03 June Saturday

ആർഎസ്എസിന്റെ അവഹേളനം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 14, 2018

രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ സജീവ പ്രവർത്തകരായ രണ്ടുപേരാണ് രാഷ്ട്രത്തിന്റെ അത്യുന്നത പദവികളിൽ. പ്രധാനമന്ത്രിയും രാഷ്ട്രപതിയും. ആർഎസ്എസുകാരാവുകയും സുപ്രധാന ഭരണഘടനാ സ്ഥാപനങ്ങളിൽ സംഘബന്ധുക്കളെ തിരുകിക്കയറ്റുകയും ചെയ്തതോടെ ഇന്ത്യാ മഹാരാജ്യം തങ്ങളുടെ കൈപ്പിടിയിലൊതുങ്ങുകയാണെന്നും അജയ്യശക്തിയായി തങ്ങൾ മാറിക്കഴിഞ്ഞെന്നും ആർഎസ്എസ് ധരിക്കുന്നു‐ അതിന്റെ അഹന്തനിറഞ്ഞ പ്രകടനമാണ് ആ സംഘടനയുടെ തലവനിൽനിന്ന് കഴിഞ്ഞദിവസമുണ്ടായത്. ഇന്ത്യൻ സൈന്യത്തേക്കാൾ കേമന്മാരാണ് സ്വയംസേവകരെന്നാണ് സർ സംഘ് ചാലക് മോഹൻ ഭാഗവതിന്റെ അവകാശവാദം. പട്ടാളത്തേക്കാൾ വേഗത്തിൽ സ്വയംസേവകരെ യുദ്ധസജ്ജരാക്കാൻ കഴിയുമത്രേ. യുക്തിയോടും യാഥാർഥ്യങ്ങളോടും സംവദിക്കാൻ അശക്തരാണ് ആർഎസ്എസുകാർ. കെട്ടുകഥകളും സ്വന്തം നേതൃത്വത്തിന്റെ അമാനുഷിക കഴിവുകളെക്കുറിച്ചുള്ള ഭാവനയും സ്വസംഘടനാ ശരീരത്തെക്കുറിച്ചുള്ള അമിതമായ അവകാശവാദവുമാണ് ആർഎസ്എസിന്റെ സവിശേഷതകളിൽ ചിലത്. അതുകൊണ്ടാണ് ഒരു മടിയുമില്ലാതെ ഇന്ത്യൻ സൈന്യത്തേക്കാൾ കേമന്മാർ തങ്ങളാണെന്ന് ആ സംഘടനയ്ക്ക് പറയാൻ തോന്നുന്നത്. ഭാഗവതിന്റെ പ്രസ്താവനയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയർന്നപ്പോൾ ആർഎസ്എസിന് ന്യായീകരണവുമായി രംഗത്തുവരേണ്ടിവന്നു. പൊതുസമൂഹത്തിന് അച്ചടക്കമില്ലെന്നും ആർഎസ്എസുകാർക്കുമാത്രമാണ് അച്ചടക്കമെന്നുമാണ് ആ ന്യായീകരണത്തിൽ ആർഎസ്എസ് പ്രചാർ പ്രമുഖ് മൻമോഹൻ വൈദ്യ പറയാൻ ശ്രമിച്ചത്. ഇന്ത്യൻ സൈന്യവും ഇന്ത്യയിലെ ജനങ്ങളും തങ്ങളുടെ കാൽച്ചുവട്ടിലാണെന്ന മിഥ്യാധാരണയിൽ അപകടകരമായ നീക്കങ്ങളാണ് ആർഎസ്എസിൽനിന്നുണ്ടാകുന്നത്.

