30 September Saturday

ഗുജറാത്ത് : ഇരകൾക്ക് നീതി ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Apr 24, 2023


ഏഴര ദശാബ്ദത്തിലേറെ നീണ്ട ഇന്ത്യൻ ജനാധിപത്യം ഇപ്പോൾ നേരിടുന്ന ഭീഷണികൾ ഒട്ടുമേ ചെറുതല്ല. ജുഡീഷ്യറിയടക്കം ജനാധിപത്യത്തിന്റെ എല്ലാ സംവിധാനങ്ങൾക്കുമെതിരെ സംഘപരിവാർ വിഷസർപ്പങ്ങൾ പലപ്പോഴും പത്തിവിടർത്തിയാടുന്നുണ്ട്. ജനാധിപത്യത്തിന്റെ ഈ പരീക്ഷണഘട്ടത്തിൽ നീതിന്യായസംവിധാനം എവിടെ നിൽക്കുന്നുവെന്നത് സുപ്രധാനമാണ്. ജനാധിപത്യത്തെ ശക്തിപ്പെടുത്താനും വികസിപ്പിക്കാനും ഭരണഘടനാ തത്വങ്ങളെ മുറുകെപ്പിടിക്കാനും നീതിന്യായസംവിധാനങ്ങൾക്ക് വലിയ ഉത്തരവാദിത്വമുണ്ട്. പൗരസ്വാതന്ത്ര്യവും മൗലികാവകാശങ്ങളുമെല്ലാം സംരക്ഷിക്കുന്ന വിധിന്യായങ്ങൾ പരമോന്നത നീതിപീഠമടക്കം നമ്മുടെ ജുഡീഷ്യറി പലപ്പോഴും പ്രഖ്യാപിച്ചിട്ടുണ്ടെന്നത് കാണാതെ പോകുന്നില്ല. എന്നാൽ, പ്രതിലോമശക്തികൾക്കും വർഗീയ കലാപങ്ങളിലെ കുറ്റവാളികൾക്കും വീണ്ടും വിലസാൻ പറ്റുന്ന ചില വിധിന്യായങ്ങൾ തുടർച്ചയായി ഉണ്ടാകുന്നുവെന്നത് കാണാതിരിക്കാനാകില്ല. അത്തരത്തിലൊന്നാണ് 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ അഹമ്മദാബാദ് നരോദഗാമിൽ 11 മുസ്ലിങ്ങളെ ചുട്ടുകൊന്ന കേസിൽ 69 പ്രതികളെ വെറുതെവിട്ട് പ്രത്യേക കോടതി കഴിഞ്ഞദിവസം പ്രഖ്യാപിച്ച വിധിന്യായം.

നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ മന്ത്രിയായിരുന്ന മായാ കൊട് നാനി അടക്കമുള്ള സംഘപരിവാർ നേതാക്കൾ വിട്ടയക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. അക്രമികളെ വംശഹത്യക്ക് പ്രേരിപ്പിച്ചത് കൊട്നാനിയാണെന്ന്  സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷകസംഘം കണ്ടെത്തിയിരുന്നതാണ്.  ഇവരെയാണ് തെളിവുകളില്ലെന്നുപറഞ്ഞ് അഹമ്മദാബാദിലെ പ്രത്യേക കോടതി ജഡ്ജി എസ് കെ ബക്ഷി വിട്ടയച്ചത്. ഗാന്ധിനഗറിലെ കലോലിൽ 12 പേരുടെ ജീവനെടുക്കുകയും കൂട്ടബലാത്സംഗങ്ങൾ നടത്തുകയും ചെയ്ത സംഭവത്തിൽ പ്രതികളായ 26 പേരെ ഹാലോൽ അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടത് ഈമാസം ആദ്യമായിരുന്നു.

