01 June Thursday

പ്രധാനമന്ത്രി നുണയുടെ പ്രചാരകനാകരുത്

വെബ് ഡെസ്‌ക്‌Updated: Saturday Apr 27, 2019


ആർഎസ്എസിന്റെ  ആദ്യകാല ലക്ഷ്യങ്ങളിലൊന്നാണ്  കേരളം. 1925 ൽ  ആർഎസ്എസ് രൂപംകൊണ്ട  ഘട്ടത്തിൽതന്നെ  മലബാറിലേക്കും തിരുവിതാംകൂറിലേക്കും  കൊച്ചിയിലേക്കും അതിന്റെ കണ്ണോട്ടമുണ്ടായിരുന്നു.   വർഗീയവിദ്വേഷം വമിപ്പിക്കുന്ന പ്രസംഗങ്ങളുമായി അതിന്റെ സ്ഥാപകനേതാക്കൾ മലയാളികൾക്കിടയിലൂടെ  സഞ്ചരിച്ചിരുന്നു. ഒരുഘട്ടത്തിലും മലയാളി അതിനു ചെവികൊടുക്കാൻ  തയ്യാറായില്ല. ചില ജാതി സംഘടനകളെയും അവയുടെ നേതാക്കളെയും ദേശീയപാരമ്പര്യം അവകാശപ്പെടുന്ന പത്രങ്ങളെയും കൂട്ടുപിടിച്ച് അനേകം നീക്കങ്ങൾ നടത്തിയെങ്കിലും ആർഎസ്എസിന് നൈരാശ്യമാണ്  കേരളം നൽകിയത്. തലശ്ശേരിയിൽ വർഗീയകലാപം സൃഷ്ടിച്ച‌്  കേരളത്തിന്റെ മണ്ണിൽ വേരൂന്നാനുള്ള ശ്രമവും  ദയനീയമായി പരാജയപ്പെട്ടു.

രാഷ്ട്രീയ അക്രമങ്ങളിലൂടെയും കൊലപാതകങ്ങളിലൂടെയും വിദ്വേഷം വിതറുന്ന പ്രചാരണങ്ങളിലൂടെയും ഭീതി പരത്താനും ജനങ്ങളെ   ഭിന്നിപ്പിക്കാനും പക്ഷേ എല്ലാ ഘട്ടത്തിലും അവർ ശ്രമിച്ചു. എന്നിട്ടും സംസ്ഥാന രാഷ്ട്രീയത്തിലെ എണ്ണപ്പെടുന്ന   ശക്തിയായി മാറാൻ ഒരിക്കലും സംഘപരിവാറിന് കഴിഞ്ഞില്ല.
സ്വന്തം വോട്ടുകൾ വലതുപക്ഷത്തിന‌് മറിച്ചുവിറ്റു ജീവിക്കുന്ന രാഷ്ട്രീയ വണിക്കുകളായി; വിശ്വാസ്യതയില്ലാത്ത കൂട്ടമായി അവർ കാലക്രമേണ മാറി. രാജ്യത്ത് ഏറ്റവും കൂടുതൽ സംഘശാഖകൾ  പ്രവർത്തിക്കുന്നു എന്ന് അവർതന്നെ  അവകാശപ്പെടുന്ന തലശ്ശേരി താലൂക്കിൽപോലും  ആർഎസ്എസ് ഗണ്യമായ ജനപിന്തുണ ഒരിക്കലും ആർജിച്ചിട്ടില്ല.  അതുകൊണ്ടാണ് ഒരു തെരഞ്ഞെടുപ്പിലും അവർക്ക് വിജയം നേടാൻ സാധിക്കാത്തത്. ഏറ്റവുമൊടുവിൽ കേരള നിയമസഭയിൽ സംഘപരിവാർ പ്രതിനിധിയായി  ഒരാളെ എത്തിക്കാൻ കോൺഗ്രസ് വോട്ടുകൾ  മൊത്തക്കച്ചവടം നടത്തേണ്ടിവന്നു അവർക്ക്. ആർഎസ്എസ് സംസ്ഥാനത്ത്  കൊന്നുതള്ളിയ സിപിഐ എം പ്രവർത്തകരുടെമാത്രം എണ്ണം 209 ആണ്. കോൺഗ്രസുകാരെയും മുസ്ലിംലീഗുകാരെയും ഇതര പാർടി പ്രവർത്തകരെയും ഒരു രാഷ്ട്രീയവും  ഇല്ലാത്തവരെയും അവർ കൊന്നിട്ടുണ്ട്. തൊഴിൽശാലകളിലും കലാലയങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും  എന്തിന‌് വീടുകളിൽ കയറിപോലും ക്രൂരമായ ആക്രമണങ്ങൾ അഴിച്ചുവിട്ടിട്ടുണ്ട്. സമാനതകളില്ലാത്ത ഇത്തരം ക്രൂരകൃത്യങ്ങൾകൊണ്ടാണ് കേരളീയർ ഏറ്റവുമധികം വെറുക്കുന്ന സംഘമായി ആർഎസ്എസ് മാറിയത്.

