‘മുസ്ലിങ്ങള്‍ ഹിന്ദുക്കളുടെ വീടുകള്‍ക്കുനേരെ കല്ലെറിയുകയും അല്ലാഹു അക്‌ബര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു. ഇതിവിടെ സ്ഥിരമാണ്. നിശ്ശബ്ദമായ വംശീയ ഉന്മൂലനം മലപ്പുറം, കണ്ണൂര്‍ പ്രദേശങ്ങളില്‍ തുടങ്ങിയിരിക്കുന്നു. മറ്റൊരു കശ്‌മീരായി ഇത‌് മാറുമോ' സംഘപരിവാർ കേന്ദ്രങ്ങളിൽനിന്ന് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി പിന്തുടരുന്ന ഹര്‍ദിക് ഭട്ട് കഴിഞ്ഞ ഡിസംബര്‍ രണ്ടിന് ട്വീറ്റ് ചെയ്ത ഈ സന്ദേശം കേരളത്തിനകത്തും പുറത്തും ഇപ്പോഴും പറന്നു പ്രചരിക്കുന്നു. കേരളത്തെക്കുറിച്ച് പുറത്ത‌് പ്രചരിപ്പിക്കുന്ന ഈ നുണകൾക്ക് സാധുത നൽകാൻ നടത്തിയ അമ്പരപ്പുളവാക്കുന്ന ഗൂഢാലോചനയാണ് 'സോഷ്യൽ മീഡിയ ഹർത്താൽ’ സംഭവത്തിൽ പൊലീസ് പുറത്തു കൊണ്ടുവന്നത്. സംഘപരിവാർ പ്രവർത്തകർ ഇസ്ലാമിക വേഷമിട്ട് കശ്മീർ പെൺകുട്ടിക്കുവേണ്ടി ഹർത്താലിന് ആഹ്വാനം ചെയ്യുകയും, അത് ഏറ്റെടുത്ത് ഇസ്ലാമിക തീവ്രവാദശക്തികൾ അക്രമത്തിലേക്കും വർഗീയ സംഘർഷത്തിലേക്കും നാടിനെ നയിക്കുകയുമായിരുന്നു. പൊലീസ് ചടുലമായി ഇടപെട്ടപ്പോൾ ആ നീക്കം പൊളിഞ്ഞു; അതുകൊണ്ടുമാത്രം കൊളുത്തിയ തീ ആളിപ്പടരാതെ അണയുകയും ചെയ്തു.
കേരളത്തെ സംഘർഷ ഭൂമിയാക്കാനും ചെറുപ്രശ്നങ്ങൾ എണ്ണയൊഴിച്ചു കത്തിക്കാനും ആസൂത്രിത നീക്കമാണ് സംഘപരിവാർ തുടർച്ചയായി നടത്തുന്നത്. ജനങ്ങളുടെയും ആർഎസ്എസിന്റെ രാഷ്ട്രീയ എതിരാളികളുടെയും മതനിരപേക്ഷ ശക്തികളുടെയാകെയും ക്ഷമകൊണ്ടുമാത്രമാണ് നാട്ടിൽ സമാധാനം പുലരുന്നത്. അതും അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ്, സിപിഐ എമ്മിന്റെ ഉശിരനായ നേതാവും സുസമ്മതനായ പൊതു പ്രവർത്തകനുമായ കണ്ണിപ്പൊയിൽ ബാബുവിനെ ആസൂത്രിതമായി കൊലപ്പെടുത്തി ആർഎസ്എസ് തെളിയിച്ചത്. സിപിഐ എം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മാഹി നഗരസഭാ മുന്‍ കൗണ്‍സിലറുമാണ് ബാബു. നേരത്തെ ബാബുവിനുനേരെ ആർഎസ്എസ് വധശ്രമം നടത്തിയതാണ്. ഇതേ ബാബുവിന് ബിജെപിയുടെ ഉന്നത നേതാവ് കൃഷ്ണദാസ് പൊതുപരിപാടിയിൽ മികച്ച പൊതുപ്രവർത്തകനുള്ള പുരസ്കാരം കൊടുത്തതാണ്. ആ നേതാവിന്റെ അനുയായികൾതന്നെ തക്കംപാർത്ത‌് ബാബുവിന്റെ ജീവനെടുത്തതിൽ രണ്ടു കാര്യമാണ് വ്യക്തമാകുന്നത്. ഒന്ന്: കൊലക്കത്തി താഴെ വയ‌്ക്കാൻ ആർഎസ്എസ് ഉദ്ദേശിക്കുന്നില്ല. രണ്ട‌്: പൊതുസമ്മതനായ നേതാക്കളെ തെരഞ്ഞുപിടിച്ച‌് വകവരുത്തി ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനും സിപിഐ എമ്മിനെ തകർക്കാനുമുള്ള പദ്ധതിയാണ് എല്ലാ സമാധാന ശ്രമങ്ങളെയും തള്ളി ആർഎസ്എസ് നടപ്പാക്കുന്നത്. 2016ൽ വോട്ടെണ്ണൽദിവസം ആഹ്ലാദപ്രകടനത്തെ ആക്രമിച്ചാണ് കൊലപാതക പരമ്പരയ്ക്ക‌് ആർഎസ്എസ് പിണറായിൽ തുടക്കമിട്ടത്. പിന്നീട് നടന്ന രണ്ടു കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്തതായിരുന്നു. പയ്യന്നൂരിൽ സി വി ധൻരാജിന്റെയും പടുവിലായിയിൽ കെ മോഹനന്റെയും കൊലപാതകം അത്തരത്തിലായിരുന്നു. അതേ രീതിയാണ് കണ്ണിപ്പൊയിൽ ബാബുവിന്റെ കാര്യത്തിലും തുടർന്നത്. അന്നാട്ടിലെ ഏറ്റവും ഊർജസ്വലനായ സിപിഐ എം പ്രവർത്തകനെയാണ് വകവരുത്തിയത്.
