05 July Sunday

റോഹിന്‍ഗ്യകളുടെ കൂട്ടപ്പലായനം

വെബ് ഡെസ്‌ക്‌Updated: Friday Sep 8, 2017


പടിഞ്ഞാറന്‍ മ്യാന്മറിലെ റാഖൈന്‍ ജില്ലയില്‍നിന്ന് റോഹിന്‍ഗ്യ മുസ്ളിങ്ങളുടെ കൂട്ടപ്പലായനം തുടരുകയാണ്. ഒന്നരലക്ഷത്തിലധികംപേര്‍ ഇതിനകം അയല്‍രാജ്യമായ ബംഗ്ളാദേശിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ട്.  റോഹിന്‍ഗ്യകളെ മുഴുവന്‍ ജിഹാദുകളായി മുദ്രകുത്തി വംശീയമായി വേട്ടയാടാന്‍ ആരംഭിച്ചതോടെയാണ് കൂട്ടപ്പലായനം ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ സൈനികര്‍ക്കുനേരെ ജിഹാദ് ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തിലാണ് മ്യാന്മര്‍ സൈന്യവും തീവ്രബുദ്ധമതക്കാരും റോഹിന്‍ഗ്യകളെ വേട്ടയാടാന്‍ ആരംഭിച്ചത്. തുടര്‍ന്നുള്ള സൈനിക നീക്കത്തില്‍ 12 സൈനികരും 77 റോഹിന്‍ഗ്യകളും കൊല്ലപ്പെട്ടു.എന്നാല്‍, റോഹിന്‍ഗ്യകള്‍ക്കെതിരെ മനുഷ്യത്വത്തെ മരവിപ്പിക്കുന്ന ആക്രമണങ്ങളാണ് നടക്കുന്നതെന്നാണ് ഹ്യൂമന്‍റൈറ്റ്സ് വാച്ചും മറ്റ് പാശ്ചാത്യ സര്‍ക്കാരിതര സംഘടനകളും യുഎന്നും ആരോപിക്കുന്നത്. വംശീയ കൂട്ടക്കൊലയ്ക്ക് വേഗം വര്‍ധിച്ചതോടെ ജീവന്‍ രക്ഷിക്കാനായി കുട്ടികളും സ്ത്രീകളുമടക്കം നേഫ നദി കടന്ന് ബംഗ്ളാദേശിലേക്ക് പ്രവഹിച്ചു. ജീവന്‍ രക്ഷിക്കാനുള്ള വെപ്രാളത്തില്‍ ബോട്ടുകളിലുംമറ്റും അനധികൃതമായി അതിര്‍ത്തി കടക്കുന്നതിനിടയില്‍ പലരും പുഴയില്‍ വീണ് മരിച്ചു.

ഇന്നും ഇന്നലെയും തുടങ്ങിയതല്ല റോഹിന്‍ഗ്യകളുടെ ദുരിതം.  മ്യാന്മര്‍ എന്ന രാഷ്ട്രം ഒരിക്കലും ഇവരെ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ബംഗ്ളാദേശുമായി അതിര്‍ത്തി തീര്‍ക്കുന്ന റാഖൈന്‍ ജില്ലയിലെ റോഹിന്‍ഗ്യകള്‍ ബംഗ്ളാദേശികളാണെന്നാണ് മ്യാന്മറിന്റെ പക്ഷം. അതുകൊണ്ടുതന്നെ അവര്‍ റാഖൈന്‍ വിടണമെന്നാണ് മ്യാന്മര്‍ വാദിക്കുന്നത്.  ബലം പ്രയോഗിച്ച് ഇവരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങളും മ്യാന്മറിലെ പട്ടാള ഭരണകൂടങ്ങളും  ഇപ്പോള്‍ ഓങ് സാന്‍ സൂകിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി സര്‍ക്കാരും നടത്തുകയും ചെയ്യുന്നു. പ്രധാനമായും മൂന്ന് തവണയാണ് വംശീയശുദ്ധീകരണത്തിനുള്ള ശ്രമങ്ങള്‍ നടന്നത്.  1978ലായിരുന്നു ആദ്യത്തേത്.  തുടര്‍ന്ന് 1982ലാണ് റോഹിന്‍ഗ്യകള്‍ക്ക് പൌരത്വം നിഷേധിക്കുന്ന മ്യാന്മര്‍ സിറ്റിസണ്‍ ആക്ട് പട്ടാള ഭരണകൂടം പാസാക്കിയത്. ഇതോടെ എല്ലാ മനുഷ്യാവകാശങ്ങളും വിദ്യാഭ്യാസ-ആരോഗ്യസേവനങ്ങളും നിഷേധിക്കപ്പെട്ട ജനതയായി ഇവര്‍ മാറി. അവര്‍ ബംഗ്ളാദേശിലേക്കും മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും ഇന്ത്യയിലേക്കും കുടിയേറി. 

