11 September Wednesday

റഫേൽ: കുരുക്ക് മുറുകുന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018


റഫേൽ വിമാനക്കരാർ സംബന്ധിച്ച വിവരങ്ങൾ ഒളിപ്പിച്ചുവയ‌്ക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്തോറും പുതിയ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.  പുറത്തുവരുന്ന ഓരോ വെളിപ്പെടുത്തലുകളും മോഡി സർക്കാരിന്റെ മുഖം കൂടുതൽ വികൃതമാക്കുകയും ചെയ്യുന്നു. ബുധനാഴ്ച ഫ്രഞ്ച് മാധ്യമമായ മീഡിയ പാർട്ട‌് പ്രസിദ്ധീകരിച്ച റിപ്പോർട്ടും കരാറിലേക്ക് നയിച്ച നടപടിക്രമങ്ങളെക്കുറിച്ചും  29നകം അറിയിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടതും മോഡി സർക്കാരിന് കനത്ത തിരിച്ചടിയായി. സുരക്ഷയുടെ മറവിൽ നടപടിക്രമങ്ങൾ പൂഴ‌്ത്തിവയ‌്ക്കാനുള്ള  കേന്ദ്രത്തിന്റെ നീക്കമാണ് സുപ്രീംകോടതിയിൽ ദയനീയമായി പരാജയപ്പെട്ടത്.

ഫ്രഞ്ച് മാധ്യമമായ ‘മീഡിയ പാർട്ടാ’ണ് കരാർ സംബന്ധിച്ച നിർണായകമായ വിവരം പുറത്തുവിട്ടിട്ടുള്ളത്. റഫേൽ വിമാനം നിർമിക്കുന്ന ദസ്സാൾട്ട് ഏവിയേഷൻസിന് കരാർ ലഭിക്കണമെങ്കിൽ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കണമെന്ന നിർബന്ധം ഇന്ത്യാ സർക്കാർ ചെലുത്തിയതിനാലാണ് അവരെ തെരഞ്ഞെടുത്തതെന്നാണ് പുതിയ വെളിപ്പെടുത്തൽ. ദസ്സാൾട്ടിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം പറഞ്ഞതെന്നും മീഡിയ പാർട്ട‌്  റിപ്പോർട്ട‌്  ചെയ‌്തു. ഫ്രഞ്ച് കമ്പനിയുടെ ഡെപ്യൂട്ടി ചീഫ് എക‌്സിക്യൂട്ടീവ‌് ലോയിൽ സീഗാലൻ 2017 മെയിൽ നാഗ്പൂരിൽ ദസ്സാൾട്ട് കമ്പനി സ്റ്റാഫിനെ അഭിസംബോധന ചെയ്യവെയാണ് ഇന്ത്യൻ സർക്കാരിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് റിലയൻസ് ഡിഫൻസിനെ പങ്കാളിയായി തെരഞ്ഞെടുത്തതെന്ന് വെളിപ്പെടുത്തിയതത്രെ. ഇതുസംബന്ധിച്ച രേഖകൾ തങ്ങളുടെ കൈവശമുണ്ടെന്നും മീഡിയ പാർട്ട‌് അവകാശപ്പെട്ടു. 

