05 July Sunday

രോഹിന്‍ഗ്യകളോട് ഇന്ത്യക്ക് ശത്രുതയെന്തിന്

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2017


അയല്‍രാജ്യമായ മ്യാന്മറിലെ (പഴയ ബര്‍മ) റാഖൈന്‍ ജില്ലയില്‍നിന്ന് സൈന്യം ബലംപ്രയോഗിച്ച് പുറത്താക്കിയ രോഹിന്‍ഗ്യന്‍ മുസ്ളിങ്ങള്‍ അഭയാര്‍ഥികളായി ബംഗ്ളാദേശിലേക്കും ഇന്ത്യയിലേക്കും നേപ്പാളിലേക്കും കുടിയേറുകയാണിപ്പോള്‍. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ബംഗ്ളാദേശില്‍നിന്ന് കുടിയേറിയവരാണിവരെന്നും അതിനാല്‍ അവര്‍ക്ക് മ്യാന്മര്‍ പൌരത്വം നല്‍കാനാകില്ലെന്നുമാണ് ഓങ് സാന്‍ സൂചി സര്‍ക്കാരിന്റെ വാദം. തീവ്ര ബുദ്ധമതക്കാരാണ് ഈ വാദത്തിനുപിറകിലുള്ളത്. സൈന്യം അവരുടെ നിയന്ത്രണത്തിലുമാണ്.

സ്വന്തമായി ഭൂമിയില്ലാതെ അലയുന്ന രോഹിന്‍ഗ്യകളുടെ ജീവിതം ദുരിതപൂര്‍ണമാണിന്ന്. ഡല്‍ഹിയിലും ജയ്പുരിലും ജമ്മുവിലും ചണ്ഡീഗഡിലും അഭയാര്‍ഥികളായി അവര്‍ എത്തിയിട്ടുണ്ട്. എന്നാല്‍, ഇവരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുന്നതിനുപകരം സൂചിസര്‍ക്കാരിനുസമാനമായ ശത്രുതാപരമായ സമീപനമാണ് മോഡിസര്‍ക്കാരും സ്വീകരിക്കുന്നത്. ഇന്ത്യയിലുള്ള ഉദ്ദേശം 40,000 രോഹിന്‍ഗ്യകളെ പുറത്താക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ് മോഡിസര്‍ക്കാര്‍. മാത്രമല്ല, ഇവര്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് സര്‍ക്കാരിന്റെ പുതിയ വാദം. രോഹിന്‍ഗ്യകളെ പുറത്താക്കുന്നതിന് ന്യായീകരണമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അഭയാര്‍ഥികള്‍ ഭീകരരാണെന്ന വിചിത്രമായ വാദം മുന്നോട്ടുവയ്ക്കുന്നത്.

ഭക്ഷണവും കിടപ്പാടവും വസ്ത്രംപോലും ഇല്ലാത്ത ഈ പട്ടിണിപ്പാവങ്ങള്‍ തോക്കേന്തുന്ന ഭീകരരാണെന്നാണ് മോഡി പറയുന്നത്. പാകിസ്ഥാനിലെ ഐഎസ്ഐ, ഇസ്ളാമിക് സ്റ്റേറ്റ് തുടങ്ങിയ പ്രസ്ഥാനങ്ങളുമായി രോഹിന്‍ഗ്യകള്‍ക്ക് ബന്ധമുണ്ടെന്നും കേന്ദ്രം പറയുന്നു. ഈ വാദത്തിന് ബലം നല്‍കാനായി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കുന്നതിന് തൊട്ടുതലേ ദിവസം അല്‍ ഖായ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബംഗ്ളാദേശ് വംശജനായ ബ്രിട്ടീഷ് പൌരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. രോഹിന്‍ഗ്യകളില്‍ ഒരു ചെറുന്യൂനപക്ഷം അല്‍ ഖായ്ദ ഉള്‍പ്പെടെയുള്ള ഭീകരവാദപ്രസ്ഥാനത്തിലേക്ക് ആകര്‍ഷികപ്പെട്ടത് ചൂണ്ടിക്കാട്ടി ആ ജനവിഭാഗം മുഴുവന്‍ ഭീകരവാദികളാണെന്ന് പറയുന്നതിലെ യുക്തിയില്ലായ്മയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. കശ്മീരിലെ ചിലര്‍ ഭീകരവാദപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടതിന് കശ്മീരികള്‍ മുഴുവന്‍ ഭീകരവാദികളാണെന്ന് പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്? ഇരകളെ കുറ്റക്കാരാക്കുന്ന സംഘപരിവാറിന്റെ പതിവുതന്ത്രംതന്നെയാണ് ഇവിടെയും മോഡിസര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് കാണാം.

