06 February Monday

വയോജനങ്ങളോടുള്ള ക്രൂരത കേന്ദ്രം അവസാനിപ്പിക്കുക

വെബ് ഡെസ്‌ക്‌Updated: Wednesday Jan 5, 2022


ദുരിതകാലത്ത്‌ ഏറ്റവും ശ്രദ്ധ ലഭിക്കേണ്ട വിഭാഗമാണ്‌ വയോജനങ്ങൾ. നാടിന്റെ വികസനത്തിനും മുന്നോട്ടുള്ള കുതിപ്പിനും ഏറ്റവും കൂടുതൽ സംഭാവന നൽകിയ വിഭാഗമാണ്‌ അവർ. അതുകൊണ്ടുതന്നെ ഒരു രാജ്യത്തിനും ഈ വിഭാഗത്തെ അവഗണിച്ച്‌ മുന്നോട്ടുപോകാനാകില്ല. അതിനാലാണ്‌ പല രാജ്യവും വയോജനങ്ങൾക്ക്‌ പല സൗജന്യവും നൽകുന്നത്‌. എന്നാൽ, ജനസംഖ്യയുടെ 17 ശതമാനത്തോളം വരുന്ന മുതിർന്ന പൗരന്മാരോട്‌ കരുണാർദ്രമായ സമീപനം സ്വീകരിക്കുന്നതിനു പകരം അവർക്ക്‌ നിലവിലുള്ള തുച്ഛമായ ആനുകൂല്യങ്ങൾപോലും എടുത്തുകളയുന്ന സമീപനമാണ്‌ മോദി സർക്കാർ സ്വീകരിക്കുന്നത്‌. ഒരാഴ്‌ചമുമ്പ്‌ പാറശാലമുതൽ കാസർകോടുവരെയുള്ള അമ്പതോളം റെയിൽവേ സ്‌റ്റേഷനുമുമ്പിൽ അവർ കൂട്ടധർണ നടത്താൻ നിർബന്ധിതമായത്‌ നഷ്‌ടപ്പെട്ട ആനുകൂല്യം തിരിച്ചുപിടിക്കുന്നതിനായിരുന്നു. ദശകങ്ങളായി വയോജനങ്ങൾക്ക്‌ ഇന്ത്യൻ റെയിൽവേ നൽകിയിരുന്ന ടിക്കറ്റ്‌ നിരക്കിലുള്ള ഇളവ്‌ 2020 മാർച്ച്‌ 20 മുതൽ പിൻവലിച്ചതിനെതിരെയായിരുന്നു സീനിയർ സിറ്റിസൺസ്‌ ഫ്രണ്ട്‌സ്‌ വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ ആയിരക്കണക്കിനു വയോജനങ്ങൾ സമരത്തിന്‌ തയ്യാറായത്‌.

കോവിഡ്‌ മഹാമാരിയുടെ കാലത്ത്‌ ഏറെ ദുരിതം അനുഭവിക്കുമ്പോഴാണ്‌ പരിമിതമായ ഇളവുകൾപോലും എടുത്തുകളയാൻ കേന്ദ്ര സർക്കാർ തയ്യാറായത്‌. 58 വയസ്സ്‌ കഴിഞ്ഞ സ്‌ത്രീകൾക്ക്‌ 50 ശതമാനവും 60 കഴിഞ്ഞ പുരുഷന്മാർക്ക്‌ 40 ശതമാനവുമാണ്‌ ടിക്കറ്റ്‌ നിരക്കിൽ ഇളവ്‌ നൽകിയിരുന്നത്‌. റെയിൽവേക്ക്‌ ഭീമമായ നഷ്ടമാണ്‌ ഈ ഇളവുകൾ വഴി ഉണ്ടാകുന്നതെന്നും അതിനാലാണ്‌ ഈ നടപടിയെന്നുമാണ്‌ വിശദീകരണം. പാർലമെന്റിൽ ഒരു ചോദ്യത്തിന്‌ നൽകിയ ഉത്തരത്തിൽ റെയിൽമന്ത്രി അശ്വിനി വൈഷ്‌ണവ്‌ പറഞ്ഞത്‌ വയോജനങ്ങൾക്കുള്ള യാത്രാഇളവുകൾ പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നാണ്‌. കോവിഡ്‌കാലത്ത്‌ വയോജനങ്ങൾ യാത്ര ചെയ്യരുതെന്ന ന്യായവും ഈ ക്രൂരതയ്‌ക്ക്‌ സാധൂകരണമായി കേന്ദ്ര സർക്കാർ മുന്നോട്ടുവയ്‌ക്കുന്നുണ്ട്‌. 2016 മുതൽ നാലുവർഷത്തിനിടയ്‌ക്ക്‌ 5475 കോടിയാണത്രേ റെയിൽവേക്ക്‌ ഇതുവഴി നഷ്ടമുണ്ടായിട്ടുള്ളത്‌.

