04 October Wednesday

അസമിലെ ഹിന്ദുത്വ താലിബാൻ

വെബ് ഡെസ്‌ക്‌Updated: Friday Oct 1, 2021


സംഘപരിവാറിൽ ഭീകരസംഘങ്ങളുണ്ടെന്നത് അവിതർക്കിതമാണ്. ഗാന്ധിവധംമുതൽ ഗുജറാത്ത് വംശഹത്യ തുടങ്ങി ഒട്ടേറെ സാക്ഷ്യങ്ങൾ. ഗുജറാത്തിൽ ഗർഭിണിയുടെ കുടൽമാല കീറി ആക്രോശിച്ചത് രാജ്യത്തെ ഞെട്ടിച്ച സംഭവമാണ്‌. ഒഡിഷയിലെ കന്ദമാലിൽ കന്യാസ്ത്രീയെ നടുറോഡിൽവച്ച് ആൾക്കൂട്ടം ക്രൂരബലാത്സംഗത്തിനിരയാക്കിയത് മാസങ്ങൾ കഴിഞ്ഞാണ് പുറംലോകമറിഞ്ഞത്. ബീഫിന്റെ മണം ആരോപിച്ച് ട്രെയിനിൽ യാത്രക്കാരനെ അടിച്ചു കൊന്നശേഷം പൊതിയഴിച്ചപ്പോൾ അതിൽ ബീഫുണ്ടായിരുന്നില്ല. ഗാന്ധിജിക്കുനേരെ വെടിയുതിർത്ത അതേമട്ടിലുള്ള പുരാതന തോക്ക് ഇന്നും കൈവശം വയ്‌ക്കുന്നവരുണ്ട്‌. നരേന്ദ്ര ധാബോൽക്കർക്കും ഗോവിന്ദ് പൻസാരേക്കും ഗൗരി ലങ്കേഷിനും കലബുർഗിക്കും നേരെയുതിർത്ത ആ വർഗീയതയുടെ തോക്ക്. "ഹിന്ദുവികാരത്തിനെതിരെ' നിന്നാൽ ഗാന്ധിജിയെ വെടിവച്ച തോക്ക് ഇനിയുമെടുക്കുമെന്ന് ബിജെപിയുടെതന്നെ നേതാവായ കർണാടക മുഖ്യമന്ത്രിയെ അവിടത്തെ ഹിന്ദുമഹാസഭാ തലവൻ പരസ്യമായി ഭീഷണിപ്പെടുത്തിയത് ഈയിടെയാണ്.

ഇപ്പോഴിതാ അസമിൽനിന്ന് വിറങ്ങലിപ്പിക്കുന്ന വാർത്തകൾ വരുന്നു. ധോൽപുർ ജില്ലയിലെ ഖോരുക്കുതിയിൽ മുസ്ലിം ഗ്രാമീണർക്കുനേരെ സെപ്‌തംബർ 20ന് നടത്തിയ പൊലീസ് വെടിവയ്‌പിന്റെ വീഡിയോ ആധുനിക സമൂഹത്തെ ഞെട്ടിച്ചു. വെടിവയ്‌പിൽ പിടഞ്ഞു വീണയാളുടെ ദേഹത്ത് പൊലീസ് വീണ്ടും വെടിവയ്‌ക്കുന്നു. പൊലീസിനൊപ്പമുള്ള സർക്കാർ ഫോട്ടോഗ്രാഫർ മൃതദേഹത്തിൽ വീണ്ടും വീണ്ടും ചവിട്ടുന്നു. ആ വീഡിയോ ഇല്ലായിരുന്നെങ്കിൽ ബംഗാളി സംസാരിക്കുന്ന അസമിലെ മുസ്ലിം ന്യൂനപക്ഷം നേരിടുന്ന വംശഹത്യയെക്കുറിച്ച് പുറംലോകം അധികമറിയില്ലായിരുന്നു.

