29 March Wednesday

പ്രതീക്ഷ നല്‍കി മൂണ്‍ ജേയുടെ വിജയം

വെബ് ഡെസ്‌ക്‌Updated: Friday May 12, 2017


ദക്ഷിണ കൊറിയയില്‍ ചൊവ്വാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ടി ഓഫ് കൊറിയ (ഡിപികെ)യുടെ നേതാവ് മൂണ്‍ ജേ വിജയിച്ചത് വലിയ ആശ്വാസത്തോടെയാണ് കൊറിയന്‍ മേഖലയിലെ ജനങ്ങള്‍ സ്വീകരിച്ചത്. അയല്‍രാജ്യമായ വടക്കന്‍ കൊറിയയുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് അമേരിക്കന്‍ സഖ്യരാഷ്ട്രമായ ദക്ഷിണ കൊറിയയില്‍ ഭരണമാറ്റമുണ്ടായത്. വടക്കന്‍ കൊറിയയുമായുള്ള യുദ്ധത്തെ പിന്തുണയ്ക്കുന്ന അമേരിക്കന്‍ വലംകൈയായ യാഥാസ്ഥിതിക കക്ഷി സായിനുരി പാര്‍ടിയുടെ പത്തുവര്‍ഷം നീണ്ട ഭരണത്തിന് അന്ത്യമിട്ടുകൊണ്ടാണ് ഡിപികെ നേതാവ് മൂണ്‍ ജേ അധികാരമേറിയിട്ടുള്ളത്.

വടക്കന്‍ കൊറിയന്‍ അഭയാര്‍ഥിയുടെ മകനായി ജനിച്ച് വിദ്യാര്‍ഥിയായിരിക്കെ 1970കളില്‍ പട്ടാളഭരണത്തിനെതിരെ പൊരുതിയാണ് മൂണ്‍ ജേ സജീവരാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. മനുഷ്യാവകാശ അഭിഭാഷകന്‍ എന്നനിലയിലും അദ്ദേഹം പേരെടുത്തു. മുന്‍ പ്രസിഡന്റ് റോ മൂ ഹ്യുനുമായി അടുത്ത സൌഹൃദബന്ധമുണ്ടായിരുന്ന മൂണ്‍ ജേ, അദ്ദേഹത്തിന്റെ ഭരണകാലത്ത് ചീഫ് ഓഫ് സ്റ്റാഫായി പ്രവര്‍ത്തിക്കുകയും ചെയ്തു. 2012ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യാഥാസ്ഥിതിക കക്ഷിനേതാവ് പക് ഗ്യുന്‍ ഹെയ്ക്കെതിരെ മത്സരിച്ചെങ്കിലും നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടു. എന്നാല്‍, പക് ഗ്യുന്‍ ഹെയ് അഴിമതിക്കേസില്‍പെട്ടപ്പോള്‍ സോളിലെ ഗ്വാങ്ഹാമനില്‍നിന്ന് ആരംഭിച്ച ജനകീയപ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍തന്നെ പുരോഗമനവാദിയായ മൂണ്‍ ജേ നിലയുറപ്പിച്ചു. അവസാനം മാര്‍ച്ച് പത്തിന് മുന്‍ പട്ടാളഭരണാധികാരി പക് ചുങ് ഹീയു (1963-79)ടെ മകളും ദക്ഷിണ കൊറിയയിലെ പ്രഥമ വനിത പ്രസിഡന്റുമായ പക് ഗ്യുന്‍ ഹെയ്യെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു. ഇതേത്തുടര്‍ന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് തൊട്ടടുത്ത എതിരാളിയേക്കാള്‍ ഇരട്ടിയോളം വോട്ട് നേടി മൂണ്‍ ജേ വിജയിച്ചത്. 

'വടക്കിന്റെ അനുയായി' എന്നര്‍ഥമുള്ള 'ചോങ്ബോക്ക്'എന്ന് വിളിപ്പേരുള്ള മൂണ്‍ ജേ വടക്കന്‍ കൊറിയയുമായി യുദ്ധത്തിന്റെ പാതയേക്കാള്‍ സംഭാഷണത്തിന്റെ പാത സ്വീകരിക്കുന്നയാളാണ് എന്നതാണ് മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നത്. ബുധനാഴ്ച അധികാരമേറിയശേഷം നടത്തിയ പ്രസംഗത്തിലും വടക്കന്‍ കൊറിയയുമായി ഒരു ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ലെന്ന് മൂണ്‍ ജേ വ്യക്തമാക്കി. മുന്‍ പ്രസിഡന്റുമാരായ കിം ദായ് ജൂങ്ങും (1998-2003), റോ മൂ ഹ്യുനും (2003-08) പിന്തുടര്‍ന്ന വടക്കന്‍ കൊറിയന്‍ സൌഹൃദനയമായ 'സണ്‍ഷൈന്‍ പോളിസി'യാണ് ഉയര്‍ത്തിപ്പിടിക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതനുസരിച്ച് വടക്കന്‍ കൊറിയയുമായി സഹകരിച്ചുള്ള കായ്സോങ് വ്യവസായ കോംപ്ളക്സ് ഉള്‍പ്പെടെയുള്ള പല പദ്ധതികളുമായി മുന്നോട്ടുപോകും. മുന്‍ യാഥാസ്ഥിതിക കക്ഷി സര്‍ക്കാരാണ് അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി, വടക്കന്‍ കൊറിയയില്‍ സ്ഥാപിക്കാനിരുന്ന ഈ വ്യവസായപദ്ധതി ഉപേക്ഷിച്ചത്.  മാത്രമല്ല, ഉഭയകക്ഷി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വടക്കന്‍ കൊറിയയുമായി ചര്‍ച്ച നടത്താന്‍പോലും ഒരുക്കമാണെന്നും മൂണ്‍ ജേ വ്യക്തമാക്കി. പത്തുവര്‍ഷം ഭരണം നടത്തിയ യാഥാസ്ഥിതിക കക്ഷി സര്‍ക്കാര്‍ വടക്കന്‍കൊറിയയോട് കര്‍ക്കശനിലപാട് സ്വീകരിച്ചിട്ടും ആ രാജ്യത്തെ ആണവവല്‍ക്കരിക്കുന്നതില്‍നിന്ന് തടയാന്‍ കഴിഞ്ഞില്ലെന്നുമാത്രമല്ല അന്താരാഷ്ട്രവേദികളില്‍ ദക്ഷിണ കൊറിയയുടെ ശബ്ദം ദുര്‍ബലമാക്കാനേ അത് സഹായിച്ചുള്ളൂവെന്നും മൂണ്‍ ജേ ചൂണ്ടിക്കാട്ടുന്നു. വടക്കന്‍ കൊറിയയോട് ഏറ്റുമുട്ടല്‍നയം സ്വീകരിച്ചതുകൊണ്ട് ദക്ഷിണ കൊറിയയുടെ താല്‍പ്പര്യം സംരക്ഷിക്കാനാകില്ലെന്ന സന്ദേശമാണ് മൂണ്‍ ജേ നല്‍കുന്നത്. സംഭാഷണത്തിന്റെ പാതയിലൂടെ മുന്നോട്ടുപോകാനാണ് ആഗ്രഹമെന്നും അതിനായി വാഷിങ്ടണിലേക്കും ബീജിങ്ങിലേക്കും ടോക്കിയോയിലേക്കും ആവശ്യമെങ്കില്‍ വടക്കന്‍ കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങിലേക്കും പോകാന്‍ തയ്യാറാണെന്നും മൂണ്‍ ജേ പറഞ്ഞു. 

