരിടുന്ന ഭീഷണി അതീവഗൗരവമുള്ളതാണ്. വികേന്ദ്രീകൃത ജനാധിപത്യമല്ല, വിഭാഗീയ സമഗ്രാധിപത്യമാണ് തങ്ങൾക്ക് പഥ്യമെന്നാണ് ബിജെപി ഭരണം ആവർത്തിച്ചു പ്രഖ്യാപിക്കുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top