04 July Saturday

പ്രതിപക്ഷ ജാള്യം മറയ്‌ക്കാൻ മാസ്‌ക്‌ മതിയാകില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018


മൂന്നാം വർഷത്തിലേക്ക്‌ കടന്ന എൽഡിഎഫ്‌ സർക്കാർ ജനങ്ങൾ തൊട്ടറിയുന്ന ഒട്ടേറെ നേട്ടങ്ങളുമായാണ്‌  നിയമസഭയെ അഭിമുഖീകരിക്കുന്നത്‌. ഇതിനെല്ലാം തിലകക്കുറി ചാർത്തുന്നതാണ്‌ ചെങ്ങന്നൂരിലെ തിളങ്ങുന്ന വിജയം. തോൽവിയെ തുടർന്ന്‌ കോൺഗ്രസിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപം  പ്രതിപക്ഷത്തെ നിലംപരിശാക്കിയിരിക്കുന്നു. ചെളിവാരിയെറിഞ്ഞ്‌ സർക്കാരിന്റെ ശോഭ കെടുത്താനും എന്തുതറവേല ഇറക്കി മാധ്യമശ്രദ്ധ നേടാനും അവർ ശ്രമിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ആദ്യനാളിലെ അവരുടെ  പ്രകടനം ആ വഴിക്കുള്ളതായി. കെവിനെ തട്ടിക്കൊണ്ടുപോയ ഘട്ടത്തിൽ പൊലീസ്‌ കാണിച്ച അനാസ്ഥ ആദ്യംതന്നെ മുഖ്യമന്ത്രിയടക്കം എടുത്തുപറഞ്ഞതാണ്‌.  ആ യുവാവ്‌ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെ വിട്ട്‌ സർക്കാരിനെ കടന്നാക്രമിക്കുന്ന സമീപനത്തിൽനിന്ന്‌ പ്രതിപക്ഷം ഇനിയും പിന്തിരിഞ്ഞിട്ടില്ല.

കെവിൻ വധക്കേസിലെ പ്രതികളെല്ലാം പിടിയിലായിക്കഴിഞ്ഞു. അരുംകൊലയ്‌ക്ക്‌ പിന്നിൽ ഇനിയാരെങ്കിലുമുണ്ടെങ്കിൽ അതും കണ്ടെത്താനുള്ള ഊർജിതശ്രമത്തിലാണ്‌ പൊലീസ്‌. അലംഭാവം കാണിച്ച പൊലീസ്‌ ഉദ്യോഗസ്ഥരെയടക്കം പ്രതികളാക്കിയാണ്‌ അന്വേഷണം പുരോഗമിക്കുന്നത്‌. കുറ്റവാളികൾക്ക്‌ നേരിയ പഴുതുപോലും ലഭിക്കാത്തവിധം കുറ്റമറ്റ അന്വേഷണം സർക്കാർ ഉറപ്പാക്കി.  ഈ യാഥാർഥ്യങ്ങളൊന്നും അംഗീകരിക്കാതെ രാഷ്ട്രീയമായി കടന്നാക്രമിക്കുകയെന്ന ഒറ്റലക്ഷ്യത്തിനുവേണ്ടിയാണ്‌ പ്രതിപക്ഷം നിയമസഭാവേദിയും  ഉപയോഗിക്കുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ നടത്തിയ സഭാ ബഹിഷ്‌കരണം അവർ നേരായവഴിക്കില്ലെന്ന പ്രഖ്യാപനമായി കാണാം.