മോഹൻ ഭാഗവതിന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തതാണെന്ന വിധത്തിൽ വൈദ്യയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവും ന്യായീകരിക്കാൻ ശ്രമിച്ചത്, പ്രതിപക്ഷത്തിന്റെ ശക്തമായ നിലപാട് വന്നപ്പോഴാണ്. സ്ഥിരമായി അച്ചടക്കം പരിശീലിക്കുന്നവരാണ് ആർഎസ്എസുകാർ. പൊതുസമൂഹത്തിന് അത്തരം പരിശീലനമില്ല. ഇന്ത്യൻ സൈന്യത്തെയും ആർഎസ്എസിനെയും ഭാഗവത് തുലനംചെയ്തിട്ടില്ല‐ ഈ വശദീകരണമാണ് വൈദ്യ നൽകുന്നത്. എന്നാൽ, ബിഹാറിലെ മുസഫർപുരിൽ ആർഎസ്എസ് പ്രവർത്തകരെ അഭിസംബോധനചെയ്ത് ഭാഗവത് പറഞ്ഞ വാക്കുകൾ സംശയരഹിതമായി പൊതുസമൂഹത്തിനുമുന്നിലുണ്ട്. ഇന്ത്യൻ സൈന്യത്തിന് പെട്ടെന്ന് യുദ്ധത്തിനൊരുങ്ങാൻ ശേഷിയില്ലെന്നും ആർഎസ്എസിന് രണ്ടുമൂന്ന് ദിവസംകൊണ്ട് യുദ്ധസജ്ജരാകാൻ സാധിക്കുമെന്നുംതന്നെയാണ് അതിന്റെ സാരം.
രണ്ടു കാര്യം ഇതിൽനിന്ന് വ്യക്തമാകുന്നുണ്ട്. ഒന്നാമത്തേത് ആർഎസ്എസ് സായുധപരിശീലനവും ആയുധേശഖരണവുമടക്കം സൈന്യത്തോട് മത്സരിക്കാൻ പാകത്തിൽ തയ്യാറെടുത്തിട്ടുണ്ട് എന്നതാണ്. അല്ലെങ്കിൽ, തങ്ങളുടെ സൈനികശക്തി അത്രത്തോളമാണെന്ന് അവർ കരുതുകയെങ്കിലും ചെയ്യുന്നുണ്ട്. രണ്ടാമത്തേത്,  സൈന്യത്തെയടക്കം വരുതിയിലാക്കി ജനാധിപത്യത്തെയും ഭരണഘടനയെയും വരിഞ്ഞുകെട്ടാൻ മടിക്കില്ല എന്ന സൂചനയാണ്. ഭീഷണിയുടെ സ്വരമുണ്ടതിൽ. ഫാസിസത്തിന്റെ വരവറയിക്കുന്ന അലർച്ചയാണത്. ലോകത്തെ രണ്ടാമത്തെ വലിയ സേനയാണ് ഇന്ത്യൻ പ്രതിരോധസേന. അതിനു മുകളിലാണ് ആർഎസ്എസ് എന്ന് അവകാശപ്പെടുന്നത് വെറുമൊരു വീമ്പുപറച്ചിലായി കാണാനാകില്ല. ജനങ്ങളെയും ജനാധിപത്യസംവിധാനങ്ങളെയും ഭയപ്പെടുത്താനുള്ള ശ്രമമാണത്.
ഇന്ത്യയുടെ സ്വാതന്ത്ര്യപോരാട്ടവുമായി പുലബന്ധംപോലുമില്ലാതിരുന്നവരും ബ്രിട്ടീഷ് വാഴ്ചയ്ക്ക് വെൺചാമരം വീശിയവരുമാണ് ആർഎസ്എസിന്റെ പൂർവകാല മഹാനേതാക്കൾ. മഹാത്മജിയുടെ നെഞ്ചിൻകൂട് തകർത്ത് വെടിശബ്ദം കേട്ടമാത്രയിൽ മധുരപലഹാരവിതരണം നടത്തി തിമിർത്താടിയവരാണ് ആർഎസ്എസ്. ഭരണഘടനയിൽനിന്ന് മതേതരത്വം എന്ന വാക്കുപോലും എടുത്തുമാറ്റണമെന്ന അലമുറ ഉയരുന്നത് സംഘപരിവാർ പാളയത്തിൽനിന്നാണ്. ദേശീയഗാനവും ദേശീയപതാകയും നാനാത്വത്തിന്റെ മഹത്തായ കൂടിച്ചേരലിലൂടെ സാധ്യമാകുന്ന ദേശീയ ഐക്യവും ആർഎസ്എസിന് അരോചകമാണ്. അത്തരമൊരു കൂട്ടത്തിൽനിന്ന് സൈന്യത്തോടുള്ള ആദരവ് പ്രതീക്ഷിക്കാനാകില്ല. ഇതേ ആർഎസ്എസിന് നിയന്ത്രണമുള്ള ഭരണത്തിലാണ് അതിർത്തിയിൽ പോരാടി മരിക്കുന്ന ധീരജവാന്മാരുടെ മൃതശരീരം കൊണ്ടുവരാനുള്ള ശവപ്പെട്ടിപോലും അഴിമതിച്ചരക്കാക്കിയതെന്ന് ഓർക്കേണ്ടതുണ്ട്. അതുപോലൊരു രാജ്യേദ്രാഹസമാനമായ ഇടപെടലാണ്, രാജ്യത്തോടും സൈന്യത്തോടും അനാദരവും അവഹേളനവും പ്രകടിപ്പിച്ച് ആർഎസ്എസ് ആവർത്തിക്കുന്നത്.

