07 February Tuesday

നേഴ്‌സുമാരുടെ ശമ്പളവർധന മാതൃകാപരം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 25, 2018
സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെയും ജീവനക്കാരുടെയും ശമ്പളവർധന നടപ്പാക്കാനുള്ള സർക്കാരിന്റെ തീരുമാനം ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. ശമ്പളവർധന സംബന്ധിച്ച വിജ്ഞാപനം നടപ്പാക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനുണ്ടെന്നും അത് നിറവേറ്റുകതന്നെ ചെയ്യുമെന്നുമാണ് തൊഴിൽമന്ത്രി ടി പി രാമകൃഷ്ണൻ വ്യക്തമാക്കിയത്. ആരോടും എറ്റുമുട്ടാതെതന്നെ അത് സാധ്യമാക്കും എന്നാണ് മന്ത്രി പറഞ്ഞത്. അക്കാര്യത്തിൽ ആശുപത്രി മാനേജ്മെന്റുകളാണ് ഇനി സഹകരിക്കേണ്ടത്. വിജ്ഞാപനം നടപ്പാക്കുന്നതിനുള്ള സഹകരണം ഉറപ്പാക്കാൻ ആശുപത്രി മാനേജ്മെന്റുകൾ മുന്നോട്ടുവരേണ്ടതുണ്ട്.

രാജ്യത്തെ സ്വകാര്യ ആശുപത്രിജീവനക്കാരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ശമ്പളവർധനയ്ക്കാണ് കേരള സർക്കാർ ഉത്തരവായത്. ശമ്പളത്തിൽ ഇരട്ടിയിലധികം വർധനയാണ് തിങ്കളാഴ്ച രാത്രി പുറത്തിറങ്ങിയ ഉത്തരവിൽ വരുത്തിയത്. അലവൻസുകളിലും പ്രകടമായ വർധനയുണ്ട്. 2017 ജൂലൈയിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാർ നടത്തിയ പണിമുടക്കിനെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ചർച്ചയിലാണ് ശമ്പളം വർധിപ്പിക്കാൻ ധാരണയായത്.

അന്ന് തീരുമാനിച്ചത്, മാർച്ച് 31നുമുമ്പ് വിജ്ഞാപനം പുറപ്പെടുവിക്കാനായിരുന്നു. ആശുപത്രി മാനേജ്മെന്റ് നൽകിയ കേസിന്റെ അടിസ്ഥാനത്തിൽ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് ഹൈക്കോടതി തടഞ്ഞതുകൊണ്ട് അൽപ്പം കാലതാമസം വന്നു. ട്രെയ്ൻഡ് നേഴ്സസ് അസോസിയേഷൻ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിലാണ്, ശമ്പള വർധനയ്ക്ക് ആധാരമായ ഒരു കമ്മിറ്റി രൂപീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. സ്വകാര്യ നേഴ്സുമാരുടെ ശമ്പളം സർക്കാർ നേഴ്സുമാരുടേതിനു തുല്യമാക്കണം എന്നായിരുന്നു ആ കേസിലെ ആവശ്യം. അത് അനുവദിക്കാൻ വിസമ്മതിച്ച കോടതി, കേന്ദ്രസർക്കാരിനോട് ഒരു കമീഷൻ ഉണ്ടാക്കി പഠിച്ച് ഉചിതമായത് ചെയ്യാനാണ് ഉത്തരവിട്ടത്. അതുപ്രകാരം രൂപീകരിച്ച കേന്ദ്ര സെക്രട്ടറിതല കമ്മിറ്റി രാജ്യത്തെ നേഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയായിരിക്കണമെന്ന് നിർദേശിച്ചു. ആ നിർദേശം അംഗീകരിച്ച് തീരുമാനമെടുക്കുന്ന ആദ്യത്തെ സംസ്ഥാനമായാണ് കേരളം മാറിയത്.

ഇതുവരെ സ്വകാര്യ ആശുപത്രികളിൽ സ്റ്റാഫ് നേഴ്സിന് 8975 രൂപയാണ് അടിസ്ഥാനശമ്പളം. 3225 രൂപ ക്ഷാമബത്ത ഉൾപ്പെടെ 12,200 രൂപയാണ് ശമ്പളം ലഭിച്ചത്. ഇതാണ് 20,000 രൂപയായി വർധിച്ചത്. നേഴ്സിങ് മാനേജർ, വാർഡ് ബോയ്, നേഴ്സിങ് അസിസ്റ്റന്റ്, തെറാപ്പിസ്റ്റ് മൈക്രോ ബയോളജിസ്റ്റ്, പൊതുവിഭാഗത്തിലുള്ള  ഹെൽപ്പർ, ഇലക്ട്രീഷ്യൻ ഇങ്ങനെയുള്ള തസ്തികകളിൽ ജോലിചെയ്യുന്നവർക്കും ഗണ്യമായ വർധനയുണ്ട്.

നീണ്ട ചർച്ചകൾക്കും നടപടിക്രമങ്ങൾക്കുംശേഷമാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. പൊതുജനങ്ങളിൽനിന്ന് അഭിപ്രായം ശേഖരിച്ചു. തുടർന്നാണ് വിജ്ഞാപനത്തിന് അന്തിമരൂപം നൽകിയത്.  ഇത് നടപ്പാക്കുമ്പോൾ സ്വാഭാവികമായ ചില പ്രശ്നങ്ങൾ ഉണ്ടാകും. എന്നാൽ, സുപ്രീംകോടതി നിർദേശിച്ച സമിതിയുടെ ശുപാർശയുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനം എന്ന നിലയിൽ  നിയമപരമായി  ഇതിനെ എതിർക്കുക എളുപ്പമല്ല. ചികിത്സാച്ചെലവ് വർധിപ്പിക്കാതെതന്നെ ഈ ഉത്തരവ് നടപ്പാക്കാനുള്ള സന്നദ്ധതയാണ് മാനേജ്മെന്റുകളിൽനിന്നുണ്ടാകേണ്ടത്.

കേരളത്തിന്റെ ഈ മുൻകൈ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടാകേണ്ടതുണ്ട്. സുപ്രീംകോടതി നിർദേശിച്ച കമീഷൻ തീരുമാനപ്രകാരം  എല്ലാ സംസ്ഥാനങ്ങളിലും ശമ്പളവർധന നടപ്പാക്കാൻ കേന്ദ്രസർക്കാരും വിവിധ സംസ്ഥാനങ്ങൾ ഭരിക്കുന്നവരും തയ്യാറാകണം. മലയാളികളാണ് നേഴ്സിങ് സമൂഹത്തിലെ ഗണ്യവിഭാഗം എന്നതുകൊണ്ട് രാജ്യത്താകെയുള്ള ആശുപത്രികളിൽ വേതന പരിഷ്കരണം നടപ്പാക്കുന്നത് സംസ്ഥാനത്തിന്റെയാകെ ആവശ്യംതന്നെയാണ്
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top