26 September Tuesday

പാർടി അധ്യക്ഷ പറയുന്നതും കേൾക്കുന്നില്ലേ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020


കോൺഗ്രസ് അധ്യക്ഷ  സോണിയഗാന്ധി കഴിഞ്ഞ ദിവസം “ഹിന്ദുസ്ഥാൻ ടൈംസിൽ’ എഴുതിയ ലേഖനം മിക്കവാറും മാധ്യമങ്ങളിൽ വാർത്തയായിട്ടുണ്ട്. സർവ അധികാരസന്നാഹങ്ങളും ദുരുപയോഗിച്ച് മോഡി സർക്കാർ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നുവെന്നാണ് സോണിയ ആ ലേഖനത്തിൽ പറഞ്ഞത്. സിബിഐ, എൻഐഎ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ദേശീയ നർക്കോട്ടിക്‌സ്‌ ബ്യൂറോ തുടങ്ങിയ അന്വേഷണ ഏജൻസികളെല്ലാം പ്രധാനമന്ത്രിയു‌ടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും താളത്തിനൊത്ത് തുള്ളുകയാണെന്നും ലേഖനത്തിൽ പറയുന്നു.  ഭരണഘടനാപരമായ മാനദണ്ഡങ്ങളും ജനാധിപത്യതത്വങ്ങളും ഒന്നൊന്നായി ലംഘിക്കപ്പെടുന്നതിനെക്കുറിച്ച് അവർ തുടർന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.  അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നതായി, രാഹുൽ ഗാന്ധിക്ക് പിന്നാലെ സോണിയയും പരസ്യമായി പറഞ്ഞിരിക്കുന്നു.

നാഴികയ്‌ക്ക് നാൽപ്പതുവട്ടം സിബിഐ സിബിഐ എന്നു വിളിച്ചുകൂവുന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പാർടിയുടെ ദേശീയനേതൃത്വം പറയുന്ന ഇക്കാര്യങ്ങൾ കേൾക്കുന്നുണ്ടോ എന്നാണ് കോൺഗ്രസ് അണികൾപോലും ഇപ്പോൾ സംശയിക്കുന്നത്. കാരണം, ഒരു അഖിലേന്ത്യാ പാർടിക്ക് എവിടെയും നിലപാട് ഒന്നാകണമല്ലോ.  സംസ്ഥാനത്തെ കോൺഗ്രസ് പക്ഷേ, ഹൈക്കമാൻഡിനെയും ദേശീയ നേതൃത്വത്തെയുമെല്ലാം ദിവസേന തള്ളിപ്പറയുന്നു. നിലപാട് ഒന്നല്ലെന്ന് കേരളത്തിലെ നേതൃത്വം ഇതിനകം പലവട്ടം തെളിയിച്ചുകഴിഞ്ഞു. ദേശീയ നേതാവായ രാഹുൽ ഗാന്ധിയെ രമേശ് ചെന്നിത്തല തള്ളിപ്പറയുന്നത് കഴിഞ്ഞ ദിവസം കേരളം കേട്ടു. മാത്രമല്ല, ചെന്നിത്തലയടക്കമുള്ള നേതാക്കൾ, സ്വന്തം ദേശീയനേതൃത്വം പറയുന്നതിനേക്കാൾ അനുസരിക്കുക ബിജെപിയെയാണെന്നും കേരളം മനസ്സിലാക്കി കഴിഞ്ഞു.

രണ്ടാം മോഡി സർക്കാർ അധികാരത്തിൽ വരികയും അമിത് ഷാ ആഭ്യന്തരമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തതുമുതൽ ഹിന്ദുരാഷ്ട്ര അജൻഡകൾ അതിവേഗം നടപ്പാക്കുകയാണ്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും പൗരത്വഭേദഗതി നിയമം കൊണ്ടുവന്നതും അയോധ്യയിൽ രാമക്ഷേത്ര ശിലാപൂജയ്‌ക്ക് പ്രധാനമന്ത്രി നേരിട്ട് നേതൃത്വം നൽകിയതുമല്ലൊം ഇതിന്റെ ഭാഗമാണ്. ഇത് ഒരു വശത്ത് നടക്കുമ്പോൾ, പ്രതിപക്ഷ നേതാക്കളെ കേസുകളിൽ കുടുക്കാനും കൈകാര്യം ചെയ്യാനും അമിത് ഷാ നേതൃത്വം നൽകുന്നുണ്ട്. രണ്ടാം മോഡി സർക്കാർ അധികാരത്തിൽ വന്ന് രണ്ടു മാസത്തിനകം  കോൺഗ്രസിന്റെ ഒട്ടേറെ നേതാക്കൾ സിബിഐയുടെ കൈയിലായി. മുൻ കേന്ദ്ര ആഭ്യന്തര-‐ധനമന്ത്രി പി ചിദംബരവും കർണാടകത്തിലെ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറുമടക്കം നിരവധി പേർ ഇതിൽ പെടും. ഇതേസമയം, അഴിമതിക്കാരും ക്രിമിനലുകളുമായ ബിജെപി നേതാക്കളെ അന്വേഷണ ഏജൻസികൾ തൊടുന്നുപോലുമില്ല.  കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയടക്കമുള്ള ബിജെപി നേതാക്കൾ വിലസുന്നത് സിബിഐ കാണുന്നില്ല.


