പാകിസ്ഥാൻ സൈന്യത്തിന്റെ പിടിയിൽനിന്ന് മോചിതനായി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ അഭിവാദ്യംചെയ്യുന്നു. അഭിനന്ദനെ വാഗാ അതിർത്തിയിൽ എത്തിച്ച് പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിക്ക് കൈമാറിയ മുഹൂർത്തത്തിൽ രാജ്യത്താകെ ഉയർന്ന ആഹ്ലാദാരവം ഇന്ത്യൻ ജനതയുടെ ഐക്യത്തിന്റെയും രാജ്യസ‌്നേഹത്തിന്റെയും വിളംബരമാണ്. അഭിനന്ദനെ തിരിച്ചെത്തിക്കുന്നതിൽ പങ്കാളിത്തം വഹിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു. ആ തിരിച്ചുവരവിനായി ആകാംക്ഷാപൂർവം കാത്തുനിന്ന വ്യോമസേനാംഗങ്ങൾക്കും സൈന്യത്തിനാകെയും അഭിനന്ദന്റെ മാതാപിതാക്കൾക്കുമുള്ള സന്തോഷം ഞങ്ങളും പങ്കിടുന്നു. അഭിനന്ദനെ ഇന്ത്യക്ക‌് കൈമാറിയത‌് അതിർത്തിയിൽ സമാധാനത്തിന്റെ പ്രതീക്ഷകൾ ഉയർത്തുന്നതാണ്.
ഇന്ത്യയുടെ മിഗ്- 21 ബൈസൺ പോർ വിമാനം പാക് അധീന കശ്മീരിൽ തകർന്നുവീണതിനെ തുടർന്നാണ് ബുധനാഴ്ച അഭിനന്ദനെ പാകിസ്ഥാൻ പിടികൂടിയത്. സമാധാനത്തിന്റെ സന്ദേശമെന്നനിലയിൽ അഭിനന്ദനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് പാക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചു. തുടർന്നുള്ള നയതന്ത്രനീക്കങ്ങൾക്കും അന്താരാഷ്‌ട്ര ഇടപെടലുകൾക്കും ഒടുവിലാണ് വാഗാ അതിർത്തിയിലൂടെ അഭിനന്ദന്റെ തിരിച്ചുവരവ് സാധ്യമായത‌്. സമാധാനത്തിന്റെ സന്ദേശമായിത്തന്നെ ഇത് സ്വീകരിക്കപ്പെടുകയും സംഘർഷാന്തരീക്ഷത്തെ ലഘൂകരിക്കുന്നതിന‌് കാരണമാകുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് നിലനിൽക്കുന്നത്. എന്നാൽ, പാകിസ്ഥാൻ ഭീകരതയ‌്ക്കെതിരെ ശക്തമായ നിലപാടെടുക്കാത്തിടത്തോളം അസ്വാസ്ഥ്യവും ഭീഷണിയും തുടരുക തന്നെ ചെയ്യും. രാജ്യത്തിനകത്തിരുന്നും അതിർത്തി കടന്നും ഭീകരപ്രവർത്തനം നടത്തുന്ന സംഘങ്ങളെ അടക്കിനിർത്താൻ പാകിസ്ഥാൻ വിശ്വസനീയമായ മുൻകൈയെടുക്കുമ്പോൾ മാത്രമാണ്, "സമാധാനത്തിന്റെ സന്ദേശ’മാണ‌് അവിടെനിന്നു വരുന്നതെന്ന് കരുതാനാകുക.
പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് അതീവ ഗുരുതരമായ അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടത്. പാക് അതിർത്തിക്കകത്തെ ഭീകര താവളങ്ങൾ തേടി ഇന്ത്യൻ വ്യോമസേനയ‌്ക്ക‌് പോകേണ്ടിവന്നത് പാകിസ്ഥാനിൽ താവളമടിച്ച ഭീകരസംഘങ്ങളാണ് ഇന്ത്യയിൽ ചോരപ്പുഴ ഒഴുക്കിയത് എന്നതുകൊണ്ടാണ്. ഇത്തരം അനുഭവം ആവർത്തിക്കപ്പെടാതിരിക്കാനുള്ള ജാഗ്രതയും പ്രശ്നപരിഹാര മാർഗങ്ങളുമാണ് ഇനി ഉണ്ടാകേണ്ടത്. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആ നിലയിൽ തന്നെ ചർച്ച ചെയ്യപ്പെടണം. അതുമായി കാശി രാഷ്ട്രീയവും മറ്റു താൽപ്പര്യങ്ങളും കൂട്ടിച്ചേർക്കുന്ന പ്രവണതയുണ്ടാകരുത്.
അതിർത്തിയിൽ ഉണ്ടായ പ്രശ്നങ്ങളും ഭീകരാക്രമണവും തിരിച്ചടിയും ഏതെങ്കിലും രാഷ്ട്രീയ കക്ഷിയെ മാത്രം ബാധിക്കുന്ന വിഷയമല്ല. അക്കാര്യത്തിൽ കക്ഷിഭേദം ഒരുതരത്തിലും ഉണ്ടാകരുത്. ദൗർഭാഗ്യവശാൽ അതിനു വിപരീതമായ ചില ഇടപെടലുകൾ കാണുന്നു
അതിർത്തിയിൽ ഉണ്ടായ പ്രശ്നങ്ങളും ഭീകരാക്രമണവും തിരിച്ചടിയും ഏതെങ്കിലും രാഷ്ട്രീയ കക്ഷിയെ മാത്രം ബാധിക്കുന്ന വിഷയമല്ല. അക്കാര്യത്തിൽ കക്ഷിഭേദം ഒരുതരത്തിലും ഉണ്ടാകരുത്. ദൗർഭാഗ്യവശാൽ അതിനു വിപരീതമായ ചില ഇടപെടലുകൾ കാണുന്നു. കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ അധ്യക്ഷൻ അമിത് ഷായാണ് ഇന്ത്യ–- പാക് തർക്കങ്ങളെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി ആദ്യം സംസാരിച്ചത്. ബിജെപിയുടെ മുതിർന്ന നേതാവ് ബി എസ് യെദ്യൂരപ്പ അത് മറയില്ലാതെ വിശദമാക്കിയിരിക്കുന്നു. ബാലാകോട്ട് വ്യോമാക്രമണം കർണാടകയിൽ ബിജെപിക്ക് സീറ്റ് കൂട്ടുമെന്നാണ് അദ്ദേഹം കഴിഞ്ഞദിവസം പ്രവചനാത്മകമായ പ്രഖ്യാപനം നടത്തിയത്. ‘‘കഴിഞ്ഞദിവസം പാകിസ്ഥാൻ അതിർത്തി കടന്ന‌് നമ്മൾ അവിടെ മൂന്ന് ഭീകര ക്യാംപുകളാണ് തകർത്തത്. ഇത് രാജ്യത്ത് മോഡി അനുകൂലതരംഗം വീശാൻ ഇടയാക്കിയിട്ടുണ്ട്.