13 August Thursday

അഴിമതി മറച്ചുപിടിക്കാനുള്ള വെപ്രാളം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 1, 2017


തിരുവനന്തപുരം ജില്ലയില്‍ സമീപനാളുകളില്‍ ഉണ്ടായ ആക്രമണസംഭവങ്ങള്‍ ദൌര്‍ഭാഗ്യകരമാണ്. കേന്ദ്ര ഭരണകക്ഷിയുടെ കൂറ്റന്‍ അഴിമതികള്‍ ഒന്നൊന്നായി പുറത്തുവന്നപ്പോള്‍ ജനശ്രദ്ധ തിരിക്കാന്‍ ആസൂത്രണം ചെയ്യപ്പെട്ടതാണ് വ്യാപകമായ ആക്രമണം എന്ന് വ്യക്തമായിട്ടുണ്ട്. തുടര്‍ച്ചയായ ആക്രമണം ഉണ്ടാക്കുക, പ്രകോപനം സൃഷ്ടിക്കുക, പ്രതികരണം ഉണ്ടാകുമ്പോള്‍ തങ്ങള്‍ ആക്രമിക്കപ്പെടുന്നു എന്ന് വിലപിച്ച് രാജ്യവ്യാപക പ്രചാരണം നടത്തുക- ഇത് സംഘപരിവാറിന്റെ പതിവുരീതിയാണ്. കേന്ദ്ര ഭരണകക്ഷിയെന്ന ഹുങ്കോടെ ഭീഷണി മുഴക്കുകയും  തങ്ങള്‍ക്ക് അടിപ്പെട്ട് മറ്റു പാര്‍ടികള്‍ പ്രവര്‍ത്തിച്ചുകൊള്ളണം എന്ന് ശഠിക്കുകയും ചെയ്യുന്ന ബിജെപി കേരളത്തില്‍ നിരന്തരം പ്രശ്നം സൃഷ്ടിക്കുകയാണ്. ഇവിടെ അക്രമവാഴ്ചയാണെന്ന് വികാരപരമായി പുറത്ത് പ്രചരിപ്പിച്ചതിന്റെ ഫലമായാണ് കേരളത്തെക്കുറിച്ചോ കേരളീയ ജീവിതത്തെക്കുറിച്ചോ ഒന്നും അറിയാത്ത കുന്ദന്‍ ചന്ദ്രാവത്തിനെപ്പോലുള്ള ഉത്തരേന്ത്യന്‍ ആര്‍എസ്എസ് നേതാക്കള്‍ കേരള മുഖ്യമന്ത്രിയുടെ തലയ്ക്ക് വിലയിടുന്ന അവസ്ഥ വന്നത്. കേരളത്തെക്കുറിച്ചുള്ള ഇത്തരം വ്യാജപ്രചാരണങ്ങള്‍ക്ക് ഭംഗം വന്നത് കേന്ദ്രഭരണത്തിന്റെ തണലില്‍ ബിജെപി നേതാക്കള്‍ നടത്തിയ പടുകൂറ്റന്‍ അഴിമതികള്‍ പുറത്തുവന്നപ്പോഴാണ്. ഓര്‍ക്കാപ്പുറത്തുണ്ടായ ആഘാതം മറച്ചുപിടിക്കാനുള്ള വെപ്രാളമാണ് കഴിഞ്ഞ കുറെ നാളുകളിലായി സംസ്ഥാന ബിജെപി നേതൃത്വത്തില്‍ പ്രകടമാകുന്നത്.

തിരുവനന്തപുരം ജില്ലയിലെ ഐരാണിമുട്ടത്ത് എസ്എഫ്ഐയുടെ കൊടിമരം തകര്‍ക്കുകയും സിപിഐ എം നേതാക്കളുടെയും കൌണ്‍സിലര്‍മാരുടെയും വീടുകള്‍ തുടരെ ആക്രമിക്കുകയും ചെയ്യുന്നത് ബിജെപി മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതിയുടെ ഭാഗമായാണ്. നഗരത്തില്‍ മാത്രമല്ല പുറത്ത് കാട്ടാക്കട, പൂവ്വച്ചല്‍ ഭാഗത്ത് സിപിഐ എമ്മിന്റെയും വര്‍ഗബഹുജന സംഘടനകളുടെയും ഓഫീസുകള്‍ക്കും കൊടിമരങ്ങള്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെ ആക്രമണം ഉണ്ടായി. സിഐടിയു സംസ്ഥാന സെക്രട്ടറിയും ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ചെയര്‍മാനുമായ കാട്ടാക്കട ശശിയുടെ വീട് വ്യാഴാഴ്ച പുലര്‍ച്ചെ ആക്രമിച്ചു. ഇങ്ങനെ ഏകപക്ഷീയമായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അക്രമിസംഘത്തിന്റെ ഒളിത്താവളമായ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനുനേരെ കല്ലേറുണ്ടായത്. തന്റെ വീടാക്രമിച്ച്് കടന്നുകളഞ്ഞവരെ പിന്തുടര്‍ന്ന് തിരുവനന്തപുരം നഗരസഭാ കൌണ്‍സിലര്‍ ഐ പി ബിനുവും ചിലരും എത്തിയതിനെ കുമ്മനം രാജശേഖരനുനേരെ ഉണ്ടായ വധശ്രമമാണ് എന്ന് പരിഹാസ്യമായി ചിത്രീകരിക്കുക മാത്രമല്ല, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടാക്രമിക്കാന്‍ ഗുണ്ടാസംഘത്തെ പറഞ്ഞുവിടുകയും ചെയ്തു ആര്‍എസ്എസ്.

