ബൊഫോഴ്സ് തോക്കിടപാടിനുശേഷം ഇന്ത്യയുടെ പ്രതിരോധമേഖലയിൽ നടന്ന ഏറ്റവും വലിയ കുംഭകോണമായ റഫാൽ യുദ്ധവിമാന ഇടപാടിനെക്കുറിച്ച് പുറത്തുവന്ന പുതിയ വിവരങ്ങൾ രാജ്യത്തെ ഞെട്ടിക്കുന്നു. റഫാൽ കരാറിന്റെ ഇടനിലക്കാരൻ സുശേൻ ഗുപ്തയ്‌ക്ക് 65 കോടി രൂപ കോഴ കിട്ടിയതിന്റെ രേഖകൾ ലഭിച്ചിട്ടും രാജ്യത്തിന്റെ പരമോന്നത അന്വേഷണ ഏജൻസികളായ സിബിഐയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും അനങ്ങിയില്ലെന്ന വസ്തുതയാണ് വെളിപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ട് ഈ അന്വേഷണ ഏജൻസികൾ ആ രേഖകളും കൈയിൽ പിടിച്ച് കണ്ണടച്ചിരുന്നു. സംശയം വേണ്ടാ, കേന്ദ്രഭരണം അവരെ വിലക്കിയതാണെന്ന് ഉറപ്പിക്കാം. ഇടപാടിന്റെ നാൾവഴികൾതന്നെ തെളിവ്. 2007–12ലാണ് 65 കോടി കൊടുത്തതെന്നുകൂടി അറിയുമ്പോൾ കോൺഗ്രസും ബിജെപിയും ഒരേസമയം പ്രതിക്കൂട്ടിലാകുന്നുമുണ്ട്. വാജ്‌പേയി സർക്കാരിന്റെ കാലത്ത് 2003 മുതൽ ഗുപ്‌തയ്‌ക്ക് കോഴ കിട്ടിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ, ഒരു നീണ്ട കാലയളവിലെ വൻ അഴിമതിയുടെ ചുരുളുകളാണ് അഴിയേണ്ടത്.
യുദ്ധവിമാനം നിർമിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദസോ മൗറീഷ്യസിൽ സുശേൻ ഗുപ്തയുടെ പേരിലുള്ള വ്യാജക്കമ്പനിക്കാണ് കോഴപ്പണം നൽകിയത്. അഗസ്ത വെസ്റ്റ്‌ലാൻഡ് വിഐപി ഹെലികോപ്റ്റർ ഇടപാടിലും ഗുപ്ത ഇടനിലക്കാരനായിരുന്നു. ആ കേസിൽ അറസ്റ്റിലായ ഇയാളുടെ ബാങ്ക് രേഖകളും മറ്റും സിബിഐയും ഇഡിയും മൗറീഷ്യസിനോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ, 2018 ഒക്ടോബറിൽ മൗറീഷ്യസ് അറ്റോർണി ജനറലിന്റെ ഓഫീസ് അന്വേഷണ ഏജൻസികൾക്ക് കൈമാറിയ രേഖയിലാണ് കോഴവിവരം. റഫാൽ കേസ് പലതവണ സുപ്രീംകോടതിയിൽ വന്നപ്പോഴും സർക്കാരും അന്വേഷണ ഏജൻസികളും ഇക്കാര്യം മറച്ചുവച്ചെന്ന് വ്യക്തമായി. അതിനിടെ, അഗസ്ത വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ നിർമാതാക്കളായ ഇറ്റാലിയൻ കമ്പനിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് സർക്കാർ നീക്കിയിട്ടുമുണ്ട്. ഇതിനു പിന്നിലും രഹസ്യ ഇടപാടുകളുണ്ടെന്ന ആക്ഷേപമുയർന്നിട്ടുണ്ട്.
ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ കാലത്താണ് റഫാൽ യുദ്ധവിമാന ഇടപാട്. യുപിഎ സർക്കാർ 126 യുദ്ധവിമാനം വാങ്ങാൻ കരാർ ഒപ്പിട്ടിരുന്നു. 18 എണ്ണം ഫ്രഞ്ച് കമ്പനി നിർമിച്ചുനൽകുന്നതിനും ശേഷിക്കുന്നവ നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യ ബംഗളൂരുവിലെ എച്ച്എഎൽ (ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ്) കമ്പനിക്ക് നൽകാനുമുള്ള വ്യവസ്ഥയോടെയായിരുന്നു കരാർ. മോദി പുതിയ കരാർ കൊണ്ടുവന്നു. 36 ഫ്രഞ്ച് നിർമിത വിമാനം വാങ്ങുന്നതിനും പ്രതിരോധരംഗത്ത് ഒരു പരിചയവുമില്ലാത്ത ‘റിലയൻസ് ഡിഫൻസി'നെ കൂട്ടു കമ്പനിയാക്കുന്നതുമാണ് പുതിയ കരാർ. 2015 ഏപ്രിലിൽ മോദിയുടെ പാരീസ് സന്ദർശനത്തോടെയാണ് പുതിയ നീക്കങ്ങളൊക്കെ ഉണ്ടായത്.
പ്രധാനമന്ത്രി പാരീസിൽ കരാർ പ്രഖ്യാപിക്കുന്നതിനു മുമ്പേതന്നെ റിലയൻസും ഫ്രഞ്ച് കമ്പനിയും ധാരണപത്രം ഒപ്പിട്ടു. കമ്പനികൾക്ക് നേരത്തേ വിവരം കിട്ടിയെന്ന് ചുരുക്കം. പങ്കാളിയായി എച്ച്എഎല്ലിനെ ഒഴിവാക്കി റിലയൻസിനെ ഉൾപ്പെടുത്തിയെന്ന് മാത്രമല്ല വിമാനവിലയും കൂട്ടി. ഇതൊക്കെ എങ്ങനെ സംഭവിച്ചു. അതാണ് രാജ്യത്തിന് അറിയേണ്ടത്. അത് മൂടിവയ്ക്കാനാണ് കേന്ദ്രം തുടർച്ചയായി ശ്രമിക്കുന്നതും.
പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സത്യം പുറത്തുകൊണ്ടുവരാൻ സർക്കാർ തയ്യാറുണ്ടോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. ഇടപാടിലെ സത്യമറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. രാജ്യം ഉയർത്തുന്ന ചോദ്യങ്ങൾക്ക് കേന്ദ്ര സർക്കാർ മറുപടി പറയണം. കേസ് നേരത്തേ സുപ്രീംകോടതി തള്ളിയെങ്കിലും പുതിയ സാഹചര്യത്തിൽ സർക്കാർ മുന്നിട്ടിറങ്ങുകയാണ് വേണ്ടത്. സംയുക്ത പാർലമെന്ററി സമിതി അന്വേഷണത്തിനോ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണത്തിനോ സർക്കാർ തയ്യാറാകണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..