21 September Thursday

കോടതി ഓർമിപ്പിക്കുന്നത്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 19, 2018


സ്വാതന്ത്ര്യാനന്തര ഇന്ത്യാചരിത്രത്തിലെ പരസ്പരബന്ധമുള്ള പ്രധാന മൂന്ന് സംഭവങ്ങളാണ് ബ്ലൂസ്റ്റാർ ഓപ്പറേഷനും (1984 ജൂൺ 18)  ഇന്ദിര ഗാന്ധി വധവും (1984 ഒക്ടോബർ 31)  സിഖ് വിരുദ്ധ കലാപവും. പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയും കോൺഗ്രസും പാലൂട്ടി വളർത്തിയ ജർണയിൽ സിങ‌് ഭിന്ദ്രൻവാലയെയും ഖലിസ്ഥാനികളെയും പുറത്താക്കാനാണ് സിഖുകാരുടെ ഏറ്റവും പ്രധാന ആത്മീയകേന്ദ്രമായ സുവർണക്ഷേത്രത്തിൽ സൈനികനടപടിക്ക് ഇന്ദിര ഗാന്ധി സർക്കാർ തയ്യാറായത്. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ദിര ഗാന്ധിയുടെ അംഗരക്ഷകർ സത‌്‌വന്ത് സിങ്ങും ബിയാന്ത് സിങ്ങും  അവരെ വെടിവച്ച് കൊല്ലുന്നത്.

ഇതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസുകാർ ഡൽഹിയിലും രാജ്യമെമ്പാടും സിഖുകാരെ വേട്ടയാടിയത്. ഡൽഹിയിലെ മംഗൾപുരിയിലും ത്രിലോക്പുരിയിലും ട്രാൻസ് യമുനയിലും സിഖുകാർ വേട്ടയാടപ്പെട്ടു. ‘വൻമരം വീണാൽ ഭൂമി കുലുങ്ങുന്നത്' സാധാരണമാണെന്ന് പറഞ്ഞാണ് ഈ കൂട്ടക്കൊലയെ രാജീവ് ഗാന്ധി ന്യായീകരിച്ചത്. കോൺഗ്രസ് നേതാക്കളായ സജ്ജൻകുമാറും ജഗദീഷ് ടൈറ്റ്ലറും എച്ച് കെ എൽ ഭഗത്തും(2005 ഒക്ടോബറിൽ മരിച്ചു) കമൽനാഥും മറ്റുമാണ് തെരുവിൽ സിഖുകാരെ നേരിട്ടത്. ഒരു സംഘടനയെന്ന നിലയിൽ കോൺഗ്രസുകാർ ആസൂത്രണംചെയ്ത് നടപ്പാക്കിയ കൂട്ടക്കൊലയായിരുന്നു അത്. എന്നാൽ, കലാപത്തിന് നേതൃത്വം നൽകിയ മുൻ നിരയിൽനിന്ന് നയിച്ച ആരെയും അന്ന് ശിക്ഷിക്കാൻ കഴിഞ്ഞില്ലെന്നത‌് ഇന്ത്യൻ ഭരണസംവിധാനത്തിനും നിയമവ്യവസ്ഥയ‌്ക്കും തീരാകളങ്കമായിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്തപൊട്ടാണ് സിഖ് കൂട്ടക്കൊല. 

നീണ്ട 34 വർഷത്തിനുശേഷം കലാപത്തിന് നേതൃത്വം നൽകിയ സജ്ജൻകുമാറിനെ ഡൽഹി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.  വിചാരണ കോടതി വെറുതെവിട്ട സജ്ജൻകുമാറിനെയാണ് പ്രത്യേക അന്വേഷകസംഘം ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ കോടതി ശിക്ഷിച്ചിട്ടുള്ളത്

