09 June Friday

പകപോക്കലിന് ദേശീയതയുടെ മറ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 7, 2016


വര്‍ഗീയതപോലെ രാഷ്ട്രീയമായി ദുരുപയോഗിക്കാവുന്നതും 'ലാഭ'മുണ്ടാക്കാവുന്നതുമായ ഒന്നായാണ് സംഘപരിവാര്‍ 'ദേശിയത'യെ കാണുന്നത്. തങ്ങള്‍ക്കെതിരായ വിമര്‍ശങ്ങള്‍ ഹിന്ദുവിനെതിരാണെന്ന് ലജ്ജയില്ലാതെ അവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. അനാചാരങ്ങളും അനീതികളും എതിര്‍ക്കപ്പെടുമ്പോള്‍ ഹിന്ദു ആക്രമിക്കപ്പെടുന്നെന്ന് അലമുറയിടുന്നു. ബിജെപിയെയും അതിനെ നിയന്ത്രിക്കുന്ന ആര്‍എസ്എസിനെയും മതത്തിന്റെയും രാഷ്ട്രത്തിന്റെയും സ്ഥാനത്ത് കപടമായി പ്രതിഷ്ഠിച്ച്  മതവികാരവും  ദേശസ്നേഹവികാരവും ഉത്തേജിപ്പിച്ച് രാഷ്ട്രീയനേട്ടംകൊയ്യാനുള്ള കുടിലതന്ത്രങ്ങള്‍ക്ക് ലഭിച്ച തിരിച്ചടിയാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി 'രാജ്യദ്രോഹം' സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങള്‍. സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെപേരില്‍ ആര്‍ക്കെതിരെയും രാജ്യദ്രോഹ, മാനനഷ്ട കേസുകള്‍    എടുക്കാനാകില്ലെന്നാണ് ജസ്റ്റിസുമാരായ ദീപക് മിശ്രയും യു യു ലളിതും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കിയത്.  രാജ്യദ്രോഹക്കുറ്റത്തിന്റൈ വിവേകശൂന്യമായ പ്രയോഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്  കോമണ്‍ കോസ് എന്ന സംഘടന നല്‍കിയ ഹര്‍ജിയുടെ പരിഗണനാവേളയിലാണ് സുപ്രധാനമായ നിരീക്ഷണമുണ്ടായത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124എ വകുപ്പാണ് രാജ്യദ്രോഹക്കുറ്റത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ട വകുപ്പാണിത്. പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുതന്നെ ഈ വകുപ്പിന്റെ അപകടങ്ങളെക്കുറിച്ച് പാര്‍ലമെന്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ദേശീയപ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ ദുര്‍വിനിയോഗിച്ച ആയുധങ്ങളിലൊന്ന് 'രാജ്യദ്രോഹ'ക്കുറ്റമായിരുന്നു. സ്വാതന്ത്യ്രസമരത്തെ ഭരണാധികാരികള്‍ക്കും രാഷ്ട്രത്തിനുമെതിരായ കലാപമായി വ്യാഖ്യാനിച്ച് സമരസേനാനികളെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി തുറുങ്കിലടയ്ക്കാനാണ് ബ്രിട്ടിഷ്ഭരണം തയ്യാറായത്. ഗാന്ധിജിയും തിലകനുമുള്‍പ്പെടെ കൊളോണിയല്‍ ഭരണാധികാരികള്‍ക്കുമുന്നില്‍ രാജ്യദ്രോഹികളായിരുന്നു.

രാജ്യം സ്വാതന്ത്യ്രംനേടിയപ്പോള്‍ പ്രതിപക്ഷസ്വരമുയര്‍ത്തുന്നവര്‍ക്കുനേരെ കോണ്‍ഗ്രസ് ഭരണാധികാരികള്‍ ഉപയോഗിച്ചതും അതേ ആയുധമാണ്. കമ്യൂണിസ്റ്റുകാരെ രാജ്യദ്രോഹികളെന്നുവിളിച്ച് കൂട്ടത്തോടെ ജയിലിലടച്ചതടക്കം എത്രയോ അനുഭവങ്ങളുണ്ട്. ഡോ. ബിനായക് സെന്‍, അരുന്ധതി റോയി, കാര്‍ട്ടൂണിസ്റ്റ്  അസിം ത്രിവേദി–ഇങ്ങനെ പോകുന്നു രാജ്യദ്രോഹമുദ്ര ചാര്‍ത്തി പീഡിപ്പിക്കപ്പെട്ടവരുടെ പട്ടിക. കനയ്യകുമാറിലും കോണ്‍ഗ്രസ് നേതാവുകുടിയായ ചലച്ചിത്രനടി രമ്യയിലും അതെത്തിനില്‍ക്കുകയാണ്.  രാഷ്ട്രീയമായ എതിര്‍പ്പോ അധികാരകേന്ദ്രങ്ങള്‍ക്കെതിരായ വിമര്‍ശമോ ഉന്നയിക്കുന്ന ആര്‍ക്കെതിരെയും എടുത്തുപ്രയോഗിക്കാനുള്ള ഒന്നായി 'രാജ്യദ്രോഹക്കുറ്റം' മാറിയതിന്റെ ഗുരുതര പ്രത്യാഘാതത്തെക്കുറിച്ചാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നത്.  

