19 September Saturday

ബഹിരാകാശത്തും ആയുധം നിറയ‌്ക്കുന്ന അമേരിക്ക

വെബ് ഡെസ്‌ക്‌Updated: Tuesday Jun 26, 2018


ജൂൺ 19നാണ് ബഹിരാകാശസേന സംബന്ധിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന പുറത്തുവന്നത്. ആറാമത്തെ സായുധസേനാവിഭാഗമായി ബഹിരാകാശസേന രൂപീകരിക്കുന്നതിനുള്ള നടപടിക്രമം പ്രതിരോധവിഭാഗവും പെന്റഗണും ആരംഭിക്കണമെന്നായിരുന്നു ട്രംപിന്റെ നിർദേശം. ബഹിരാകാശസേന പ്രത്യേക സായുധവിഭാഗമായിരിക്കുമെങ്കിലും എയർഫോഴ്സിന് തുല്യമായ സേനയായിരിക്കുമെന്നും ട്രംപ് വിശദീകരിച്ചു.  മാർച്ചിൽ നാഷണൽ സ്പേസ് കൗൺസിൽ യോഗത്തിൽ നടത്തിയ പ്രസംഗത്തിലും ട്രംപ് ഈ ആശയം മുന്നോട്ടുവച്ചിരുന്നു. ബഹിരാകാശത്തിൽ അമേരിക്കൻ സേനാസാന്നിധ്യം മാത്രമല്ല, അമേരിക്കയുടെ ആധിപത്യംതന്നെ ഉറപ്പിക്കണമെന്നാണ് ട്രംപ് പറഞ്ഞത്. സാൻ ഡീഗോയിൽ നാവികരെ അഭിസംബോധനചെയ്ത് സംസാരിക്കവെ ട്രംപ് പറഞ്ഞത് കരയും കടലുമെന്നപോലെ ബഹിരാകാശവും യുദ്ധത്തിനുള്ള സ്ഥലംതന്നെയാണെന്നാണ്.  അമേരിക്കയ‌്ക്ക് വ്യോമസേന ഉള്ളതുപോലെതന്നെ ബഹിരാകാശസേനയും ഉണ്ടാകുമെന്ന് അദ്ദേഹം ആവർത്തിച്ചു.  മെയ് മാസത്തിൽ റോസ്ഗാർഡനിലും ട്രംപ് സമാനമായ പ്രസംഗം നടത്തി. 

ബഹിരാകാശത്ത് ഒരു സൈനിക പ്ലാറ്റ്ഫോമുണ്ടാക്കി ആണവായുധങ്ങളും ലേസർ ആയുധങ്ങളും മറ്റും സംഭരിക്കുകയും ആവശ്യം വന്നാൽ ഉപയോഗിക്കുകയുംചെയ്യുക എന്നതാണ് ബഹിരാകാശസേന കൊണ്ട് ലക്ഷ്യമാക്കുന്നത്.  വിവിധ ഉപഗ്രഹങ്ങളിലായി ഈ സൈനിക യൂണിറ്റുകൾ ബഹിരാകാശത്ത് ചുറ്റിക്കൊണ്ടിരിക്കും. ഭൂമിയിൽനിന്ന് കമാൻഡ് ലഭിച്ചാൽ അത് അന്തരീക്ഷത്തിലെത്തി ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങും. ഇതാണ് ബഹിരാകാശസേനയുടെ രൂപീകരണംകൊണ്ട് അമേരിക്ക ലക്ഷ്യമാക്കുന്നത്.  നമ്മുടെ തലയ‌്ക്കുമീതെ ആണവായുധങ്ങൾ ഉൾപ്പെടെ സംഭരിച്ച് കരുത്ത് കാട്ടാനുള്ള നീക്കമാണ് അമേരിക്കയുടേതെന്നർഥം. തീവ്രവലതുപക്ഷത്തിന്റെയും വെള്ള മോധവിത്വത്തിന്റെയും പ്രതിനിധിയായ ട്രംപ,് റൊണാൾഡ് റീഗന്റെ കാലത്ത് അവതരിപ്പിക്കപ്പെട്ട നക്ഷത്രയുദ്ധപദ്ധതി പൊടിതട്ടി പുറത്തെടുത്തിരിക്കുകയാണിപ്പോൾ. കരയിലും കടലിലും അമേരിക്കൻ മേധാവിത്വത്തിനെതിരെ ശക്തമായ വെല്ലുവിളി പല കോണുകളിൽനിന്നും ഉയരുന്ന ഘട്ടത്തിലാണ് ബഹിരാകാശത്ത് ആണവായുധങ്ങൾ നിറച്ച് ലോകമേധാവിത്വം നില നിർത്താൻ അമേരിക്ക ശ്രമമാരംഭിച്ചിട്ടുള്ളത്. ഒരു ഉന്നത അമേരിക്കൻ സൈനിക ഉദ്യോഗസ്ഥന്റെ ഭാഷയിൽ 'ബഹിരാകാശത്തെ ആയുധവൽക്കരിക്കുന്നതിൽ ചൈന അമേരിക്കയേക്കാൾ 30 വർഷം പിറകിലാണ്. റഷ്യക്കാണെങ്കിൽ പണവുമില്ല.' ഈ പ്രസ്താവന വിരൽചൂണ്ടുന്നത് ട്രംപ് ബഹിരാകാശത്തെ ആയുധക്കലവറയാക്കുന്നത് ചൈനയെയും റഷ്യയെയും ലക്ഷ്യമിട്ടാണെന്നർഥം. 

