31 March Friday

കശാപ്പ് നിരോധനം ഹിന്ദുരാഷ്ട്ര അജന്‍ഡ

വെബ് ഡെസ്‌ക്‌Updated: Monday May 29, 2017


ഗ്രാമീണ ഇന്ത്യയുടെ അവിഭാജ്യഘടകങ്ങളിലൊന്നായ കാലിച്ചന്തയ്ക്ക് അന്ത്യമിട്ടുകൊണ്ടുള്ള ഉത്തരവ് പരിസ്ഥിതി-വനംമന്ത്രാലയം മെയ് 23ന് പുറത്തിറക്കി. കാലിച്ചന്തയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാനെന്നപേരിലാണ് കാലിച്ചന്തകള്‍ക്കുതന്നെ അന്ത്യമിടുന്നത്. കശാപ്പിനായി കാലിച്ചന്തയിലേക്ക് കന്നുകാലികളെ കൊണ്ടുവരാന്‍പാടില്ലെന്നും കശാപ്പിനായി വില്‍പ്പന നടത്താന്‍ പാടില്ലെന്നുമാണ് പുതിയ നിബന്ധന. ഇക്കാര്യം തെളിയിക്കുന്ന രേഖകളും സാക്ഷ്യപത്രങ്ങളും കാലികളുമായി ചന്തയിലേക്ക് വരുന്നവര്‍ അതത് കാലിച്ചന്ത സമിതിക്ക് കൈമാറണമെന്നും വ്യവസ്ഥയുണ്ട്. മാത്രമല്ല, ചന്തയില്‍നിന്നുവാങ്ങുന്ന കന്നുകാലിയെ ആറുമാസത്തിനകം കൈമാറ്റംചെയ്യില്ലെന്ന സാക്ഷ്യപത്രവും കര്‍ഷകന്‍ നല്‍കേണ്ടതുണ്ട്. പശുവിനും കാളയ്ക്കും മാത്രമല്ല എരുമകള്‍ക്കും പോത്തുകള്‍ക്കുംകൂടി ഈ നിയന്ത്രണങ്ങള്‍ ബാധകമാക്കിയിരിക്കുകയാണ്.  കശാപ്പ് മാത്രമല്ല കശാപ്പിനുവേണ്ടിയുള്ള വില്‍പ്പനയും അതിനായുള്ള കടത്തും ക്രിമിനല്‍ പ്രവര്‍ത്തനമായിരിക്കുകയാണ്.  ചുരുക്കിപ്പറഞ്ഞാല്‍ കന്നുകാലിക്കച്ചവടം തീര്‍ത്തും അസാധ്യമാക്കുന്നതാണ് മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍.  ഗോവധം നിരോധിക്കാനെന്നപേരില്‍ പലരൂപത്തിലും രീതിയിലും ബിജെപി സര്‍ക്കാരുകള്‍ കൊണ്ടുവരുന്ന നിയമങ്ങളും നിബന്ധനകളും അന്തിമമായി ഇന്ത്യയുടെ കന്നുകാലിസമ്പത്തിനെത്തന്നെയാണ് ഇല്ലാതാക്കുന്നത്.

പാലിനും മാംസത്തിനുമായാണ് മനുഷ്യന്‍ കന്നുകാലികളെ വളര്‍ത്തുന്നത്. കന്നുകാലികള്‍ക്ക് പ്രായമാകുമ്പോള്‍ കര്‍ഷകന്‍ അതിനെ കാലിച്ചന്തയിലെത്തിച്ച് വില്‍ക്കുന്നു. ക്ഷീരകര്‍ഷകരുടെ 40 ശതമാനം വരുമാനവും ഈ വില്‍പ്പനവഴിയാണ് ലഭിക്കുന്നത്. പാലുല്‍പ്പന്നങ്ങള്‍ വിറ്റാണ് 60 ശതമാനം വരുമാനം. ഈ രണ്ട് വരുമാനവും കര്‍ഷകന് നഷ്ടപ്പെടുത്തുന്ന തീരുമാനമാണ് ഇപ്പോള്‍ മോഡി സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. കന്നുകാലിച്ചന്തയിലെത്തി കശാപ്പിനായി കന്നുകാലികളെ വില്‍ക്കാന്‍ കഴിയാത്ത പക്ഷം അതിലൂടെ ലഭിക്കുന്ന വരുമാനം കര്‍ഷകന് നഷ്ടമാകും. സ്വാഭാവികമായും പശുക്കളെയുംമറ്റും പോറ്റുന്നത് ബാധ്യതയാകുന്ന കര്‍ഷകന്‍ ക്ഷീരമേഖലയില്‍നിന്ന് പതുക്കെ പിന്മാറും. അതോടെ പാലുല്‍പ്പാദനത്തിലും ഇന്ത്യ പിറകോട്ട് പോകും.  യൂറോപ്പിലെയും അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ആഗ്രഹിക്കുന്നതും ഇതുതന്നെയാണ്. ഇന്ത്യയില്‍ പാലുല്‍പ്പാദനം കുറയുമ്പോള്‍ ഈ രാജ്യങ്ങളിലെ പാല്‍പ്പൊടി കമ്പനികള്‍ക്ക് ഇന്ത്യയെന്ന വലിയ കമ്പോളത്തിലെത്തി ലാഭം കൊയ്യാം.  അതുപോലെതന്നെ ശീതീകരിച്ച ഇറച്ചി വില്‍ക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്കും ടിന്‍ ഇറച്ചി ഇന്ത്യയില്‍ വില്‍ക്കാന്‍ അവസരമൊരുങ്ങും.  ബഹുരാഷ്ട്ര കുത്തകകളെ സഹായിക്കാന്‍ കര്‍ഷകരുടെ അന്തസ്സാര്‍ന്ന ജീവിതത്തെയും ജീവനോപാധിയെയുമാണ് മോഡി സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്. പശുസംരക്ഷണത്തിന്റെപേരില്‍ മനുഷ്യരെ ശിക്ഷിക്കുന്നതില്‍ എന്ത് ന്യായീകരണമാണുള്ളത്?

