02 June Friday

സിബിഐയെ ക്വട്ടേഷൻ സംഘമാക്കുന്നവർ

വെബ് ഡെസ്‌ക്‌Updated: Saturday Feb 10, 2018


ആർഎസ്എസിന്റെ നിർദേശപ്രകാരം പ്രവർത്തിക്കുന്ന ഏജൻസിയായി സിബിഐ മാറി എന്നത് നരേന്ദ്ര മോഡി അധികാരത്തിലേറിയ അന്നുമുതൽ വ്യക്തമാകുന്ന വസ്തുതയാണ്. അതിനുമുമ്പ് രാജ്യാധികാരം കൈയാളിയ കോൺഗ്രസാണ് സിബിഐയെ കൂട്ടിലടച്ച് ചീട്ടെടുപ്പിച്ചത്. ആരാണോ അധികാരത്തിൽ, അവരുടെ വിശ്വസ്ത വിനീതസേവകരായി മാറുകയാണ് രാജ്യത്തിന്റെ ഏറ്റവും ഉന്നതമായ അേന്വഷണ ഏജൻസി. ലാവ്ലിൻ കേസിൽ ജുഡീഷ്യറിയുടെ രണ്ടു പരിശോധനയിലും തള്ളിപ്പോയ കുറ്റപത്രം സിബിഐ ഉണ്ടാക്കിയത് അന്നത്തെ കോൺഗ്രസ് സർക്കാരിന്റെ ഇംഗിതപ്രകാരമായിരുന്നു. ലക്ഷ്യം സിപിഐ എമ്മിന്റെ സമുന്നത നേതാവ് പിണറായി വിജയനെ രാഷ്ട്രീയമായും വ്യക്തിപരമായും അവസാനിപ്പിക്കുക എന്നത്. കേന്ദ്രഭരണം മൻമോഹൻസിങ്ങിൽനിന്ന് മോഡിയുടെ കരങ്ങളിലെത്തിയപ്പോൾ ആർഎസ്എസിന്റെ അജൻഡ സിബിഐയുടെ അജൻഡയായി. കേരളത്തിൽ സിപിഐ എം നേതാവ് പി ജയരാജനെതിരെ സിബിഐ നടപ്പാക്കിയത് ആ അജൻഡയാണ്. പൊലീസ് അന്വേഷണം പൂർത്തിയാക്കിയതുൾപ്പെടെയുള്ള ഒരുപിടി കേസുകൾ കോടതി ചോദിക്കുന്നതുപോലും കാത്തുനിൽക്കാതെ ചാടിവീണ് അന്വേഷണത്തിന് സന്നദ്ധത അറിയിച്ചതും അതിന്റെ ഭാഗംതന്നെ. ആർഎസ്എസിന്റെ മുഖ്യശത്രു സിപിഐ എമ്മാണ്. അതുകൊണ്ട് തങ്ങളുടെ ശത്രു സിപിഐ എം തന്നെ എന്ന് സിബിഐ കരുതുന്നു.

സ്വാർഥതാൽപ്പര്യങ്ങൾക്കുവേണ്ടി സിബിഐയെ എങ്ങനെ ഉപയോഗിക്കാം എന്ന് കൃത്യമായി തെളിയിച്ചത് യുപിഎ ഭരണകാലത്താണ്. കോളിളക്കമുണ്ടാക്കിയ എയർസെൽ മാക്സിസ് ഇടപാടിൽ സിബിഐയുടെ അന്വേഷണ റിപ്പോർട്ടുകൾ ആരോപണവിധേയനും മുൻ കേന്ദ്രധനമന്ത്രിയുമായ പി ചിദംബരം ചോർത്തിയെന്ന വാർത്ത അതിന്റെ ഒടുവിലത്തെ അനിഷേധ്യമായ തെളിവാണ്. ജനുവരി 13ന് ചിദംബരത്തിന്റെ ഡൽഹി ജോർബാഗിലെ വസതിയിൽ നടത്തിയ പരിശോധനയിൽ സിബിഐയുടെ രഹസ്യറിപ്പോർട്ടുകൾ കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് വെളിപ്പെടുത്തിയത്.