രോഹിന്‍ഗ്യകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പറയുന്നവര്‍ അത് എങ്ങനെയാണെന്ന് വിശദീകരിക്കേണ്ടതുണ്ട്.  ഇന്ത്യയില്‍ രോഹിന്‍ഗ്യകള്‍ ഏറ്റവും കൂടുതലുള്ളത് ജമ്മുവിലാണ്. എന്നാല്‍, അവര്‍ക്കെതിരെ ഇത്തരത്തിലുള്ള ഒരു കേസും ഇതുവരെയായും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ജമ്മുവിലെ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് എസ് ഡി സിങ് കഴിഞ്ഞദിവസം എന്‍ഡിടിവിയോട് പറഞ്ഞത്, രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്നതരത്തിലുള്ള ഒരു കേസും രോഹിന്‍ഗ്യകള്‍ക്കെതിരെ ചുമത്തപ്പെട്ടിട്ടില്ലെന്നാണ്. ഏതാനും നിസ്സാരമായ കേസുകള്‍മാത്രമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു ആരോപണം, രോഹിന്‍ഗ്യകളെ ഹവാല പണമിടപാട് നടത്തുന്നതിനായി ഭീകരവാദികളും മറ്റും ഉപയോഗിക്കുന്നുണ്ടെന്നാണ്. ഹവാലപ്പണം അവര്‍വഴി കൈമാറ്റം ചെയ്യുന്നുവെങ്കില്‍ അവരുടെ ജീവിതം ഇത്രമാത്രം ദുരിതപൂര്‍ണമാകുന്നതെങ്ങനെ എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു. അതുകൊണ്ടുതന്നെ ചിരിക്ക് വകനല്‍കുന്ന വാദമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ കരണ്‍ ഥാപ്പര്‍തന്നെ പറയുകയുണ്ടായി. രോഹിന്‍ഗ്യകളെ പുറത്താക്കുന്നതിന് കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന മറ്റൊരു വിചിത്രമായ വാദം, ഇന്ത്യയിലെ ബുദ്ധമതക്കാര്‍ക്ക് അവര്‍ ഭീഷണിയാണെന്നാണ്. വര്‍ഷങ്ങളായി ഇന്ത്യയില്‍ താമസിക്കുന്ന 40,000 വരുന്ന രോഹിന്‍ഗ്യകള്‍ ഇതുവരെയും ബുദ്ധമതക്കാര്‍ക്കെതിരെ ഒരു ചെറുവിരല്‍പോലും അനക്കിയിട്ടില്ലെന്നതാണ് വസ്തുത. അങ്ങനെയെങ്കില്‍ പാകിസ്ഥാനില്‍നിന്നും ബംഗ്ളാദേശില്‍നിന്നും ഇന്ത്യയിലേക്ക് കുടിയേറുന്ന ഹിന്ദു അഭയാര്‍ഥികള്‍ ഇവിടത്തെ മുസ്ളിങ്ങളെ ആക്രമിക്കുമെന്ന് ഭയന്ന് അവരെ പുറത്താക്കണമെന്നു പറയുന്നതിലെ നിരര്‍ഥകതതന്നെയാണ് രോഹിന്‍ഗ്യകളുടെ കാര്യത്തിലും ഉള്ളതെന്ന് സാരം.

അഭയാര്‍ഥികളെക്കുറിച്ചുള്ള 1951ലെ യുഎന്‍ ചട്ടത്തില്‍ ഇന്ത്യ ഒപ്പുവയ്ക്കാത്തതുകൊണ്ടുതന്നെ അനധികൃതമായി കുടിയേറിയ രോഹിന്‍ഗ്യകളെ പുറത്താക്കാന്‍ ഇന്ത്യക്ക് അധികാരമുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. യുഎന്‍ ചട്ടത്തില്‍ ഒപ്പുവച്ചില്ലെങ്കില്‍പ്പോലും അവരെ ബലമായി പുറത്താക്കുന്നത് ഇന്ത്യന്‍ ഭരണഘടനതന്നെ അനുവദിക്കുന്നില്ലെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വം മറക്കുകയാണ്. ഭരണഘടനയിലെ അനുച്ഛേദം 21 അനുസരിച്ച് പൌരന്മാരല്ലെങ്കില്‍പ്പോലും ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ജീവിക്കാനും വ്യക്തിസ്വാതന്ത്യ്രം കാത്തുസൂക്ഷിക്കാനും അധികാരമുണ്ട്. നേരത്തെ ഡല്‍ഹി, ഗുജറാത്ത് ഹൈക്കോടതികള്‍ സമാനമായ കേസുകളില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. മാത്രമല്ല, യുഎന്നിന്റെ പല മനുഷ്യാവകാശചട്ടങ്ങളിലും ഇന്ത്യ ഒപ്പുവച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ രോഹിന്‍ഗ്യകളെ ബലമായി പുറത്താക്കിയാല്‍ അത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒരു പ്രതിനായകന്റെ സ്ഥാനം ഇന്ത്യക്ക് സമ്മാനിക്കും. കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി ലോകത്ത് എന്നും തലയുയര്‍ത്തി നിന്ന ഇന്ത്യക്ക് മോഡി സമ്മാനിക്കുന്നത് ഈ പ്രതിനായകസ്ഥാനമാണ്

പ്രധാന വാർത്തകൾ
 Top