03 June Saturday

അനുവദിക്കരുത് രാജ്യത്തെ ദുരന്തഭൂമിയാക്കാൻ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 18, 2018


ആർഎസ്എസിന്റെ ദേശീയ എക്സിക്യൂട്ടീവ് യോഗം (അഖില ഭാരതീയ ചിന്തൻ ബൈഠക്) പുണെയിൽ നടക്കുകയാണ്. ദളിത് വിഭാഗങ്ങളിൽനിന്ന് സംഘപരിവാറിനെതിരെ ഉയരുന്ന രോഷമടക്കം ചർച്ച ചെയ്യാനാണ് 11 വർഷത്തെ ഇടവേളയ്ക്കുശേഷം രാജ്യത്തെ 80 ആർഎസ്എസ് പ്രമുഖർ ഇങ്ങനെ കൂടിച്ചേരുന്നത്. അതേസമയം, ത്രിപുരയിൽനിന്ന് വന്ന വാർത്ത അജീന്ദർ റിയാങ് എന്ന സിപിഐ എം പ്രവർത്തകനെ കൊന്ന് കെട്ടിത്തൂക്കിയിരിക്കുന്നു എന്നതാണ്. ആദിവാസിമേഖലയായ അമർപുരിൽ കാട്ടിൽ വിറക് ശേഖരിക്കാൻ പോയ അജീന്ദറിനെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. പ്രതിസ്ഥാനത്ത് സംഘപരിവാറാണ്. ദിവസങ്ങൾക്കുമുമ്പാണ് മറ്റൊരു സിപിഐ എം നേതാവായിരുന്ന രാകേഷ് ദറിനെ ബിജെപി‐ഐപിഎഫ്ടി സംഘം തല്ലിക്കൊന്നശേഷം കെട്ടിത്തൂക്കിയത്. ജനാധിപത്യവിരുദ്ധ മാർഗങ്ങളിലൂടെ അധികാരം പിടിച്ച ത്രിപുരയിൽ ആർഎസ്എസിന്റെ നിയന്ത്രണത്തിലുള്ള ബിജെപി നടത്തുന്ന ആക്രമണങ്ങളുടെ ഒരു ഭാഗമാണിത്. ദളിത് വിഭാഗങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ,സ്ത്രീകൾ നാടെങ്ങും വേട്ടയാടപ്പെടുകയാണ്.

യുപിയിൽ യോഗി ആദിത്യനാഥ് അധികാരത്തിൽ വന്നശേഷം, ഈ ഒരുവർഷത്തിനിടയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 17 ശതമാനത്തിന്റെ വർധനയുണ്ടായി. യോഗി അധികാരത്തിൽവന്ന് രണ്ടുമാസത്തിനുള്ളിൽ 803 ബലാത്സംഗങ്ങളും 729 കൊലപാതകങ്ങളും 799 കവർച്ചകളും രണ്ടായിരത്തിലേറെ തട്ടിക്കൊണ്ടുപോകലുകളും 60 കൊള്ളകളും നടന്നതായാണ് ഔദ്യോഗിക കണക്ക്. ഇതിനുപുറമെയാണ് 'ഏറ്റുമുട്ടൽ കൊലപാതകങ്ങൾ'. യോഗിവാഴ്ചയിൽ 420 'ഏറ്റുമുട്ടലു'കളിലായി 180 പേരാണ് കൊല്ലപ്പെട്ടത്. ഇതിലേറെയും മുസ്ലിങ്ങളും ദളിതരുമാണ്. വർഗീയസംഘട്ടനങ്ങൾ ഇതിനുപുറമെയാണ്.

ജമ്മു കശ്മീരിലെ കത്വയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗംചെയ്ത് അതിഭീകരമായി കൊലപ്പെടുത്തിയ കേസിലെ ബിജെപി നിലപാടിലുണ്ട് സ്ത്രീകളോടും കുഞ്ഞുങ്ങളോടുമുള്ള സംഘപരിവാറിന്റെ സമീപനം. യോഗി ആദിത്യനാഥിന്റെ സാക്ഷാൽ ഹിന്ദുത്വവാഴ്ചയിൽ നടക്കുന്നതെന്താണെന്നതിന്റെ ഏറ്റവും ഒടുവിലത്തെ, ആരെയും ഞെട്ടിക്കുന്ന സംഭവമാണ് മുഖ്യമന്ത്രിയുടെ വസതിക്കുമുന്നിൽ ആത്മഹത്യാഭീഷണിയുമായെത്തിയ പെൺകുട്ടിയുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്.

