30 September Saturday

ഉക്രയ്‌നിലെ രാഷ്ട്രീയം

വെബ് ഡെസ്‌ക്‌Updated: Friday Feb 25, 2022


ഉക്രയ്‌നിൽ യുദ്ധം തുടങ്ങിയിരിക്കുന്നു. ഈ യുദ്ധാവസ്ഥ മൂന്നാം ലോകയുദ്ധത്തിന്റെ പ്രതീതിയിലാണ്. അഫ്ഗാനിസ്ഥാൻ താലിബാനെ ഏൽപ്പിച്ച് അമേരിക്ക പോയത് ചൈനയെ വളയാനാണെന്ന് യുഎസ് പ്രസിഡന്റ്‌ ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. അതിപ്പോൾ റഷ്യ വളയുന്നതിലേക്ക് കാര്യങ്ങൾ മാറി. അമേരിക്കയുടെ നേതൃത്വത്തിൽ നാറ്റോ റഷ്യക്കെതിരെ വലിയ സൈനികഭീഷണി ഉയർത്താൻ തുടങ്ങി. ഈ സാഹചര്യത്തിൽ സ്വന്തം സുരക്ഷയെ മുൻനിർത്തിയാണ്‌ റഷ്യയുടെ നീക്കം. യുദ്ധങ്ങളും സംഘർഷങ്ങളും കുത്തിപ്പൊക്കുന്നത്‌ എക്കാലത്തും മുതലാളിത്ത താൽപ്പര്യമാണ്‌. യുദ്ധത്തിൽ ചാലിടുന്നത്‌ മനുഷ്യരക്തമാണ്‌. യുദ്ധം എന്നും ഏറ്റെടുക്കേണ്ടി വന്ന ജനതയാണ് റഷ്യക്കാർ. ഇതിൽ നിന്നാണ് വിശ്വസാഹിത്യമായ ‘യുദ്ധവും സമാധാനവും' പിറന്നത്. ലിയോ ടോൾസ്റ്റോയിയെ വിപ്ലവത്തിന്റെ കണ്ണാടി എന്ന് വിശേഷിപ്പിച്ചാണ് ലെനിൻ സാമ്രാജ്യങ്ങൾ തമ്മിലെ ഏറ്റുമുട്ടലുകളെ പഠനവിധേയമാക്കിയത്. സാമ്രാജ്യത്വത്തിന്റെ സൃഷ്‌ടിയാണ് ധനമൂലധനം എന്ന പുതിയ സാമ്പത്തികപ്രതിഭാസമെന്ന്‌ ആദ്യമായി ചൂണ്ടിക്കാട്ടിയത്‌ മഹാനായ ലെനിനാണ്. ഒന്നാം ലോകയുദ്ധത്തിന്റെ പഠനമായിരുന്നു അത്. സാമ്രാജ്യത്വമാണ്‌ ധനമൂലധനം എന്ന സാമ്പത്തികരീതിയെ സൃഷ്ടിച്ചതെന്ന് ലെനിൻ ‘സാമ്രാജ്യത്വം' എന്ന വിഖ്യാത പുസ്‌തകത്തിൽ പറയുന്നുണ്ട്.

അതിനുശേഷമാണ് രണ്ടാം ലോകയുദ്ധം വന്നത്. അതുകഴിഞ്ഞ് ഒരു നൂറ്റാണ്ടായി ലോകയുദ്ധങ്ങൾ വന്നിട്ടില്ല. പക്ഷേ, അമേരിക്ക ലോകശക്തിയും ഡോളർ ലോക കറൻസിയുമായി. ഇതിന് ഊനം തട്ടിക്കൊണ്ടാണ് യൂറോപ്യൻ യൂണിയൻ ഉണ്ടായത്. യൂറോ എന്ന നാണയത്തെ ഡോളറിനു ബദലായി അവതരിപ്പിച്ചു. അത് യുഎസ്-–- യൂറോപ്യൻ സൈനിക സഖ്യമായ നാറ്റോയെ തകർച്ചയിലേക്കെത്തിച്ചു. നാറ്റോ തകർന്നാൽ യുഎസ് സൈനികശക്തിക്ക് ലോക മേധാവിത്വം നഷ്ടമാകും. അത്തരം ഒരു പ്രതിസന്ധിയിലാണ് അമേരിക്ക ഭീകരതയ്‌ക്കെതിരായ യുദ്ധം പ്രഖ്യാപിച്ചത്.

