04 June Sunday

മതതീവ്രവാദം വീണ്ടും ; പഞ്ചാബിൽ ജാഗ്രത വേണം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 1, 2023


പഞ്ചാബിൽ വേരുകളുള്ള സാമൂഹ്യവിരുദ്ധ ശക്തികൾ മതതീവ്രവാദത്തിന്റെ മേലങ്കിയണിഞ്ഞ്‌ രംഗത്തുവരുന്നത്‌ ഉൽക്കണ്‌ഠാജനകമാണ്‌. സംഗീതപ്രേമികളുടെയും സാഹസികരുടെയും നാടായ പഞ്ചാബിലെ സാമൂഹ്യ സാഹചര്യം അധോലോകവും മതതീവ്രവാദികളും ഒരുപോലെ ചൂഷണം ചെയ്യുകയാണ്‌. 1970കളിലും 80കളിലും വിഘടനവാദം ചോരപ്പുഴ ഒഴുക്കിയ പഞ്ചാബിൽ ഏതാനും മാസങ്ങളായി  വീണ്ടും അസ്വസ്ഥത നീറിപ്പുകയുന്നു. ഇതോടൊപ്പം  യുവാക്കളിലെ രൂക്ഷമായ തൊഴിലില്ലായ്‌മയും മയക്കുമരുന്ന്‌ ഉപഭോഗത്തിന്റെ വ്യാപനവും  കൂടിച്ചേരുമ്പോൾ  അങ്ങേയറ്റം അപകടകരമായ സ്ഥിതിയിലാണ്‌ ഈ തന്ത്രപ്രധാന സംസ്ഥാനം.

ക്യാനഡയിലും അമേരിക്കയിലും പാകിസ്ഥാനിലും താവളമടിച്ചിരിക്കുന്ന മാഫിയാ നേതാക്കൾ പഞ്ചാബിലെ ജനപ്രിയ ഗായകരെ ഭീഷണിപ്പെടുത്തി,  യുട്യൂബ്‌ ചാനലുകളിലേക്ക്‌ ഗാനങ്ങൾ വാങ്ങുന്നതായി  അന്വേഷണ ഏജൻസികൾ  ഈയിടെ വെളിപ്പെടുത്തിയത്‌ മാധ്യമങ്ങളും  ഗൗരവമായി എടുത്തില്ല.  മാഫിയാ സംഘങ്ങൾ  നിയന്ത്രിക്കുന്ന  യുട്യൂബ്‌ ചാനലുകൾക്ക്‌ ഈ ഗാനങ്ങളിലൂടെ പ്രചാരവും പണവും ലഭിക്കും. ഇതിനു കൂട്ടുനിൽക്കാത്ത ഗായകർക്ക്‌ വധഭീഷണിയുണ്ട്‌. ഇതേച്ചൊല്ലിയുള്ള തർക്കങ്ങൾ അധോലോക സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനും പൊതു ക്രമസമാധാനപ്രശ്‌നങ്ങൾക്കും കാരണമാകുന്നു.  ഇക്കഴിഞ്ഞ ജനുവരിയിൽ ഡൽഹിയിൽ ചേർന്ന സംസ്ഥാന പൊലീസ്‌ മേധാവിമാരുടെ യോഗത്തിൽ പഞ്ചാബ്‌ ഡിജിപി ഗൗരവ്‌ യാദവ്‌ സമർപ്പിച്ച റിപ്പോർട്ടിലെ പരാമർശങ്ങൾ അതീവ പ്രാധാന്യമുള്ളതാണ്‌. സംസ്ഥാനത്തെ മയക്കുമരുന്ന്‌ ദുരന്തം, തൊഴിലില്ലായ്‌മ, ക്രമസമാധാന തകർച്ച എന്നിവ മതതീവ്രവാദികൾ മുതലെടുക്കാൻ സാധ്യതയുണ്ടെന്ന്‌ ഡിജിപി റിപ്പോർട്ട്‌ ചെയ്‌തു.

‘വാരിസ്‌ പഞ്ചാബ്‌ ദെ’(പഞ്ചാബ്‌ മണ്ണിന്റെ അവകാശികൾ) എന്ന സംഘടനയുടെ സാന്നിധ്യം ഈ ആശങ്ക ശരിവയ്‌ക്കുകയാണ്‌.  ഈ സംഘടനയുടെ സ്ഥാപകനായ പഞ്ചാബി നടൻ ദീപ്‌ സിദ്ദു വാഹനാപകടത്തിൽ മരിച്ചു. അതിനു ശേഷം അമൃത്‌പാൽ സിങ്‌ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. അമൃത്‌പാലിന്റെ ആഹ്വാനപ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ വിഘടനവാദ മുദ്രാവാക്യങ്ങൾ ഉയർത്തി അമൃത്‌സർ നഗരത്തിൽ ആയിരക്കണക്കിന്‌ സിഖ്‌ യുവാക്കൾ പ്രകടനം നടത്തിയത്‌ സ്ഥിതിഗതി എത്രത്തോളം വഷളായെന്ന്‌ വ്യക്തമാക്കുന്നു.