കേരള ജനത അന്ധാളിച്ചുനിന്നുപോയ സന്ദർഭമായിരുന്നു നിപാ വൈറസ്‌ ആക്രമണം. സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും അതിജാഗ്രത്തായ ഇടപെടൽമൂലം നിപാ നിയന്ത്രണവിധേയമായിയെന്ന ആശ്വാസത്തിലാണ്‌ എല്ലാവരും.  ഇക്കാര്യത്തിൽ പ്രതിപക്ഷവും ജനങ്ങളാകെയും നൽകിയ പിന്തുണയും സഹകരണവും സർക്കാർ നന്ദിപൂർവം സ്‌മരിക്കുകയാണ്‌. സമാശ്വാസത്തിന്റെ ഈ  അന്തരീക്ഷത്തെ മലീമസമാക്കാൻ പ്രതിപക്ഷം നിയമസഭാവേദി ദുരുപയോഗിക്കുന്നതും ആദ്യദിവസം  കേരളം കണ്ടു. മാസ്‌ക്‌ ധരിച്ചു സഭയിലെത്തി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാമെന്ന്‌ ധരിച്ച സാമാജികന്റെ അവിവേകത്തെ തള്ളിപ്പറയാനല്ല, ന്യായീകരിക്കാനാണ്‌ പ്രതിപക്ഷ നേതാവും മുതിർന്ന നേതാക്കളും തയ്യാറായത്‌. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും വാക്കുകൾ ദുഷ്ടലാക്കിനെ വേരോടെ പിഴുതെങ്കിലും പ്രതിപക്ഷ നിലപാട്‌ വലിയ ആപൽസൂചനയാണ്‌. ഏത്‌ ദുരന്തത്തെയും രാഷ്‌ട്രീയ നേട്ടത്തിന്‌ ഉപയോഗിക്കാനുള്ള  അവരുടെ വ്യഗ്രത പുതിയ കാര്യമല്ല. ജനക്ഷേമം പ്രഥമമായി പരിഗണിക്കുന്ന സർക്കാരിന്‌  ഇടങ്കൽവയ‌്ക്കാനുള്ള ശ്രമം പൊറുപ്പിക്കാവുന്നതല്ല. സഭയ്‌ക്ക്‌ അകത്തായാലും പുറത്തായാലും പ്രതിപക്ഷം കുറച്ചെങ്കിലും ഉത്തരവാദിത്തബോധം കാണിക്കണമെന്നാണ്‌ അഭ്യർഥിക്കാനുള്ളത്‌.

തിങ്കളാഴ്‌ച തുടക്കംകുറിച്ച 14‐ാം കേരള നിയമസഭയുടെ 11‐ാം സമ്മേളനം ഏറെ സവിശേഷതകളുള്ളതാണ്‌. ബജറ്റ‌് സമ്മേളനത്തിനു ശേഷം ജൂണിലോ ജൂലൈയിലോ ചേരുന്ന സഭയുടെ മുഖ്യഅജൻഡ  ബജറ്റ‌് നടപടികളുടെ തുടർച്ചയായിരിക്കും. ആ പതിവ്‌ അവസാനിപ്പിക്കാൻ സാധിച്ചപ്പോൾ ഇരട്ടനേട്ടമാണ്‌ കേരള ജനതയ്‌ക്ക്‌ ലഭിച്ചത്‌.

മാർച്ചിൽ  അടുത്ത സാമ്പത്തികവർഷത്തെ ധനബിൽ ഉൾപ്പെടെയുള്ള സമ്പൂർണ ബജറ്റ് പാസാക്കിയ സമ്മേളനമെന്ന അപൂർവ ബഹുമതിയുമായാണ്‌ പത്താം സമ്മേളനം  ഏപ്രിൽ നാലിന്‌ സമാപിച്ചത്‌. ബജറ്റ് ചർച്ചയ‌്ക്കുശേഷം  നാലുമാസത്തെ വോട്ട് ഓൺ അക്കൗണ്ടും ധനാഭ്യർഥനയും  പാസാക്കുന്ന കീഴ്വഴക്കം മാറ്റി മാർച്ചിൽ  ഇത്തവണ സമ്പൂർണ ബജറ്റ് പാസാക്കി.

