25 September Monday

ജെഎന്‍യു ഇന്ത്യയുടെ മനസ്സാക്ഷി

വെബ് ഡെസ്‌ക്‌Updated: Monday Sep 12, 2016


നരേന്ദ്ര മോഡി സര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും ഭീഷണികളും കുപ്രചാരണങ്ങളും അതിജീവിച്ച് ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മതനിരപേക്ഷ വിദ്യാര്‍ഥിസംഘടനകളുടെ സഖ്യം വന്‍ വിജയം നേടി. 'ജെഎന്‍യു അടച്ചിടുക' എന്ന സംഘപരിവാര്‍ വിദ്യാര്‍ഥിസംഘടനയായ എബിവിപിയുടെ ആഹ്വാനത്തെ തള്ളി 'എബിവിപിക്കു മുമ്പില്‍ വാതില്‍ അടച്ചിടാനാണ്' വിദ്യാര്‍ഥികള്‍ തയ്യാറായത്. 'ജെഎന്‍യുവിനൊപ്പം നില്‍ക്കുക' എന്ന ഇടതുപക്ഷ വിദ്യാര്‍ഥിസംഘടനകളുടെ ആഹ്വാനത്തെയാണ് വിദ്യാര്‍ഥികള്‍ ഹൃദയത്തിലേറ്റുവാങ്ങിയതെന്ന് അവരുടെ ഗംഭീരവിജയം സാക്ഷ്യപ്പെടുത്തുന്നു. ആകെയുള്ള നാല് ജനറല്‍ സീറ്റും 33ല്‍ 30 കൌണ്‍സിലര്‍സ്ഥാനവും എസ്എഫ്ഐയും ഐസയും ചേര്‍ന്നുള്ള ഇടതുവിദ്യാര്‍ഥിസഖ്യം നേടി. 300 മുതല്‍ 1300 വരെ വോട്ടിനാണ് ഇടതുപക്ഷ വിദ്യാര്‍ഥിസംഘടനാ സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനം നേടിയ എബിവിപി ഇക്കുറി മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. പരമ്പരാഗതമായി എബിവിപിയെ തുണച്ച  ഡിപ്പാര്‍ട്മെന്റുകളിലും ഇത്തവണ അവരുടെ അടിത്തറയിളകി.  

ആദ്യമായാണ് എസ്എഫ്ഐയും ഐസയും മുന്നണിയായി മത്സരിച്ചതെങ്കിലും കഴിഞ്ഞവര്‍ഷങ്ങളിലെ പോരാട്ടങ്ങളിലൂടെ ഉയര്‍ന്നുവന്നതാണ് ഈ ഐക്യം. നോണ്‍– നെറ്റ് ഗവേഷകരുടെ ഫെലോഷിപ് നിഷേധിക്കാനുള്ള യുജിസി നീക്കത്തിനെതിരെ 2015 ഒക്ടോബറില്‍ തുടങ്ങിയ 'ഒക്യുപൈ യുജിസി' പ്രക്ഷോഭംമുതല്‍ എസ്എഫ്ഐ– ഐസ ഐക്യം നിലവിലുണ്ട്.  രോഹിത് വെമുലയ്ക്ക് നീതി ലഭ്യമാക്കുക, ജെഎന്‍യു സംരക്ഷിക്കുക, ജെഎന്‍യുവിനെതിരായ ആക്രമണം തടയുക എന്നീ പ്രക്ഷോഭങ്ങളിലൂടെ ഐക്യം കരുത്താര്‍ജിച്ചു. അതുകൊണ്ടുതന്നെ ജെഎന്‍യുവിലെ വിജയം ഇടതുപക്ഷഐക്യത്തിന്റെയും ദളിത്പ്രസ്ഥാനങ്ങളുമായി താദാത്മ്യം പ്രാപിച്ചതിന്റെയും വിജയംകൂടിയാണെന്ന് പറയാം.

