01 June Monday

താഴ് വരയില്‍ സമാധാനം പുലരുമോ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 31, 2016


ആറാഴ്ചയ്ക്കുശേഷമാണെങ്കിലും സമാധാനപ്രതീക്ഷ ഉണര്‍ത്തി കശ്മീര്‍ താഴ്വരയില്‍ തിങ്കളാഴ്ച കര്‍ഫ്യൂ പിന്‍വലിച്ചു. 51 ദിവസത്തിനുശേഷമാണ് താഴ്വരയിലെ ജനങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്യ്രവും വീടുകളില്‍നിന്ന് പുറത്തിറങ്ങാനുള്ള സാഹചര്യവും ഒരുങ്ങിയത്. അടച്ചിട്ട സ്കൂളുകളും കടകമ്പോളങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ഇതോടെ തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, വിഘടനവാദികളുടെ ബന്ദാഹ്വാനം തുടരുന്നതിനാല്‍ ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങാന്‍ ദിവസങ്ങളെടുത്തേക്കും. ദക്ഷിണ കശ്മീരിലെ പംപോരെ നഗരത്തിലും ശ്രീനഗര്‍ നഗരത്തിലെ രണ്ട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലും ഒഴിച്ചുള്ള താഴ്വരയിലെ 10 ജില്ലയിലും കര്‍ഫ്യൂ പിന്‍വലിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. 

ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷിസംഘം ശ്രീനഗറിലെത്തുന്നതിനു മുന്നോടിയായാണ് കര്‍ഫ്യൂ പിന്‍വലിച്ചത്. വൈകിയാണെങ്കിലും താഴ്വരയിലേക്ക് സര്‍വകക്ഷിസംഘത്തെ അയക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനവും കശ്മീരില്‍ സമാധാനം സ്ഥാപിക്കാന്‍ സഹായിക്കും. സര്‍വകക്ഷിസംഘം സെപ്തംബര്‍ നാലിന് താഴ്വര സന്ദര്‍ശിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. പാര്‍ലമെന്റിനകത്തും പുറത്തും സിപിഐ എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ടികള്‍ സര്‍വകക്ഷി സംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പെല്ലറ്റ് (ചീളുണ്ട) തോക്കുകള്‍ പ്രയോഗിക്കുന്നത് പൂര്‍ണമായി വിലക്കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം നിരാശാജനകമാണ്.അത്യപൂര്‍വ ഘട്ടങ്ങളില്‍ ഇവ ഉപയോഗിക്കാമെന്നാണ് നിര്‍ദേശം.കേന്ദ്ര സര്‍ക്കാരിനെതിരെ കശ്മീരികളെ തിരിച്ചുവിടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന പെല്ലറ്റ് തോക്കുകളുടെ ഉപയോഗം ഉപേക്ഷിക്കണമെന്ന് ഭൂരിപക്ഷം രാഷ്ട്രീയപാര്‍ടികളും സംഘടനകളും ആവശ്യപ്പെട്ടിരുന്നു. അറുപതിലധികംപേരുടെ കാഴ്ചശക്തി നഷ്ടപ്പെടുത്തിയ പെല്ലറ്റ് തോക്കുകളുടെ ഉപയോഗം വന്‍ പ്രതിഷേധമാണ് താഴ്വരയില്‍ ഉയര്‍ത്തിയത്.

പലസ്തീന്‍പോരാളികള്‍ക്കെതിരെ ഇസ്രയേല്‍ സര്‍ക്കാര്‍ വ്യാപകമായി ഉപയോഗിച്ച പെല്ലറ്റ് തോക്കുകള്‍ ഇന്ത്യയില്‍ ഉപയോഗിച്ചിട്ടുള്ളത് കശ്മീരികള്‍ക്കെതിരെ മാത്രമാണ്.  ബദല്‍ കണ്ടെത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയോഗിച്ച സമിതി പെല്ലറ്റ് തോക്കുകള്‍ക്കുപകരമായി 'പാവ' ഷെല്ലുകള്‍ പ്രയോഗിക്കുകയെന്ന നിര്‍ദേശമാണ് മുന്നോട്ടുവച്ചിട്ടുള്ളത്. 'പാവ' ഷെല്ലുകളില്‍ ഉപയോഗിക്കുന്നത് മുളകുപൊടിയാണ്. 'മുളക് ഗ്രനേഡു'കളുടെ പ്രയോഗവും ശ്വാസകോശസംബന്ധമായ പല അസുഖങ്ങള്‍ക്കും കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് മനുഷ്യത്വരഹിതമായ ഇത്തരം ആയുധപ്രയോഗങ്ങള്‍ ഒരിക്കലും സഹായിക്കില്ലെന്ന് ഉറപ്പിച്ചുപറയാം.

