04 June Sunday

ഋഷി സുനകിന്‌ ചരിത്രനിയോഗം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 26, 2022


രണ്ടുമാസത്തിനിടെ ബ്രിട്ടനിൽ പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ യാഥാസ്ഥിതിക കക്ഷി (ടോറി) നേതാവായ ഋഷി സുനകിന്‌ മുന്നിൽ വെല്ലുവിളികൾ ഏറെയാണ്‌. 87 ശതമാനം വെള്ളക്കാരുള്ള രാജ്യമാണ്‌ ബ്രിട്ടൻ. വെള്ളക്കാരനോ വെള്ളക്കാരിയോ അല്ലാതെ അവിടെ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെയാളാണ്‌ അവിഭക്ത ഇന്ത്യയിൽ വേരുകളുള്ള സുനക്‌. മിശ്രവംശജനായ ബറാക്‌ ഒബാമ പൊതുതെരഞ്ഞെടുപ്പിലൂടെ അമേരിക്കയുടെ പ്രസിഡന്റ്‌ ആയതിനോട്‌ ഉപമിക്കാനാകില്ലെങ്കിലും ബ്രിട്ടനെ സംബന്ധിച്ച്‌ അതിന്‌ സമാനമായ ഒരു ചരിത്രമുഹൂർത്തമാണിത്‌. എന്നാൽ, ഒന്നേമുക്കാൽ ലക്ഷത്തോളം ടോറി അംഗങ്ങളിൽ ബഹുഭൂരിപക്ഷം വരുന്ന വെള്ളക്കാരായ പുരുഷ വയോധികരിൽ അദ്ദേഹത്തിന്‌ പിന്തുണ കാര്യമായില്ല. ഇതുതന്നെയായിരിക്കും സുനക്‌ വാഗ്ദാനം ചെയ്യുന്നതും ബ്രിട്ടന്‌ ഇന്ന്‌ ഏറ്റവും അത്യാവശ്യവുമായ സ്ഥിരത സാക്ഷാൽക്കരിക്കുന്നതിൽ പുതിയ പ്രധാനമന്ത്രി നേരിടുന്ന പ്രധാന വെല്ലുവിളി.

പലതരത്തിൽ ചരിത്രം കുറിക്കുന്നതാണ്‌ സുനകിന്റെ അധികാരാരോഹണം. രണ്ട്‌ നൂറ്റാണ്ടിനിടയിൽ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ്‌ നാൽപ്പത്തിരണ്ടുകാരനായ ഋഷി സുനക്‌. ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയാകുന്ന ഏറ്റവും സമ്പന്നവ്യക്തിയും അദ്ദേഹമാണ്‌. മതമടക്കം ചില പ്രതികൂല ഘടകങ്ങളുണ്ടായിട്ടും ഈ സ്ഥാനലബ്ധിയിൽ സുനകിന്‌ ഏറ്റവും അനുകൂലമായത്‌ അദ്ദേഹത്തിന്റെ സാമ്പത്തികശേഷിയാണ്‌. അദ്ദേഹത്തിനും ഭാര്യ അക്ഷത മൂർത്തിക്കുംകൂടി 73 കോടി പൗണ്ടിന്റെ (6850 കോടിയോളം രൂപ) സ്വത്തുള്ളതായാണ്‌ കണക്ക്‌. പകുതിയിലധികം ബ്രിട്ടീഷുകാർ മതമില്ലാത്തവരെന്ന്‌ രേഖപ്പെടുത്തിയിട്ടുള്ളവരാണെങ്കിലും അവരിൽ പലരുമടക്കം ഭൂരിപക്ഷം ജനങ്ങൾ ക്രിസ്‌ത്യൻ പാരമ്പര്യം പിന്തുടരുന്നവരാണ്‌. അവിടെ പ്രധാനമന്ത്രിയാകുന്ന ആദ്യ ഹിന്ദുവെന്ന വിശേഷണവും സുനകിനുണ്ട്‌.