ഈ തരംഗം വരുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പിലും ഉണ്ടാകും. കേന്ദ്രത്തിന്റെ ഈ നീക്കം യുവാക്കളെ ആവേശഭരിതരാക്കിയിട്ടുണ്ട്. ഇത് കർണാടകയിൽ 22ലധികം സീറ്റ‌് നേടിയെടുക്കാൻ നമ്മളെ സഹായിക്കും’’- ഇതാണ് യെദ്യൂരപ്പ പറഞ്ഞത്. ഈ വാക്കുകളിൽ മുഴച്ചുനിൽക്കുന്നത്, രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും സംഘർഷവും സൈന്യത്തിന്റെ നടപടികളും തെരഞ്ഞെടുപ്പുനേട്ടത്തിനായി ഭരണകക്ഷി ദുരുപയോഗിക്കാൻ ശ്രമിക്കുന്നു എന്നാണ‌്. ബാലാകോട്ട‌് വ്യോമാക്രമണം മോഡി തരംഗം സൃഷ്ടിക്കുമെന്നാണ‌് യെദ്യൂരപ്പയുടെ അവകാശവാദം. ഇത് യെദ്യൂരപ്പയുടെ മാത്രം ചിന്തയല്ല എന്ന് തെളിയിക്കുന്നതാണ് നരേന്ദ്ര മോഡി കന്യാകുമാരിയിൽ പറഞ്ഞ കാര്യങ്ങൾ. ‘‘സൈന്യത്തിനൊപ്പമാണോ അല്ലയോ എന്ന് വിമർശകർ വ്യക്തമാക്കണം. സ്വന്തം രാഷ്ട്രീയം ശക്തിപ്പെടുത്താൻ രാജ്യത്തെ ദുർബലപ്പെടുത്തരുത്’’ എന്നാണ‌് പ്രതിപക്ഷത്തോട് മോഡി പറയുന്നത്. ഇന്ത്യക്കെതിരെ പ്രവർത്തിക്കുകയാണ് പ്രതിപക്ഷ പാർടികളെന്ന വിലകുറഞ്ഞ ആരോപണവും അദ്ദേഹത്തിൽ നിന്നുണ്ടായി. യെദ്യൂരപ്പയുടെ വാക്കുകളെ വ്യക്തിപരമായ വിചാരമെന്നോ ബിജെപിയുടെ അഭിപ്രായം അല്ലെന്നോ വിശേഷിപ്പിച്ചവർക്കുള്ള കൃത്യമായ മറുപടിയാണ് സാക്ഷാൽ മോഡിയുടെ വാക്കുകൾ.
ഒരു പ്രതിപക്ഷകക്ഷിയും സൈനിക നീക്കങ്ങളെയും ഭീകരവിരുദ്ധ നടപടികളെയും വിമർശിച്ചിട്ടില്ല. രാജ്യത്തോടൊപ്പമാണ്, സൈന്യത്തോടൊപ്പമാണ് എന്നാണ‌് എല്ലാ രാഷ്ട്രീയ പാർടികളും തുറന്നുപറഞ്ഞത്. എന്നിട്ടും നരേന്ദ്ര മോഡിക്കും യെദ്യൂരപ്പയ‌്ക്കും മറ്റു ചിലത‌് തോന്നുമ്പോഴാണ്, സ്വാഭാവികമായും നെറ്റിചുളിയുക. അത്തരം നെറ്റിചുളിക്കലുകൾക്ക‌് ഇട കൊടുക്കാതെ രാഷ്ട്രത്തിനുവേണ്ടി നിലകൊള്ളാനും അത് തെളിയിക്കാനുള്ള പ്രഥമ ബാധ്യത കേന്ദ്രം ഭരിക്കുന്ന കക്ഷിക്കാണെന്ന് ബിജെപി മറക്കരുത്. ആ ധാരണയുണ്ടെങ്കിൽ നരേന്ദ്ര മോഡി പ്രതിപക്ഷത്തെയല്ല, സ്വന്തം പാർടിയിലെ മുതിർന്ന നേതാവ് യെദ്യൂരപ്പയെ ആദ്യം തള്ളിപ്പറയുമായിരുന്നു. അങ്ങനെ പറയുമ്പോഴാണ്, രാജ്യത്തിനുവേണ്ടി അവിശ്രമം പൊരുതുകയും ത്യാഗസഹനങ്ങൾ താണ്ടുകയും ചെയ്യുന്ന അഭിനന്ദൻ വർധമാനെ പോലുള്ള ധീരസൈനികരോട് യഥാർഥ അർഥത്തിൽ നീതിപുലർത്താനാകുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..