25 March Saturday

രാഹുൽ ഗാന്ധിയുടെ അപകടകരമായ ആഹ്വാനം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 14, 2021


ജനകീയമായ രാഷ്ട്രീയ, സാമ്പത്തിക നയങ്ങൾ കൈക്കൊള്ളുന്നതിൽ പാപ്പരായ കോൺഗ്രസ്‌ എത്തിച്ചേർന്നിരിക്കുന്ന ഗതികേടിന്റെ ആഴം വ്യക്തമാക്കുന്നതാണ്‌ രാഹുൽ ഗാന്ധിയുടെ ഹിന്ദുരാജ്യ ആഹ്വാനം. താൻ ഹിന്ദുവാണെന്നും രാജ്യത്ത്‌ ഹിന്ദുഭരണം സ്ഥാപിക്കണമെന്നും ജയ്‌പുരിൽ വിലക്കയറ്റത്തിനെതിരെ കോൺഗ്രസ്‌ സംഘടിപ്പിച്ച റാലിയിൽ രാഹുൽ ഗാന്ധി ആവർത്തിച്ചിരിക്കുന്നു. റാലിയിൽ പങ്കെടുത്ത എല്ലാവരെയും ഹിന്ദുക്കളായി വിശേഷിപ്പിച്ചും രാഹുൽ അഭിമാനംപൂണ്ടു! അടുത്തിടെ മുൻമന്ത്രി സൽമാൻ ഖുർഷിദിന്റെ പുസ്‌തകത്തിനെതിരെ ബിജെപി ഉയർത്തിയ വിവാദം നേരിടാൻ രാഹുൽ സമാനമായ വാദമുയർത്തി. ഹിന്ദുമതത്തെയും ഹിന്ദുത്വരാഷ്ട്രീയത്തെയും രണ്ടായി കാണണമെന്നാണ്‌ അന്ന്‌ രാഹുൽ പറഞ്ഞതെങ്കിൽ ഇപ്പോൾ കൂടുതൽ മുന്നോട്ടുപോയി ഹിന്ദുരാജ്യമാണ്‌ ലക്ഷ്യമെന്ന്‌ എഐസിസി മുൻ അധ്യക്ഷൻ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ ജനാധിപത്യ മതനിരപേക്ഷ അടിത്തറ തകർക്കാൻ ബിജെപി സർക്കാർ കൊണ്ടുപിടിച്ച്‌ ശ്രമിച്ചുവരവെയാണ്‌ കോൺഗ്രസിന്റെ ആപൽക്കരമായ ഈ നിലപാട്‌.

ചരിത്രത്തിൽനിന്ന്‌ _പഠിക്കാനും കോൺഗ്രസ്‌ തയ്യാറല്ല. ബിജെപി സർക്കാരിന്റെ കോർപറേറ്റ്‌, വർഗീയ നയങ്ങളെയും അമിതാധികാര വാഴ്‌ചയെയും നേരിടാൻ ഐക്യത്തോടെയുള്ള പ്രക്ഷോഭങ്ങളാണ്‌ ഫലപ്രദമായ മാർഗമെന്ന്‌ രാജ്യത്തെ കർഷകരും തൊഴിലാളികളും തെളിയിച്ചതിന്‌ തൊട്ടുപിന്നാലെയാണ്‌ രാഹുൽ ഗാന്ധിയുടെ അബദ്ധ പ്രസ്‌താവന. തുടർച്ചയായി പ്രതിപക്ഷത്ത്‌ ഇരിക്കേണ്ടിവരുന്ന കോൺഗ്രസ്‌ ജനങ്ങളെ സംഘടിപ്പിച്ച്‌, അവരുടെ ആവശ്യങ്ങൾക്കുവേണ്ടി പൊരുതാൻ തയ്യാറല്ല. നവ ഉദാരവൽക്കരണനയങ്ങളെ തള്ളിപ്പറയാൻ ഇപ്പോഴും മടിക്കുന്ന കോൺഗ്രസ്‌ കർഷകപ്രക്ഷോഭത്തെയും അകമഴിഞ്ഞ്‌ പിന്തുണയ്‌ക്കുകയോ സഹായിക്കുകയോ ചെയ്‌തില്ല. ബിജെപിയുടെ ‘ബി ടീം’ കളിച്ച്‌ അവസരവാദ രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളാകാനാണ്‌ അവർ ശ്രമിക്കുന്നത്‌. മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ കോൺഗ്രസ് പ്രകടിപ്പിക്കുന്ന ഈ ചാഞ്ചാട്ടമാണ് തീവ്രഹിന്ദുത്വം ഇന്ത്യയിൽ ആധിപത്യം നേടാൻ വഴിയൊരുക്കിയത്.