ഒരു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലത്തിന് അപ്പുറമുള്ള മാനം ജെഎന്‍യുവിലെ തെരഞ്ഞെടുപ്പ് ഫലത്തിനുണ്ട്.  1966ല്‍ പാര്‍ലമെന്റ് നിയമനിര്‍മാണത്തിലൂടെ രൂപീകരിക്കപ്പെട്ട, സാമൂഹ്യശാസ്ത്രത്തിന് പ്രാമുഖ്യം നല്‍കുന്ന സര്‍വകലാശാലയാണിത്. 10 സ്കൂളും 40 സെന്ററുമായി ലോകത്തിലെ തന്നെ ഏറ്റവും പ്രധാന സര്‍വകലാശാലകളിലൊന്നായി ഇത് മാറിയിട്ടുണ്ട്. മതനിരപേക്ഷതയാണ് ജെഎന്‍യുവിന്റെ അടിസ്ഥാന ആശയം. ദളിത് സ്വാതന്ത്യ്രവും ലിംഗസ്വാതന്ത്യ്രവും ജെഎന്‍യുവിന്റെ ജീവവായുവാണ്.  അതുകൊണ്ടുതന്നെ ജനസംഘവും സ്വതന്ത്ര പാര്‍ടിയും മറ്റും ഈ സര്‍വകലാശാലയ്ക്കെതിരെ തുടക്കംമുതല്‍തന്നെ വിഷം ചീറ്റാന്‍ തുടങ്ങിയിരുന്നു.  ആശയങ്ങളുടെ സമരം അതിന്റെ എല്ലാ അര്‍ഥത്തിലും നടക്കുന്ന സര്‍വകലാശാലയാണിത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലൈബ്രറിയും ധാബകളും ഹോസ്റ്റലുകളും ചായക്കടകളും തണലിടങ്ങളും രാത്രിയും പകലുമെന്നില്ലാതെ ആശയങ്ങളുടെ എറ്റുമുട്ടലിന്റെ വേദിയാകുന്നു. മാര്‍ക്സിസവും ഘടനാവാദവും മതമൌലികവാദവും ഹിന്ദുത്വവാദവും മറ്റും ഇഴകീറി പരിശോധിക്കുന്ന സംവാദങ്ങളുടെ വേദിയായി ഈ സര്‍വകലാശാല മാറി. അമര്‍ത്യാസെന്നിന്റെ 'ആര്‍ഗുമെന്റേറ്റീവ് ഇന്ത്യ'യുടെ അക്ഷരാര്‍ഥത്തിലുള്ള പരിച്ഛേദം. മനുഷ്യത്വവും സഹിഷ്ണുതയും യുക്തിയും മറ്റും ജെഎന്‍യുവിന്റെ മുഖമുദ്രയായി. അധ്യാപകസമൂഹവുമായി വിദ്യാര്‍ഥികള്‍ സ്വതന്ത്രമായി ഇടപെട്ടു. ഹാജര്‍ നിര്‍ബന്ധമല്ലാതിരുന്നിട്ടും വിദ്യാര്‍ഥികള്‍ ക്ളാസുകള്‍ ബഹിഷ്കരിച്ചില്ല. സര്‍വകലാശാലയെന്നാല്‍ ഫാക്ടറിയല്ലെന്നും മാനുഷികവും സാംസ്കാരികവുമായ മൂല്യങ്ങള്‍ ഇയര്‍ത്തിപ്പിടിക്കുന്ന സാമൂഹ്യസ്ഥാപനമാണെന്ന് ജെഎന്‍യു പ്രവര്‍ത്തനത്തിലൂടെ തെളിയിച്ചു. ഓക്സ്ഫോര്‍ഡും കേംബ്രിഡ്ജും കൊളംബിയയും ഹാര്‍വാര്‍ഡും പോലെ ലോകത്തിലെ പ്രധാന സര്‍വകലാശാലയായി ജെഎന്‍യു മാറി.  സിഎസ്എസ്എസ് റാങ്കിങ് അനുസരിച്ച് (2016ലെ) ഇന്ത്യയിലെ ഒന്നാമത്തേതും ലോകത്തിലെ 52– ാമത്തെയും സര്‍വകലാശാലയായി ജെഎന്‍യു മാറി. 

