07 June Wednesday

കണക്കുപിഴച്ച് റിസര്‍വ് ബാങ്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jan 7, 2017


റിസര്‍വ് ബാങ്കിന് നാഥനുണ്ടോ എന്ന ചോദ്യം ഞങ്ങള്‍ ഈ പംക്തിയില്‍ത്തന്നെ ഉയര്‍ത്തിയിട്ട് അധികം നാളുകളായില്ല. കുറേക്കൂടി കടുത്ത പ്രതികരണം അനിവാര്യമാക്കുന്ന നടപടികളാണ് ഇന്ത്യയുടെ കേന്ദ്ര ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പിന്‍വലിച്ച 500, 1000 നോട്ടുകള്‍ ബാങ്കുകള്‍ക്ക് കൈമാറാനുള്ള അവസാനദിവസമായ ഡിസംബര്‍ 30 ഒരാഴ്ച മുമ്പായിരുന്നു. ഏഴാംനാളില്‍ പുറത്തുവന്ന ഒരു വാര്‍ത്തയും അതിനോടുള്ള റിസര്‍വ് ബാങ്കിന്റെ പ്രതികരണവും ആശ്ചര്യകരമാണ്. പിന്‍വലിച്ച നോട്ടിന്റെ 97 ശതമാനവും, അതായത് 14.97 ലക്ഷം കോടിയും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നതായിരുന്നു വാര്‍ത്ത. പ്രമുഖ ഓണ്‍ലൈന്‍ സാമ്പത്തികവാര്‍ത്താ പോര്‍ട്ടലായ 'ബ്ളൂംബര്‍ഗ്' ആണ് ആധികാരികമായി ഈ വിവരം പുറത്തുവിട്ടത്. എന്നാല്‍, തൊട്ടുപിന്നാലെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും റിസര്‍വ് ബാങ്കും ഇത് നിഷേധിച്ചു. അസാധുനോട്ടിന്റെ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്ന ഔദ്യോഗിക വാര്‍ത്താകുറിപ്പുതന്നെ റിസര്‍വ് ബാങ്ക് ഇറക്കി. കള്ളപ്പണവേട്ടയെന്ന് കൊട്ടിഘോഷിച്ച കറന്‍സി നിരോധനത്തിന്റെ ഉള്ളുകള്ളികള്‍ ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ കണക്കിലെ കളികള്‍.

സമാന്യബോധമുള്ള ഒരാള്‍ക്കും വിഴുങ്ങാനാവുന്ന കാര്യങ്ങളല്ല  റിസര്‍വ് ബാങ്ക് വിളമ്പുന്നത്. ദിനാന്ത്യത്തില്‍ കണക്കുകള്‍ പൂര്‍ത്തിയാക്കി പട്ടികകള്‍ സമതുലിതമാക്കാന്‍ ചുമതലപ്പെട്ട സ്ഥാപനങ്ങളാണ് ബാങ്കുകള്‍. ഇത്തരത്തില്‍ വിവിധ ശാഖകളുടെയും  വിവിധ ബാങ്കുകളുടെ കണക്കുകളും ദൈനംദിനംതന്നെ പൂര്‍ത്തീകരിക്കപ്പെടുന്നതാണ്. ഇതിന്റെ ക്രോഡീകരിച്ച കണക്ക് റിസര്‍വ് ബാങ്കിന് ലഭിക്കാനും ഇലക്ട്രോണിക് യുഗത്തില്‍ ഒട്ടും അമാന്തമുണ്ടാകേണ്ടതില്ല. ഒരാഴ്ച പിന്നിട്ടിട്ടും കണക്കില്ലെന്നുപറഞ്ഞ് കൈമലര്‍ത്തുന്ന റിസര്‍വ് ബാങ്ക് എന്താണ് ജനങ്ങളില്‍നിന്ന് ഒളിക്കാന്‍ ശ്രമിക്കുന്നത്.

നവംബര്‍ 8ന് 15.44 ലക്ഷം കോടി രൂപയുടെ നോട്ടാണ് പ്രധാനമന്ത്രി അസാധുവായി പ്രഖ്യാപിച്ചത്. ഇതില്‍ മൂന്നില്‍രണ്ട് മാത്രമേ തിരിച്ചെത്തുകയുള്ളൂ എന്നും ബാക്കി കള്ളപ്പണമായിരിക്കുമെന്നും വീമ്പിളക്കിയവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും ഇതേ അവകാശവാദം ഉന്നയിച്ചിരുന്നു. ഡിസംബര്‍ 14 വരെ 12.44 ലക്ഷം കോടി തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് 16 നാള്‍കൊണ്ട് 2.53 ലക്ഷം കോടി കൂടി ബാങ്കുകളിലെത്തിയെന്ന വാര്‍ത്താ ഏജന്‍സിയുടെ കണക്ക് യുക്തിസഹമാണ്. പിന്നെ എന്തുകൊണ്ടാണ് പണം എണ്ണിത്തീര്‍ന്നില്ല എന്ന പരിഹാസ്യമറുപടി റിസര്‍വ് ബാങ്കില്‍നിന്ന് ഉണ്ടാകുന്നത്.

