21 October Thursday

വേറിട്ട ശാസ്ത്രജ്ഞൻ, ധീരനായ മനുഷ്യസ്നേഹി

വെബ് ഡെസ്‌ക്‌Updated: Thursday Mar 15, 2018


വിഖ്യാത ശാസ്ത്രപ്രതിഭ എന്ന ഒറ്റവരി വിശേഷണത്തിൽ ഒതുങ്ങുന്നതല്ല ബുധനാഴ്ച അന്തരിച്ച സ്റ്റീഫൻ ഹോക്കിങ്ങിന്റെ വ്യക്തിത്വം. ഭൗതികശാസ്ത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ അമൂല്യമാണ്. ഈ നൂറ്റാണ്ടിന്റെ പ്രതിഭയെന്ന് വിശേഷിപ്പിക്കാവുന്ന ശാസ്ത്രജ്ഞൻ. പക്ഷേ, അവിടെ തുടങ്ങി അവിടെ അവസാനിക്കുന്നില്ല ആ ജീവിതം. തളർന്ന ശരീരത്തെ വീൽചെയറിലൊതുക്കിക്കൊണ്ടുതന്നെ ലോകം മുഴുവൻ പടർന്നെത്തി ആ ചിന്തകൾ. അവിടെയും അവസാനിക്കുന്നില്ല ആ ജീവചരിത്രത്തിലെ തിളക്കങ്ങൾ. മടിയില്ലാതെ, ഭയമില്ലാതെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളിൽ കണ്ണിചേർന്ന പോരാളികൂടിയായിരുന്നു അദ്ദേഹം. ഊന്നുവടിയുടെ തുണയിൽ നടക്കാൻ കഴിയുമായിരുന്ന അറുപതുകളിൽ വിയത്നാം യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന്റെ മുൻനിരയിൽ അദ്ദേഹത്തെ കാണാമായിരുന്നു. അതേ വീറോടെ 2017ൽ ഇസ്രയേലിന്റെ പലസ്തീൻവിരുദ്ധ സൈനികനീക്കങ്ങളോട് അദ്ദേഹം കലഹിച്ചു. ദൈവനിഷേധത്തിലും ദൈവ വിശ്വാസത്തിന്റെ നിരർഥകത ചൂണ്ടിക്കാട്ടുന്നതിലും പുലർത്തിയ ധീരതയിലും അദ്ദേഹം ശാസ്ത്രലോകത്ത് വേറിട്ട കാഴ്ചയായി.

നക്ഷത്രങ്ങൾ നശിക്കുമ്പോൾ പിറവികൊള്ളുന്ന തമോഗർത്തങ്ങളെപ്പറ്റിയുള്ള ആധികാരിക വിവരങ്ങളിൽ പലതും ഇന്ന് ലഭ്യമായിട്ടുള്ളത് ഹോക്കിങ്ങിൽനിന്നാണ്. ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന് പുതിയ വിശദീകരണങ്ങൾ നൽകാനും അദ്ദേഹത്തിനും സഹഗവേഷകനായ റോജൻ പെൻറോസിനും കഴിഞ്ഞു. പ്രപഞ്ചോൽപ്പത്തിയെപ്പറ്റിയും പുതുസിദ്ധാന്തങ്ങൾ അവർ ഒന്നിച്ച് രൂപപ്പെടുത്തി. അദ്ദേഹം രചിച്ച 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' എന്ന കൃതിയുടെ 90 ലക്ഷത്തിലേറെ പ്രതികളാണ് വിറ്റഴിഞ്ഞത്. പ്രപഞ്ചശാസ്ത്രത്തിലെ സങ്കീർണ വിഷയങ്ങൾ പലതും അദ്ദേഹം ഈ പുസ്തകത്തിൽ ലളിതമായി വിവരിക്കുന്നു.

പതിനേഴു വയസ്സുവരെ നീണ്ട ഊർജസ്വലമായ ജീവിതത്തിന് 'അമിയോട്രോഫിക് ലാറ്ററൽ സ്കെലറോസിസ്്' എന്ന രോഗം വിലങ്ങിട്ടശേഷവും അദ്ദേഹം ചുവടുകൾ പിൻവലിച്ചില്ല. രണ്ടു വർഷത്തേക്ക് ചുരുക്കി പ്രവചിക്കപ്പെട്ട ആയുസ്സിനോടും പൊരുതി ഹോക്കിങ്സ് ഗവേഷണപഠനങ്ങൾ തുടർന്നു. ചലനശേഷി, ശബ്ദം എന്നിവയൊക്കെ ക്രമേണ നഷ്ടമായി. പക്ഷേ, അപ്പോഴും പിടിച്ചുനിന്നു. ആത്മവിശ്വാസത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായി മാറി. ശാരീരിക വൈകല്യങ്ങൾ മറികടന്ന് ജീവിതവിജയം നേടുന്നവരുടെ ലോകമാതൃകയായി.