ബ്രിട്ടൻ ഇന്ന്‌ നേരിടുന്ന പ്രത്യേക സാഹചര്യമാണ്‌ രാഷ്‌ട്രീയ അസ്ഥിരതയ്‌ക്കും ഭരണത്തലപ്പത്തെ മാറ്റങ്ങൾക്കും ഇടയാക്കിയത്‌. 1980കളിൽ മാർഗരറ്റ്‌ താച്ചറുടെ കാലംമുതലെങ്കിലും ബ്രിട്ടീഷ്‌ സർക്കാരുകൾ തുടരുന്ന നവ ഉദാരവാദ സാമ്പത്തികനയങ്ങൾ ബ്രിട്ടനെ അത്യഗാധമായ പ്രതിസന്ധിയിലാണ്‌ എത്തിച്ചിരിക്കുന്നത്‌. പണപ്പെരുപ്പം 10 ശതമാനത്തിലധികമാണ്‌. ഇന്ധനവിലക്കയറ്റമടക്കം ജീവിതച്ചെലവുകൾ സാധാരണക്കാർക്ക്‌ താങ്ങാനാകാത്ത നിലയിലാണ്‌. തൊഴിലില്ലായ്‌മയും രൂക്ഷമാണ്‌. ഈ പ്രതിസന്ധി നേരിടാൻ, ഒന്നരമാസം മുമ്പ്‌ പ്രധാനമന്ത്രിയായി അധികാരമേറ്റ ലിസ്‌ ട്രസിന്റെ സർക്കാർ 4500 കോടി പൗണ്ടിന്റെ (4.21 ലക്ഷം കോടി രൂപ) നികുതിയിളവാണ്‌ സമ്പന്നർക്ക്‌ പ്രഖ്യാപിച്ചത്‌. ഇത്‌ തിരിച്ചടിച്ചപ്പോൾ പിൻവലിക്കേണ്ടിവന്നുവെന്ന്‌ മാത്രമല്ല, ആദ്യം ധനമന്ത്രിയെ മാറ്റേണ്ടിയും വന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ ലിസ്‌ ട്രസിനുതന്നെ രാജിവയ്‌ക്കേണ്ടിവന്നു. ഈ സാഹചര്യത്തിൽ കരീബിയൻ മേഖലയിൽ ഉല്ലാസയാത്രയിലായിരുന്ന മുൻഗാമി ബോറിസ്‌ ജോൺസൺ അത്‌ വെട്ടിക്കുറച്ച്‌ വീണ്ടും പ്രധാനമന്ത്രിയാകാൻ പാഞ്ഞെത്തിയെങ്കിലും നീക്കം വിജയിച്ചില്ല.

പ്രധാനമന്ത്രിസ്ഥാനത്തിന്‌ ആദ്യ കടമ്പയായ 100 ടോറി എംപിമാരുടെ പിന്തുണ ഉറപ്പിച്ചതായി ജോൺസൺ പ്രഖ്യാപിച്ചിരുന്നു. 357 പാർടി എംപിമാരിൽ 102 പേരുടെ പിന്തുണ തനിക്കുണ്ടെന്നാണ്‌ ഞായറാഴ്‌ച ജോൺസൺ അവകാശപ്പെട്ടത്‌. എന്നാൽ, അത്‌ തെളിയിക്കേണ്ടിയിരുന്ന തിങ്കളാഴ്‌ചയായിട്ടും വെറും 57 പേർ മാത്രമാണ്‌ ഒപ്പമെന്ന്‌ മനസ്സിലാക്കി പിൻവാങ്ങുകയായിരുന്നു. മറ്റൊരു മത്സരാർഥിയായിരുന്ന മന്ത്രി പെന്നി മോഡന്റിനെ ഇതിന്റെ പകുതിയോളം എംപിമാർ മാത്രമാണ്‌ പിന്തുണച്ചത്‌. അങ്ങനെയാണ്‌ നൂറിലധികം ടോറി എംപിമാരുടെ പിന്തുണയുള്ള ഏക നേതാവായി സുനക്‌ പ്രധാനമന്ത്രിസ്ഥാനം ഉറപ്പിച്ചത്‌. പിന്തള്ളപ്പെട്ട രണ്ട്‌ വെള്ളക്കാരിൽ ഒരാളെങ്കിലും 100 എംപിമാരുടെ പിന്തുണ നേടിയിരുന്നെങ്കിൽ അടുത്ത കടമ്പയായ പാർടി അംഗങ്ങളുടെ വോട്ടിന്‌ വിടേണ്ടിവരുമായിരുന്നു. അപ്പോൾ പാർടിയിലെ ഭൂരിപക്ഷത്തിന്റെ വംശീയതാൽപ്പര്യം സുനകിന്‌ എതിരാകുമായിരുന്നു. ഈ കണക്കുകൂട്ടലിലായിരുന്നു ജോൺസന്റെ നീക്കം.

സുനകിനെ അഭിനന്ദിക്കാൻ സാമാന്യ മര്യാദയുടെ പേരിൽപ്പോലും ജോൺസൺ തയ്യാറായിട്ടില്ല എന്നത്‌ അദ്ദേഹത്തിന്റെ വഴി അത്ര സുഗമമായിരിക്കില്ലെന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. ബ്രിട്ടന്റെ പ്രതിസന്ധി വഷളാക്കിയവരിൽ സുനകിനും പ്രധാന പങ്കുണ്ടെന്ന്‌ പ്രതിപക്ഷ ലേബർ പാർടി ചൂണ്ടിക്കാണിക്കുന്നുണ്ട്‌. ബോറിസ്‌ ജോൺസൺ മന്ത്രിസഭയിൽ 2020 മുതൽ ധനമന്ത്രിയായിരുന്നു സുനക്‌. അതിനാൽ പുതിയ തെരഞ്ഞെടുപ്പ്‌ വേണമെന്നാണ്‌ പ്രതിപക്ഷ ആവശ്യം. 2024 വരെ നിലവിലെ പാർലമെന്റിന്‌ കാലാവധിയുണ്ട്‌. അതുവരെ പിടിച്ചുനിൽക്കാൻ സുനകിന്‌ സാധിച്ചാൽ അത്‌ അത്ഭുതമായിരിക്കും. എന്നാൽ, ബ്രിട്ടൻ രക്ഷപ്പെടണമെങ്കിൽ നയങ്ങളിൽ കാതലായ മാറ്റം വേണം. അതുണ്ടാകുമെന്ന്‌ ഒരു സൂചനയും സുനക്‌ നൽകിയിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top