13 August Thursday

ആര്‍എസ്എസ് വിദ്വേഷപ്രചാരണം വീടുകളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 19, 2017


മോഡിഭരണത്തില്‍ ഇന്ത്യയില്‍ വളരുന്നതും പടരുന്നതും ആക്രമണങ്ങളും കൊലപാതകങ്ങളുമാണെന്ന് ന്യൂയോര്‍ക്ക്  ടൈംസ് മുഖപ്രസംഗം എഴുതിയിരിക്കുന്നു. നരേന്ദ്ര മോഡിയുടെ ആലിംഗന നയതന്ത്രത്തിന് മറച്ചുവയ്ക്കാനാകാത്തവിധം സംഘപരിവാറിന്റെ അസഹിഷ്ണുത ലോകത്തിനുമുന്നില്‍ അനാവൃതമാവുകയാണ്. ഗോ സംരക്ഷണത്തിന്റെ പേരില്‍ അക്രമം അരുതെന്ന സാരോപദേശവുമായി മോഡി ഒരുവശത്ത് രംഗത്തുവരുമ്പോള്‍, സംഘപരിവാര്‍ ആള്‍ക്കൂട്ട ആക്രമണത്തിന്റെയും വിദ്വേഷപ്രചാരണത്തിന്റെയും പുതിയ വഴികള്‍ തേടിപ്പിടിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്  ആര്‍എസ്എസ്  ആരംഭിച്ച കുടുംബപ്രബോധന പരിപാടി.

ആര്‍എസ്എസ് ജനങ്ങളെ ഭയപ്പെടുത്തിയും  ഭീഷണിപ്പെടുത്തിയും  വരുതിയിലാക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. ഗാന്ധിവധത്തിനുശേഷം മധുരപലഹാരവിതരണം ചെയ്ത് ആഘോഷം നടത്തിയ സംഘടന വെറുപ്പും കലാപവുമാണ് എന്നും നട്ടുവളര്‍ത്തിയത്. 2014ല്‍ നരേന്ദ്ര മോഡി എന്ന സ്വയംസേവകന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായതോടെ അധികാരത്തിന്റെ സര്‍വതലങ്ങളിലും അഹന്തയോടെ അധിനിവേശത്തിന് ഒരുമ്പെടുകയാണവര്‍. സങ്കോചലേശമില്ലാതെ വര്‍ഗീയമുദ്രാവാക്യങ്ങള്‍ ഉയര്‍ത്താനും ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് രാജ്യാതിര്‍ത്തിക്ക് പുറത്തേക്കുള്ള വഴി ചൂണ്ടിക്കാട്ടിക്കൊടുക്കാനും അധികാരഗര്‍വില്‍ ആര്‍എസ്എസ് തയ്യാറാകുന്നു. ഭ്രാന്തമായ വര്‍ഗീയപ്രസംഗം നടത്തി വാര്‍ത്തയില്‍ ഇടംപിടിച്ച യോഗി ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിപദത്തില്‍ അവരോധിച്ചത്, തങ്ങള്‍ എന്തിനും മടിക്കില്ലെന്ന പ്രഖ്യാപനമായിരുന്നു.

എതിര്‍ശബ്ദങ്ങളെ വച്ചുപൊറുപ്പിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന അനേകം കൊലപാതകങ്ങളും ആക്രമണങ്ങളും സംഘപരിവാറിന്റെ കണക്കുപുസ്തകത്തിലുണ്ട്. ഗോഹത്യ ആരോപിച്ചുള്ള കൊലപാതകപരമ്പരകളെയോ ഗോവിന്ദ് പന്‍സാരെ, എം എം കലബുര്‍ഗി, നരേന്ദ്ര ധാബോല്‍ക്കര്‍ തുടങ്ങിയവരെ വധിച്ചതിനെയോ ആര്‍എസ്എസ് തള്ളിപ്പറയുന്നില്ല. ഫാസിസ്റ്റ് സമാനമായ ആക്രമണോത്സുകതയുമായി ആ സംഘടന ഇന്ത്യയുടെ ഭരണഘടനാമൂല്യങ്ങള്‍ക്കും ജനാധിപത്യത്തിനും പരിക്കേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്.

രാജ്യസ്നേഹത്തിന്റെയും ഭാരതീയതയുടെയും മുഖംമൂടി അണിഞ്ഞ് വര്‍ഗീയ അജന്‍ഡകള്‍ എഴുന്നള്ളിക്കുന്നവര്‍ ഇപ്പോള്‍ നേരിട്ട് വീടുകളിലേക്ക് കടന്നുവന്ന് ജനങ്ങളുടെ ജീവിതത്തിലാണ് ഇടപെടുന്നത്. തങ്ങള്‍ സൃഷ്ടിച്ച പെരുമാറ്റച്ചട്ടവുമായി കുടുംബങ്ങള്‍തോറും വര്‍ഗീയത അടിച്ചേല്‍പ്പിക്കാനും  സമൂഹത്തില്‍ ചേരിതിരിവ്  സൃഷ്ടിച്ച്  രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാനും ലക്ഷ്യമിട്ടാണ് ആര്‍എസ്എസ്  കുടുംബപ്രബോധനം എന്ന ഗൃഹസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നത്. 