 

അപ്പോൾ, അന്വേഷണ ഏജൻസികളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാതെ ദുരുപയോഗിക്കുന്നതായി വെളിപ്പെടുന്നു. സിബിഐ, എൻഐഎ തുടങ്ങിയ അന്വേഷണ ഏജൻസികളെ അമിത് ഷാ നേരിട്ട് നിയന്ത്രിക്കുന്നതിന്റെ ഒട്ടേറെ വിവരങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.  ബിജെപി ഭരണത്തെ വിമർശിക്കുന്നവരെയും ദളിത് പ്രശ്നങ്ങൾ ഉയർത്തുന്നവരെയുമെല്ലാം കള്ളക്കേസുകളിൽ കുടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതും പതിവായിരിക്കുന്നു. നിർഭയം പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർ, ധീരമായി അഭിപ്രായം പറയുന്ന ചരിത്രകാരന്മാർ, സാംസ്കാരിക പ്രവർത്തകർ എന്നിവരെയെല്ലാം തടങ്കലിലാക്കാനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നത്. വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ വർഗീയകലാപത്തിന്റെ ഗൂഢാലോചനാ കേസിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ള നേതാക്കളെ പ്രതിയാക്കാൻ ആഭ്യന്തരമന്ത്രാലയം നടത്തിയ നീക്കവും കാണണം.

അതായത്, സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവർത്തിക്കാൻ അന്വേഷണ ഏജൻസികളെ അനുവദിക്കുന്നില്ല. നീതിയും നിയമവാഴ്ചയും ഉറപ്പാക്കാൻ സമ്മതിക്കുന്നില്ല. രാഷ്ട്രീയപ്രതികാരം തീർക്കുന്നതിനും ഭരണഘടനാ തത്വങ്ങൾ അട്ടിമറിക്കുന്നതിനും ഏജൻസികളെ ഉപയോഗിക്കുന്നു. സംസ്ഥാന സർക്കാരുകളുടെ അനുമതിയോ സമ്മതമോ ഇല്ലാതെ എവിടെയും സിബിഐ കടന്നുകയറുന്നു. ഇത് എതിർക്കപ്പെടേണ്ടതുതന്നെ. കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ ഭരണത്തിലും സിബിഐയെ ദുരുപയോഗിച്ചിരുന്നുവെന്നത്  വിസ്മരിക്കുന്നില്ല. സിബിഐ “കൂട്ടിലടച്ച തത്ത’യാണെന്ന് 2013ൽ സുപ്രീംകോടതി ജഡ്ജി  ജസ്റ്റിസ് ആർ എൽ ലോധ പറഞ്ഞത് പ്രത്യേകം ഓർക്കണം.  അന്വേഷണ ഏജൻസികളെ എങ്ങനെ ദുരുപയോഗിക്കുന്നുവെന്ന് ബാബ്‌റി മസ്ജിദ് തകർത്ത കേസിൽ അടുത്തിടെ വെളിപ്പെട്ടതും ഇവിടെ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. മസ്ജിദ് പൊളിച്ച ക്രിമിനൽ കുറ്റവും ഗൂഢാലോചനയും തെളിയിക്കാൻ അനായാസം കഴിയുമായിരുന്നിട്ടും അത് കോടതിയെ ബോധ്യപ്പെടുത്താൻ സിബിഐക്ക് കഴിഞ്ഞില്ല. സിബിഐ ആരുടെ താൽപ്പര്യമാണ് സംരക്ഷിച്ചതെന്ന് വ്യക്തം.

ഇത്തരമൊരു സാഹചര്യത്തിലാണ് അന്വേഷണ ഏജൻസികളെ കേന്ദ്രം രാഷ്ട്രീയലക്ഷ്യത്തിനായി ഉപയോഗിക്കുന്നുവെന്ന വിമർശത്തെ കാണേണ്ടത്. എന്നാൽ, കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് അതൊന്നും കാണാൻ കഴിയുന്നില്ല, അല്ലെങ്കിൽ കണ്ടില്ലെന്ന് നടിക്കുന്നു. മകൻ മരിച്ചാലും വേണ്ടില്ല മരുമകളുടെ ദുഃഖം കണ്ടാൽ മതിയെന്ന  മനസ്സാണ് അവർക്ക്. ചക്കിക്കൊത്ത ചങ്കരന്മാരായി ചെന്നിത്തലയും മുല്ലപ്പള്ളിയും പരസ്പരം തുള്ളുന്നു.  ജനക്ഷേമ നടപടികളും വികസന പരിപാടിയുമായി മുന്നോട്ടുപോകുന്ന എൽഡിഎഫ് സർക്കാരിന്റെ ജനപിന്തുണ കണ്ട് അവർക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു.  അതുകൊണ്ട്, ദേശീയ നേതൃത്വം പറയുന്നതൊന്നും കേൾക്കില്ല. അവർ എന്തും വിളിച്ചുപറയും. ഇതുപക്ഷേ, ജനങ്ങളും യുഡിഎഫിന്റെതന്നെ അണികളും തിരിച്ചറിയുന്നുണ്ട്. ജോസ് കെ മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് വിട്ടുപോന്നതടക്കം യുഡിഎഫിൽ സംഭവിക്കുന്ന ചോർച്ച ഈ തിരിച്ചറിവിന്റെ ഫലമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top