13 October Sunday

അഭിമാനമീ ലങ്കൻ വീരഗാഥ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

ശ്രീലങ്കൻ ജനതയുടെ വിധിയെഴുത്ത് ലോകമെമ്പാടുമുള്ള ഇടതുപക്ഷ, പുരോഗമന, ജനാധിപത്യവാദികളിൽ ആവേശവും ആഹ്ലാദവും പകർന്നിരിക്കുകയാണ്‌. നിർണായക തെരഞ്ഞെടുപ്പിൽ വിജയിച്ച, അമ്പത്തഞ്ചുകാരനായ കമ്യൂണിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ ഒമ്പതാമത്‌ പ്രസിഡന്റായി ചുമതലയേറ്റു. ലങ്കയുടെ ചരിത്രത്തിൽ ആദ്യമായാണ്‌ ഇടതുപക്ഷ പ്രസിഡന്റ്‌. നവ ഉദാരനയങ്ങളും അഴിമതിയും വംശീയവാദങ്ങളും ചേർന്ന് അശാന്തിയും അരാജകത്വവും പടർത്തിയ ശ്രീലങ്കയിൽ പ്രതീക്ഷയുടെ നാളങ്ങൾ തെളിഞ്ഞിരിക്കുന്നു. അനീതിക്കും ചൂഷണത്തിനും എതിരായി എങ്ങുമെങ്ങും ചെങ്കൊടി ഉയർത്തി പോരാടുന്നവർക്ക് അഭിമാനമാണീ വിജയം. വലതുപക്ഷ അവസരവാദികളായ ഭരണാധികാരികളുടെ ദുർനയങ്ങളിൽനിന്ന് മോചനം കാത്തുകഴിയുന്ന ശതകോടികൾക്ക് ശരിയായ സന്ദേശം നൽകുകയാണ് നമ്മുടെ അയൽ രാജ്യം.

മാർക്‌സിസം-– -ലെനിനിസം പ്രത്യയശാസ്‌ത്രമാക്കി പ്രവർത്തിക്കുന്ന ജനത വിമുക്തി പെരമുന (ജനകീയ വിമോചന മുന്നണി) നേതാവായ ദിസനായകെയുടെ വിജയം ആകസ്‌മികമല്ല. വലതുപക്ഷ പാർടികളുടെ സർക്കാരുകൾ മത്സരിച്ച് കൊള്ളയടിച്ച ശ്രീലങ്കയിൽ വ്യക്തമായ രാഷ്ട്രീയ നിലപാട് മുന്നോട്ടുവച്ചാണ് നാഷണൽ പീപ്പിൾസ്‌ പവർ മുന്നണി സ്ഥാനാർഥിയായി ദിസനായകെ ജനവിധി തേടിയത്. ലങ്കയ്‌ക്ക്‌ വേണ്ടത് കേവലം ഭരണ മാറ്റമല്ല, സാമൂഹ്യ, സാമ്പത്തിക, രാഷ്‌ട്രീയ പരിവർത്തനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് അഴിമതിക്കാർ അഴിമതിക്കാരെ സംരക്ഷിക്കുകയാണ്. ഇതിൽനിന്ന് ലങ്കൻ ജനതയെ മോചിപ്പിക്കുമെന്നും നികുതി നിരക്കുകൾ കുറയ്‌ക്കുമെന്നും രാജ്യത്തിന് ഹാനികരമായ കരാറുകൾ പരിഷ്‌കരിക്കുമെന്നും അദ്ദേഹം വാഗ്ദാനം നൽകി. യുവജനങ്ങളെ വൻതോതിൽ ആകർഷിക്കാൻ എകെഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ദിസനായകെയ്‌ക്ക്‌ കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച മൂന്നു ശതമാനം വോട്ടു വിഹിതത്തിൽ നിന്ന് ഇക്കുറി ത്രസിപ്പിക്കുന്ന വിജയത്തിലേക്ക്  കുതിക്കാൻ ദിസനായകെയ്‌ക്കും സഖാക്കൾക്കും സാധിച്ചു.