ലോകത്തിലെ ഏറ്റവും വേട്ടയാടപ്പെട്ട ന്യനപക്ഷമായി റോഹിന്‍ഗ്യകള്‍ മാറിയെന്ന് യുഎന്‍തന്നെ അഭിപ്രായപ്പെട്ടു.  2012-15ലും 2016-17ലും വംശീയശുദ്ധീകരണം തുടര്‍ന്നു. മൊത്തം ജനസംഖ്യയില്‍ പകുതിയോളവും അയല്‍രാജ്യങ്ങളിലേക്ക് കുടിയേറി. ആയിരത്തില്‍താഴെ വരുന്ന ചെറുന്യൂനപക്ഷം നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനത്തിന്റെപേരിലാണ് റോഹിന്‍ഗ്യ മുസ്ളിങ്ങള്‍ക്കെതിരെ ഈ വേട്ടയാടല്‍ എന്നോര്‍ക്കണം. ഭീകരവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നതില്‍ രണ്ടഭിപ്രായമില്ല. അതിനുള്ള എല്ലാ അധികാരവും സൂകി സര്‍ക്കാരിനുണ്ട്. പക്ഷേ അതിന്റെപേരില്‍ ഒരു ജനസമൂഹത്തെയാകെ കൊന്നൊടുക്കുന്നതില്‍ എന്ത് ന്യായീകരണമാണുള്ളത്? പട്ടാളഭരണത്തിന്റെ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ പൊരുതി നൊബേല്‍ സമ്മാനമടക്കം നേടിയ സൂകിയുടെ സര്‍ക്കാരാണ് ഈ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കുന്നത്!

റോഹിന്‍ഗ്യകളെ വേട്ടയാടുന്ന സൂകി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പാകിസ്ഥാന്റെയും സൌദി അറേബ്യയുടെയും തുര്‍ക്കിയുടെയും നടപടിയില്‍ അടങ്ങിയ വിരോധാഭാസവും ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്.  റാഖൈനില്‍ മുസ്ളിം തീവ്രവാദത്തിന്റെ വിത്ത് മുളപ്പിച്ചത് സൌദിയും പാകിസ്ഥാനുംമറ്റുംതന്നെയാണ് എന്നതാണ് യാഥാര്‍ഥ്യം. അറാക്കന്‍ റോഹിന്‍ഗ്യ സാല്‍വേഷന്‍ ആര്‍മി(എആര്‍എസ്എ) എന്ന ഭീകരവാദപ്രസ്ഥാനത്തിന് നേതൃത്വംനല്‍കുന്ന അത്താവുള്ള അബു അമ്മര്‍ ജൂന്‍ജുനു കറാച്ചിക്കാരനായ റോഹിന്‍ഗ്യയാണ്. അയാള്‍ക്ക് മതവിദ്യാഭ്യാസവും ഫണ്ടും ലഭിച്ചത് സൌദിയില്‍നിന്നാണെങ്കില്‍ ആയുധപരിശീലനം ലഭിച്ചത് പാകിസ്ഥാനില്‍നിന്നാണ്.  ബലൂച്ചികളെ വേട്ടയാടുന്ന പാകിസ്ഥാനും ഹൂത്തികളെ വേട്ടയാടുന്ന സൌദി അറേബ്യയും കുര്‍ദുകളെ വേട്ടയാടുന്ന തുര്‍ക്കിയും റോഹിന്‍ഗ്യകളെ ഓര്‍ത്ത് കണ്ണീര്‍വാര്‍ക്കുന്നതിലെ കാപട്യം തിരിച്ചറിയണം.

ഭീകരവാദത്തെ നേരിടാന്‍ സൂകി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി മോഡി വംശീയശുദ്ധീകരണത്തെ എതിര്‍ക്കാത്തത് ഇന്ത്യന്‍ വിദേശനയത്തിന് കാവി പുതപ്പിക്കുകയാണ്. റോഹിന്‍ഗ്യന്‍ മുസ്ളിങ്ങളെയാണ് സൂകി സര്‍ക്കാര്‍ വേട്ടയാടുന്നത് എന്നതിനാലായിരിക്കാം ഇത്.  മാത്രമല്ല ഇന്ത്യയിലുള്ള 40000 വരുന്ന റോഹിന്‍ഗ്യകളെ നാടുകടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ആഗസ്ത് 28ന് പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയിലും സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും സര്‍ക്കാര്‍ ഇക്കാര്യം ആവര്‍ത്തിച്ചു.  അയല്‍രാജ്യങ്ങളില്‍നിന്നുള്ള ഹിന്ദു അഭയാര്‍ഥികള്‍ക്ക് പൌരത്വം നല്‍കുമെന്ന് വാഗ്ദാനംനല്‍കി അധികാരത്തിലേറിയ സര്‍ക്കാരാണ് മുസ്ളിങ്ങളായതുകൊണ്ടുമാത്രം റോഹിന്‍ഗ്യകളെ പുറത്താക്കുമെന്ന് പറയുന്നത്. ദലൈലാമയ്ക്കും ബംഗ്ളാദേശികള്‍ക്കും പാഴ്സികള്‍ക്കും ബംഗ്ളാദേശികള്‍ക്കും ജൂതര്‍ക്കും അഭയംനല്‍കിയ 130 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യയാണ് ഇപ്പോള്‍ 40000 മാത്രം വരുന്ന റോഹിന്‍ഗ്യകളെ പുറത്താക്കുമെന്ന് പറയുന്നത്. ഇവിടെ പുറത്താക്കപ്പെടുന്നത് റോഹിന്‍ഗ്യകളല്ല, മറിച്ച് ഇന്ത്യയെന്ന ബഹുസ്വരമായ ആശയംതന്നെയാണ്

പ്രധാന വാർത്തകൾ
 Top