23 March Thursday

പ്രതീക്ഷയുടെ ചുവടുകള്‍

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2016


നാലുനാളത്തെ സംസ്ഥാന സ്കൂള്‍ കായികോത്സവം കലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ പരിസമാപ്തി കുറിച്ചപ്പോള്‍  ഉയര്‍ന്നുനില്‍ക്കുന്നത് കേരളത്തിന്റെ പ്രതീക്ഷകള്‍തന്നെ. ഒപ്പം  ചില ആശങ്കകളും പങ്കുവയ്ക്കാനുണ്ട്. സ്കൂള്‍ അത്ലറ്റിക്സിന് 60 വയസ്സായിരിക്കുന്നു. എന്തൊക്കെ കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും സ്കൂള്‍മീറ്റുകള്‍ കേരളത്തിന്റെ അത്ലറ്റിക്സ് നേഴ്സറിയാണ്. വര്‍ഷാവര്‍ഷം ചിട്ടയോടെ നടത്തുന്ന സംസ്ഥാന മീറ്റ് സ്കൂള്‍ ഒളിമ്പിക്സെന്ന് നിസ്സംശയം പറയാം. ഈ വഴിയിലൂടെയാണ് പി ടി ഉഷയും അഞ്ജു ബോബി ജോര്‍ജുമൊക്കെ വന്നത്. ഓരോ മീറ്റും തേടുന്നത് ഉഷമാരെയും അഞ്ജുമാരെയുമാണ്.

പുതിയ സിന്തറ്റിക് ട്രാക്കിലായിരുന്നു മീറ്റ്. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ നിര്‍ദേശപ്രകാരം ഇത്തവണ കായികമേള കായികോത്സവം എന്നാണറിയപ്പെട്ടത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടായിരുന്നു സംഘാടനം. പ്ളാസ്റ്റിക്രഹിതനയം നടപ്പാക്കിയത് അഭിനന്ദനീയംതന്നെ. മത്സരങ്ങളുടെ നടത്തിപ്പിലും സംഘാടനത്തിലും കൃത്യതയും വ്യക്തതയും ഉണ്ടായിരുന്നു. സമയക്രമം പാലിച്ച് ഒഫിഷ്യലുകള്‍ കൈയടി നേടി. പരാതികള്‍ ഉണ്ടായില്ല.

മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പാലക്കാട് ജില്ലാ കായികകിരീടം തിരിച്ചുപിടിച്ചതാണ് ഇത്തവണത്തെ സവിശേഷത. 28 സ്വര്‍ണവും 25 വെള്ളിയും 21 വെങ്കലവുമായി 255 പോയിന്റോടെയാണ് പാലക്കാട് ജേതാക്കളായത്. എറണാകുളം 24 സ്വര്‍ണവും 31 വെള്ളിയും 20 വെങ്കലവുമായി 247 പോയിന്റോടെ രണ്ടാംസ്ഥാനത്തായി. കോതമംഗലം മാര്‍ബേസില്‍ സ്കൂള്‍ ചാമ്പ്യന്‍ സ്കൂളായി. കല്ലടി സ്കൂള്‍ മികച്ച പ്രകടനവുമായി രണ്ടാംസ്ഥാനത്തുവന്നു.