കന്നുകാലിവ്യാപാരത്തിന് അന്ത്യമിടുന്നതിനുപിന്നില്‍ സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യങ്ങളും മോഡി സര്‍ക്കാരിനുണ്ട്. രാജ്യത്തെ പൊതുസമൂഹത്തെ വര്‍ഗീയവല്‍ക്കരിച്ച് മതേര ജനാധിപത്യ റിപ്പബ്ളിക്കിനെ ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രത്തിലേക്ക് നയിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇറച്ചിവ്യാപാരത്തില്‍ പ്രധാനമായും മുഴുകിയ മുസ്ളിങ്ങളെയും തുകല്‍വ്യാപാരത്തില്‍ ഏര്‍പ്പെട്ട ദളിതരെയും തൊഴില്‍രഹിതരാക്കുക എന്ന അജന്‍ഡയും സംഘപരിവാറിനുണ്ട്.  മോഡി സര്‍ക്കാരിന്റെ കടിഞ്ഞാണ്‍ നിയന്ത്രിക്കുന്ന ആര്‍എസ്എസ് രൂപംകൊണ്ടതുമുതല്‍ ഈ ലക്ഷ്യംവച്ച് അവരുയര്‍ത്തുന്ന മുദ്രാവാക്യമാണ് ഗോസംരക്ഷണം. മോഡി സര്‍ക്കാര്‍ തനിച്ച് ഭൂരിപക്ഷത്തില്‍ കേന്ദ്രത്തില്‍ അധികാരമേറിയതോടെയാണ് ഗോസംരക്ഷകവേഷം കെട്ടിയ സ്വകാര്യസേനകള്‍ വന്‍തോതില്‍ രംഗത്തിറങ്ങിയത്. 2015 സെപ്തംബറില്‍ ബീഫ് ഭക്ഷിച്ചുവെന്നതിന്റെപേരില്‍ അഖ്ലാക്കിനെ വധിച്ച ഈ കാവിസേന ഏറ്റവും അവസാനമായി അള്‍വാറിലെ ക്ഷീരകര്‍ഷകനായ പെഹ്ലുഖാനെ വധിച്ചു. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായതോടെ അറവുശാലകളായി ഈ കാവിസേനയുടെ ലക്ഷ്യം. നിയമവിരുദ്ധ അറവുശാലകള്‍ക്കെതിരെയാണ് പ്രതിഷേധമെന്നാണ് ഔദ്യോഗികഭാഷ്യമെങ്കിലും  ഫലത്തില്‍ സംസ്ഥാനത്തെ എല്ലാ അറവുശാലകളും ഷട്ടറുകള്‍ താഴ്ത്താന്‍ നിര്‍ബന്ധിക്കപ്പെട്ടു. കന്നുകാലികളെ കശാപ്പ് ചെയ്യാനുള്ള വില്‍പ്പനകൂടി നിരോധിച്ചതോടെ ഇത്തരം കാവിസേനകളുടെ ഇതുവരെയുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം ശക്തിയോടെ തുടരാനുള്ള ആഹ്വാനമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. തീര്‍ത്തും ഭീതിജനകമായ അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെടുന്നത്.

ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് കന്നുകാലികള്‍ എന്നത് സംസ്ഥാനവിഷയമാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിക്കാതെയാണ് കേന്ദ്രം പുതിയ നിബന്ധനകള്‍ കൊണ്ടുവന്നിട്ടുള്ളത്. സ്വാഭാവികമായും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരും. കേരള മുഖ്യമന്ത്രി ഇതിനകംതന്നെ തീരുമാനത്തെ ചോദ്യംചെയ്ത് പ്രധാനമന്ത്രിക്ക് കത്തെഴുതിക്കഴിഞ്ഞു. തീരുമാനം പിന്‍വലിക്കണമെന്ന് കമ്യുണിസ്റ്റ് പാര്‍ടികളും ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടന വിഭാവനംചെയ്യുന്ന ഫെഡറല്‍ സംവിധാനത്തിന് തീര്‍ത്തും എതിരായ നീക്കമാണ് മോഡി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. എന്ത് ഭക്ഷണം കഴിക്കണമെന്നത് ഓരോ പൌരന്റെയും അവകാശമാണ്. അത് തടയാനുള്ള സര്‍ക്കാരിന്റെ ശ്രമം ഫാസിസമല്ലാതെ മറ്റൊന്നുമല്ല. ജനങ്ങള്‍ക്ക് ഒരുനേരത്തെ ആഹാരമെങ്കിലും നല്‍കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ അതിന് തയ്യാറാകുന്നില്ലെന്ന് മാത്രമല്ല അവര്‍ കഴിക്കുന്ന ഭക്ഷണംതന്നെ തട്ടിപ്പറിക്കുന്ന പിടിച്ചുപറിക്കാരനായി മാറിയിരിക്കുന്നു. മൃഗസംരക്ഷണത്തിന്റെപേരില്‍ മനുഷ്യരോട് മൃഗീയമായി പെരുമാറുന്ന മോഡി സര്‍ക്കാരിന്റെ നടപടി കാടത്തമാണ്. 'എന്റെ ഭക്ഷണം എന്റെ അവകാശം' എന്ന മുദ്രാവാക്യത്തിന്റെ പ്രസക്തിയും ഇതാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top