അനധികൃത കുടിയേറ്റക്കാരെന്നു പറഞ്ഞാണ് ഇവരെ ബിജെപി സർക്കാർ കുടിയൊഴിപ്പിക്കുന്നത്. ബ്രഹ്മപുത്ര നദിക്കരയിലെ ഇത്തരം അയ്യായിരത്തി അഞ്ഞൂറിലേറെ കുടുംബത്തെയാണ് കുടിയൊഴിപ്പിച്ചത്. ഇവിടം സന്ദർശിച്ച സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടത് ദയനീയകാഴ്ചയാണ്. ഒരാഴ്ചയായി ഇവർ മുഴുപ്പട്ടിണിയിലാണ്. നദിക്കരയിലെ താൽക്കാലിക ഷെഡുകളിൽ പ്രാഥമികസൗകര്യമില്ല. നദിയിലെ മലിനജലം കുടിച്ച് ജീവൻ നിലനിർത്തുന്നു.

വിഭജനകാലം മുതലേ അവിടെയാണിവർ ജീവിക്കുന്നത്. 1950–-51ലെ ദേശീയ പൗരത്വ രജിസ്റ്റർ രേഖയുള്ളവരും കൂട്ടത്തിലുണ്ടെന്ന് ബൃന്ദയ്ക്കും മറ്റു നേതാക്കൾക്കും വ്യക്തമായി. 2015-–-19ലെ പൗരത്വ സർവേയിലും പുതിയ തലമുറ ഉൾപ്പെട്ടിട്ടുണ്ട്. ആധാർകാർഡ് വാങ്ങി തിരിച്ചുവരുമ്പോഴാണ് ഷാഖ് ഫരീദ് എന്ന പന്ത്രണ്ടുകാരൻ വെടിയേറ്റു വീണത്. ഒഴിഞ്ഞുപോകാൻ സമയംപോലും നൽകാതെയായിരുന്നു പൊലീസ് നടപടി.

ഇവർ ഇന്ത്യക്കാരാണ്. പക്ഷേ, സംഘപരിവാറിനും അവരുടെ ഭരണകൂടത്തിനും ബംഗ്ലാദേശികൾ. കുടിയൊഴിപ്പിക്കൽ തുടരുമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി ഹിമന്ദ ബിസ്വ സർമ, പൊലീസ് അവരുടെ ജോലി നിർവഹിക്കുക മാത്രമാണെന്നാണ് പറഞ്ഞത്. കോൺഗ്രസ് നേതാവായ സർമ 2015ലാണ് ബിജെപിയിലെത്തിയത്. തീവ്രഹിന്ദുത്വ മുഖമാകാൻ അധികനാൾ വേണ്ടിവന്നില്ല. ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളെല്ലാം സംഘപരിവാറിന്റെ കണ്ണിൽ ബംഗ്ലാദേശികളാണ്. വിഭജനത്തിന്റെ ഇരകളായ ഈ ജനസമൂഹം മതത്തിന്റെയും ഭാഷയുടെയും പേരിൽ നേരിടുന്ന ഇരട്ട വിവേചനം നാൾക്കുനാൾ വർധിക്കുകയാണ്. ഇവർക്കുവേണ്ടി സംസാരിച്ചതിന്റെ പേരിൽ ഗാന്ധിജിയുടെ ചുളിവുവീണ നെഞ്ചിൽ വെടിയുതിർത്ത ശക്തികൾ ഇപ്പോൾ ഇന്ത്യയെ വിഴുങ്ങുകയാണ്.

ന്യൂനപക്ഷങ്ങൾക്കുവേണ്ടി ശബ്ദമുയർത്താൻ അസമിലെ എഴുത്തുകാരും സാംസ്‌കാരികപ്രവർത്തകരും ഭയപ്പെടുകയാണെന്ന് അവിടത്തെ കോളമിസ്റ്റ് സുരാജ് ഗൊഗോയിയെപ്പോലുള്ളവർ പറയുന്നു. ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങൾ വിദേശികളാണെന്ന പൊതുബോധം സൃഷ്ടിച്ചു കഴിഞ്ഞു. ഭാവിയെക്കുറിച്ച് സ്വപ്നം കാണാനുള്ള അവകാശംപോലും അവർക്കു നിഷേധിക്കപ്പെടുകയാണ്‌. ഹിന്ദുത്വ ഭീകരതയുടെ പ്രാകൃതായുധങ്ങൾ അന്തരീക്ഷത്തിൽ ശബ്ദമുണ്ടാക്കുന്നു. ഹിന്ദുത്വ താലിബാൻ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹരാണ്‌ സംഘപരിവാർ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top