ഇത്തവണ 16 പുതിയ മീറ്റ് റെക്കോഡുകളുണ്ടായി. അതില്‍ ഏഴ് പ്രകടനം ദേശീയ റെക്കോഡിനേക്കാള്‍ മികച്ചതായിരുന്നു. പുതിയ സ്കൂളുകളുടെ കുതിപ്പോ പുതിയ അത്ലറ്റുകളുടെ വരവോ ഇത്തവണ ഉണ്ടായില്ലെന്നത് യാഥാര്‍ഥ്യമാണ്. കല്ലടിയും പറളിയും മുണ്ടൂരും പാലക്കാടിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. എറണാകുളത്തിനായി മാര്‍ബേസിലും സെന്റ്ജോര്‍ജും മതിരപ്പിള്ളിയും മെഡല്‍ നേടി. കോഴിക്കോടിനായി ഉഷാ സ്കൂളും പുല്ലൂരാമ്പാറ സ്കൂളും മികവുകാട്ടി. പിന്നെ പറയാനുള്ളത് നാട്ടികയിലെ ഫിഷറീസ് സ്കൂളാണ്. ഈ പത്ത് സ്കൂള്‍ മെഡലുകള്‍ വീതിച്ചെടുത്തു. ഈ രീതി മാറണം. കൂടുതല്‍ സ്കൂളുകള്‍ മെഡല്‍പട്ടികയില്‍ സ്ഥാനംപിടിക്കണം.

ജില്ലകള്‍ തമ്മിലുള്ള പോരാട്ടത്തിലും ഈ ചുരുങ്ങിപ്പോകലുണ്ടാകുന്നു. പാലക്കാടും എറണാകുളവും കഴിഞ്ഞാല്‍ പൊരുതിനോക്കുന്നത് കോഴിക്കോടുമാത്രം. ബാക്കി ജില്ലകളെല്ലാം സാന്നിധ്യമറിയിച്ച് മടങ്ങുന്നു. സ്പോര്‍ട്സ് സ്കൂളുകളുടെ ആസ്ഥാനമായ തിരുവനന്തപുരവും കണ്ണൂരും കിതപ്പിലാണ്. 95 സ്വര്‍ണമെഡലില്‍ ഒന്നുപോലും നേടാന്‍ കണ്ണൂരിനും ആലപ്പുഴയ്ക്കും കാസര്‍കോട്ടിനും എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.

പഠനത്തോടൊപ്പം കളിയും പ്രധാനമാണെന്ന തിരിച്ചറിവുണ്ടാകണം. മികച്ച മാര്‍ക്ക് വാങ്ങി ഉയരത്തിലേക്ക് പറക്കാന്‍ നല്ലൊരു ശരീരംവേണം. അതിന് കളിയും വ്യായാമവും അനിവാര്യംതന്നെ.  സ്കൂള്‍മൈതാനത്ത് ക്ളാസ് മുറികള്‍ക്കായി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയരുന്ന കാലമാണിത്. പല സ്കൂളുകളിലും കളിയുടെയും വ്യായാമത്തിന്റെയും പിരീഡുകള്‍ വെട്ടിച്ചുരുക്കുകയോ മറ്റു വിഷയങ്ങള്‍ക്കായി കവര്‍ന്നെടുക്കുകയോ ചെയ്തിട്ടുണ്ട്. ഈ രീതി നല്ല പഠനത്തിന് ഗുണകരമല്ല.

 ക്ളാസുകള്‍ക്കും പഠനമുറികള്‍ക്കും പുറത്ത് കളിമുറ്റങ്ങള്‍ ഉണ്ടെന്ന് കുട്ടികള്‍ ഓര്‍ക്കണം. ഒരുകാലത്ത് പാടത്തും പറമ്പിലും കളിച്ചും തിമിര്‍ത്തുമാണ് വളര്‍ന്നതെന്ന ബോധം രക്ഷിതാക്കള്‍ക്കുണ്ടാകണം. അവരെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കുണ്ടാകണം. നമ്മുടെ കുട്ടികള്‍ പഠനത്തിനൊപ്പം കളിച്ചും വളരട്ടെ.

  നാളേക്ക് കരുതിവയ്ക്കാവുന്ന ഒരുപിടി അത്ലറ്റുകള്‍ ഇത്തവണയും ഉയര്‍ന്നുവന്നു. ഇതില്‍ ചിലരെങ്കിലും പഴയ പേരുകാരാണ്. ദീര്‍ഘദൂര ഓട്ടത്തില്‍ മികവുകാട്ടിയ ബിബിന്‍ ജോര്‍ജ്, സി ബബിത, അബിത മേരി മാനുവല്‍, സി ചാന്ദിനി എന്നിവര്‍ എടുത്തുപറയേണ്ടവരാണ്. പി ടി ഉഷ പരിശീലിപ്പിക്കുന്ന എല്‍ഗ തോമസിന്റെ പേര് ഇനിയും പറഞ്ഞുകേള്‍ക്കുമെന്നുറപ്പ്.