2013 ആഗസ്ത് ഒന്നിനും 2018 ജനുവരി 23നും മുദ്രവച്ച കവറിൽ സിബിഐ സുപ്രീംകോടതിയിൽ സമർപ്പിച്ച കേസന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ടുകളുടെ കരടിന്റെ പകർപ്പുകളാണ് പിടിച്ചെടുത്തത്. സിബിഐയിലെ അടുപ്പക്കാരായ ഉദ്യോഗസ്ഥർവഴിയാണ് ചിദംബരം റിപ്പോർട്ടുകൾ ചോർത്തിയതെന്നാണ് അറിയുന്നത്. റിപ്പോർട്ട് ചോർന്നതായി എൻഫോഴ്സ്മെന്റിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ സിബിഐ ആഭ്യന്തര അന്വേഷണം തുടങ്ങി. മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്നും അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടാൽ വിശദീകരണം നൽകുമെന്നുമാണ് ചിദംബരത്തിന്റെ നിലപാട്. റാഫേൽ യുദ്ധവിമാന ഇടപാടിലെ അഴിമതി ചൂണ്ടിക്കാട്ടി കോൺഗ്രസ് കേന്ദ്രസർക്കാരിനെതിരെ ശക്തമായി രംഗത്തെത്തിയ വേളയിലാണ് യുപിഎ സർക്കാരിലെ പ്രമുഖനായിരുന്ന ചിദംബരത്തിനെതിരെ എൻഫോഴ്സ്മെന്റും സിബിഐയും രംഗത്തെത്തിയത്.

ഐഎൻഎക്സ് മീഡിയയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനെതിരെ സിബിഐ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസും ചോർന്നതായി നേരത്തെതന്നെ ആക്ഷേപമുണ്ട്.

2013 ആഗസ്ത് ഒന്നിന് ജസ്റ്റിസ് ജി എസ് സിങ്വിയുടെ ബെഞ്ചുമുമ്പാകെ സിബിഐ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടും ചിദംബരത്തിന്റെ വീട്ടിൽനിന്ന് കണ്ടെത്തി. തെരച്ചിലിൽ പിടിച്ചെടുത്ത വസ്തുക്കൾ തന്റെ പക്കലുണ്ടായിരുന്നതാണെന്ന് വ്യക്തമാക്കി ചിദംബരം ഒപ്പിട്ടുനൽകിയിട്ടുണ്ട്. കോടതിയുടെ പരിഗണനയിലുള്ള കേസിലെ അന്വേഷണറിപ്പോർട്ട് ചോർത്തിയത് ഗുരുതര നിയമലംഘനമാണ്.

ധനമന്ത്രിയായിരിക്കെ, എയർസെൽ മാക്സിസ് ഇടപാടിൽ ചിദംബരം നടത്തിയ അനധികൃത ഇടപെടലുകൾ വ്യക്തമാക്കുന്നതാണ് 2018 ജനുവരി 23ന് സിബിഐ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. ഇടപാടിന് ചട്ടങ്ങൾ ലംഘിച്ച് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡ് (എഫ്ഐപിബി) അംഗീകാരം നൽകിയതുമായി ബന്ധപ്പെട്ട രേഖകളും മൊഴികളും തൽസ്ഥിതി റിപ്പോർട്ടിലുണ്ട്. 800 ദശലക്ഷം ഡോളറിന്റെ ഇടപാട്് (അന്ന് ഏകദേശം 3500 കോടി രൂപ) സാമ്പത്തികകാര്യങ്ങൾക്കുള്ള മന്ത്രിസഭാസമിതിയുടെ പരിഗണനയ്ക്ക് വിടാതെ ചിദംബരം സ്വന്തംനിലയ്ക്ക് അംഗീകരിച്ചെന്നാണ് ആരോപണം. ഇടപാടുമായി ബന്ധപ്പെട്ട് മകൻ കാർത്തി ചിദംബരം, അനന്തരവൻ എ പളനിയപ്പൻ എന്നിവരുടെ പേരിലുള്ള കടലാസുകമ്പനികൾക്ക് അനധികൃത സാമ്പത്തികനേട്ടം ഉണ്ടായെന്നും ആരോപണമുണ്ട്.

അരുതാത്തതാണ് സംഭവിച്ചത്. അതാണ് തുടരുന്നത്. കേന്ദ്രഭരണാധികാരം കൈയാളുന്നവർക്ക് സ്വന്തം അഴിമതികൾ മൂടിവച്ച് നിയമത്തിന്റെ കരങ്ങളിൽനിന്ന് രക്ഷപ്പെടാനും രാഷ്ട്രീയ എതിരാളികളെ വകവരുത്താനുമുള്ളതാണ് സിബിഐയും മറ്റ് ഏജൻസികളും എന്നത് ജനാധിപത്യത്തിന്റെയും നീതിനിർവഹണത്തിന്റെയും ശവപ്പെട്ടിപണിയൽതന്നെയാണ്. കോൺഗ്രസായാലും ബിജെപിയായാലും സിബിഐയെ ക്വട്ടേഷൻസംഘമായി കണക്കാക്കുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top