ബഹിരാകാശസേന എന്ന ട്രംപിന്റെ പ്രഖ്യാപനം വളരെ പെട്ടെന്നൊന്നും യാഥാർഥ്യമാകില്ലെങ്കിലും അതുയർത്തുന്ന ഭീഷണി ചെറുതല്ല. അമേരിക്കൻ പാർലമെന്റ് നിയമത്തിലൂടെമാത്രമേ ബഹിരാകാശസേനയ‌്ക്ക് രൂപം നൽകാനാകൂ. അമേരിക്കൻ വ്യോമസേനയ‌്ക്ക് ഒരു ബഹിരാകാശ കോപ്സ് രൂപീകരിക്കുന്ന ബിൽ അധോസഭയായ ജനപ്രിതിനിധി സഭയിൽ പാസായെങ്കിലും സെനറ്റിൽ അത് തടയപ്പെട്ടു. നിലവിൽ പാർലമെന്റിന്റെ ഇരുസഭകളിലും ട്രംപിന്റെ റിപ്പബ്ലിക്കൻ പാർടിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ആർക്കാണ് ഭൂരിപക്ഷം ലഭിക്കുക എന്ന അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ട്രംപിന്റെ പ്രസിഡൻസിയുടെ കാലത്ത് ബഹിരാകാശസേനയ‌്ക്ക് രൂപം നൽകില്ലെന്ന് ഉറപ്പാണ്. മാത്രമല്ല, പല അന്താരാഷ്ട്ര കടമ്പകളും ട്രംപിന് കടക്കേണ്ടിയുംവരും. 1967ലാണ് ബഹിരാകാശസന്ധി ഒപ്പുവച്ചത്. അമേരിക്കയും ചൈനയും ഇന്ത്യയും ഉൾപ്പെടെ 123 രാഷ്ട്രങ്ങൾ ഇതിൽ ഒപ്പുവച്ചു. ബഹിരാകാശം ലോകജനതയുടെ പൊതുസ്വത്താണെന്നും അവിടം ആണവായുധങ്ങളോ മറ്റ് നശീകരണ ആയുധങ്ങളോ സംഭരിക്കരുതെന്നുമാണ് സന്ധി പറയുന്നത്.

എന്നാൽ, ഈ സന്ധിയുടെ സത്തയ‌്ക്ക് വിരുദ്ധമായി 1983 മാർച്ച് 23ന് അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ നക്ഷത്രയുദ്ധപദ്ധതി (സ്ട്രാറ്റജിക്ക് ഡിഫൻസ് ഇനീഷ്യേറ്റീവ്) പ്രഖ്യാപിച്ചു. 1985ൽ യുഎസ് സ്പേസ് കമാൻഡിന് രൂപം നൽകുകയും ചെയ്തു. ഇതോടെ ബഹിരാകാശവും യുദ്ധമേഖലയാകുമെന്ന ഭീഷണി ഉയർന്നു. ഈ ഘട്ടത്തിലാണ് ഐക്യരാഷ്ട്രസംഘടന ബഹിരാകാശത്ത് ആയുധപ്പന്തയം തടയുന്ന കരാറുമായി(പ്രിവൻഷൻ ഓഫ് ആം റേസ് ഇൻ ഔട്ടർ സ്പേസ്‐പാരോസ്) മുന്നോട്ടുവരുന്നത്.  ക്യാനഡയും റഷ്യയും ചൈനയുംമറ്റും ഈ കരാറിൽ ഒപ്പുവയ‌്ക്കാൻ തയ്യാറായെങ്കിലും അമേരിക്ക ഇന്നുവരെയും അതിന് സമ്മതം മൂളിയിട്ടില്ല. ഇതിനർഥം ബഹിരാകാശ യുദ്ധപദ്ധതി അമേരിക്ക ഉപേക്ഷിക്കാൻ തയ്യാറല്ലെന്നാണ്.  ലോകത്ത് ആദ്യമായി ആണവബോംബ് വർഷിച്ച അമേരിക്ക ഈ ഭൂമിയെത്തന്നെ നശിപ്പിക്കാനായി ബഹിരാകാശത്തും ആയുധം നിറയ‌്ക്കുകയാണ്. ഇതിനെതിരെ സാർവദേശീയമായിത്തന്നെ പ്രതിഷേധം ഉയരേണ്ടതുണ്ട്. ലോകസമാധാനത്തിന് മാത്രമല്ല, ഈ ഭൂമിയുടെ നിലനിൽപ്പിനുപോലും അമേരിക്കൻ സാമ്രാജ്യത്വം ഭീഷണി ഉയർത്തുകയാണ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top