കഴിഞ്ഞമാസമാണ് മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഓളന്ദ് റിലയൻസ് ഡിഫൻസ് കമ്പനിയെ റഫേൽ കരാറിൽ പങ്കാളിയാക്കിയത് മോഡി സർക്കാരിന്റെ നിർദേശപ്രകാരമാണെന്ന് വെളിപ്പെടുത്തിയത്. ഓളന്ദിന്റെ ഈ വെളിപ്പെടുത്തലിന് ബലംനൽകുന്നതാണ് പുതിയ റിപ്പോർട്ട്. മോഡി സർക്കാർ അധികാരമേറ്റതുമുതൽ പറയുന്നത് റഫേൽ വിമാന നിർമാണകമ്പനിയായ ദസ്സാൾട്ടും റിലയൻസ് കമ്പനിയുമായുള്ള ബന്ധം തികച്ചും വാണിജ്യപരമാണെന്നും അതിൽ സർക്കാരിന് ഒരു പങ്കുമില്ലെന്നാണ്. ഫ്രാൻസിലേക്ക് പോകുന്നതിനുമുമ്പ് ദേശീയ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലും പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ഇതേ വാദം ആവർത്തിച്ചു.  എന്നാൽ, ഈ വാദമാണ‌് മീഡിയ പാർട്ടിന്റെ വെളിപ്പെടുത്തലോടെ പൊളിഞ്ഞത്.  മീഡിയ പാർട്ടിന്റെ റിപ്പോർട്ട‌് വൻ വിവാദമായതോടെ സ്വന്തം ഇഷ്ടം അനുസരിച്ചാണ് റിലയൻസ് ഡിഫൻസിനെ തെരഞ്ഞെടുത്തതെന്ന പ്രസ്താവനയുമായി ദസ്സാൾട്ട‌് ഏവിയേഷൻസ് രംഗത്തുവന്നു. എന്നാൽ, ആ പ്രസ‌്താവനയിലും കരാർ ലഭിക്കണമെങ്കിൽ റിലയൻസിനെ തന്നെ തെരഞ്ഞെടുക്കണമെന്ന നിർബന്ധം എപ്പോഴെങ്കിലും ഇന്ത്യൻ സർക്കാരിൽനിന്ന് ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ബൊഫോഴ‌്സ് അഴിമതി പുറത്തുവന്നതിനെ അനുസ‌്മരിപ്പിക്കുന്ന സംഭവങ്ങളാണ് ആവർത്തിക്കുന്നത്. ബൊഫോഴ്സ് അഴിമതി സംബന്ധിച്ച ആദ്യ വാർത്ത പുറത്തുവരുന്നത് 1987 ഏപ്രിലിൽ സ്വീഡിഷ് റേഡിയോ പുറത്തുവിട്ട റിപ്പോർട്ടിലൂടെയായിരുന്നു.  തുടർന്ന് ‘ദി ഹിന്ദു'വും ‘ദ ഇന്ത്യൻ എക്സ‌്പ്രസും' അന്വേഷണാത്മക റിപ്പോർട്ടുകളുടെ പരമ്പര തന്നെ പ്രസിദ്ധീകരിച്ചു. എൻ റാമിന്റെയും ചിത്ര സുബ്രഹ്മണ്യത്തിന്റെയും വാർത്തകൾക്ക് അന്ന് ഇന്ത്യ കാതോർത്തു. റഫേൽ അഴിമതിയുടെ സുപ്രധാന വാർത്ത പുറത്തുവന്നതും വിദേശത്തുനിന്നാണ്. മീഡിയ പാർട്ടാണ് റിലയൻസ് ഡിഫൻസിനെ തെരഞ്ഞെടുത്തത് ഇന്ത്യൻ സർക്കാർ പറഞ്ഞതനുസരിച്ചാണെന്ന ഓളന്ദിന്റെ വെളിപ്പെടുത്തൽ പുറത്തുവിട്ടത്.  ബൊഫോഴ്സ് അഴിമതി പുറത്തുവന്നപ്പോൾ ഇന്ത്യൻ മാധ്യമസ്ഥാപനങ്ങൾ സ്വീഡനിലേക്കും മറ്റും റിപ്പോർട്ടർമാരെ അയച്ച് പുതിയ വിവരങ്ങൾ പുറത്തുകൊണ്ടുവന്നുവെങ്കിൽ റഫേൽ അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ ഒരു കോർപറേറ്റ് മാധ്യമവും ഫ്രാൻസിലേക്ക് ഒരു റിപ്പോർട്ടറെയും അയച്ചില്ല.  ഫ്രഞ്ച് മാധ്യമങ്ങളാണ് പുതിയ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നത്.

ബൊഫോഴ്സ് അഴിമതിയുമായി തട്ടിച്ചുനോക്കുമ്പോൾ വൻകുംഭകോണമാണ് റഫേൽ. 64 കോടി രൂപയാണ് അഴിമതിപ്പണമായി കൈപ്പറ്റിയതെന്നായിരുന്നു ബൊഫോഴ്സ് ആരോപണം.  400 ബൊഫോഴ്സ് പീരങ്കികൾ വാങ്ങുന്നതിന് 15,000 കോടി രൂപയുടേതായിരുന്നു ഈ കരാർ.  എന്നാൽ, റഫേലാകട്ടെ 36 യുദ്ധവിമാനം വാങ്ങുന്നതിന് 59,000 കോടി രൂപയുടെ കരാറാണ്.  ഇതിൽ 30 ശതമാനമെങ്കിലും കമീഷൻ പണമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.  അതായത് എകദേശം 18,000 കോടി രൂപയുടെ അഴിമതിയാണിത്. ഏതായാലും റഫേൽ മോഡി സർക്കാരിനെ വിടാതെ പിന്തുടരുമെന്നുറപ്പ്. ഒക്ടോബർ 31നു വിഷയം വീണ്ടും സുപ്രീംകോടതി പരിഗണിക്കും. ഇടതുപക്ഷം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർടികൾ റഫേൽ വിഷയത്തിൽ ദേശവ്യാപക പ്രചാരണത്തിന് തയ്യാറെടുക്കുകയുമാണ്. അഴിമതിയുടെ ആഴം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ പ്രതിപക്ഷം വിജയിച്ചാൽ മോഡിക്ക് അധികാരം നഷ്ടപ്പെടുമെന്നും ഉറപ്പ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top