  മരുന്നടിക്കഥകള്‍ ഓരോ മീറ്റിലും കേള്‍ക്കാറുണ്ട്. പറച്ചിലല്ലാതെ അതിനുള്ള തെളിവ് ആര്‍ക്കും ഹാജരാക്കാന്‍ പറ്റാറില്ല. പരിശോധന നടത്തേണ്ട നാഡ (നാഷണല്‍ ആന്റി ഡോപ്പിങ് ഏജന്‍സി) ഇക്കുറി മീറ്റിന് എത്തിയതുമില്ല. താല്‍ക്കാലികനേട്ടത്തിനായി ഏതെങ്കിലും പരിശീലകനോ സ്കൂളോ സാഹസത്തിനു മുതിരില്ലെന്ന് നമുക്ക് പറയാനാകില്ല. അതിനാല്‍, ഇത്തരം മീറ്റുകളില്‍ വിശദമായ പരിശോധനകള്‍ നിര്‍ബന്ധമാക്കണം.

  മീറ്റിന്റെ നടത്തിപ്പ് കൂടുതല്‍ കുറ്റമറ്റതാക്കാന്‍ ഓരോ ദിവസത്തെയും ഫൈനലുകളുടെ എണ്ണം ചുരുക്കണം. ഇപ്പോള്‍ ശരാശരി 25 ഫൈനലുകള്‍ ഒരു ദിവസം നടക്കുന്നു. മീറ്റ് അഞ്ചു ദിവസമാക്കിയാല്‍ സംഘാടനം കുറച്ചുകൂടി എളുപ്പമാകും. അത്ലറ്റുകള്‍ക്കും അത് ഗുണംചെയ്യും.  ജമ്പിങ്പിറ്റിലും ദീര്‍ഘദൂര ഓട്ടത്തിലും ആശാവഹമായ പ്രകടനങ്ങളുണ്ടായി. എന്നാല്‍, സ്പ്രിന്റില്‍ തിരിച്ചടിയായി. സ്കൂള്‍ മീറ്റിനപ്പുറം സ്വപ്നം കാണാന്‍ ഈ കുട്ടികള്‍ക്കും അവരുടെ പരിശീലകര്‍ക്കുമാകണം. അതിന് വഴിയൊരുക്കാന്‍ അധികൃതര്‍ക്കും സാധിക്കണം. മികവ് കണ്ടെത്താനും അത് രാജ്യാന്തര മെഡലാക്കി മാറ്റാനുമുള്ള  ബൃഹത് പദ്ധതികള്‍ ഉണ്ടാകണം.

  ദേശീയ സ്കൂള്‍ മീറ്റ് ഇതാദ്യമായി മൂന്നുവിഭാഗങ്ങളിലും വെവ്വേറെയാണ്. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങള്‍ക്ക് പ്രത്യേകം മീറ്റുകള്‍. ഇങ്ങനെ വെവ്വേറെ സംഘടിപ്പിക്കുന്നത് കേരളത്തിന്റെ ഓവറോള്‍ കിരീട സാധ്യതക്ക് തിരിച്ചടിയാകുമെന്ന് കരുതുന്നവരുണ്ട്. അതൊരു വെല്ലുവിളിയായി ഏറ്റെടുക്കാന്‍ സാധിക്കണം. സംസ്ഥാന മീറ്റില്‍ വിജയിച്ചവരെ അഭിനന്ദിക്കുന്നതോടൊപ്പം ദേശീയ മീറ്റിനൊരുങ്ങുന്നവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top