വഡോദരയിലെ ബെസ്റ്റ് ബേക്കറിയിൽ 14 പേരെ തീയിട്ട് കൊന്ന കേസ്, പഞ്ചമഹലിൽ 12 പേരെ കൂട്ടബലാത്സംഗംചെയ്തുകൊന്ന കേസ്, ഉത്തര ഗുജറാത്തിലെ ദീപ്ദ ദർവാജയിൽ ഒരു കുടുംബത്തിലെ നാലു കുട്ടികളടക്കം11 പേരെ കൊന്ന സംഭവം തുടങ്ങി ഒട്ടേറെ കേസിൽ  മിക്കവാറും പ്രതികളെ വെറുതെവിടുന്ന സാഹചര്യമുണ്ടായി. ബെസ്റ്റ് ബേക്കറി കേസിൽ സുപ്രീംകോടതി ഇടപെട്ടെങ്കിലും മുഴുവൻ പ്രതികളെയും ശിക്ഷിച്ചില്ല. മുസ്ലിംകേന്ദ്രങ്ങൾ തെരഞ്ഞുപിടിച്ചായിരുന്നു  കലാപത്തിലെ എല്ലാ ആക്രമണവും. ഗുജറാത്ത് മുസ്ലിം വംശഹത്യയുടെ പരീക്ഷണശാലയായി മാറിയ ദിനരാത്രങ്ങൾ. നെറ്റിയിൽ കാവിക്കെട്ടും കൈയിൽ ശൂലവും വാളും കമ്പിയുമെല്ലാമായി അലറി വിളിച്ചെത്തിയ ആയിരക്കണക്കിന് സംഘപരിവാർ അക്രമികൾ വ്യാപകമായി നടത്തിയ ആക്രമണങ്ങളിൽ എത്രയെത്ര മുസ്ലിങ്ങളുടെ ജീവനെടുത്തു. 97 പേരെ കൊന്നൊടുക്കിയ നരോദപാട്യ സംഭവം, കോൺഗ്രസ് നേതാവ് എഹ്സാൻ ജാഫ്രിയടക്കം 69 പേർ കൊല്ലപ്പെട്ട ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊല തുടങ്ങി കലാപത്തിന് നിഷ്ഠുരമായ അധ്യായങ്ങൾ അനവധിയുണ്ട്. ഗർഭിണികളുടെ വയർ ശൂലംകൊണ്ട് കുത്തിക്കീറി ഗർഭസ്ഥശിശുവിനെയും അമ്മയെയും പെട്രോളൊഴിച്ച് കത്തിച്ചതടക്കം തൊട്ടെണ്ണിപ്പറയാൻ എത്രയോ സംഭവങ്ങൾ. പലതും ദൃക്‌സാക്ഷി മൊഴികളും തെളിവുകളുമായി അന്വേഷണ കമീഷനുകൾക്കും കോടതികൾക്കും മുന്നിലെത്തിയെങ്കിലും മിക്ക കേസിലും പ്രതികൾ കുറ്റവിമുക്തരായി. ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗംചെയ്ത കേസിലെ 11 കുറ്റവാളികളെ  ഗുജറാത്തിലെ ബിജെപി സർക്കാർ തന്നെ ശിക്ഷാ ഇളവുനൽകി വിട്ടയച്ചു. മാത്രമല്ല, ഇവർക്ക് വിശ്വഹിന്ദു പരിഷത്ത്‌ ഓഫീസിൽ സ്വീകരണവും നൽകി. കുറ്റവാളികളെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതി കഴിഞ്ഞദിവസം അതിരൂക്ഷമായ വിമർശം ഉന്നയിച്ചിരുന്നു.

കലാപകാലത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കസേരയിലിരുന്ന നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി. അന്ന് ഗുജറാത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി . ഇവർ ഇരുവരും കലാപ കാലത്ത് ഇരട്ടക്കുട്ടികളെപ്പോലെ നടത്തിയ പ്രതികരണങ്ങൾ രാജ്യം കേട്ടതാണ്. ഹിന്ദുത്വ ഭീകരവാദികൾ പച്ച മനുഷ്യരെ വെട്ടിയരിഞ്ഞ് കത്തിക്കുമ്പോൾ ഗുജറാത്ത് ഭരണം മൗനംപാലിച്ചു. പൊലീസ് കണ്ണടച്ചു. കേസുകളിൽ ഒത്താശ ചെയ്ത പൊലീസ്‌ ഉദ്യോഗസ്ഥർക്കും അനുകൂലമായ വിധി പ്രഖ്യാപിച്ച ജഡ്ജിമാർക്കും അതിവേഗം സ്ഥാനക്കയറ്റം കിട്ടി. ഇതേസമയം,  കലാപം തടയാൻ ശ്രമിക്കുകയും സത്യസന്ധമായി പ്രവർത്തിക്കുകയും അക്കാര്യങ്ങൾ കോടതികളിലും കമീഷനുകൾക്കു മുന്നിലും എത്തിക്കുകയുംചെയ്ത പൊലീസ്‌ ഉദ്യോഗസ്ഥരും സാമൂഹ്യപ്രവർത്തകരുമെല്ലാം ഇന്ന് കള്ളക്കേസുകളിൽപ്പെട്ട് ജയിലിലാണ്. ഇരകൾക്ക് നീതി ലഭിക്കാത്തതും പ്രതികൾ വിഹരിക്കുന്നതും എന്തുകൊണ്ടെന്ന് ഇതിൽനിന്നെല്ലാം ഊഹിക്കാം. ഈയൊരു സാഹചര്യത്തിൽ മനുഷ്യാവകാശങ്ങളും നീതിയും ഉറപ്പാക്കി ജനാധിപത്യം സംരക്ഷിക്കാൻ നമ്മുടെ നീതിന്യായ സംവിധാനത്തിന് കഴിയണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top