29 March Wednesday

ചോരക്കൊതി മാറാതെ ആർഎസ്‌എസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Feb 22, 2022

മനുഷ്യശരീരം കൊത്തിനുറുക്കി ജീവനെടുക്കുന്ന ആർഎസ്‌എസ്‌ ഭീകരത ഒരിക്കൽക്കൂടി നാടിനെ വിറങ്ങലിപ്പിച്ചു. തലശേരി പുന്നോലിൽ സിപിഐ എം പ്രവർത്തകനായ മത്സ്യത്തൊഴിലാളി ഹരിദാസനെ വകവരുത്തിയാണ്‌ സംഘം നാടിനെ ഭീതിയിലാഴ്‌ത്തിയത്‌. കടലുമായി മല്ലിട്ട്‌ ക്ഷീണിതനായി വീട്ടിലെത്തിയ ഹരിദാസനെ ക്രിമിനലുകൾ വീട്ടുമുറ്റത്ത്‌ വെട്ടിയരിയുന്നത്‌ നോക്കിനിൽക്കാനേ ഭാര്യക്കും അനുജനും കഴിഞ്ഞുള്ളൂ. നിമിഷങ്ങൾക്കകം ശരീരമാസകലം വെട്ടിപ്പിളർന്നശേഷം ഒരു കാൽവെട്ടിയെടുത്താണ് അവർ ഇരുളിൽ മറഞ്ഞത്‌.

ഉത്സവസ്ഥലത്തുണ്ടായ വാക്കുതർക്കം മറയാക്കിയാണ്‌ ആർഎസ്‌എസ്‌ അരുംകൊല നടത്തിയത്‌. ചെറുപ്പക്കാർ തമ്മിലുണ്ടായ നിസ്സാരവഴക്കിന്റെ പേരിൽ ക്രിമിനലുകളെ അണിനിരത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ബിജെപിയുടെ മുനിസിപ്പൽ കൗൺസിലർ കൊലവിളിയും മുഴക്കി. ഇതിന്റെ തുടർച്ചയാണ്‌ ഹരിദാസന്റെ കൊലപാതകം. ഒരു പ്രശ്‌നവുമില്ലാത്ത നാട്ടിൻപുറത്ത്‌ ഏവർക്കും പ്രിയങ്കരനായ ഒരു തൊഴിലാളിയെ കൊലപ്പെടുത്തിയത്‌ ആർഎസ്‌എസ്‌ പ്രവർത്തന പദ്ധതിയുടെ ഭാഗമായാണ്‌. സിപിഐ എം സ്വാധീനമേഖലകളിൽ നാടിന്റെ ഓമനകളായ പ്രവർത്തകരെ കൊലപ്പെടുത്തി പ്രകോപനം ഉണ്ടാക്കുന്നത്‌ ബിജെപി ഏറെക്കാലമായി നടപ്പാക്കിവരുന്ന തന്ത്രമാണ്‌.

ബിജെപി ഉന്നത നേതൃത്വത്തിന്റെ അറിവോടെ, വളരെ ആസൂത്രിതമായി നടപ്പാക്കിയതാണ്‌ ഹരിദാസന്റെ കൊലപാതകം. ഹിന്ദുത്വ രാഷ്‌ട്രീയവും സംഘടനാ സ്വാധീനവും അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുമ്പോൾ കൊലക്കത്തിക്ക്‌ മൂർച്ചകൂട്ടി പിടിച്ചുനിൽക്കാനാണ്‌ ബിജെപിയുടെ ശ്രമം. സിപിഐ എമ്മിന്റെ ഭാഗത്തുനിന്ന്‌ പ്രതികരണമുണ്ടായാൽ, യുഡിഎഫിന്റെയും മാധ്യമങ്ങളുടെയും പിന്തുണയോടെ അക്രമ മുറവിളി ഉയർത്തി ശ്രദ്ധതിരിക്കാനാകും. എന്നാൽ, കൊലയ്‌ക്കു പകരം കൊലയില്ലെന്ന നിലപാടിലുറച്ച്‌ ജനങ്ങളെ അക്രമികൾക്കെതിരെ അണിനിരത്തുകയാണ്‌ സിപിഐ എം.