സിപിഐ എം ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ടിയല്ല. അതുകൊണ്ടുതന്നെ അക്രമസംഭവങ്ങളില്‍ പങ്കാളികളായവര്‍ക്കുനേരെ പരസ്യമായി നിലപാടെടുക്കാനും നടപടി സ്വീകരിക്കാനും മടിച്ചുനിന്നില്ല. സര്‍ക്കാരും മുഖംനോക്കാതെ നടപടി സ്വീകരിക്കുന്നു. അവിടെയാണ് സമീപനങ്ങളിലെ വ്യത്യാസം. ജില്ലയിലാകെ ആക്രമണം നടത്തിയ ഒരാളെപ്പോലും ഈ നിമിഷംവരെ സംഘപരിവാര്‍ തള്ളിപ്പറഞ്ഞിട്ടില്ല. അക്രമിസംഘത്തിന് പരസ്യമായ സംരക്ഷണം നല്‍കുന്നു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി തെരുവില്‍ ഇറങ്ങി അഴിഞ്ഞാടുന്നു. മെഡിക്കല്‍കോളേജ് അഴിമതിയിലൂടെയും ബിജെപിയിലെ തന്നെ ഒരു വിഭാഗത്തിന്റെ മുന്‍കൈയിലും പുറത്തുവന്ന വികൃത മുഖം ഒളിപ്പിക്കാനുള്ള അവസാന ശ്രമം എന്ന നിലയിലാണ് ശ്രീകാര്യം കരുമ്പുംകോണത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് രാഷ്ട്രീയനിറം നല്‍കി സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചതും സംഘടിത ആക്രമണത്തിന് അണികളെ കയറൂരിവിട്ടതും. കരുമ്പുംകോണത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹും പ്രതികളായ ഗുണ്ടാസംഘവും തമ്മില്‍ നേരത്തെതന്നെ സംഘര്‍ഷമുണ്ടായിരുന്നു. ജൂൂലൈ ഏഴിന് രണ്ട് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടയാളും കൊന്നയാളും ഈ കേസുകളിലുണ്ട്. അന്ന് അതിന് രാഷ്ട്രീയബന്ധം ഇരുകൂട്ടരും ആരോപിച്ചിട്ടില്ല. വ്യക്തിവിരോധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. അന്നത്തെ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി നടന്ന കൊലപാതകം തിരുവനന്തപുരത്തെ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ കണക്കില്‍പ്പെടുത്തി കൂട്ടക്കുഴപ്പം ഉണ്ടാക്കാനുള്ള നീക്കമാണ് പിന്നീട് കണ്ടത്. കേന്ദ്രത്തെ ഇടപെടുവിക്കാനുള്ള ശ്രമവും ഗവര്‍ണറില്‍ ചെലുത്തിയ സമ്മര്‍ദവും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അന്വേഷണവുമെല്ലാം അതിന്റെ തുടര്‍ച്ചയാണ്. ആക്രമണം അടിച്ചമര്‍ത്താനും അക്രമികള്‍ക്കുനേരെ മുഖം നോക്കാതെ നടപടിയെടുക്കാനും പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ് കേരളത്തിലേത്. വസ്തുതകള്‍ നിരത്തി അക്കാര്യം വിശദീകരിച്ചപ്പോള്‍ ഗവര്‍ണര്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും വ്യത്യസ്ത അഭിപ്രായമുണ്ടായില്ല. ബിജെപി- ആര്‍എസ്എസ് നേതാക്കളെയും സിപിഐ എം സംസ്ഥാന സെക്രട്ടറിയെയും പങ്കെടുപ്പിച്ച് ചര്‍ച്ചചെയ്ത് സമാധാന ശ്രമങ്ങള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുത്തിട്ടുണ്ട്. ആ യോഗത്തിന്റെ സന്ദേശം സമാധാനം പുലരാനുള്ളതാണ്. അത് ഉള്‍ക്കൊണ്ട് അക്രമം അവസാനിപ്പിക്കാനും വ്യാജപ്രചാരണങ്ങള്‍ക്ക് അറുതി വരുത്താനുമുള്ള ബാധ്യത നിറവേറ്റേണ്ടതുണ്ട്. കേരളം ഭരിക്കുന്നത് ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണ്. ആ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതിനു പകരം ഭീഷണിയുടെ സ്വരത്തില്‍ ആക്രമണം നടത്തി കേരളീയരുടെ മനസ്സില്‍ ഇടംപിടിക്കാമെന്നുള്ളത് വ്യാമോഹമാണെന്ന് ബിജെപി തിരിച്ചറിയണം. സമാധാനം നിലനിര്‍ത്താനുള്ള സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങള്‍ക്കും ഞങ്ങള്‍ അകമഴിഞ്ഞ പിന്തുണ അറിയിക്കുന്നു


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top