25 March Saturday

ന്യായീകരണ അഭ്യാസം അതിരുകടക്കരുത്

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2017


സമാനതകളില്ലാത്തതാണ് സോളാര്‍ കേസ്. തട്ടിപ്പ്, അഴിമതി, അധികാരദുര്‍വിനിയോഗം എന്നിവയില്‍ തുടങ്ങി ലൈംഗികപീഡനംവരെ എത്തിനില്‍ക്കുന്ന സങ്കീര്‍ണമായ കേസാണത്. കുറ്റംചെയ്തവരുടെ പട്ടികയില്‍ മുന്‍ മുഖ്യമന്ത്രിയും അക്കാലത്തെ  ആഭ്യന്തരമന്തിയും  ഇതര മന്ത്രിമാരും ജനപ്രതിനിധികളും പൊലീസിന്റെ ഉയര്‍ന്ന സ്ഥാനങ്ങളിലുള്ളവരും മറ്റുമാണ്. താന്‍ എല്ലാം വെളിപ്പെടുത്തിയാല്‍ കേരളം താങ്ങില്ല എന്നാണ്,  തട്ടിപ്പുകേസുകളിലെ പ്രതിയും തന്റെ ദുരനുഭവങ്ങള്‍ക്ക് പരിഹാരംവേണം എന്ന ആവശ്യവുമായി ഇന്ന് സമൂഹത്തിനും നിയമത്തിനും  മുന്നില്‍ നില്‍ക്കുന്ന വ്യക്തിയുമായ സരിത എസ് നായര്‍ ഒരു ഘട്ടത്തില്‍ പറഞ്ഞത്. കേസില്‍ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമീഷന്‍ രണ്ടുവര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനുശേഷം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നു. ഇപ്പോഴാണ്, സോളാര്‍ കേസ്  നിയമത്തിന്റെ വഴിയിലെത്തിയത്.

'നിയമം നിയമത്തിന്റെ വഴിയേ' എന്നതിനൊപ്പം താന്‍ തന്റെ മനഃസാക്ഷിയുടെ വഴിയേ എന്ന ന്യായമാണ് ഉമ്മന്‍ചാണ്ടി എക്കാലത്തും പറഞ്ഞത്. എന്നാല്‍, നിയമത്തിന്റെ വഴിയില്‍ താനടക്കമുള്ളവരുടെ കുറ്റകൃത്യങ്ങള്‍ ഒരുതരത്തിലും എത്തരുത് എന്നദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തമ്പാനൂര്‍ രവിയും ബെന്നി ബഹനാനുമടക്കമുള്ള കോണ്‍ഗ്രസിന്റെ സമുന്നത നേതൃനിര അധികാരത്തിന്റെ തണലില്‍ നിയമവാഴ്ചയെ അട്ടിമറിക്കാനാണ് ഇടപെട്ടുകൊണ്ടിരുന്നത് എന്നത് നിസ്തര്‍ക്കമായ വസ്തുതയാണിന്ന്. സോളാര്‍ കേസ് അന്വേഷിച്ചത് കമീഷന്‍സ് ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം നിയമിക്കപ്പെട്ട കമീഷനാണ്. കമീഷന്‍ റിപ്പോര്‍ട്ട്  പൂര്‍ണമായോ ഭാഗികമായോ സ്വീകരിക്കുകയോ തള്ളുകയോചെയ്യാന്‍ സര്‍ക്കാരിന് വിവേചനാധികാരമുണ്ട്. അതില്‍  സ്വീകരിക്കുന്ന നടപടികള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് സഹിതം തൊട്ടടുത്ത നിയമസഭാസമ്മേളനത്തില്‍ സഭയുടെ മേശപ്പുറത്തുവയ്ക്കണം.

നിയമപരമായ ഈ സാവകാശംപോലും സര്‍ക്കാരിന് അനുവദിക്കാനാകില്ല, റിപ്പോര്‍ട്ട് ഉടന്‍ കിട്ടണം എന്നാണ് കോണ്‍ഗ്രസിലെ ചിലര്‍ ആവശ്യപ്പെട്ടത്. ഉമ്മന്‍ചാണ്ടിക്ക് വിവരാവകാശ നിയമപ്രകാരമാണ് റിപ്പോര്‍ട്ട് വേണ്ടിയിരുന്നത്. റിപ്പോര്‍ട്ടിന്‍മേല്‍ മന്ത്രിസഭ എടുത്ത തീരുമാനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചത് നിയമസഭയുടെ അവകാശ ലംഘനം എന്നാണ് കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ് കുറ്റപ്പെടുത്തിയത്. അതിനുവിരുദ്ധമായി "റിപ്പോര്‍ട്ട് ലഭിച്ചാല്‍ സാധാരണ ചെയ്യാറുള്ളതുപോലെ ശുപാര്‍ശകളോ പ്രസക്തഭാഗങ്ങളോ മാധ്യമങ്ങള്‍ക്കു നല്‍കാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ലഭിച്ച് 15 ദിവസം കഴിഞ്ഞിട്ടും അതിന് തയ്യാറായിട്ടില്ല'' എന്നാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍പോലും ഏകോപിതമായ ധാരണ ഇക്കാര്യത്തിലുണ്ടായില്ല എന്നര്‍ഥം.