രാമക്ഷേത്ര വിഷയം രാഷ്ട്രീയ ആയുധമാക്കി മാറ്റാൻ ബിജെപിക്കും സംഘപരിവാറിനും കോൺഗ്രസ്‌ നൽകിയ സംഭാവന എല്ലാവർക്കുമറിയാം. ഇക്കാര്യത്തിൽ തുടക്കംമുതൽ മൃദുഹിന്ദുത്വ സമീപനമാണ്‌ അവർ കൈക്കൊണ്ടത്‌. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ബാബ്റി മസ്‌ജിദ്‌ ശിലാന്യാസത്തിനായി തുറന്നുകൊടുത്തത്. _ഇന്ത്യയെന്ന രാഷ്‌ട്രത്തിന്റെ ശരീരത്തിലുണ്ടായ ഏറ്റവുംവലിയ മുറിവാണ് ബാബ്റി മസ്ജിദ്‌ തകർത്ത സംഭവം. ഇതിന്‌ കോൺഗ്രസും ബിജെപിയും തുല്യപങ്കാളികളാണ്. പള്ളി സംരക്ഷിക്കുമെന്ന് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു പറഞ്ഞു. എന്നാൽ, മസ്ജിദ്‌ സംരക്ഷിക്കാൻ വേണ്ട ഇടപെടൽ കേന്ദ്ര സർക്കാരിൽനിന്ന്‌ ഉണ്ടായില്ല.

മസ്‌ജിദ്‌ തകർന്നതോടെ ആരാധനാലയങ്ങൾക്കും വിശ്വാസപ്രമാണങ്ങൾക്കും ഇനി രക്ഷയില്ലെന്ന ഭീതി ന്യൂനപക്ഷങ്ങളിൽ ഉടലെടുത്തു. ഭൂരിപക്ഷ വർഗീയതയുടെ കടന്നാക്രമണം ന്യൂനപക്ഷവർഗീയതയും മതമൗലികവാദവും വളരാൻ കാരണമായി. ആർഎസ്എസും ബിജെപിയും നേരിട്ടും കോൺഗ്രസ് പരോക്ഷമായും ഇക്കാര്യത്തിൽ പങ്കാളികളാണ്. കോൺഗ്രസിന്‌ ഒരിക്കലും വർഗീയതയെ ചെറുക്കാൻ കഴിയില്ലെന്ന്‌ രാഹുലിന്റെ പ്രസംഗം ആവർത്തിച്ചുവ്യക്തമാക്കുന്നു. ഹിന്ദുരാഷ്‌ട്ര സ്ഥാപനത്തിനായി നിലകൊള്ളുന്ന ആർഎസ്‌എസിന്റെ രാഷ്ട്രീയ ഉപകരണമായ ബിജെപിയെ നേരിടാൻ ഹിന്ദുരാജ്യമാണ്‌ തങ്ങളുടെയും ലക്ഷ്യമെന്നു പറയുന്നത്‌ എത്രമാത്രം ലജ്ജാകരമാണ്‌. പൊതുഇടങ്ങളിൽ _നിസ്‌കരിക്കാൻ മുസ്ലിങ്ങളെ അനുവദിക്കില്ലെന്ന ഹരിയാന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോട്‌ കോൺഗ്രസ്‌ പ്രതികരിച്ചിട്ടില്ല. _കർണാടകത്തിലും മധ്യപ്രദേശിലും _ക്രൈസ്‌തവർക്കുനേരെ നിരന്തരം ആക്രമണം നടക്കുന്നു. കോൺഗ്രസിന്‌ സാമാന്യം സ്വാധീനമുള്ള ഈ സംസ്ഥാനങ്ങളിൽ അവർ മൗനത്തിലാണ്‌. ഉത്തർപ്രദേശിൽ ബിജെപിയെ തോൽപ്പിക്കുന്നവിധത്തിലാണ്‌ കോൺഗ്രസുകാരുടെ മതപ്രീണനം. മുസ്ലിം നാമധാരികളായ നേതാക്കളെ  തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽനിന്ന്‌ മാറ്റിനിർത്തുന്നു. ഏതുപക്ഷത്താണ്‌ കോൺഗ്രസ്‌ എന്ന ചോദ്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. മതവർഗീയതയുടെ പക്ഷത്തുതന്നെയാണ്‌ കോൺഗ്രസ്‌. നെഹ്‌റുവിനെ തമസ്‌കരിക്കാൻ ബിജെപി നടത്തുന്ന ശ്രമത്തിന്‌ അദ്ദേഹത്തിന്റെ ഇളമുറക്കാരുടെ കൈത്താങ്ങ്‌.

വർഗീയതയ്‌ക്കെതിരായി സുസ്ഥിര നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷം _മാത്രമാണ്. ഇക്കാര്യത്തിൽ താൽക്കാലിക രാഷ്‌ട്രീയ നേട്ടം ഇടതുപക്ഷം പരിഗണിക്കാറില്ല. കർഷകരുടെയും തൊഴിലാളികളുടെയും അധ്വാനിക്കുന്ന എല്ലാ വിഭാഗത്തിന്റെയും ഐക്യം പടുത്തുയർത്താനുള്ള നിരന്തര പോരാട്ടത്തിലാണ്‌ ഇടതുപക്ഷം. ഈ പാത ചിന്തിക്കാൻ പോലും കോൺഗ്രസിനു കഴിയുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top