ബാങ്കുകളിലെത്തിയ മുഴുവന്‍ പണവും അക്കൌണ്ടഡ് ആയിക്കഴിഞ്ഞു. ഇതിന്റെ സ്രോതസ്സ് പരിശോധിക്കാനും നികുതി ഇടാക്കാനും പ്രയാസമില്ല.  നോട്ട് അസാധുവാക്കല്‍വഴി ഇന്ത്യയിലെ കള്ളപ്പണത്തിന്റെ വേരറുക്കും എന്ന അവകാശവാദം ശുദ്ധതട്ടിപ്പായിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. പ്രവാസികള്‍ക്കും മറ്റും ഇനിയും അസാധുനോട്ട് നിക്ഷേപിക്കാന്‍ അവസരമുണ്ട്. സഹകരണ ബാങ്കുകളുടെ കൈവശവും പഴയ നോട്ടുകള്‍ മാറാനുണ്ട്. ഇതൊക്കെകൂടി വരുന്നതോടെ പിന്‍വലിച്ച നോട്ടുകള്‍ മുഴുവന്‍ ബാങ്കിലെത്തും. രാജ്യത്ത് കള്ളപ്പണം ഒട്ടുമില്ല എന്നാണോ ഇത് അര്‍ഥമാക്കുന്നത്. അതോ ഉണ്ടായിരുന്ന കള്ളപ്പണം വെളിപ്പിക്കാന്‍ സര്‍ക്കാര്‍  അവസരം ഒരുക്കിക്കൊടുക്കുകയായിരുന്നോ. കള്ളപ്പണത്തിന്റെ വലിയൊരുപങ്കും വിദേശ ബാങ്കുകളിലാണെന്നത് വസ്തുതയാണ്. സ്വര്‍ണമായും വസ്തുവായും സൂക്ഷിച്ചവ കണ്ടുപിടിക്കാന്‍ കാര്യമായ ശ്രമങ്ങളൊന്നും നടക്കുന്നുമില്ല. അപ്പോള്‍പ്പിന്നെ പണമായി സൂക്ഷിച്ച കണക്കില്‍പെടാത്ത സമ്പാദ്യം വെളുപ്പിച്ചെടുക്കാന്‍ വേണ്ടപ്പെട്ടവര്‍ക്ക് അവസരമൊരുക്കിയെന്നതാകും മോഡിയുടെ കറന്‍സി നിരോധനത്തിന്റെ ബാക്കിപത്രം.

മോഡിസര്‍ക്കാര്‍ ആഘോഷപൂര്‍വം തുടങ്ങിയ ജന്‍ധന്‍ അക്കൌണ്ടുകളുടെ എണ്ണം 26 കോടി കവിഞ്ഞിരിക്കുന്നു. ഇതിനുപുറമെയുള്ള 20 കോടി അക്കൌണ്ടുകള്‍ മാത്രമാണ് രാജ്യത്തുള്ളത്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ജന്‍ധന്‍ അക്കൌണ്ടുകളിലെല്ലാം വന്‍തോതില്‍ നിക്ഷേപങ്ങള്‍ എത്തിയിട്ടുണ്ട്. ഈ സീറോ ബാലന്‍സ് അക്കൌണ്ടുകളില്‍ പലതിലും ബിനാമി പണം കുമിഞ്ഞിരിക്കുകയാണ്. ഇത് ഫലപ്രദമായി പരിശോധിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും റിസര്‍വ് ബാങ്കും ആദായനികുതി വകുപ്പും തയ്യാറാകുന്നില്ലെന്നത് സംശയകരമാണ്.

നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് കള്ളപ്പണം വെളിപ്പെടുത്താനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഗരീബി കല്യാണ്‍ യോജന എന്നുപേരിട്ട പദ്ധതിയില്‍ ലഭിക്കുന്ന പണം വികസനത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുമെന്നും പറഞ്ഞുവച്ചു. ഈ പദ്ധതിയില്‍ എത്രപേര്‍, എത്ര പണം വെളിപ്പെടുത്തിയെന്നതിന് വല്ല കണക്കുമുണ്ടോ? ബാങ്കിലെത്താതെപോകുന്ന കറന്‍സിക്ക് പകരമായി ഇറക്കുന്ന പുതിയ പണം സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍കൂട്ടി പാവങ്ങളുടെ ക്ഷേമത്തിന് ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചവര്‍ മുഴുവന്‍ പണവും തിരിച്ചെത്തിയതോടെ കണക്കുകൂട്ടിക്കളിക്കുകയാണ്.

കറന്‍സിരഹിത സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ മെച്ചം പുതുതലമുറ പണമിടപാട് സ്ഥാപനങ്ങള്‍ക്കാണെന്ന് അവര്‍ കോടികള്‍മുടക്കി നടത്തുന്ന പരസ്യം കണ്ടാലറിയാം. ഇലക്ട്രോണിക്  ഇടപാടുകള്‍ക്ക് പ്രഖ്യാപിച്ചിരുന്ന നാമമാത്ര ഇളവുകളെല്ലാം അവസാനിച്ചുകഴിഞ്ഞു. ഇനി അക്കൌണ്ടിലെ ബാലന്‍സ് അറിയുന്നത് ഉള്‍പ്പെടെ എല്ലാത്തിനും കഴുത്തറപ്പന്‍ കമീഷന്റെ കാലമാണ്. സ്വന്തം അക്കൌണ്ടിലെ പണം ഇനിയുമേറെ കാലം റേഷനായി മാത്രമേ ലഭിക്കാനിടയുള്ളൂ. അസംഘടിതമേഖലയില്‍ തൊഴില്‍ ഇല്ലാതായി. ചെറുകിട കച്ചവടക്കാര്‍ കട പൂട്ടിത്തുടങ്ങി. രാഷ്ട്രപതി തന്നെ ആശങ്കപ്പെട്ടപോലെ സമ്പദ്ഘടന മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. പാവങ്ങളുടെ ദുരിതത്തിന് ആര് പരിഹാരംകാണും. രാഷ്ട്രപതിയുടെ ഈ ചോദ്യത്തിന് ചുമതലപ്പെട്ടവര്‍ ഉത്തരം നല്‍കുന്നില്ല. രാജ്യം ഇരുട്ടിലാണ്. അത്  കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും കണ്ണടയ്ക്കുന്നത് കൊണ്ടല്ലെന്നുമാത്രം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top