എന്നാൽ, നീണ്ട 34 വർഷത്തിനുശേഷം കലാപത്തിന് നേതൃത്വം നൽകിയ സജ്ജൻകുമാറിനെ ഡൽഹി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.  വിചാരണ കോടതി വെറുതെവിട്ട സജ്ജൻകുമാറിനെയാണ് പ്രത്യേക അന്വേഷകസംഘം ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ കോടതി ശിക്ഷിച്ചിട്ടുള്ളത്. ആരോപണ വിധേയനായ കമൽനാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ  ഘട്ടത്തിൽത്തന്നെയാണ് സജ്ജൻകുമാർ ശിക്ഷിക്കപ്പെടുന്നത്. സിഖുകാരെ കൂട്ടക്കൊലചെയ്യാനും അവർക്ക് അഭയം നൽകുന്നവരുടെ വീട് പോലും കത്തിക്കാനും സജ്ജൻകുമാർ ആഹ്വാനംചെയ‌്തെന്ന ഒരു ഡസനോളം പേരുടെ മൊഴിയാണ് അദ്ദേഹത്തെ ശിക്ഷിക്കുന്നതിലേക്ക് നയിച്ചത്. വൈകിയാണെങ്കിലും പ്രധാന പ്രതികളിലൊരാൾ ശിക്ഷിക്കപ്പെടുന്നത് ഇരകളെ സംബന്ധിച്ച് ആശ്വാസകരമാണ്. 

എന്നാൽ, സജ്ജൻകുമാറിന് ശിക്ഷ വിധിച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടത്തിയ നിരീക്ഷണം കൂട്ടക്കൊലകളും വർഗീയ കലാപങ്ങളും ആവർത്തിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് പരമപ്രധാനമാണ്. 1984ലെ സിഖ് കൂട്ടക്കൊല മനുഷ്യരാശിക്കുനേരെ നടന്ന കുറ്റകൃത്യമായാണ് കോടതി വിശേഷിപ്പിച്ചത്. മാത്രമല്ല, കൂട്ടക്കൊലകളും മനുഷ്യരാശിക്കുനേരെയുള്ള കുറ്റകൃത്യങ്ങളും തടയാൻ പ്രത്യേക നിയമനിർമാണം നടത്തണമെന്ന ആവശ്യവും വിധിന്യായം മുന്നോട്ടുവയ‌്ക്കുന്നുണ്ട്. വർഗീയലഹളകളെയും മനുഷ്യരാശിക്ക് നേരെയുള്ള കുറ്റകൃത്യമായി കാണണമെന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തുകയുണ്ടായി.

സിഖ് വിരുദ്ധ കലാപം മാത്രമല്ല  ഈ ഗണത്തിൽ വരികയെന്നും 2002 ഗുജറാത്ത് കലാപവും 2008 ലെ കന്ദമൽ വർഗീയകലാപവും 2013ലെ മുസഫർനഗർ കലാപവും മറ്റും ഈ ഗണത്തിൽപെടുമെന്നാണ് കോടതി അഭിപ്രായപ്പെടുന്നത്. തീർത്തും ശരിയായ നിഗമനമാണ് ഇത്.  ഇത്തരം കലാപങ്ങൾക്കും കൂട്ടക്കൊലകൾക്കും നേതൃത്വം നൽകുന്നവർക്കും ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പിന്തുണയും പ്രോത്സാഹനവും നൽകുന്നതുകൊണ്ടാണ് പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുന്നതെന്ന നിരീക്ഷണവും കോടതി നടത്തുകയുണ്ടായി. വർഗീയകലാപം സൃഷ്ടിച്ച് രാഷ്ട്രീയ നേതൃത്വത്തിലേക്ക് ഉയരുകയും കേന്ദ്രഭരണത്തിന്റെതന്നെ ചുക്കാൻ പിടിക്കുകയുംചെയ്യുന്ന ഈ കാലത്ത് കോടതിയുടെ നിരീക്ഷണത്തിന് ഏറെ പ്രധാന്യമുണ്ട്. 

മുപ്പത്തിനാല് വർഷം സജ്ജൻകുമാർ ശിക്ഷിക്കപ്പെടാതെ പോകാനുള്ള കാരണവും കോടതി ചൂണ്ടിക്കാട്ടിയതുതന്നെയാണ്. അതുപോലെ ഗുജറാത്ത് കലാപത്തിനും മുസഫർനഗർ കലാപത്തിനും മറ്റും നേതൃത്വം നൽകുകയും അതിന് എല്ലാ പിന്തുണയും നൽകുകയും ചെയ്തവർ ഇന്നും ശിക്ഷിക്കപ്പെടാതെ കഴിയുകയാണ്. ഇവരും ഇന്നല്ലെങ്കിൽ നാളെ നീതിക്കുമുമ്പിൽ ഹാജരാകേണ്ടിവരുമെന്ന ഓർമപ്പെടുത്തലാണ് ഡൽഹി ഹൈക്കോടതി നടത്തുന്നത്. നിയമവാഴ്ചയെ കബളിപ്പിച്ച് മേനി നടിക്കുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top