എത്രയോ കാലമായി മുഴുവൻ നിരക്കിൽ യാത്ര ചെയ്‌ത്‌ റെയിൽവേയുടെ വളർച്ചയിൽ ഭാഗഭാക്കായവരാണ് ഇവർ എന്ന വസ്‌തുത മറച്ചുവച്ചുകൊണ്ടാണ്‌ നഷ്ടക്കണക്ക്‌ നിരത്തുന്നത്‌. ഇളവുകൾ നൽകിയാൽ യാത്രക്കാരുടെ എണ്ണം കൂടുമെന്നും അതുവഴി ഇളവ്‌ നൽകുന്നതിനേക്കാൾ വരുമാനം നേടാൻ കഴിയുമെന്നും റെയിൽവേക്ക്‌ അറിയാത്തതല്ല. ആഭ്യന്തരടൂറിസം എന്നും റെയിൽവേയുടെ പ്രധാന വരുമാനമാർഗമാണ്‌. സ്ഥലങ്ങളും ആരാധനാലയങ്ങളും സന്ദർശിക്കാനും വിദൂര സ്ഥലങ്ങളിൽ ജോലിചെയ്യുന്ന മക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാനുമായി ഏറ്റവും കുടുതൽ യാത്ര ചെയ്യുന്ന വിഭാഗവുമാണ്‌ വയോജനങ്ങൾ. ഇളവുകളും ജനങ്ങൾക്ക്‌ നൽകുന്ന എല്ലാ സബ്‌സിഡികളും സഹായങ്ങളും നഷ്ടമാണെന്നും വൻകിട വ്യവസായികൾക്കും അതിസമ്പന്നർക്കും വാരിക്കോരി നൽകുന്ന സൗജന്യങ്ങൾ മാത്രമാണ്‌ രാഷ്ട്രത്തിന്റെ വളർച്ചയ്‌ക്ക്‌ സഹായകമാവുക എന്നതും നവ ഉദാരവാദ യുക്തിയാണ്‌. അതാണ്‌ മോദി സർക്കാരും ആവർത്തിക്കുന്നത്‌.

റെയിൽവേയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്‌ സൗജന്യങ്ങളും ഇളവുകളും ഘട്ടംഘട്ടമായി റദ്ദാക്കുന്നത്‌. 53 വിഭാഗത്തിന്‌ റെയിൽവേ നൽകിയിരുന്ന ഇളവുകളിൽ 38 വിഭാഗത്തിന്റെയും ഇതിനകം റദ്ദാക്കിക്കഴിഞ്ഞു. വയോജനങ്ങൾക്ക്‌ 200 രൂപ മാത്രമാണ്‌ പെൻഷനായി കേന്ദ്രം നൽകുന്നത്‌. അത്‌ വർധിപ്പിക്കണമെന്ന ആവശ്യം തുടർച്ചയായി അവഗണിക്കപ്പെടുകയാണ്‌. ജനങ്ങൾ ദുരിതത്തിലായാലും കോർപറേറ്റുകളുടെ കീശ വീർക്കണമെന്ന ചിന്താഗതിയാണ്‌ രാജ്യം ഭരിക്കുന്നവർക്ക്‌. കോവിഡ്‌കാലത്ത്‌ ജനങ്ങളെ സഹായിക്കാൻ മുന്നോട്ടുവരുന്നില്ലെന്നു മാത്രമല്ല അവർക്കുള്ള ഇളവുകളും ആനൂകുല്യങ്ങളും തട്ടിപ്പറിക്കാനുള്ള അവസരമാക്കുകകൂടിയാണ്‌. തലതിരിഞ്ഞ ഈ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകതന്നെ വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top