ധനകാര്യ നടപടികൾ എന്ന സാങ്കേതികത്വത്തിലൂടെ സാമ്പത്തിക വർഷത്തിന്റെ ആദ്യമാസങ്ങൾ നഷ്ടപ്പെട്ടുപോകുന്നതാണ്‌ നിലവിലുള്ള അവസ്ഥ. പുതിയ മാറ്റംവഴി  തദ്ദേശഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ മുഴുവൻ സർക്കാർ സംവിധാനങ്ങൾക്കും ധനവിനിയോഗത്തിനും വികസനപ്രവർത്തനങ്ങൾക്കും ഒരു വർഷം മുഴുവൻ ലഭിച്ചുവെന്നതാണ്‌ പ്രധാന സവിശേഷത. തുടർന്നുള്ള സമ്മേളനങ്ങളിൽ കൂടുതൽ സമയം ജനങ്ങളുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനും നിയമനിർമാണത്തിനും ലഭിക്കുന്നുവെന്നതാണ്‌ ജനപക്ഷത്തുനിന്ന്‌ നോക്കുമ്പോഴുള്ള മറ്റൊരു പ്രത്യേകത. കൃത്യം രണ്ടുമാസം പിന്നിടുമ്പോൾ ചേരുന്ന ഈ സമ്മേളനം പൂർണമായും നിയമനിർമാണത്തിനുവേണ്ടി വിനിയോഗിക്കുമെന്ന്‌ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ വ്യക്തമാക്കിയിട്ടുണ്ട്‌. നിയമസഭാ പ്രവർത്തനത്തിൽ കേരളം മറ്റ്‌ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും മാതൃകയാകുന്നുവെന്ന്‌  കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടുവർഷത്തിനുള്ളിൽ 125 ദിവസം സമ്മേളനം ചേർന്നു. ദേശീയ ശരാശരി വർഷം 30 മുതൽ 40 ദിവസംവരെയാണ‌്. കേരളത്തിൽ 55 ശതമാനത്തിലേറെ കൂടുതൽ. സഭ സമ്മേളിക്കുന്ന ദിവസങ്ങളുടെ എണ്ണം വർധിച്ചെങ്കിലും ഗുണപരമായി ഇനിയുമേറെ മെച്ചപ്പെടേണ്ടതുണ്ടെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. 22 ദിവസം നീണ്ട കഴിഞ്ഞ സമ്മേളനത്തിൽ പ്രതിപക്ഷം സ്വീകരിച്ച നിലപാട്‌ പരിശോധിച്ചാൽ എവിടെയൊക്കെയാണ്‌ മെച്ചപ്പെടൽ ആവശ്യമെന്ന്‌ വ്യക്തമാകും. സമ്മേളനത്തിന്റെ തുടക്കംമുതൽ ചോദ്യോത്തരവേള ഉൾപ്പെടെ തടസ്സപ്പെടുത്താനാണ്‌ പ്രതിപക്ഷം തയ്യാറായത്‌.  എത്ര  ഗൗരവമുള്ള വിഷയമായാലും ചോദ്യോത്തരവേളയ്‌ക്ക്‌ ശേഷം സീറോ അവറിൽ അടിയന്തരപ്രമേയമായി അവതരിപ്പിക്കുക എന്നതാണ്‌ ദീർഘകാലമായി  തുടരുന്ന വഴക്കം. സർക്കാരിനെ രാഷ്‌ട്രീയമായി നേരിടുന്നതിനുള്ള ഉപകരണമാക്കി മാറ്റിയ 21 അടിയന്തരപ്രമേയങ്ങളാണ്‌ പ്രതിപക്ഷം കഴിഞ്ഞതവണ കൊണ്ടുവന്നത്‌. സഭാധ്യക്ഷനെ അപമാനിക്കുന്ന സമീപനത്തിനെതിരെ റൂളിങ്ങും കഴിഞ്ഞ സമ്മേളനത്തിലുണ്ടായി.

ജൂൺ 21 വരെ നീളുന്ന നടപ്പുസമ്മേളനത്തിൽ ജനജീവിതത്തെ ബാധിക്കുന്ന സുപ്രധാന നിയമങ്ങളാണ്‌ പാസാക്കിയെടുക്കാനുള്ളത്‌. പ്രതിപക്ഷംകൂടി സഹകരിച്ചാൽ ഫലപ്രദമായ ചർച്ചയിലൂടെ അവയോരോന്നും കുറ്റമറ്റതാക്കാം. അതല്ല, കഴിഞ്ഞ സമ്മേളനത്തിലേതുപോലെ തരംതാണ രാഷ്‌ട്രീയക്കളികൾക്കാണ്‌ പ്രതിപക്ഷം തയ്യാറാകുന്നതെങ്കിൽ ഇപ്പോൾ ലഭിച്ചതിനേക്കാൾ വലിയ ശിക്ഷയായിരിക്കും ജനങ്ങൾ അവർക്കുവേണ്ടി കരുതിവയ‌്ക്കുക.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top