30 March Thursday

റഫേൽ: മോഡിയുടെ കള്ളക്കഥകൾ പൊളിയുന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 24, 2018


കോൺഗ്രസിനെ ബൊഫോഴ്‌സ് എന്നപോലെ റഫേൽ അഴിമതി ബിജെപിയെയും വിടാതെ പിടികൂടുകയാണ്. അവസാനമായി മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഓളന്ദ് നൽകിയ പ്രസ‌്താവനയാണ‌് മോഡി സർക്കാരിനെ വെട്ടിലാക്കിയിരിക്കുന്നത്. അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് കമ്പനിയെ റഫേൽ കരാറിൽ പങ്കാളിയാക്കിയത് മോഡി സർക്കാരിന്റെ നിർദേശപ്രകാരമാണെന്ന വെളിപ്പെടുത്തലാണ് ഓളന്ദ് നടത്തിയിട്ടുള്ളത്. മോഡി സർക്കാർ അധികാരമേറ്റതുമുതൽ പറയുന്നത് റഫേൽ വിമാന നിർമാണക്കമ്പനിയായ ദസ്സാൾട്ടും റിലയൻസ് കമ്പനിയുമായുള്ള ബന്ധം തികച്ചും വാണിജ്യപരമാണെന്നും അതിൽ സർക്കാരിന് ഒരു പങ്കുമില്ലെന്നുമാണ്. ഈ വാദമാണ് ഫ്രാൻസ്വാ ഓളന്ദിന്റെ വെളിപ്പെടുത്തലിലൂടെ പൊളിഞ്ഞത്.

യുപിഎകാലത്ത് 126 വിവിധോദ്ദേശ്യ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാർ ഉപേക്ഷിച്ച് 36 റഫേൽ യുദ്ധവിമാനം വാങ്ങാനുള്ള കരാർ ഒപ്പിട്ടത് പ്രധാനമന്ത്രി മോഡിയുടെ തീരുമാനപ്രകാരമായിരുന്നു. പ്രതിരോധമന്ത്രാലയവുമായോ സുരക്ഷ സംബന്ധിച്ച മന്ത്രിതല സമിതിയുമായോ ചർച്ച ചെയ്യാതെയാണ് മോഡി കരാറുമായി മുന്നോട്ടുപോയത്. അതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് അനിൽ അംബാനിയുടെ റിലയൻസിനെ പങ്കാളിയാക്കുന്നതിനുവേണ്ടിയായിരുന്നുവെന്ന് ഇപ്പോൾ പകൽപോലെ വ്യക്തമായിരിക്കുന്നു. 2014ലെ തെരഞ്ഞെടുപ്പുവേളയിൽ മോഡിക്ക് അനിൽ അംബാനിചെയ‌്ത സേവനങ്ങൾക്കുള്ള പ്രത്യുപകാരമായിരുന്നു ഇത് എന്നുവേണം കരുതാൻ. ഒരു വിമാനം പോയിട്ട് ഒരു തോക്കുപോലും നിർമിക്കാത്ത കമ്പനിയെയാണ് യുദ്ധവിമാനനിർമാണത്തിന് പങ്കാളിയാക്കിയിട്ടുള്ളത്. നിലവിൽ വരാത്ത റിലയൻസിന്റെ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന‌് മഹത്തര പദവി നൽകിയതും ഇതേ മോഡി സർക്കാർതന്നെയാണ്.  

ഫ്രാൻസ്വാ ഓളന്ദിന്റെ പ്രസ‌്താവനയിലൂടെ സത്യം പുറത്തുവന്നതോടെ പുതിയ കള്ളക്കഥകളുമായി കേന്ദ്ര പ്രതിരോധമന്ത്രാലയം രംഗത്തുവരികയുണ്ടായി. യുപിഎ കാലത്താണ് റിലയൻസുമായുള്ള കരാർ ഒപ്പിട്ടതെന്നാണ് വാദം. അതിൽ ശരിയുമുണ്ട് തെറ്റുമുണ്ട്.  യുപിഎ കാലത്ത് ദസ്സാൾട്ടുമായി സഹകരിച്ചത് മുകേഷ് അംബാനിയുടെ റിലയൻസ് എയ്‌റോ സ്‌പെയ‌്സ് ടെക്‌നോളജി ലിമിറ്റഡാണ്. 2008ൽ സ്ഥാപിതമായ റിലയൻസ് ഗ്യാസ് മാർക്കറ്റിങ് കമ്പനിയാണ് 2012ൽ റിലയൻസ് എയ്‌റോ സ്‌പെയ‌്സ് ടെക്‌നോളജിയായി മാറിയത്. എന്നാൽ, 2014ൽ ഈ കമ്പനി പ്രതിരോധ ഉപകരണനിർമാണം തീർത്തും ഉപേക്ഷിച്ചു. അതോടെ ദസ്സാൾട്ടുമായുള്ള ബന്ധവും ഇല്ലാതായി.