അമേരിക്കയുമായുള്ള സഖ്യം ഉപേക്ഷിക്കാന്‍ മൂണ്‍ ജേ തയ്യാറല്ലെങ്കിലും അമേരിക്കയില്‍നിന്ന് സ്വതന്ത്രമായ ഒരു വിദേശനയം സ്വീകരിക്കുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. കൊറിയന്‍മേഖലയില്‍ യുദ്ധഭീതി പടര്‍ത്തുന്നതിന് പ്രധാനമായും സഹായിച്ചത് ദക്ഷിണ കൊറിയയില്‍ മിസൈല്‍വേധ താഡ് സംവിധാനം (ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റ്യുഡ് ഏരിയ ഡിഫന്‍സ്) അമേരിക്ക സ്ഥാപിച്ചതായിരുന്നു. വടക്കന്‍ കൊറിയ വിക്ഷേപിക്കുന്ന മിസൈലുകള്‍ നശിപ്പിക്കാന്‍ ശേഷിയുള്ള ഈ സംവിധാനത്തിന്റെ വിന്യാസം കഴിഞ്ഞമാസമാണ് നടന്നത്. ഇതിനെതിരെ ദക്ഷിണ കൊറിയയിലെ ഗ്യാങ്സാങ് പ്രവിശ്യയിലെ സിയോങ്ജുവിലെ ജനങ്ങള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. താഡിനെതിരെ ചൈനയും പരസ്യമായി രംഗത്തുവന്നു. ദക്ഷിണ കൊറിയയില്‍ താഡ് സംവിധാനം സ്ഥാപിച്ചത് തങ്ങളുടെ സൈനികനീക്കങ്ങളും  മറ്റും നിരീക്ഷിക്കാനാണെന്നായിരുന്നു ചൈനയുടെ ആക്ഷേപം.

അതിനാല്‍ അത് ഉടന്‍ നീക്കം ചെയ്യണമെന്ന് ചൈന ദക്ഷിണ കൊറിയയോട് ആവശ്യപ്പെടുകയും ചെയ്തു. വ്യാഴാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്  മൂണ്‍ ജേയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലും ഈ വിഷയം ഉയര്‍ത്തുകയുണ്ടായി.  ഉച്ചകോടി സംഭാഷണത്തിനായി മൂണ്‍ ജേയെ ബീജിങ്ങിലേക്ക് ക്ഷണിക്കാനും ഷി ജിന്‍ പിങ് തയ്യാറായി. താഡ് വിഷയത്തെക്കുറിച്ച് സംഭാഷണം നടത്താന്‍മാത്രമായി ഒരു ദക്ഷിണ കൊറിയന്‍ പ്രതിനിധിസംഘത്തെ ബീജിങ്ങിലേക്ക് അയക്കാനും ധാരണയായി. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ താഡ് സ്ഥാപിച്ച നടപടി പുനഃപരിശോധിക്കുമെന്ന് മൂണ്‍ ജേ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, പാര്‍ലമെന്റ് അനുമതിയില്ലാതെ ഇത്തരം യുദ്ധസംവിധാനങ്ങള്‍ സ്ഥാപിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, 300 അംഗ പാര്‍ലമെന്റില്‍ 119 പേരുടെ പിന്തുണമാത്രമേ മൂണ്‍ ജേയുടെ കക്ഷിക്കുള്ളൂ. മറ്റു പാര്‍ടികളുടെ പിന്തുണ ലഭിച്ചാല്‍മാത്രമേ താഡ് വിഷയത്തില്‍ അന്തിമമായ ഒരു തീരുമാനം കൈക്കൊള്ളാനാകൂ. ഏതായാലും ദക്ഷിണ കൊറിയയിലെ ഭരണമാറ്റം സമാധാനപ്രതീക്ഷകള്‍ക്ക് ചിറക് നല്‍കിയിട്ടുണ്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top