മതനിരപേക്ഷതയുടെയും വിൈവധ്യങ്ങളുടെയും സ്വതന്ത്ര ചിന്തയുടെയും കേന്ദ്രമായ ജെഎന്‍യു സ്വാഭാവികമായും ഇടതുപക്ഷ ആശയങ്ങളുടെ കേന്ദ്രമായി. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ജെഎന്‍യുവിനെ തകര്‍ക്കുക എന്നത് സംഘപരിവാറിന്റെ അജന്‍ഡയായി. പാര്‍ലമെന്റില്‍ തനിച്ച് ഭൂരിപക്ഷം നേടി നരേന്ദ്ര മോഡി 2014ല്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ നീക്കം ശക്തമായി. ഇതിന്റെ ഭാഗമാണ് ഫെബ്രുവരി ഒമ്പതിന് ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ക്യാമ്പസില്‍ ഉയര്‍ന്നുവെന്ന് ആരോപിച്ച് ജെഎന്‍യു സ്റ്റുഡന്റ് യൂണിയന്‍ നേതാവ് കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തതും ജയിലിലടച്ചതും.  ജെഎന്‍യു രാജ്യദ്രോഹികളുടെ കൂടാരമാണെന്നും പാകിസ്ഥാനി ഭീകരവാദികളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും അവിടെ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ വേശ്യകളാണെന്നുംവരെ സംഘപരിവാര്‍ സംഘടനകള്‍ പ്രചരിപ്പിച്ചു. ഹിന്ദുത്വപദ്ധതിയെ തടയുന്ന ബൌദ്ധിക കോട്ടയാണ് ജെഎന്‍യു എന്ന തിരിച്ചറിവാണ് ഈ പ്രചണ്ഡമായ പ്രചാരണത്തിന് കാരണം. ജെഎന്‍യു മാത്രമായിരുന്നില്ല ലക്ഷ്യമാക്കപ്പെട്ടത്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യുട്ടും ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയും മദ്രാസ് ഐഐടിയും മറ്റും ലക്ഷ്യംവയ്ക്കപ്പെട്ടു. മതേതര റിപ്പബ്ളിക്കായ ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കുക എന്ന ബൃഹദ്പദ്ധതിയുടെ ഭാഗമായിരുന്നു ഇതൊക്കെ. ഇതിനെതിരെ വിദ്യാര്‍ഥികള്‍ പോരാട്ടത്തിന്റെ കൊടി ഉയര്‍ത്തി. അധ്യാപകരും ജീവനക്കാരും മാത്രമല്ല, രാഷ്ട്രീയ പ്രസ്ഥാനങ്ങളും ദളിതരും പൌരസമൂഹമാകെത്തന്നെയും ആ കൊടി ഏറ്റുവാങ്ങി. എസ്എഫ്ഐ– ഐസ സഖ്യത്തിന്റെ വിജയം അതിന്റെ തുടര്‍ച്ചയാണ്. സംഘപരിവാറിന്റെ സങ്കുചിത ദേശീയവാദത്തിനും ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ക്കുമാണ്് ഇപ്പോള്‍പ്രഹരമേറ്റത്. ജെഎന്‍യുവിന്റെമാത്രം വിജയമല്ല ഇത്. ഇന്ത്യ എന്ന ആശയമാണ് ഇവിടെ വിജയിച്ചത്. ഗുജറാത്തിലും ഉത്തര്‍പ്രദേശിലും മറ്റും ഹിന്ദുത്വരാഷ്ട്രീയത്തിന് സമാനമായ തിരിച്ചടികള്‍ ലഭിക്കുമെന്ന സന്ദേശവും ജെഎന്‍യുവിലെ വിജയത്തില്‍നിന്ന് വായിച്ചെടുക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top