കേരളത്തിന്റെ മനസ്സ് മതനിരപേക്ഷതയ‌്ക്കൊപ്പം  അടിയുറച്ചു നിൽക്കുന്നത് ഇവിടത്തെ ജനങ്ങൾ ആർഎസ്എസിനെ കൃത്യമായി തിരിച്ചറിയുന്നതുകൊണ്ട് കൂടിയാണ്. മതനിരപേക്ഷത  തകർക്കുക എന്നത് എക്കാലത്തെയും ആർഎസ്എസിന്റെ  അജൻഡ ആകുന്നതും അതുകൊണ്ടുതന്നെയാണ്. മാരകായുധങ്ങളുമായി രാഷ്ട്രീയ എതിരാളികളെ വെട്ടിക്കൊല്ലാൻ പോകുന്ന സാധാരണ സ്വയംസേവകൻ മുതൽ ആർഎസ്എസ് പ്രചാരക് സ്ഥാനത്തുനിന്ന് പ്രധാനമന്ത്രി പദത്തിൽ എത്തിയ നരേന്ദ്ര മോഡിവരെയുള്ള ആളുകൾക്ക് കേരളത്തെക്കുറിച്ച്   സ്വാഭാവികമായും ഉണ്ടാകുന്ന വികാരവും വിചാരവും ഈ പശ്ചാത്തലത്തിൽനിന്ന് ഉടലെടുക്കുന്നതാണ്.  ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ പതിമൂന്നാം സ്ഥാനത്താണ് കേരളം. ഭൂവിസ്തൃതിയിൽ ഇരുപത്തിരണ്ടാം സ്ഥാനത്ത് നിൽക്കുന്ന  ഈ കൊച്ചുസംസ്ഥാനം പിടിച്ചടക്കാൻ  ആർഎസ്എസ്  സർവ സന്നാഹങ്ങളും ഉപയോഗിച്ച്   തുടരെത്തുടരെ ശ്രമിക്കുന്നതിന്റെ പൊരുളും മറ്റൊന്നല്ല. തങ്ങളെ രാഷ്ട്രീയമായി തുറന്നുകാട്ടുകയും തുറന്നെതിർക്കുകയും നെഞ്ചുവിരിച്ചു പ്രതിരോധിക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തിന‌് കേരളത്തിന്റെ മനസ്സിലുള്ള സ്ഥാനവും വേരോട്ടവുമാണ് വെകിളിപിടിച്ച ഈ പരാക്രമങ്ങൾക്ക‌് ഹേതു.  കേരളത്തെക്കുറിച്ച് കേട്ടറിവ് മാത്രമുള്ള ഒരു ആർഎസ്എസ് പ്രചാരകന‌് മധ്യപ്രദേശിലെ ഉജ്ജയിനിയിൽ മൈക്കിന് മുന്നിൽനിന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് ഒരുകോടി ഇനാം പ്രഖ്യാപിക്കാനുള്ള അവിവേകം ഉണ്ടായത് ഈ നുണപ്രചാരണത്തിന്റെ ഫലമായാണ്.

ആർഎസ്എസിന്റെ  കൊലപാതകങ്ങളും അക്രമരാഷ്ട്രീയവും മറച്ചുവച്ച് ആക്രമിക്കപ്പെടുന്ന സംഘമാണ് തങ്ങൾ  എന്ന വ്യാജപ്രചാരണം അഖിലേന്ത്യ അജൻഡയായിതന്നെ അവർ ഏറ്റെടുത്തിട്ടുണ്ട്. സ്വന്തം കേന്ദ്രത്തിൽ നിർമിക്കുന്ന ബോംബ് പൊട്ടിത്തെറിച്ച് മരിച്ച ആർഎസ്എസുകാരെപോലും ബലിദാനികൾ ആക്കി ഡൽഹിയിൽ നടത്തിയ പ്രദർശനം ഉദ്ഘാടനം ചെയ‌്തത‌് ബിജെപി  അധ്യക്ഷൻതന്നെ ആയിരുന്നു.  നുണകളാണ് സംഘപരിവാറിന്റെ  അസ‌്തിവാരം.  രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിതന്നെ ആ  നുണപ്രചാരണം ഏറ്റെടുക്കുകയും അത് ജനങ്ങൾക്ക് മുന്നിൽ തുടരെത്തുടരെ വിളിച്ചോതുകയും ചെയ്യുകയാണിപ്പോൾ. പ്രധാനമന്ത്രി എന്നത് രാജ്യത്തിന്റെ ഭരണനിർവഹണ സംവിധാനത്തെ നയിക്കുന്ന പദവിയാണ്.  ആർഎസ്എസ് പ്രചാരകൻ ആയശേഷം പ്രധാനമന്ത്രി പദത്തിൽ എത്തിയ ആൾ ആണെങ്കിൽപോലും നരേന്ദ്ര മോഡി രാജ്യത്തിന്റെ ആകെ പ്രധാനമന്ത്രിയാണ്. അദ്ദേഹംതന്നെ ഒരു സംസ്ഥാനത്തെക്കുറിച്ച് തെറ്റായ പ്രചാരണം ഏറ്റെടുത്തു എന്ന ഗുരുതരമായ അവസ്ഥയാണ് ഇന്നുണ്ടായിരിക്കുന്നത്.