എന്ത് കഴിക്കണം, എന്ത് ധരിക്കണം, എങ്ങനെ പെരുമാറണം എന്നു തീരുമാനിക്കുന്നത് ഓരോ പൌരന്റെയും അവകാശമാണ്. രാജ്യത്തിന്റെ നിയമസംഹിതയ്ക്ക് അകത്തുനിന്നുകൊണ്ട് സ്വജീവിതം നിര്‍ണയിക്കാനുള്ള അനിഷേധ്യമായ ആ അവകാശത്തിലാണ് സാരോപദേശകരുടെ പ്രച്ഛന്നവേഷത്തിലെത്തി ആര്‍എസ്എസ് കൈവയ്ക്കുന്നത്.

'ഹിന്ദുത്വജീവിതശൈലി' അടിച്ചേല്‍പ്പിക്കുന്നതിനായി വസ്ത്രധാരണം എന്താകണമെന്ന് ആര്‍എസ്എസ് കല്‍പ്പിക്കുന്നു. പുരുഷന്മാര്‍ കുര്‍ത്തയും പൈജാമയും. സ്ത്രീകള്‍ സാരി ധരിക്കാനുള്ളതാണ് ഒരു നിര്‍ദേശം. ഗോഹത്യയുടെ പേരിലുള്ള നരഹത്യക്ക് സാധൂകരണം നല്‍കി മാംസാഹാരം പൂര്‍ണമായും ഒഴിവാക്കി സസ്യാഹാരംമാത്രം കഴിക്കണമെന്നതാണ് മറ്റൊരു നിബന്ധന. ഇറ്റലിയില്‍ ചെന്ന് മുസ്സോളിനിയില്‍നിന്ന് ഫാസിസ്റ്റ് സംഘടനാശൈലി പഠിച്ച  ബി എസ് മുഞ്ജെ ആര്‍എസ്എസിന്റെ ആരാധ്യപുരുഷനാണ്. മുഞ്ജെ കടല്‍ കടത്തിക്കൊണ്ടുവന്ന ഫാസിസ്റ്റ് ശൈലി ആവേശത്തോടെ പകര്‍ത്തിയ ചരിത്രമാണ് ആര്‍എസ്എസിന്റേത്. അവര്‍ക്ക് ഇപ്പോള്‍ കേക്ക് മുറിച്ചും മെഴുകുതിരി കത്തിച്ചുമുള്ള ജന്മദിനാഘോഷത്തോട് അയിത്തമാണത്രേ. കുടുംബം ഒന്നിച്ചിരുന്ന് എന്ത് ചര്‍ച്ച ചെയ്യരുതെന്നും ആര്‍എസ്എസ് പഠിപ്പിക്കുന്നു. രാഷ്ട്രീയവും ക്രിക്കറ്റും കുടുംബസദസ്സില്‍ ചര്‍ച്ചാവിഷയമാകരുതെന്നും മാധ്യമങ്ങളില്‍നിന്ന് എന്തെല്ലാം ഉള്‍ക്കൊള്ളണമെന്നും പട്ടികയുണ്ടാക്കി വീട്ടില്‍ കയറിച്ചെന്ന് ജനങ്ങളോട് പറയാന്‍ എന്തവകാശമാണ് ഇവര്‍ക്കുള്ളത്?

നിഷ്കളങ്കമായ ഒന്നല്ല ആര്‍എസ്എസിന്റെ കുടുംബപ്രബോധനം. എല്ലാ വീടുകളിലും ചെന്ന് ഇത് പറയുമെന്നാണ് സംഘനേതാക്കള്‍ പ്രഖ്യാപിക്കുന്നത്. ആഹാരത്തിന്റെയും വസ്ത്രധാരണ രീതിയുടെയും പേരില്‍ ഭിന്നത സൃഷ്ടിക്കാനുള്ള വിഷവിത്തെറിയുന്നതില്‍ ഒതുങ്ങിനില്‍ക്കുന്നതുമല്ല ആ അജന്‍ഡ. രാജ്യത്തെ കലാപകലുഷമാക്കി തെരഞ്ഞെടുപ്പുനേട്ടം ഉണ്ടാക്കാനുള്ള വിശാലപദ്ധതിയുടെ ഭാഗമാണത്. ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടിയതുപോലെ മോഡിഭരണം പരാജയമാണ്. ഭരണനേട്ടങ്ങള്‍ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള കരുത്ത് സംഘപരിവാറിന് നല്‍കുന്നില്ല. സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ ഉരുത്തിരിയുന്ന ഭൂരിപക്ഷവര്‍ഗീയതയുടെ ഉത്തേജനം സംഘപരിവാര്‍ സ്വപ്നം കാണുന്നുണ്ട്. അതിനായാണ് പൌരന്മാരുടെ സ്വീകരണമുറിയിലും അടുക്കളയിലും കിടപ്പറയിലും വരെ നിബന്ധനകളുമായി അവര്‍ കടന്നെത്തുന്നത്. ഈ പ്രബോധനത്തിന്റെ ആത്യന്തികലക്ഷ്യം, ജനാധിപത്യത്തിന്റെയും പൌരാവകാശത്തിന്റെയും നിഷേധമാണെന്ന് തിരിച്ചറിഞ്ഞുള്ള പ്രതികരണമാണ് മതനിരപേക്ഷശക്തികളില്‍നിന്ന് ഉണ്ടാകേണ്ടത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top