കൂടംകുളം ആണവനിലയത്തിനെതിരായ പ്രകടനത്തില്‍ പങ്കെടുത്ത 3,500 പേര്‍ക്കെതിരെ  രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരുന്നു. മീററ്റിലെ സ്വാമി വിവേകാനന്ദ് സര്‍വകലാശാലയിലെ    67 കശ്മീരി വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്, ഏഷ്യാ കപ്പ് ക്രിക്കറ്റില്‍    ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ പാകിസ്ഥാന്‍ വിജയിച്ചപ്പോള്‍ ആഹ്ളാദം പ്രകടിപ്പിച്ചതിനായിരുന്നു. ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ കേസ് പിന്‍വലിച്ചെങ്കിലും ആ കുട്ടികളെ സര്‍വകലാശാലയില്‍നിന്ന് പുറത്താക്കി. നടി രമ്യ ചെയ്ത 'രാജ്യദ്രോഹം' പാകിസ്ഥാന്‍ നരകമാണെന്ന് തനിക്ക് തോന്നുന്നില്ല എന്ന് പറഞ്ഞതാണ്. പാകിസ്ഥാന് സിന്ദാബാദ് വിളിച്ചു, ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കി എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ ഉയര്‍ത്തി തങ്ങള്‍ക്ക് ഹിതകരമല്ലാത്തത് പ്രവര്‍ത്തിക്കുന്നവരെ നശിപ്പിക്കാനുള്ള ആയുധമായാണ് ഭരണാധികാരികള്‍ 'രാജ്യദ്രോഹ'ത്തെ ഉപയോഗിക്കുന്നത് എന്ന് വിവിധ കേസുകളുടെ ഉദാഹരണം നിരത്തി ചൂണ്ടിക്കാണിക്കാനാകും. ഇത്തരം പ്രവണതകളെയാണ് സുപ്രീംകോടതി നിശിതവിമര്‍ശനത്തിനിരയാക്കിയത്.

124എ വകുപ്പ് പ്രയോഗിക്കുമ്പോള്‍ സുപ്രീംകോടതിയുടെ നേരത്തെയുള്ള വിധികളുടെ അടിസ്ഥാനത്തിലുള്ള മാര്‍ഗനിര്‍ദേശംപാലിച്ചേ മതിയാകൂ എന്ന് ഡിവിഷന്‍ബെഞ്ച് സംശയരഹിതമായി വ്യക്തമാക്കുന്നു. 1962ലെ  കേദാര്‍നാഥ്  കേസില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ‘ഭരണഘടനാബെഞ്ചിന്റെ വിധിന്യായം സുവ്യക്തമാണ്. അക്രമത്തിന് ആഹ്വാനംചെയ്യുകയോ ക്രമസമാധാനലംഘനത്തിന് മുതിരുകയോ ചെയ്യാത്ത പ്രവൃത്തികള്‍ ഒന്നുംതന്നെ രാജ്യദ്രോഹത്തിന്റെ പട്ടികയില്‍ വരില്ല എന്നാണ് ആ വിധിയുടെ കാതല്‍. അത് നിലവിലുള്ളപ്പോള്‍  രാജ്യദ്രോഹനിയമത്തെ പറ്റി കൂടുതല്‍ വിശദീകരിക്കേണ്ട കാര്യംതന്നെയില്ല എന്ന് കോടതി കരുതുന്നു. അത് അവഗണിച്ച്, രാഷ്ട്രീയവിമര്‍ശത്തെയും അഭിപ്രായസ്വാതന്ത്യ്രത്തെയും  ഞെരിക്കാനുള്ള ആയുധമായാണ് 124 എ  ദുരുപയോഗിക്കപ്പെടുന്നത്.

ദേശീയതയെക്കുറിച്ചുള്ള ഏകാധിപത്യസങ്കല്‍പ്പം അടിച്ചേല്‍പ്പിക്കാനും ആ വകുപ്പിനെ  കരുവാക്കുന്നു. ജനാധിപത്യ അവകാശങ്ങള്‍ക്കും പൌരസ്വാതന്ത്യ്രത്തിനും എതിരായ കടന്നാക്രമണമാണിത്. ആ യാഥാര്‍ഥ്യത്തിന് സുപ്രീംകോടതിയും അടിവരയിട്ടിരിക്കയാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top