കേരളത്തെക്കുറിച്ച് നരേന്ദ്ര മോഡി  മുമ്പും പലതവണ  ആക്ഷേപങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അട്ടപ്പാടിയെ സൊമാലിയയോട്  ഉപമിച്ചത് അദ്ദേഹമാണ്. ദൈവനാമം ഉരുവിട്ടാൽ  അറസ്റ്റ് ചെയ്യപ്പെടുന്ന നാടാണ് കേരളം എന്ന് ലജ്ജയില്ലാതെ പറഞ്ഞതും അദ്ദേഹം തന്നെയാണ്. ഇപ്പോൾ അദ്ദേഹം പറയുന്നത് കേരളത്തിലെ ബിജെപിക്കാർക്ക‌് പുറത്തിറങ്ങിയാൽ തിരിച്ചെത്തും എന്ന് ഉറപ്പില്ല എന്നാണ‌്. അമ്മേ ഞങ്ങൾ പോകുന്നു, വന്നില്ലെങ്കിൽ കരയരുത് എന്ന മുദ്രാവാക്യം കേരളം കേട്ടത് വിമോചനസമരകാലത്താണ്. കോൺഗ്രസ് -ബിജെപി വോട്ടുകച്ചവടം പുഷ്കലമായ ഇക്കാലത്ത് ആ മുദ്രാവാക്യം  നരേന്ദ്ര മോഡി  ഏറ്റെടുത്തിരിക്കുന്നു എന്നത് കൗതുകകരമാണ്. 

കേരളത്തിൽ  കൃത്യമായി നിയമവാഴ്ച നടക്കുന്നുണ്ട്. കുറ്റം ചെയ‌്തവർ ആരായാലും നിയമത്തിനുമുന്നിൽ എത്തുന്നുണ്ട്.  അതിന്റെ ഫലമായി തന്നെയാണ് സംസ്ഥാനം നിയമസമാധാനപാലനത്തിലും സമാധാനത്തിലും രാജ്യത്തെതന്നെ ഏറ്റവും മികച്ച നിലയിൽ നിൽക്കുന്നത്. മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചതുപോലെ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സംഘപരിവാർ ആക്രമണങ്ങൾക്ക് സംരക്ഷണം നൽകുകയാണ് അവിടങ്ങളിലെ  ഭരണ സംവിധാനം. കൊലപാതകം നടത്തിയാലും  ബലാൽസംഗംചെയ്താലും പശുവിന്റെ പേരിൽ അക്രമം അഴിച്ചുവിട്ടാലും അത്തരക്കാർ സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നു.

കൈയിൽ കാവിക്കൊടി ഉണ്ടോ എന്നത് മാത്രമാണ് മാനദണ്ഡം. ആ രീതി കേരളത്തിൽ നടപ്പില്ല. വർഗീയവിഷം തുപ്പുന്നവരെ  തിരിച്ചറിയാനും  കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ നിയമത്തിനു മുന്നിലെത്തിക്കാനും കേരളം മാതൃകാപരമായി ഇടപെടുന്നു.  അക്കാര്യത്തിൽ നരേന്ദ്ര മോഡി  എന്നല്ല,  ആർഎസ്എസിന്റെ  ഏത് തലതൊട്ടപ്പൻ വിചാരിച്ചാലും കേരളത്തെ  പിന്തിരിപ്പിക്കാനാകില്ല. കാരണം, ഇവിടം ഇടതുപക്ഷത്തിന് കരുത്തുള്ള ഇടമാണ്. അതുകൊണ്ട് നരേന്ദ്ര മോഡിയുടെ അപവാദ കഥകൾ ഈ കേരളത്തിൽ ചെലവാകാൻ പോകുന്നില്ല. അതേസമയം, നുണകളുടെ തമ്പുരാനായ ജോസഫ് ഗീബൽസിന്റെ  ശിഷ്യനായി പ്രധാനമന്ത്രിതന്നെ മാറുന്നത് മലയാളികൾക്കു മാത്രമല്ല രാജ്യത്തിനാകെ അപമാനവുമാണ് എന്നത് സൂചിപ്പിക്കാതെ വയ്യ.  കേരളത്തെക്കുറിച്ചുള്ള തെറ്റായ പരാമർശം പിൻവലിച്ച് മലയാളികളോട് മാപ്പ് പറയാൻ തയ്യാറാവുകയാണ് ഭരണാധികാരി എന്ന നിലയിലുള്ള ഔചിത്യബോധം തെല്ലെങ്കിലും  അവശേഷിക്കുന്നുണ്ടെങ്കിൽ നരേന്ദ്ര മോഡി ചെയ്യേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top