യുപിയിലെ ഉന്നാവ ജില്ലയിൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിക്കും കുടുംബത്തിനുമാണ് ദാരുണവും ഭീകരവുമായ ഈ അനുഭവമുണ്ടായത്. 2017 ജൂൺ 17ന് ബിജെപി എംഎൽഎയും കൂട്ടുകാരും ചേർന്ന് ആ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയാണുണ്ടായത്. എംഎൽഎയുടെ ശിങ്കിടിയായ ഒരു സ്ത്രീ, ജോലിക്ക് അപേക്ഷ നൽകാനെന്നു പറഞ്ഞ് വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയ പെൺകുട്ടിയെ എംഎൽഎ കുൽദീപ്സിങ് സെൻഗറിന്റെ താവളത്തിൽ എത്തിച്ചുകൊടുക്കുകയാണുണ്ടായത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ കേസെടുത്ത് കുറ്റവാളികളെ കസ്റ്റഡിയിലെടുക്കാൻ തയ്യാറാകാത്ത യോഗി ആദിത്യനാഥിന്റെ പൊലീസ്, പക്ഷേ ബിജെപി എംഎൽഎ കൊടുത്ത കള്ളക്കേസിന്റെ പേരിൽ പെൺകുട്ടിയുടെ അച്ഛനെ കസ്റ്റഡിയിലെടുക്കാൻ ഒരു വൈമനസ്യവും കാണിച്ചില്ല എന്നതാണ് ബിജെപിവാഴ്ചയിലെ നീതിനിർവഹണത്തിന്റെ അവസ്ഥ. അതാണ് സ്വമേധയാ കേസിൽ ഇടപെട്ട ഹൈക്കോടതി ചൂണ്ടിക്കാണിച്ചത്.

തന്റെ അച്ഛനെ മോചിപ്പിക്കണമെന്നും തന്നെ ബലാത്സംഗം ചെയ്ത ബിജെപി എംഎൽഎയെയും കൂട്ടുകാരെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിക്കുമുന്നിൽ ആത്മഹത്യാഭീഷണി മുഴക്കി പെൺകുട്ടിയും അമ്മയും ഉൾപ്പെടെയുള്ള കുടുംബം സമരത്തിനെത്തിയതോടെയാണ് സംഭവം ലോകശ്രദ്ധയിൽ വന്നത്. ദളിതരെ കൊല്ലുന്നു, രാഷ്ട്രീയ എതിരാളികളെ മൃഗീയമായി വേട്ടയാടുന്നു, സ്ത്രീകളെയും കുഞ്ഞുങ്ങളെയും പിച്ചിച്ചീന്തുന്നു‐ ആർഎസ്എസ് ഇതിനെതിരെയൊന്നും പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്? ആ സംഘടനയുടെ പ്രചാരകനാണ് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി. ആ സംഘടനയാണ് ഭരണം നിയന്ത്രിക്കുന്നത്. എന്തുകൊണ്ട് പ്രതികരണമുണ്ടാകുന്നില്ല? ഈ അതിക്രമങ്ങളെല്ലാം ആർഎസ്എസ് ആസൂത്രണത്തിലും പ്രേരണയിലും നടക്കുന്നു എന്നതാണ് ആ സംശയത്തിനുള്ള ഉത്തരം. ഇത് വ്യാപകമായി തിരിച്ചറിയപ്പെടുന്നു. ജനങ്ങൾ ശക്തമായി പ്രതികരിച്ച് തുടങ്ങിയിരിക്കുന്നു. ആ പ്രതികരണം താങ്ങാനുള്ള മാർഗമാണ് 11 വർഷത്തിനുശേഷം ചിന്തൻ ബൈഠക് ചേർന്ന് ആർഎസ്എസ് ആലോചിക്കുന്നത്. അതൊരുപക്ഷേ, കൂടുതൽ വർഗീയ അസ്വസ്ഥതകളിലേക്കും കുഴപ്പത്തിലേക്കും രാജ്യത്തെ നയിക്കുന്നതാകും. അതാണനുഭവം. അതുകൊണ്ടുതന്നെ, പുണെയിൽനിന്ന് വരുന്ന തീരുമാനങ്ങളെ രാജ്യം കരുതിയിരിക്കേണ്ടതുണ്ട്. രാജ്യത്തെയാകെ ദുരന്തഭൂമിയാക്കാനുള്ള ഏതു നീക്കത്തെയും തോൽപ്പിക്കേണ്ടതുമുണ്ട്
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top