ലോകം ആദരിക്കുന്ന ശാസ്ത്രജ്ഞൻ, വൈകല്യങ്ങളെ അതിജീവിച്ച ലോകമാതൃക എന്നൊക്കെയുള്ള വിശേഷണങ്ങളിലൂടെ ആരാധകസമൃദ്ധമായ ഒരു താരജീവിതത്തിന്റെ സാധ്യതയായിരുന്നു ഹോക്കിങ്ങിനു മുന്നിലുണ്ടായിരുന്നത്. എന്നാൽ, അവിടെ അദ്ദേഹം പിന്നെയും വ്യത്യസ്തനായി. ശാസ്ത്രത്തിന്റെ സങ്കീർണ വിഷയങ്ങളുടെ അതിരുകൾക്കുള്ളിൽ ഒതുങ്ങാതെ ആ മഹാപ്രതിഭ ഒരു മനുഷ്യസ്നേഹിയെന്ന നിലയിൽ സാധാരണക്കാരോടൊപ്പം അവരിലൊരാളായിനിന്ന് നിലപാടുകളെടുത്തു. യന്ത്രങ്ങൾ ഉൽപ്പാദിപ്പിക്കുന്നതൊക്കെ തുല്യമായി വീതിക്കപ്പെട്ടാൽ മാത്രമേ സമത്വമുണ്ടാകൂ എന്നും അല്ലെങ്കിൽ സാങ്കേതികവിദ്യയുടെ വളർച്ച പാവപ്പെട്ടവരെ കൂടുതൽ ദുരിതത്തിലാക്കുകയേ ഉള്ളൂവെന്നുംഅദ്ദേഹം ഓർമപ്പെടുത്തി.

1968ൽ വിയത്നാം യുദ്ധത്തിനെതിരെ സ്വീകരിച്ച അതേ രാഷ്ട്രീയ നിലപാട് 30 വർഷത്തിനുശേഷം അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനെതിരെയും സ്വീകരിച്ചു. ശാസ്ത്രകാരന്മാർക്കുകൂടി ഇടപെടാനുള്ളതാണ് രാഷ്ട്രീയമെന്നതിൽ അദ്ദേഹം സംശയാലുവായില്ല. എന്നും അസമത്വങ്ങൾക്കെതിരെ നിലപാടെടുത്തു. 2013ൽ ഇസ്രയേൽ പ്രസിഡന്റ് ഷിമോൺ പെരസ് വിളിച്ചുചേർത്ത ശാസ്ത്രസമ്മേളനത്തിലേക്ക് സ്റ്റീഫൻ ഹോക്കിങ്ങും ക്ഷണിക്കപ്പെട്ടു. എന്നാൽ, ഇസ്രയേലിന്റെ പലസ്തീൻവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് അദ്ദേഹം പരിപാടി ബഹിഷ്കരിച്ചു. പാരീസ് ഉടമ്പടിയിൽനിന്ന് പിന്മാറാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനമെടുത്തപ്പോൾ തിരിച്ചുവരാനാകാത്ത അവസ്ഥയിലേക്ക് ഭൂമിയെ നയിക്കുന്നതാകും ഈ തീരുമാനമെന്ന മുന്നറിയിപ്പിലൂടെ ഹോക്കിൻസ് രംഗത്തെത്തി. ഭൂമിയുടെ അവസ്ഥ ശുക്രന് സമാനമാകുമെന്നും പെയ്യുന്നത് ആസിഡ് മഴയാകുമെന്നും അദ്ദേഹം സമർഥിച്ചു.

പ്രപഞ്ചപ്പിറവിയുടെ സങ്കീർണതകൾ വെളിവാക്കുന്ന ഗവേഷണങ്ങളിൽ മുഴുകുമ്പോൾ പോലും മതത്തിന്റെയും ദൈവത്തിന്റെയും കെട്ടുപാടുകൾ ഉപേക്ഷിക്കാൻ മടിക്കുന്ന ശാസ്ത്രജ്ഞർ ഇന്നും ഏറെയാണ്. അവിടെയും ഹോക്കിങ് തീർത്തും വ്യത്യസ്തനായി. മതം അധികാരവും ശാസ്ത്രം അന്വേഷണവുമാണെന്ന് അദ്ദേഹം ആവർത്തിച്ചു. 'ദൈവമില്ല. നമ്മുടെ പ്രപഞ്ചം ആരും ഉണ്ടാക്കിയതല്ല. ആരും നമ്മുടെ വിധിയെ നിയന്ത്രിക്കുന്നുമില്ല' അദ്ദേഹം പറഞ്ഞിരുന്നു. ഒട്ടും ശങ്കയില്ലാത്ത നിലപാടായിരുന്നു ഇക്കാര്യത്തിലും അദ്ദേഹത്തിന്.
ഒരുപക്ഷേ, ഇനിയൊരു സ്റ്റീഫൻ ഹോക്കിങ് ഉണ്ടായെന്നുവരില്ല. അത്രയേറെ സവിശേഷമായിരുന്നു ആ വ്യക്തിത്വം. അറിവിന്റെ, നന്മയുടെ, സമത്വബോധത്തിന്റെ, അതിജീവനത്തിന്റെ, ധീരതയുടെ, മനുഷ്യപക്ഷ നിലപാടുകളുടെ ഒട്ടേറെ ചേരുവകൾ ഉൾച്ചേർന്ന വ്യക്തിത്വം. ഒടുങ്ങാത്ത നഷ്ടബോധത്തോടെ ആ സ്മരണയ്ക്കുമുന്നിൽ തലകുനിക്കാം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top