സോവിയറ്റ് യൂണിയൻ തകർന്നതോടെ സാമുവൽ ഹണ്ടിങ്‌ടൺ ‘ഇനി വംശീയതയുടെ ഏറ്റുമുട്ടൽ' എന്ന പുസ്തകമെഴുതിയിരുന്നു. സോവിയറ്റാനന്തര ധനമൂലധനത്തിന്റെ ‘ബൈബിൾ' കുറെ സ്വാധീനം ചെലുത്തിയെങ്കിലും പുതിയ സഹസ്രാബ്ദത്തിൽ വിസ്‌മരിക്കപ്പെട്ടു. പുതിയ സാങ്കേതികവിദ്യയിലൂടെ ധനമൂലധനത്തിന്റെ ഒഴുക്ക് സുഗമമായി. എങ്കിലും സോവിയറ്റ് യൂണിയന്റെ തകർച്ച കുടത്തിലൊളിച്ച വംശീയതയ്‌ക്ക് ഊർജംപകർന്നു. അധിനിവേശവും വംശീയതയും മനുഷ്യവികാസത്തോടൊപ്പം യൂറോപ്യൻ ഭൂപ്രദേശത്തുനിന്നാണ് മേൽക്കൈ നേടിയത്. അജ്ഞാത പ്രദേശത്തേക്ക് കപ്പൽയാത്ര നടത്തിയ വോയേജറുകൾ. വംശീയത കൂട്ടിക്കലർത്തിയുണ്ടാക്കിയ ബ്രിട്ടീഷ് സാമ്രാജ്യത്വം. മത്സരത്തിനിടയിൽ തിരസ്‌കൃതരായ യൂറോപ്യന്മാരാണ് അമേരിക്ക എന്ന യുഎസ് സ്ഥാപിച്ചത്. കുടിയേറ്റക്കാർ രാജ്യം സ്ഥാപിച്ചപ്പോൾ തനതു പ്രദേശക്കാർ പൗരന്മാരല്ലാതായി.

ഉക്രയ്‌ൻ യൂറോപ്പിൽനിന്ന് റഷ്യയിലേക്കുള്ള കവാടമാണ്. നെപ്പോളിയൻ കടന്നുവന്നത് ആ വഴിയാണ്. പിന്നീട് വംശീയ ഫാസിസത്തിന്റെ തലതൊട്ടപ്പൻ ഹിറ്റ്‌ലർ വന്നതും അതേ വഴി. ഹിറ്റ്‌ലറുടെ പടയെ തുരത്തി ലക്ഷക്കണക്കിനു സഖാക്കളുടെ ജീവൻ നൽകി ഫാസിസത്തെ ഉന്മൂലനംചെയ്തത് മഹാനായ സ്റ്റാലിന്റെ സോവിയറ്റ് പടയാണ്. സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ യൂറോപ്പുമായി നിരവധി കരാറുകൾ മുതലാളിത്ത റഷ്യൻ ഭരണകൂടം ഉണ്ടാക്കിയിരുന്നു. ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് പുനരുജ്ജീവിപ്പിച്ച നാറ്റോ സഖ്യം പെരുമാറുന്നത്.

അഫ്ഗാനിസ്ഥാനിൽനിന്നും ചൈനയിൽനിന്നും ഏറ്റ നാണക്കേട് മായ്ക്കാൻ അമേരിക്ക യൂറോപ്പിനെ ഉപയോഗിച്ച് പുതിയ യുദ്ധക്കളം തുറന്നിരിക്കുകയാണ്. പ്രതിസന്ധിയിലായ ധനമൂലധനത്തിന്റെ വെപ്രാളമാണ് ഇത്. റഷ്യക്കെതിരെ സാമ്പത്തിക ഉപരോധമാണ് ആദ്യം തുടങ്ങിയത്. റഷ്യൻ ബാങ്കുകൾ മരവിപ്പിക്കുക, എണ്ണവിതരണം തടയുക, ഈ പ്രദേശത്തെ ഏകകപ്പൽമാർഗമായ ബാൾട്ടിക് കടൽ ഉപരോധിക്കുക എന്നിങ്ങനെ.

സോവിയറ്റ് യൂണിയൻ തകർന്നതോടെ ഏഷ്യൻ ഭൂമേഖലയിലും യൂറോപ്പിലും വംശീയത ആഞ്ഞടിച്ചതാണ്. യുഗോസ്ലാവിയ തകർന്നപ്പോൾ ബോസ്‌നിയയിൽ നടന്ന വംശീയയുദ്ധം അങ്ങനെ ഉണ്ടായതാണ്. സാമ്രാജ്യത്വം അവിടങ്ങളെല്ലാം ആയുധവിപണിയാക്കി. ലോകത്തിലെ ഏറ്റവും വലിയ ലാഭോൽപ്പാദനമായ ആയുധവിപണി കോവിഡ് കാലത്ത് നിർജീവമായി. അതുൾപ്പെടെ ധനമൂലധനത്തിന്റെ സ്‌തംഭനാവസ്ഥയാകാം ഉക്രയ്‌നിൽ പുകയുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top