സാമൂഹ്യ വിമർശകൻ വരീന്ദർസിങ്ങിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ  അമൃത്‌പാൽ സിങ്ങിനും 30 കൂട്ടാളികൾക്കും എതിരായി പൊലീസ്‌ കേസെടുത്തിരുന്നു. ഈ കേസിൽ  പൊലീസ്‌  അറസ്റ്റ്‌ ചെയ്‌ത  ലൗവ്‌പ്രീത്‌സിങ്‌  തൂഫാൻ എന്ന ‘വാരിസ്‌ പഞ്ചാബ്‌ ദെ’ പ്രവർത്തകനെ മോചിപ്പിക്കാൻ ആയിരക്കണക്കിനുപേർ  പ്രകടനമായെത്തി അതിർത്തിപ്രദേശമായ അജ്‌നാലയിലെ പൊലീസ്‌സ്റ്റേഷൻ ആക്രമിച്ചു. തോക്കും കുന്തവും വാളുമൊക്കെ ഇവരുടെ കൈയിലുണ്ടായിരുന്നു. പൊലീസുമായി മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലുണ്ടായി. ഒടുവിൽ ലൗവ്‌പ്രീത്‌സിങ്ങിനെ പൊലീസ്‌ വിട്ടുകൊടുത്തു. സിഖുകാർക്ക്‌ പ്രത്യേക രാജ്യം വേണമെന്ന്‌ പരസ്യമായി ആവശ്യപ്പെടുന്ന  അമൃത്‌പാൽ  ആയുധം കൈയിലേന്താനും അനുയായികളോട്‌ ആഹ്വാനം ചെയ്യുന്നു. കഴിഞ്ഞ വർഷം വരെ യുഎഇയിൽ ജോലിചെയ്‌തിരുന്ന അമൃത്‌പാലിന്‌  മാസങ്ങൾക്കുള്ളിൽ  വിപുലമായ സംഘടന കെട്ടിപ്പടുക്കാൻ സാധിച്ചത്‌ ദുരൂഹമാണ്. സിഖ്‌ മതാചാരമായ തലപ്പാവു‌ പോലും അണിയാതെ ആധുനികരീതിയിൽ ജീവിച്ച ആളാണ്‌ അമൃത്‌ പാൽ. ഇപ്പോൾ പരമ്പരാഗത സിഖ്‌ വേഷമണിഞ്ഞ്‌ തീവ്ര യാഥാസ്ഥിതിക  നേതാവായി യുവാക്കളെ ഇളക്കിവിടുന്നു. ഇവരുടെ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട്‌ എവിടെനിന്ന്‌ ലഭിക്കുന്നുവെന്നതും സംശയകരം.

ഖാലിസ്ഥാൻവാദം വഴി രാജ്യത്തെ മുൾമുനയിൽനിർത്തിയ ആളാണ്  ജർണയിൽസിങ്‌ ഭിന്ദ്രൻവാല. ഭിന്ദ്രൻ വാലയെ ആദരിക്കുന്നുവെങ്കിലും തനിക്ക്‌ അദ്ദേഹത്തെപ്പോലെ ആകാൻ കഴിയില്ലെന്നാണ്‌ അമൃത്‌പാൽ പ്രസംഗങ്ങളിൽ ആവർത്തിക്കുന്നത്‌. എന്നാൽ, ഭിന്ദ്രൻവാലയുടെ ഓർമകൾ ബുദ്ധിപൂർവം ഉപയോഗിക്കുകയും ചെയ്യുന്നു. 1984ൽ സൈന്യത്തിന്റെ ഓപ്പറേഷൻ ബ്ലൂസ്‌റ്റാറിൽ അന്ത്യംസംഭവിച്ച  ഭിന്ദ്രൻവാലയുടെ ഓർമകൾ ഇത്തരത്തിൽ വീണ്ടും ഉയർത്തിവിടുന്നത്‌ പഞ്ചാബിനും രാജ്യത്തിനും ഗുണകരമല്ല. ഇത്തരം  പ്രവണതകൾ മുളയിലേ നുള്ളേണ്ടതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top