സോളാര്‍ തട്ടിപ്പുകേസില്‍ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ അന്വേഷണ കമീഷന്റേതാണ് റിപ്പോര്‍ട്ട്, അതിന്‍മേലാണ് സര്‍ക്കാര്‍ നിയമപരമായ നടപടി സ്വീകരിക്കുന്നത് എന്ന വസ്തുത നിലനില്‍ക്കെ ചില സാങ്കേതികന്യായങ്ങള്‍ നിരത്തി ആ നടപടികളെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസിലെ ചിലരും കുറ്റവാളിപ്പട്ടികയില്‍ ഇടംപിടിച്ച മറ്റുചിലരും ഏതാനും മാധ്യമങ്ങളും സംഘടിതമായി നീങ്ങുന്നതാണ് പിന്നീട് കണ്ടത്. റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ നടപടിയെടുക്കുന്നതിനെ 'അവകാശലംഘനമായി' കണ്ട അതേകൂട്ടര്‍ നിയമസഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്ന നിയമപരമായ നടപടിയെ ചോദ്യംചെയ്യുന്ന വിചിത്രദൃശ്യമായിരുന്നു അത്്. സോളാര്‍ കേസന്വേഷണം അട്ടിമറിക്കുന്നതിന് നേതൃത്വംനല്‍കിയ പൊലീസുദ്യോഗസ്ഥരുടെ 'കത്തുകള്‍' ചില മാധ്യമങ്ങള്‍ക്ക് മുഖ്യവാര്‍ത്തയായി. യുഡിഎഫ് കാലത്തെന്നപോലെ, അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുന്നതാണ് നല്ലത് എന്ന ന്യായത്തിലേക്കാണ്  ഇക്കൂട്ടര്‍ പൊതുബോധത്തെ നയിക്കാന്‍ ശ്രമിച്ചത്. നിയമോപദേശത്തെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചുമുള്ള അനാവശ്യചര്‍ച്ച സംഘടിപ്പിക്കുന്നതിലും അവര്‍ ബദ്ധശ്രദ്ധരായി. ഈ സാഹചര്യത്തിലാണ്, അന്വേഷണ റിപ്പോര്‍ട്ട് ഒട്ടും കാലതാമസമില്ലാതെ നിയമസഭയില്‍ വയ്ക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കുന്നത്്. നവംബര്‍ ഒമ്പതിന് നിയമസഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്ന് റിപ്പോര്‍ട്ട് മേശപ്പുറത്തുവയ്ക്കാനുള്ള മന്ത്രിസഭാതീരുമാനം അവസരോചിതവും റിപ്പോര്‍ട്ടിന്‍മേലുള്ള നടപടികളെ ഭയക്കുന്നവര്‍ക്ക് ഉള്‍ക്കിടിലമുളവാക്കുന്നതുമാണ്.

ഉപ്പുതിന്നവര്‍ വെള്ളം കുടിക്കണം. സോളാര്‍ വെറുമൊരു തട്ടിപ്പുകേസല്ല; ഇന്നാട്ടിലെ ഭരണാധികാരികള്‍ അവര്‍ക്ക് ജനങ്ങള്‍ നല്‍കിയ അധികാരം പണത്തിനും പദവിക്കും ശാരീരികസുഖത്തിനും അമ്പരപ്പിക്കുന്നവിധത്തില്‍ ദുരുപയോഗംചെയ്ത വന്‍ കുറ്റകൃത്യമാണ്. അതിന് നേതൃത്വംനല്‍കിയവരെയും കുറ്റവാളികളെ സംരക്ഷിക്കാന്‍ കുറ്റകരമായി ശ്രമിച്ചവരെയും പ്രതിക്കൂട്ടില്‍നിര്‍ത്തി വിചാരണചെയ്യാന്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്ക് ഇന്നാട്ടിലെ ജനങ്ങളുടെ പിന്തുണയുണ്ട്. വ്യാജ പ്രചാരണങ്ങളിലൂടെയും സാങ്കേതികന്യായങ്ങള്‍ നിരത്തി ആശയക്കുഴപ്പം സൃഷ്ടിച്ചും കുറ്റവാളികളുടെ വാക്കുകള്‍ക്ക് അമിതപ്രാധാന്യം നല്‍കിയും അവര്‍ക്കുവേണ്ടി കേവലയുക്തികള്‍ രചിച്ചും ന്യായീകരണത്തിന് ഇറങ്ങിത്തിരിക്കുന്നവര്‍ നിയമത്തെയും ജനങ്ങളെയും പരിഹസിക്കുകയാണ്. അവര്‍ ഈ അഭ്യാസം അവസാനിപ്പിക്കണം. സോളാര്‍ കേസില്‍ അവസാന കുറ്റവാളിയും അഴിക്കുള്ളിലാകേണ്ടത് ഈ നാടിന്റെ ആവശ്യംതന്നെയാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top