03 October Tuesday

വിദ്യാഭ്യാസരംഗത്തെ തിളങ്ങുന്ന നേട്ടം

വെബ് ഡെസ്‌ക്‌Updated: Wednesday May 8, 2019


പരീക്ഷ എഴുതിയ 4,34,729 വിദ്യാർഥികളിൽ 4,26,513 പേരും എസ്എസ്എൽസി പാസായ വാർത്ത കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ നേട്ടത്തിന്റെ തിളങ്ങുന്ന സൂചനയാണ്. 98.11 ശതമാനമാണ് വിജയം. കഴിഞ്ഞവർഷം 97.84 ശതമാനമായിരുന്നു. എന്തുകൊണ്ട് കേരളം, എന്തുകൊണ്ട് ഇടതുപക്ഷം എന്ന ചോദ്യത്തിന് ഏറ്റവും ഒടുവിലത്തെ ഉത്തരമാണിത്. കേരളത്തിന്റെ ഈ നേട്ടം എത്ര വലുതാണെന്ന‌് അറിയണമെങ്കിൽ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലെ സ്‌കൂളുകളിലേക്ക് നോക്കണം. 

ഇന്ത്യയിലാകെയുള്ള കണക്കെടുത്താൽ,  2014നും 2018നും ഇടയിൽ ഗ്രാമീണ സ്‌കൂൾ വിദ്യാർഥികളുടെ പഠന നിലവാരം മുരടിച്ച‌ുപോകുകയോ താണുപോകുകയോ ചെയ‌്തിട്ടുണ്ട‌്. തമിഴ്നാട്ടിലെ ഗ്രാമീണമേഖലയിൽ  അഞ്ചാം ക്ലാസ് വിദ്യാർഥികളായ പകുതിയോളം പേർക്കും എട്ടാം ക്ലാസ് വിദ്യാർഥികളുടെ നാലിലൊന്നു പേർക്കും രണ്ടാം ക്ലാസ് നിലവാരത്തിലുള്ള പുസ‌്തകംപോലും വായിക്കാൻ കഴിയില്ലെന്നാണ് 2018ലെ എഎസ്ഇആർ സർവേ കണ്ടെത്തിയത്. ഇത് രാജ്യത്തിന്റെ പൊതുവായ ചിത്രമാണ്.  സ്വകാര്യ സ്‌കൂൾ വിദ്യാർഥികൾ ഗവൺമെന്റ് സ്‌കൂൾ വിദ്യാർഥികളെ അപേക്ഷിച്ച് മെച്ചമായിരുന്നില്ലെന്നും സർവേ ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

കൂടുതൽ ഗവൺമെന്റ് സ്‌കൂളുകളും ടോയ്‌ലെറ്റ‌്  സൗകര്യവും വൈദ്യുതി കണക‌്ഷൻ പോലും ഇല്ലാത്തവയാണ്. അല്ലെങ്കിൽ പര്യാപ്തമായവിധം ഇല്ലാത്തത്. കംപ്യൂട്ടർ  സംവിധാനം തീരെയില്ലാത്ത സ്‌കൂളുകൾ അസംഖ്യം. രാജ്യത്താകെ ഗവൺമെന്റ് സ്‌കൂളുകളിൽ 10 ലക്ഷത്തിലേറെ അധ്യാപകരുടെ തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. വലിയൊരു പങ്ക് അധ്യാപകർ കരാർ അടിസ്ഥാനത്തിൽ നിശ്ചയിക്കപ്പെട്ടവരാണ്. സ്ഥിരം ഗവൺമെന്റ് സ്‌കൂൾ അധ്യാപകരെ അപേക്ഷിച്ച് ഇവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വളരെ കുറവാണ്. ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ  കുറെയേറെ അധ്യാപകർക്ക് മിനിമം വേതനത്തേക്കാൾ കുറഞ്ഞ തുകയാണ് ശമ്പളമായി ലഭിക്കുന്നത്.