2016നു ശേഷം ഹരിദാസൻ ഉൾപ്പെടെ 22 ഉശിരൻ പ്രവർത്തകരെയാണ്‌ സിപിഐ എമ്മിന്‌ നഷ്‌ടമായത്‌. ഇതിൽ 16ഉം ബിജെപി–-ആർഎസ്‌എസ്‌ നടത്തിയ കൊലപാതകങ്ങളാണ്‌. കണ്ണൂർ ജില്ലയിൽ ഈ കാലയളവിൽ കൊല്ലപ്പെട്ട ആറുപേരിൽ അഞ്ചും ആർഎസ്‌എസ്‌ ക്രൂരതയുടെ ഇരകളാണ്‌. തിരുവല്ലയിൽ ഒരു സംഘർഷവുമില്ലാതെ കൊലചെയ്‌ത പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപിന്റെ കുടുംബ സഹായഫണ്ട്‌ കൈമാറുന്ന ദിവസംതന്നെ മറ്റൊരു കുടുംബത്തെക്കൂടി സംഘപരിവാർ കണ്ണീരിലാഴ്‌ത്തിയത്‌ യാദൃച്ഛികമല്ല. എല്ലാ ജില്ലയിലും അടുത്തിടെ പരിശീലനക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നെന്ന വിവരം പുറത്തുവന്നിട്ടുണ്ട്‌. സംഘടിതരും കേന്ദ്രീകൃത പരിശീലനം നേടിയവരുമാണ്‌ കൊലയാളികളെന്ന്‌ വ്യക്തമാണ്‌.

എവിടെയും കുഴപ്പം കുത്തിപ്പൊക്കാനും തരംപാർത്തിരുന്ന്‌ കൊലപാതകം നടത്താനും നേതൃതലത്തിൽത്തന്നെ തീരുമാനമുണ്ടെന്ന്‌ തെളിയിക്കുന്ന സംഭവങ്ങളാണ്‌ തുടരെ നടക്കുന്നത്‌. തലശേരിയിൽ ഡിസംബറിൽ പ്രകോപനമുദ്രാവാക്യവുമായി തെരുവിലിറങ്ങിയവർ ആസൂത്രണം ചെയ്‌തത്‌ മുസ്ലിങ്ങൾക്കുനേരെ കടന്നാക്രമണംതന്നെയായിരുന്നു. പ്രാദേശികമായി വൻതോതിൽ ആയുധശേഖരണവും ബോംബുനിർമാണവും നടത്തി. പൊലീസിന്റെ അവസരോചിതമായ ഇടപെടലും സിപിഐ എമ്മിന്റെ ജാഗ്രതയും വഴി കലാപശ്രമം അലസി.

സമീപകാലത്ത്‌ കേരളത്തിന്റെ എല്ലാ ഭാഗത്തും മറ്റു പാർടികൾ വിട്ട്‌ സിപിഐ എമ്മുമായി സഹകരിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്‌. ബിജെപിയിൽനിന്നാണ്‌ ഏറ്റവുമധികം ആളുകൾ വിട്ടുപോരുന്നത്‌. ഇതിനെ പ്രതിരോധിക്കാൻ വർഗീയപ്രചാരണംകൊണ്ട്‌ സാധിക്കുന്നില്ലെന്ന്‌ വന്നതോടെയാണ്‌ അക്രമത്തിൽ അഭയം തേടുന്നത്‌. സമൂഹത്തിൽ ഭീതിയും രാഷ്‌ട്രീയചേരിതിരിവും നിലനിർത്തിയാൽമാത്രമേ അണികളുടെ ചോർച്ച തടയാനാകൂ എന്നാണ്‌ ബിജെപി കരുതുന്നത്‌. പാർടി കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ കണ്ണൂരിലെ പ്രവർത്തകരാകെ മുഴുകിയിരിക്കുന്ന ഘട്ടത്തിൽ ഈ അരുംകൊല നടത്തിയതിലും ദുരുദ്ദേശ്യംതന്നെ.

സിപിഐ എം പ്രവർത്തകർ നിഷ്‌ഠുരമായി കൊല്ലപ്പെടുന്നത്‌ തുടരുമ്പോഴും അതിശയകരമായ മെയ്‌വഴക്കത്തിലാണ്‌ ഒരു വിഭാഗം മാധ്യമങ്ങൾ. ഓരോ കൊലയ്‌ക്കു പിന്നിലും വ്യക്തിവൈരാഗ്യം തേടിപ്പോകാനുള്ള വ്യഗ്രതയിലാണ്‌ ഇവർ. കെപിസിസി പ്രസിഡന്റാകട്ടെ ലഹരി മാഫിയ, ഗുണ്ടാപ്രവർത്തനങ്ങളെയല്ലാതെ ആർഎസ്‌എസിനെ അപലപിക്കാൻ തയ്യാറല്ല. ഹരിദാസന്റെ ഘാതകരെ എല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസ്‌ ജാഗ്രത പാലിക്കണം. ആർഎസ്‌എസിനെ ഒറ്റപ്പെടുത്തി, കൊലക്കത്തി താഴെവയ്‌പിക്കാനുള്ള ശക്തമായ ജനകീയ ഇടപെടലും ഉയർന്നുവരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top