21 February Thursday

തൊഴിലാളിപക്ഷ നിയമനിര്‍മാണത്തില്‍ ഒരു ചുവടുകൂടി

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018


കടകൾ ഉൾപ്പെടെയുള്ള വാണിജ്യസ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന സ്ത്രീത്തൊഴിലാളികളടക്കമുള്ളവരുടെ തൊഴിൽസാഹചര്യം മെച്ചപ്പെടുത്താനുള്ള ശക്തമായ നടപടിക്കാണ് സംസ്ഥാന സർക്കാർ ബുധനാഴ്ചത്തെ മന്ത്രിസഭാ തീരുമാനത്തിലൂടെ തുടക്കമിട്ടിരിക്കുന്നത്. കടകളും വാണിജ്യസ്ഥാപനങ്ങളും സംബന്ധിച്ച നിയമത്തി (ഷോപ‌്സ‌് ആൻഡ‌് എസ്റ്റാബ്ലിഷ‌്മെന്റ് ആക്ട്)ൽ മാറ്റംവരുത്തിക്കൊണ്ടുള്ള കരട് നിയമത്തിനാണ് മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത‌്.

ഏറെ സ്ത്രീകൾ പണിയെടുക്കുന്ന ഈ മേഖലയിൽ ലൈംഗികാതിക്രമങ്ങൾ തടയാനുള്ള വ്യവസ്ഥകൾ ഭേദഗതിയിലുണ്ട്. നിലവിലെ നിയമത്തിൽ ഇതിനായി കൂട്ടിച്ചേർത്ത വകുപ്പ് പ്രത്യക്ഷമോ പരോക്ഷമോ ആയ ലൈംഗിക സൂചനകളോടെയുള്ള എല്ലാ പെരുമാറ്റവും തടയാൻ വ്യവസ്ഥചെയ്യുന്നു. കടന്നാക്രമണംമുതൽ ലൈംഗികച്ചുവയുള്ള സംസാരംവരെ തടയേണ്ട ഉത്തരവാദിത്തം തൊഴിലുടമയ്ക്കുണ്ടാകും. ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ശിക്ഷാർഹമായ സ്ത്രീപീഡന പരാതികൾ നിയമപരമായി കൈകാര്യം ചെയ്യുകയും വേണം. പീഡനങ്ങളും പരാതികളും മൂടിവയ‌്ക്കാനുള്ള തൊഴിലുടമകളുടെ ശ്രമങ്ങൾക്ക് തടയിടാൻ ഉദ്ദേശിച്ചുള്ളതാണ് ഈ വ്യവസ്ഥകൾ എന്നു വ്യക്തം. പരാതി പരിഹാര സമിതികൾ രൂപീകരിക്കാനും ഭേദഗതിയിൽ നിർദേശമുണ്ട്. വിശാഖ കേസിനെത്തുടർന്ന് സുപ്രീംകോടതി കൊണ്ടുവന്ന മാർഗനിർദേശങ്ങൾക്കും പിന്നീട് വന്ന നിയമത്തിനും ചേർന്നവിധമുള്ള നടപടികൾക്കുള്ള നിർദേശങ്ങൾ ഭേദഗതിയിലുണ്ട്. നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ ലഭിക്കുന്ന പിഴശിക്ഷയും വർധിപ്പിച്ച് നിയമത്തിന് കൂടുതൽ പ്രഹരശേഷിയും നൽകുന്നു.

ഇത്തരം തൊഴിൽ സ്ഥാപനങ്ങളിൽ മറ്റൊരു പ്രധാന പ്രശ്നമായിരുന്നു തൊഴിലെടുക്കുന്നതിനിടയിൽ ഒന്നിരിക്കാൻ കഴിയാതെ പണിയെടുക്കേണ്ടിവരുന്ന തൊഴിലാളികളുടെ സ്ഥിതി. ഇരിക്കാതിരിക്കാൻ കസേര ഒഴിവാക്കുന്ന രീതിയാണ് നിലനിൽക്കുന്നത്. ഉപയോക്താക്കൾ ഇല്ലാത്തപ്പോൾപ്പോലും ഇരിക്കാനാകാത്ത അവസ്ഥ. മണിക്കൂറുകളോളം നിന്ന് സ്പോണ്ടിലൈറ്റിസുമുതൽ ഗർഭപാത്രം താഴേക്ക‌് തള്ളലും മൂത്രാശയരോഗങ്ങളുംവരെ ഈ തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നു.

2015ലായിരുന്നു ഇത്തരം കടകളിലെ തൊഴിൽസാഹചര്യം ജനശ്രദ്ധയിലെത്തിയത്. ആലപ്പുഴ സീമാസ് എന്ന തുണിവ്യാപാരസ്ഥാപനത്തിലെ സ്ത്രീത്തൊഴിലാളികളാണ് അന്ന് സഹികെട്ട് സമരത്തിനിറങ്ങിയത്. തൊഴിൽസമരത്തിൽ പൊലീസ് ഇടപെടരുത് എന്ന വഴക്കം ലംഘിച്ച് 64 സ്ത്രീത്തൊഴിലാളികളെ അറസ്റ്റ് ചെയ്യിക്കുകയാണ് അന്ന് യുഡിഎഫ‌് സർക്കാർ ചെയ്തത്. മാനേജ്മെന്റിന്റെ എല്ലാ കിരാതനടപടികളെയും വെല്ലുവിളിച്ച് സിഐടിയുവിന്റെ നേതൃത്വത്തിലും സിപിഐ എം പിന്തുണയോടെയും നടന്ന സമരം ജനകീയ മുന്നേറ്റംതന്നെയായി. തൊഴിലുടമ വഴങ്ങി. ഒരു പരിധിവരെ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു.