2017ൽ രാജസ്ഥാനിലെ ബിജെപി ഗവൺമെന്റ് 300 ഗവൺമെന്റ് സ്‌കൂൾ പൊതുസ്വകാര്യ പങ്കാളിത്തം (പിപിപി)  മാതൃകയിൽ സ്വകാര്യവ്യക്തികൾക്ക‌് കൈമാറ്റം ചെയ്യാൻ ആരംഭിച്ചു. അധ്യാപകരുടെയും സാധാരണ ജനങ്ങളുടെയും പ്രതിഷേധങ്ങളെ തുടർന്ന‌് ഈ ആശയം ഉപേക്ഷിക്കാൻ നിർബന്ധിതമായി. 2018ൽ മധ്യപ്രദേശിലെ അന്നത്തെ ബിജെപി ഗവൺമെന്റ് ചെലവുചുരുക്കുന്നതിന് സ്‌കൂളുകൾ തമ്മിൽ ലയിപ്പിക്കുന്നതിനുള്ള നിർദേശത്തിന്റെ ഭാഗമായി 19,000 സ്‌കൂൾ അടച്ചുപൂട്ടുന്നുവെന്ന് പ്രഖ്യാപിച്ചു.  

ഉച്ചഭക്ഷണപരിപാടിക്കുള്ള കേന്ദ്ര ഫണ്ടിങ്ങിൽ 2014-–-15നു ശേഷം വെറും 4.5 ശതമാനം വർധന മാത്രമാണ‌് ഉണ്ടായിട്ടുള്ളത്. ഇക്കാലത്തെ നാണയപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ മുൻകാലങ്ങളേക്കാൾ ഫലത്തിൽ കുറവാണിത്.  ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകണമെങ്കിൽ അധ്യാപക പരിശീലനം  നിർണായക ആവശ്യമാണ്. എന്നാൽ, ഇതിന് കഴിഞ്ഞ അഞ്ച‌ു വർഷങ്ങളിൽ തീരെ പരിമിതമായ പണവിഹിതമാണ് നീക്കിവയ‌്ക്കുന്നത്. പെൺകുട്ടികൾക്കുള്ള സെക്കൻഡറി വിദ്യാഭ്യാസത്തിനുള്ള പദ്ധതിക്കുള്ള ഫണ്ടിൽ 35 ശതമാനം കുറവുവരുത്തി. ന്യൂനപക്ഷ സമുദായങ്ങളുടെ വിദ്യാഭ്യാസപരിപാടിയുടെ ഫണ്ട് 2014-–-15ലെ 120 കോടി രൂപതന്നെയാണ‌് ഇപ്പോഴും.

ഉച്ചഭക്ഷണ പദ്ധതിയുമായിട്ടും സബ്‌സിഡി റേഷനുമായും ആധാർ ബന്ധപ്പെടുത്തണമെന്ന കടുംപിടിത്തം ജാർഖണ്ഡിലെ സിംദഗാ ജില്ലയിൽ പതിനൊന്നുകാരി സന്തോഷികുമാരിയുടെ ദാരുണമായ പട്ടിണി മരണം പോലുള്ള ദുരന്തങ്ങൾക്കിടയാക്കി. സന്തോഷിയുടെ അമ്മ കോയിൽ ദേവി പറഞ്ഞത്,  കുഴഞ്ഞുവീഴുന്നതിനു മുമ്പ‌് സന്തോഷി ചോറ‌് ചോദിച്ചിരുന്നു എന്നാണ്.  സന്തോഷിയുടെ ശരീരം കുഴഞ്ഞുപോയത് വിശപ്പു കാരണമാണെന്നാണ് ഡോക്ടർമാർ കണ്ടെത്തിയത്. പഠിപ്പുമുടങ്ങലും സ്‌കൂളിൽനിന്നു വിട്ടുപോകലിനും കാരണമായ നിർബന്ധിത ആധാർ ലിങ്കുകൾ 2018 സെപ്തംബറിൽ ഇതു നിർത്തിവയ‌്ക്കാൻ ഉത്തരവാകുന്നതു വരെ തുടർന്നു. ഇങ്ങനെ രാജ്യത്താകെ വിദ്യാഭ്യാസരംഗത്ത‌് മുരടിപ്പും തിരിച്ചടിയും ഉണ്ടാകുന്ന ഘട്ടത്തിലാണ്, കേരളത്തിന്റെ അഭിമാനകരമായ വിദ്യാഭ്യാസ മുന്നേറ്റം. പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ കുതിപ്പിന്റെ ഫലമാണ് എസ്എസ്എൽസി വിജയം. അത് എൽഡിഎഫ് സർക്കാരിന്റെ തൊപ്പിയിലെ പൊൻതൂവൽ മാത്രമല്ല, ഇന്ത്യാ രാജ്യത്തെ വിദ്യാഭ്യാസമേഖലയിലെ ദുഷിച്ച നയങ്ങൾ തിരുത്തുന്നതിന് ശക്തമായ പ്രക്ഷോഭം ഉയരണമെന്ന ഓർമപ്പെടുത്തൽകൂടിയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top