യുപിഎ കരാർ അനുസരിച്ച് വിമാനനിർമാണത്തിൽ പ്രധാന പങ്കാളി ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക‌് ലിമിറ്റഡായിരുന്നു. 126ൽ 108 വിമാനവും ദസ്സാൾട്ട്, എച്ച്എഎൽ സംയുക്ത സംരംഭമായി നിർമിക്കാനായിരുന്നു പദ്ധതി. എന്നാൽ, മോഡി സർക്കാർ ലോകോത്തര വിമാനനിർമാണക്കമ്പനിയായ എച്ച്എഎല്ലിനെ മാറ്റിനിർത്തി, മുകേഷ് അംബാനിയുടെ ഇളയ സഹോദരൻ അനിൽ അംബാനിയുടെ തട്ടിക്കൂട്ട് കമ്പനിയായ റിലയൻസ് ഡിഫൻസിനെയാണ് പങ്കാളിയാക്കിയത്. പൊതുമേഖലയെ അവഗണിച്ച് സ്വകാര്യമേഖലയ‌്ക്ക് ലാഭം കൊയ്യാൻ അവസരം നൽകുന്നതാണ് മോഡിയുടെ രാജ്യസ്‌നേഹം. റഫേൽ കരാർ ഒപ്പിടുന്നതിനായി 2015ൽ മോഡി ഫ്രാൻസ് സന്ദർശിച്ചപ്പോൾ അനിൽ അംബാനിയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. വിദേശയാത്രാവേളയിൽ മോഡി മാധ്യമ പ്രവർത്തകരെ ഒഴിവാക്കുന്നതും ഇത്തരം തട്ടിപ്പുകൾ നടത്താൻതന്നെ.  

റഫേൽ കരാറുമായി ബന്ധപ്പെട്ട് നിരവധി കള്ളമാണ് മോഡി സർക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നത്. ആദ്യം 29,000 കോടിക്കാണ് കരാർ ഒപ്പിട്ടതെന്നാണ് പ്രതിരോധകേന്ദ്രങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ, ഫ്രഞ്ച് പ്രതിരോധമന്ത്രി ജീൻ യെവ്‌സ് ലെ ബ്രെയാൻ ഇന്ത്യയിലെത്തിയപ്പോഴാണ് കരാർ തുക 59,000 കോടി രൂപയാണെന്ന് വെളിപ്പെട്ടത്. യുപിഎ സർക്കാർ 126 വിമാനമാണ് വാങ്ങുന്നതെങ്കിൽ അത് 36 ആയി മോഡി സർക്കാർ വെട്ടിക്കുറച്ചിരുന്നു. ഈ 36 വിമാനത്തിന് നൽകുന്ന തുകയാണ് 59,000 കോടി. യുപിഎ ഒപ്പിട്ട കരാർ തുകയേക്കാളും 5000 കോടി അധികമാണിത്. ഖത്തറിനും ഈജിപ്തിനും 1319 കോടി രൂപയ‌്ക്ക് (ഒരു വിമാനത്തിന്റെ വില) നൽകുന്ന വിമാനമാണ് ഇന്ത്യ 1670 കോടി രൂപയ‌്ക്ക് വാങ്ങുന്നതിന് കരാറിൽ ഒപ്പുവച്ചിട്ടുള്ളത്. യുപിഎ കാലത്തെ കരാർ അനുസരിച്ച് ഒരു വിമാനത്തിന് ശരാശരി വില 5,25,670 കോടി രൂപയായിരുന്നു. ഇത്രയും വലിയ വില നൽകുമ്പോഴും വിമാനനിർമാണത്തിന്റെ സാങ്കേതികവിദ്യ കൈമാറ്റം ചെയ്യപ്പെടുന്നുമില്ല.

കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി അധികാരത്തിൽ വന്ന പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് അധികാരം നഷ്ടമായത് ബൊഫോഴ്‌സ് കുംഭകോണത്തെതുടർന്നായിരുന്നു. സ്വീഡിഷ് കമ്പനിയായ എബി ബൊഫോഴ്‌സ് കമ്പനിയുമായുള്ള ആയുധ ഇടപാടിൽ 64 കോടി രൂപ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൈക്കൂലി പറ്റിയെന്നായിരുന്നു ആരോപണം. കോൺഗ്രസിന്റെ ചരിത്രത്തിൽതന്നെ ഏറ്റവും കൂടുതൽ ലോക‌്സഭാ സീറ്റ് നേടി (404) അധികാരത്തിൽ വന്ന രാജീവ് ഗാന്ധി സർക്കാരിന് അധികാരം നഷ്ടമായത് ഈ കുംഭകോണം സൃഷ്ടിച്ച രാഷ്ട്രീയഭൂകമ്പം കാരണമായിരുന്നു. അതിനേക്കാൾ വലിയ പ്രതിരോധ കുംഭകോണമാണ് റഫേൽ. താൻ അഴിമതി നടത്തുകയില്ല, ആരെയും അഴിമതി നടത്താൻ അനുവദിക്കുകയുമില്ല എന്ന് ആണയിട്ടുകൊണ്ട് അധികാരമേറിയ മോഡി സർക്കാരാണ് ഈ വൻ കുംഭകോണത്തിന്റെ നടുവിലുള്ളത്. അടുത്ത ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഇത് പ്രധാന വിഷയമാക്കാൻ പ്രതിപക്ഷത്തിനു കഴിഞ്ഞാൽ അത് മോഡി ഭരണത്തിന്റെ അന്ത്യത്തിനുതന്നെ കാരണമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top