കൂലിപ്പണിക്കാരന്റെ മകനായി പിറന്ന ദിസനായകെ വിദ്യാർഥിരാഷ്‌ട്രീയം വഴിയാണ്‌ പൊതുരംഗത്ത്‌ എത്തിയത്‌. 1995ൽ സോഷ്യലിസ്റ്റ്‌ സ്റ്റുഡന്റ്‌സ്‌ അസോസിയേഷന്റെ ദേശീയ നേതൃത്വത്തിൽ എത്തിയ അദ്ദേഹം പിന്നീട്‌ ജനത വിമുക്തി പെരമുനയുടെ പൊളിറ്റ്‌ബ്യൂറോ അംഗമായി ഉയർന്നു. 2000ൽ പാർലമെന്റ്‌ അംഗമായി. ഓരോ കാലത്തും വസ്‌തുനിഷ്‌ഠവും കൃത്യവുമായ നിലപാടുകൾ സ്വീകരിച്ച ജനത വിമുക്തി പെരമുനയ്‌ക്ക്‌ അതിന്റെ പേരിൽ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിൽ തിരിച്ചടികൾ നേരിടേണ്ടിവന്നിട്ടുണ്ട്‌. എന്നാൽ, ലങ്കയെ കടുത്ത സാമ്പത്തികത്തകർച്ചയിലേക്ക്‌ നയിച്ച വലതുപക്ഷ സർക്കാരുകൾക്കെതിരായ ജനകീയപ്രക്ഷോഭത്തിന്‌ ദിശാബോധം നൽകാൻ ദിസനായകെയ്‌ക്കും സഹപ്രവർത്തകർക്കും കഴിഞ്ഞു.

ലങ്കയുടെ സമീപഭൂതകാലംകൂടി പരിശോധിക്കുന്നത്‌ ഈ സാഹചര്യത്തിൽ ഉചിതമാകും. അമിതാധികാരവാഴ്‌ചയുടെയും വിദ്വേഷരാഷ്‌ട്രീയത്തിന്റെയും പ്രയോക്താക്കൾക്ക്‌ ശക്തമായ മുന്നറിയിപ്പാണ്‌ ലങ്കയിലെ സംഭവവികാസങ്ങൾ. എൽടിടിഇയെ ഉന്മൂലനം ചെയ്‌തതിന്റെ പേരിൽ സിംഹളദേശീയത ചൂഷണം ചെയ്‌ത്‌ സർവാധികാരികളായി മാറിയ ഗോതബായ രജപക്‌സെയ്‌ക്കും മഹിന്ദ രജപക്‌സെയ്‌ക്കും 2022ൽ ജനകീയ കലാപത്തെ തുടർന്ന്‌ സ്ഥാനം വിട്ടൊഴിയേണ്ടിവന്നു. മഹിന്ദയെ ബിസി 161 മുതൽ ബിസി 137 വരെ ലങ്കയിലെ പട്ടണമായ അനുരാധപുരം ഭരിച്ച ദുട്ടുഗെമുനു രാജാവിന്റെ അവതാരമായാണ്‌ അദ്ദേഹത്തിന്റെ അനുയായികൾ പ്രകീർത്തിച്ചിരുന്നത്‌. രജപക്‌സെ കുടുംബം അധികാരം കൈയടക്കിയ ലങ്കയിൽ പ്രവിശ്യകൾക്ക്‌ അർഹമായ അധികാരം പങ്കിട്ടുനൽകിയില്ല. സർക്കാരിനെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളെന്നും ഭീകരരെന്നും മുദ്രകുത്തി.  മാധ്യമപ്രവർത്തകരെ ജയിലിലടച്ചു.

നവഉദാര നയങ്ങൾ സൃഷ്‌ടിച്ച സാമ്പത്തികക്കുഴപ്പം ഭക്ഷ്യക്ഷാമത്തിനും ഊർജപ്രതിസന്ധിക്കും മറ്റും ഇടയാക്കി. സമാധാനപരമായി പ്രതിഷേധിച്ച ജനങ്ങളെ ഭരണകക്ഷി പ്രവർത്തകർ ആക്രമിച്ചതോടെ രാജ്യം കലാപത്തിലേക്ക്‌ വഴുതിവീണു. രജപക്‌സെ മാർക്ക്  അപമാനിതരായി അധികാരം ഒഴിയേണ്ടിവന്നു. ഈ ജനകീയ പ്രക്ഷോഭത്തിന്റെ തുടർച്ചയാണ്‌ ദിസനായകെയുടെ സ്ഥാനാരോഹണം. ദക്ഷിണേഷ്യയിൽ നേപ്പാളിനു പിന്നാലെ ലങ്കയും ചുവന്നു. ജനങ്ങളെ അടിമകളാക്കി ഭരിക്കാമെന്ന്‌ കരുതുന്നവർക്ക്‌ താക്കീതാണ്‌ ലങ്കയിൽനിന്നുള്ള ഈ വീരഗാഥ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top