കാർഷിക നിയമങ്ങൾക്കെതിരെ 2020 നവംബറിൽ ആരംഭിച്ച കർഷക സമരത്തെ തകർക്കാൻ കേന്ദ്രസർക്കാരും ബിജെപിയും പലവിധ മാർഗങ്ങളും പയറ്റിക്കൊണ്ടിരിക്കുകയാണ്. മഹാമാരിയുടെ കാലത്തും കൊടും തണുപ്പും വേനലും മഴയും കൂസാതെ വീറോടെ സമരമുഖത്ത് ഉറച്ചുനിൽക്കുകയാണ് കർഷകർ. പ്രധാനമന്ത്രി മുതൽ ബിജെപിയുടെയും സംഘപരിവാറിന്റെയും നേതാക്കൾ വരെ കർഷകസംഘടനകളെ കരിവാരിത്തേക്കാൻ തുടക്കം മുതൽ കള്ളപ്രചാരണവുമായി രംഗത്തിറങ്ങി. ആദ്യം ഖാലിസ്ഥാൻ വാദികളാണ് സമരത്തിന് പിന്നിലെന്ന് പ്രചരിപ്പിച്ചു. പിന്നീട് പാക്–-ചൈനീസ് ഏജൻസികളാണ് കർഷകരെ സമരത്തിന് പ്രേരിപ്പിച്ചതെന്ന് പ്രധാനമന്ത്രി തന്നെ ആക്ഷേപിച്ചു. സൈന്യത്തെയും പൊലീസിനെയും ഉപയോഗിച്ച് സമരത്തെ അടിച്ചൊതുക്കാൻ ബിജെപി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും പരസ്യമായി ആഹ്വാനം ചെയ്‌തു. ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷകർക്കുനേരെ നിരന്തരമായ പൊലീസ് അതിക്രമം അരങ്ങേറി. സംഘപരിവാർ പ്രവർത്തകരും കർഷകരെ ആക്രമിച്ചു. യുപിയിലെ ലഖിംപുരിൽ മൂന്നാഴ്‌ചമുമ്പ് സമാധാനപരമായി പ്രതിഷേധിച്ച കർഷകർക്കുനേരെ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകനും ഗുണ്ടകളും വാഹനം ഇടിച്ചുകയറ്റി നാല് കർഷകരെ കൊന്നു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കർഷകസമരം തിരിച്ചടിയാകുമെന്ന് മനസ്സിലാക്കിയതോടെ എങ്ങനെയെങ്കിലും സമരത്തെ തകർക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. ഇതിന് ആരുടെ സഹായം തേടാൻ പോലും കേന്ദ്ര സർക്കാരിന് മടിയില്ല. സിഖ് വിഭാഗത്തിലെ നിഹാംഗ് വിഭാഗം നേതാവ് ബാബാ അമൻ സിങ്ങിന്റെ സഹായം തേടിയ വിവരമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ജൂലൈയിൽ അമൻ സിങ്ങുമായി കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിങ് തോമറും ബിജെപി നേതാക്കളും ചർച്ച നടത്തി. കൃഷി സഹമന്ത്രി കൈലാസ് ചൗധരിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ചർച്ച. കർഷകസമരകേന്ദ്രമായ സിൻഘു അതിർത്തിയിൽ ഒക്‌ടോബർ 15ന് ദളിത് യുവാവായ ലഖ്‌ബീർ സിങ്ങിനെ കൈയും കാലും വെട്ടിമാറ്റി കൊലപ്പെടുത്തി തലകീഴായി തൂക്കിയതിന് പിന്നിൽ നിഹാംഗ് പ്രവർത്തകരായിരുന്നു. മതഗ്രന്ഥത്തെ നിന്ദിച്ചതാണ് കൊലപാതകത്തിനുകാരണമെന്ന അവകാശവാദം ശരിയല്ലെന്നും കർഷകസമരത്തെ അപകീർത്തിപ്പെടുത്താൻ ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നുമാണ് ഇപ്പോൾ വ്യക്തമാകുന്നത്. കൊലപാതകത്തെ തുടക്കത്തിലേ കർഷകർക്ക് നേരെ തിരിച്ചുവിടാൻ നടത്തിയ ശ്രമവും കൊലപാതകം നടത്തിയ സംഘടനയുമായി കേന്ദ്രസർക്കാരിന് അടുത്തബന്ധമുള്ളതും ഗൂഢാലോചന ബലപ്പെടുത്തുന്നു. കേന്ദ്രമന്ത്രിയും മകനും ഉൾപ്പെട്ട ലഖിംപുർ കൂട്ടക്കൊലയ്‌ക്ക് ശേഷം ബിജെപിയും കേന്ദ്ര–- യുപി സർക്കാരുകളും പ്രതിസന്ധിയിലായ പശ്‌ചാത്തലത്തിൽ വേണം സിൻഘുവിൽ യുവാവിനെ കൊലപ്പെടുത്തിയതിനെക്കാണാൻ. നിഹാംഗ് സംഘടന പല ഘട്ടത്തിലും സർക്കാരിന്റെ അട്ടിമറി നീക്കങ്ങൾക്ക് ഉപകരണമായിട്ടുണ്ടെന്നും വാർത്തകളുണ്ട്.
അമൻ സിങ്ങിനൊടൊപ്പം മന്ത്രി തോമറുമായി ചർച്ച നടത്തിയവരിൽ ഗുർമിത് സിങ് പിങ്കിയുമുണ്ട്. നിരവധി ഭീകരരുമായി അടുത്തബന്ധമുള്ളയാളാണ് പിങ്കി. ഖാലിസ്ഥാൻ തീവ്രവാദം ശക്തമായ 1990 കളിൽ പൊലീസിന്റെയും തീവ്രവാദികളുടെയും ഇരട്ട ഏജന്റായിരുന്ന പിങ്കി പിന്നീട് പൊലീസ് ഇൻസ്‌പെക്ടറായി. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടതോടെ 2006 ൽ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പിങ്കിയുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാക്കളും കർഷകസമരം തകർക്കാൻ ചർച്ച നടത്തി എന്നതിനെ ഗൗരവമായി കാണേണ്ടതാണ്. സിൻഘു അതിർത്തിവിട്ടുപോകാൻ കേന്ദ്രകൃഷി മന്ത്രി തോമർ 10 ലക്ഷം രൂപയും കുതിരകളെയും വാഗ്‌ദാനം ചെയ്‌തതായി ബാബാ അമൻ സിങ് സമ്മതിച്ചിട്ടുണ്ട്. കർഷകർ ഐക്യത്തോടെ സമരരംഗത്ത് ഉറച്ചുനിൽക്കുന്നത് കേന്ദ്ര സർക്കാരിനെയും ബിജെപിയെയും അങ്കലാപ്പിലാക്കിയിരിക്കുകയാണെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. കർഷക സംഘടനകളുടെ ആവശ്യങ്ങൾ ചർച്ചയിലൂടെ പരിഹരിച്ച് സമരം തീർപ്പാക്കുന്നതിനുപകരം ഏതുവിധേനയും സമരത്തെ തകർക്കാനാണ് സർക്കാർ നീക്കം. ഇത് സമരം ചെയ്യുന്ന കർഷകരോടുള്ള വെല്ലുവിളിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..