വിശ്വാസം മറയാക്കി ആരാധനാലയങ്ങളുടെ മതിൽകെട്ടിനകത്ത് സൈനികപരിശീലനമാണ് ആർഎസ്എസ് നടത്തുന്നത്.  സാംസ്കാരിക സംഘടനയാണെന്നു നടിക്കുകയും കൊലയാളി സംഘടനയായി പ്രവർത്തിക്കുകയുമാണ് ആർഎസ്എസ് എന്ന് പറയുമ്പോൾ സംഘനേതാക്കൾ പ്രതിഷേധിക്കാറുണ്ട്. ഇപ്പോൾ സർ സംഘ് ചാലകുതന്നെ സംഘടനയെ സൈന്യവുമായി തുലനംചെയ്യുമ്പോൾ അത്തരക്കാർ എന്ത് വിശദീകരണമാണ് നൽകുക? സായുധപരിശീലനം നടത്തുന്ന അർധസൈനിക ഫാസിസ്റ്റ് സംഘടനയല്ല തങ്ങളെന്ന് എങ്ങനെയാണ് അവർ തെളിയിക്കുക?

ഈ പ്രസ്താവനയോട് പ്രതികരിക്കാനുള്ള ബാധ്യത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കാണ്. മോഹൻ ഭാഗവതിന്റെ വാക്കുകൾ  സർക്കാരിന്റെ നയമാണോ എന്നാണ് മോഡി ജനങ്ങളോട് തുറന്നുപറേയണ്ടത്. ഇന്ത്യൻ സൈന്യത്തെ മോഹൻ ഭാഗവതിന്റെ കണ്ണുകളിലൂടെയാണോ പ്രധാനമന്ത്രി കാണുന്നത്?
ഗാന്ധിഘാതകന് ക്ഷേത്രം പണിയുന്ന മനസ്സുകളിൽനിന്ന് ഇതിൽ കൂടുതൽ ഒന്നും രാജ്യത്തിന് പ്രതീക്ഷിക്കാനില്ല. ആർഎസ്എസിന്റെ ഒമ്പത് ദശാബ്ദം പിന്നിട്ട ചരിത്രത്തിൽ ഇതിനേക്കാൾ മെച്ചപ്പെട്ട വാക്കുകളൊന്നും ആരും കേട്ടിട്ടുമില്ല. എന്നാൽത്തന്നെയും ഭാഗവതിന്റെ ഇപ്പോഴത്തെ വാക്കുകൾ തള്ളിക്കളയേണ്ടതല്ല. കാരണം, ഇന്ന് രാജ്യം ഭരിക്കുന്നവരെ ഭരിക്കുന്നത് ആർഎസ്എസാണ് എന്നതുതന്നെ. അതുകൊണ്ടുതന്നെയാണ് ഭാഗവത് പ്രസ്താവന പിൻവലിച്ച് രാഷ്ട്രത്തോടും സൈന്യത്തോടും മാപ്പ് പറയണമെന്ന ആവശ്യം സമൂഹത്തിൽ അലയടിക്കുന്നത് ●


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top