എന്നാൽ, ഇത്തരം അവകാശങ്ങൾക്ക് നിയമപരിരക്ഷ എന്നതുമാത്രമാണ് പ്രശ്നത്തിന് ശാശ്വതപരിഹാരം എന്നത് പരിഗണിച്ചാണ് ഇക്കാര്യം മന്ത്രിസഭ ഇപ്പോൾ അംഗീകാരം നൽകിയ കരട് ബില്ലിൽ ഉൾപ്പെടുത്തിയത്. ഇരിക്കാൻ സൗകര്യം ഒരുക്കിയിരിക്കണമെന്നും ജോലിക്കിടയിൽ തൊഴിലാളികൾക്ക് സൗകര്യം കിട്ടുമ്പോൾ ഇരിക്കാമെന്നും നിയമത്തിൽ പുതുതായി ചേർത്ത വകുപ്പിൽ വ്യവസ്ഥചെയ്യുന്നു.
തൊഴിലിടങ്ങളിൽ ലിംഗസമത്വം നടപ്പാക്കുമെന്നും സ്ത്രീസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുമെന്നും മെയ് മാസത്തിൽ പ്രഖ്യാപിച്ച തൊഴിൽനയത്തിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു. രണ്ടുമാസത്തിനുള്ളിൽത്തന്നെ ഈ വഴിക്കുള്ള ചുവടുവയ്പ് സർക്കാരിൽനിന്നുണ്ടായി എന്നത് പ്രഖ്യാപനങ്ങൾ ഈ സർക്കാരിന് വെറുംവാക്കുകളല്ലെന്ന് വ്യക്തമാക്കുന്നു. മുമ്പും ഈ മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഗണന നൽകിയിട്ടുള്ളത് എൽഡിഎഫ് സർക്കാരാണ്. 2007ൽ അന്നത്തെ എൽഡിഎഫ് സർക്കാരാണ് ഈ രംഗത്ത് ക്ഷേമനിധി ബാധകമാക്കിയത്.

കടകളിലും ഹോട്ടൽ, റസ‌്റ്റോറന്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന തൊഴിലാളികളുടെ പ്രശ്നങ്ങളെല്ലാം ഈ ഒരൊറ്റ നിയമഭേദഗതിയിലൂടെ പരിഹരിക്കപ്പെടുമെന്നൊന്നും കരുതാനാകില്ല. വേതനക്കുറവും കൂടിയ തൊഴിൽനേരവുമടക്കം പ്രശ്നങ്ങൾ നിരവധി നിലവിലുണ്ട്. തൊഴിലാളികൾ സംഘടിച്ച‌് മുന്നേറിമാത്രമേ ഇവ പരിഹരിക്കാനാകൂ. ഈ മേഖലയിൽ തൊഴിലാളി സംഘടനാപ്രവർത്തനം വേണ്ടത്ര ശക്തമല്ല. ആലപ്പുഴയിലെ സീമാസിലെ തൊഴിലാളിസമരം ഒഴിച്ചാൽ വൻതോതിൽ ജനപിന്തുണ നേടിയ മുന്നേറ്റങ്ങളൊന്നും സമീപകാലത്ത് ഈ മേഖലയിൽ ഉണ്ടായിട്ടില്ല. ഈ രംഗത്ത് തൊഴിലാളി സംഘടനകളും കൂടുതൽ ശ്രദ്ധിക്കേണ്ട കാലമാണിത്.

കേന്ദ്രസർക്കാരും നിരവധി തൊഴിൽ നിയമഭേദഗതികൾ കൊണ്ടുവരുന്നുണ്ട‌്.  എല്ലാം തൊഴിലുടമകൾക്കുവേണ്ടിമാത്രം. പുതിയ തൊഴിലാളിവിരുദ്ധ വ്യവസ്ഥകൾ ഏർപ്പെടുത്തിയും നിലവിലുള്ള തൊഴിലാളിപക്ഷ വ്യവസ്ഥകൾ പിൻവലിച്ചുമാണ് ഈ ഭേദഗതി നിയമങ്ങൾ. എന്നാൽ, സംസ്ഥാന സർക്കാർ ഇതിന് തീർത്തും എതിർദിശയിൽ നീങ്ങുകയാണ്. നിലവിലുള്ള നിയമങ്ങളിലെതന്നെ വ്യവസ്ഥകൾ മാറ്റിയെഴുതി തൊഴിലാളികളുടെ സംരക്ഷണമുറപ്പാക്കുന്നു. നയിക്കുന്ന തത്വശാസ്ത്രത്തിന്റെ വൈജാത്യം പ്രസക്തമാക്കി കൂടുതൽ തൊഴിലാളിപക്ഷ നിയമനിർമാണങ്ങൾക്ക് സംസ്ഥാനസർക്കാർ ഇനിയും മുതിരുമെന്നു കരുതാം.

പ്രധാന വാർത്തകൾ
 Top