ഈ കൊലപാതകം അനേകനാളത്തെ ആസൂത്രണത്തിന്റെയും തയ്യാറെടുപ്പിന്റെയും തുടർച്ചയാണെന്ന‌് ഒറ്റനോട്ടത്തിൽ ബോധ്യപ്പെടും. കഴിഞ്ഞ കുറെ ദിവസമായി കണ്ണൂർ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽനിന്ന് വരുന്ന വാർത്ത ആർഎസ്എസിന്റെ ആയുധശേഖരണത്തിന്റേതാണ്. തില്ലങ്കേരിയിലെ ആര്‍എസ്എസ് കേന്ദ്രമായ ചാളപ്പറമ്പില്‍നിന്നും കാർക്കോട്ടുനിന്നും വൻ ബോംബ് ശേഖരം പൊലീസ് പിടിച്ചെടുത്തിരുന്നു. ഐസ്‌ക്രീം ബോളില്‍ നിര്‍മിച്ച 11 ബോംബും നിർമാണ സാമഗ്രികളുമാണ് ചാളപ്പറമ്പിൽ പിടിച്ചതെങ്കിൽ കാര്‍ക്കോട്ടുനിന്ന‌് സ്റ്റീല്‍ബോംബുകളാണ് പിടിച്ചെടുത്തത്.
കൂത്തുപറമ്പിൽ തൊക്കിലങ്ങാടിയിലെ ഹയർ സെക്കൻഡറി സ്‌കൂൾ ആർഎസ്എസിന്റെ നിയന്ത്രണത്തിലാണ്. അവിടെ വിഷുവിന്റെ തൊട്ടടുത്ത ദിവസംമുതൽ ആർഎസ്എസിന്റെ 'ദ്വിതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗ‌്’ നടക്കുന്നു. പ്രാന്ത സമ്പര്‍ക്ക് പ്രമുഖ് കെ ബി ശ്രീകുമാര്‍, പ്രാന്തകാര്യവാഹ് പി ഗോപാലന്‍ കുട്ടി, കെ എൻ നാരായണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആലോചനകളും പരിശീലനവും നടന്നത്. ആ പരിപാടി അവസാനിച്ച‌് മണിക്കൂറുകൾക്കകമാണ് കൊലപാതകം നടന്നത്. മുഖ്യമന്ത്രിയുടെയും വിവിധ രാഷ്ട്രീയ പാർടികളുടെയും ഇടപെടലിന്റെ ഫലമായി സമാധാനം പുലരുകയും ശാന്ത ജീവിതം സാധ്യമാവുകയും ചെയ്ത കണ്ണൂരിനെ ചോരയിൽ മുക്കാനുള്ള ആസൂത്രണമാണ് ആർഎസ്എസ് ക്യാമ്പിൽ നടന്നത്. ഒരു പ്രകോപനവുമില്ലാതെയാണ് ബാബുവിനെ പതിയിരുന്നാക്രമിച്ച് കൊന്നുകളഞ്ഞത്. തല വെട്ടിമാറ്റി. കേന്ദ്രഭരണത്തിന്റെ തണലിലാണ് ഈ കൊലപാതകം. കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടാണ് മാഹി പൊലീസ് സ്വീകരിക്കുന്നത‌്.
കൊലപാതകത്തിന്റെ ഉത്തരവാദിത്തം സംഘപരിവാർ വൃത്തങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ഏറ്റെടുത്തത് ഗൗരവമായി കാണണം. കൊലപാതക ഗൂഢാലോചനയെക്കുറിച്ചുകൂടി പൊലീസ് അന്വേഷിക്കണം. സംഘ ശിക്ഷാ വർഗിൽ ആസൂത്രണംചെയ്ത ആക്രമണ പദ്ധതി വെളിച്ചത്തുകൊണ്ടുവരികയും കുറ്റവാളികൾ എത്ര ഉന്നതരായാലും തുറുങ്കിലടയ‌്ക്കുകയും വേണം. പ്രിയപ്പെട്ട സഖാവിന്റെ രക്തസാക്ഷിത്വം ഏൽപ്പിച്ച മുറിവുണക്കേണ്ടത്, സംഘപരിവാറിനെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തിക്കൊണ്ടും തുറന്നുകാട്ടിക്കൊണ്ടുമാണ്. സഖാവ് കണ്ണിപ്പൊയിൽ ബാബുവിന്റെ കുടുംബത്തെയും സഖാക്കളെയും ഞങ്ങൾ അനുശോചനം അറിയിക്കുന്നു. സംഘപരിവാറിന്റെ കൊലപാതക പാരമ്പരകൾക്കെതിരായ പോരാട്ടത്തിൽ നിങ്ങളോടൊപ്പം മുന്നിൽ തന്നെയുണ്ടാകും എന്ന് ആവർത്തിച്ചറിയിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..