താഴ്വരയില്‍ ജൂലൈ എട്ടിന് ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതുമുതലാണ് കശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇതിനകം 70 പേര്‍ സൈനികരുടെ വെടിയേറ്റു മരിച്ചു. 10,000 പേര്‍ക്കെങ്കിലും പരിക്കേറ്റു.  കശ്മീര്‍ ദര്‍ശിച്ച ഏറ്റവും പ്രക്ഷുബ്ധമായ കാലഘട്ടമാണിത്. ഈ പ്രശ്നത്തെ ക്ഷമയോടെ നേരിടുന്നതില്‍ മോഡിസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന വിമര്‍ശം എല്ലാ കോണുകളില്‍നിന്നും ഉയര്‍ന്ന ഘട്ടത്തിലാണ് സര്‍വകക്ഷിസംഘത്തെ അയക്കാനും കര്‍ഫ്യൂ പിന്‍വലിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടുള്ളത്. രണ്ടുതവണ ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ശ്രീനഗര്‍ സന്ദര്‍ശിച്ചുവെങ്കിലും ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ച നടത്തുന്നതിന് അദ്ദേഹം തയ്യാറായില്ല. കശ്മീര്‍പ്രശ്നത്തെ രാഷ്ട്രീയപ്രശ്നമായി കണ്ട് ബന്ധപ്പെട്ട വിഭാഗങ്ങളുമായി തുറന്ന ചര്‍ച്ച ആരംഭിക്കുന്നതിലുടെമാത്രമേ പരിഹാരം കാണാന്‍ കഴിയൂ എന്ന വസ്തുത ഇനിയെങ്കിലും മോഡിസര്‍ക്കാര്‍ അംഗീകരിക്കണം. കശ്മീരിലെ രാഷ്ട്രീയപ്രസ്ഥാനങ്ങളുമായും വിഘടനവാദികളുമായും പാകിസ്ഥാനുമായും ചര്‍ച്ച നടത്താതെ അന്താരാഷ്ട്രമാനമുള്ള കശ്മീര്‍പ്രശ്നത്തിന് പരിഹാരം കാണാനാകില്ല. കശ്മീര്‍പ്രശ്നത്തെ പാകിസ്ഥാന്‍, ഹിന്ദു– മുസ്ളിം കോണിലൂടെമാത്രം വിലയിരുത്തുന്നത് പ്രശ്നപരിഹാരത്തെ തടസ്സപ്പെടുത്തുകമാത്രമേയുള്ളൂ. കശ്മീര്‍പ്രശ്നത്തില്‍, രാജ്യത്തെ മറ്റു പ്രദേശങ്ങളില്‍ വസിക്കുന്ന മുസ്ളിങ്ങള്‍ക്ക് വലിയ ബന്ധമുണ്ടെന്ന് ആരോപിക്കുന്നതും വീക്ഷിക്കുന്നതും ശരിയായ സമീപനമായിരിക്കില്ല. വിഘടനവാദികളുമായി ചര്‍ച്ച ചെയ്യില്ലെന്ന മോഡിസര്‍ക്കാരിന്റെ സമീപനവും പ്രശ്നം വഷളാക്കും. കശ്മീരില്‍ കേന്ദ്ര സര്‍ക്കാരിന്റെ ക്രമസമാധാനപാലന ശ്രമങ്ങള്‍ വിജയിക്കാത്തതിന് പ്രധാന കാരണം ജനങ്ങളുടെ വര്‍ധിച്ച രോഷമാണെങ്കിലും അതിനുപിന്നില്‍ ഈ വിഘടനവാദ സംഘടനകളുടെ പങ്കുണ്ടെന്ന വസ്തുത വിസ്മരിക്കാനാകില്ല. മാത്രമല്ല പുല്‍വാമ, ഷോപിയാന്‍, കുല്‍ഗാം, അനന്തനാഗ് എന്നീ ജില്ലകളിലെ 36 പൊലീസ് സ്റ്റേഷനുകളില്‍ 33ഉം പ്രവര്‍ത്തനരഹിതമാകാന്‍ കാരണവും ഇവരുടെ രോഷപ്രകടനമാണ്. അതുകൊണ്ടുതന്നെ ഇവരുമായി ഒരു രീതിയിലുള്ള ആശയവിനിമയവും ചര്‍ച്ചയും നടത്തുകയില്ലെന്നത് പ്രശ്നപരിഹാരത്തെ സഹായിക്കില്ലെന്ന് ഉറപ്പ്.

അതോടൊപ്പം 'കശ്മീര്‍പ്രശ്നത്തിന്റെ അടിസ്ഥാനകാരണം പാകിസ്ഥാനാണെ'ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിശ്വസിക്കുന്നുവെങ്കില്‍ അത് പരിഹരിക്കാന്‍ പാകിസ്ഥാനുമായി ചര്‍ച്ചയും അനിവാര്യമാണ്. അധികാരത്തില്‍ വന്ന് രണ്ടുവര്‍ഷത്തിനകം ഒരുതലത്തിലുമുള്ള ചര്‍ച്ച നടത്താന്‍ മോഡിസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കശ്മീര്‍പ്രശ്നത്തെ രാഷ്ട്രീയപ്രശ്നമായി കണ്ട് എല്ലാ കശ്മീരികളെയും അഭിസംബോധന ചെയ്യാനും അവരുമായി തുടര്‍ച്ചയായ ആശയവിനിമയം നടത്താനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. അതോടൊപ്പം അവരെ വിശ്വാസത്തിലെടുക്കാന്‍ ആവശ്യമായ നടപടികളും ഉണ്ടാകണം. സര്‍വകക്ഷിസംഘത്തിന്റെ സന്ദര്‍ശനം ഇത്തരം നീക്കങ്ങളുടെ ഭാഗമാണെന്ന് പ്രതീക്ഷിക്കാം
 

പ്രധാന വാർത്തകൾ
 Top