തുടര്‍ച്ചയായി കടലാക്രമണക്കെടുതിയില്‍പ്പെടുന്നടുന്ന മത്സ്യത്തൊഴിലാളികള്‍ പലപ്പോഴും നേരിടുന്ന ചോദ്യമാണ് ‘ഇവര്‍ക്ക് വേറെ എവിടെയെങ്കിലും പോയി താമസിച്ചുകൂടേ' എന്നത്. എന്നാല്‍, അങ്ങനെ ഒരു വീടുമാറ്റം മത്സ്യത്തൊഴിലാളിക്ക് എളുപ്പമല്ല. കടലാണ് അവരുടെ തൊഴിലിടം. കരയിലേക്ക് വലിച്ചുകയറ്റേണ്ട ബോട്ടും വള്ളവുമാണ് അവരുടെ പണി ഉപകരണം. കടലില്‍നിന്ന് ഏറെ മാറി താമസിക്കുക എന്നത് അവരുടെ നിത്യജീവിതം കൂടുതല്‍ പ്രയാസത്തിലാക്കും. പലപ്പോഴും അവര്‍ താമസം തുടങ്ങുമ്പോള്‍ കടല്‍ ഇത്ര അടുത്തായിരുന്നിരിക്കില്ല. കടലാക്രമണങ്ങളും ഇപ്പോഴത്തെപ്പോലെ നേരിട്ടിട്ടുണ്ടാകില്ല. പക്ഷേ, ഇപ്പോള്‍ കടല്‍ മുറ്റത്താണ്. തീരദേശ പരിപാലന നിയമം കര്‍ശനമായതോടെ വീട് തകര്‍ന്നാല്‍ പുതുക്കാനും കഴിയില്ല. മാറി താമസിക്കാന്‍ വിപണിവിലയില്‍ സ്ഥലം വാങ്ങുക ഏറെക്കുറെ അസാധ്യമാണുതാനും. ഈ പ്രതിസന്ധിയില്‍നിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനായി സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്ത പദ്ധതിയാണ് ‘പുനര്‍ഗേഹം'. ഇതനുസരിച്ച് പൂര്‍ത്തിയായ 250 വീടിന്റെ താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച നിര്‍വഹിച്ചു.
ആകെ 2450 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. തീരപ്രദേശത്തെ വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന എല്ലാ കുടുംബങ്ങളും പദ്ധതിയുടെ പരിധിയില്‍ വരും. തുടർച്ചയായ കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശത്തെ കുടുംബങ്ങൾക്ക് മുൻഗണനയുമുണ്ട്. ഗുണഭോക്താവിന് ഭൂമി വാങ്ങാനും വീട് പണിയാനുമായി 10 ലക്ഷം രൂപയാണ് സഹായം നല്‍കുന്നത്. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഒരു കൂരയ്ക്കു കീഴില്‍ കൂട്ടുകുടുംബമായി താമസിക്കുക പതിവാണ്. അതുകൊണ്ട് ഒരേ റേഷൻ കാർഡിൽ ഉൾപ്പെട്ടവരായാലും, സ്വന്തമായി വീടില്ലാത്തതുകൊണ്ടുമാത്രം, അച്ഛനമ്മമാരോടൊപ്പമോ അല്ലാതെയോ താമസിക്കുന്നവരെയും വ്യത്യസ്ത കുടുംബമായി പരിഗണിച്ച് ധനസഹായം നൽകുന്നു.
വീട് നിര്‍മിക്കാനുള്ള ഭൂമി കണ്ടെത്തുന്ന കാര്യത്തില്‍ തൊഴിലാളികള്‍ക്ക് തീരുമാനം എടുക്കാം. കടലോരത്ത് താമസിക്കണമെന്ന് നിര്‍ബന്ധമില്ലാത്തവര്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലത്ത് വാങ്ങാം. സര്‍ക്കാര്‍ ഭൂമി കണ്ടെത്തുന്നത് കഴിവതും കടലില്‍നിന്ന് ഏറെ അകലെ അല്ലാതെയാണ്. പത്തുലക്ഷം രൂപയില്‍ ആറു ലക്ഷം രൂപ ഭൂമി വാങ്ങാനും നാലു ലക്ഷം വീടിനും ആണെന്ന് വ്യവസ്ഥയുണ്ടെങ്കിലും സ്ഥലത്തിന് ആറു ലക്ഷം വേണ്ടിവരാത്തവര്‍ക്ക് ബാക്കിവരുന്ന തുക വീടിന് ചെലവിടാം. ഗുണഭോക്താക്കള്‍ക്ക് ഒന്നിച്ചുചേര്‍ന്ന് ഭൂമി വാങ്ങി ഭവനസമുച്ചയം പണിത് താമസിക്കാനും അവസരമുണ്ട്. ഇത്തരം 276 ഭവനസമുച്ചയം പൂര്‍ത്തിയായിട്ടുണ്ട്.
സര്‍വേ നടത്തി 50 മീറ്ററിനുള്ളില്‍ താമസിക്കുന്നവരെ കണ്ടെത്തിയാണ് പദ്ധതി മുന്നോട്ട് നീക്കിയത്. മാറി താമസിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധവല്‍ക്കരണവും നടത്തി. താമസിച്ചിരുന്ന വീട് പൊളിച്ചുമാറ്റാന്‍ ഉടമയ്ക്ക് അവകാശമുണ്ടാകും. എന്നാല്‍, ഈ വീടടക്കം സര്‍ക്കാര്‍ പിടിച്ചെടുക്കും എന്ന പ്രചാരണം ചില കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. അത് അടിസ്ഥാനരഹിതമാണെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ചൊവ്വാഴ്ച വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഭവനനിര്‍മാണ പദ്ധതി എന്നതിനപ്പുറം ഏറെക്കാലമായി മത്സ്യത്തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തുന്ന പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരംകൂടിയായി പദ്ധതി അങ്ങനെ മാറുന്നു.
കേരളം മഹാപ്രളയത്തില്‍ മുങ്ങിത്താണപ്പോള്‍ രക്ഷായാനങ്ങളുമായി പാഞ്ഞെത്തിയ മത്സ്യത്തൊഴിലാളികളെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത് കേരളത്തിന്റെ സൈന്യം എന്നാണ്. ഇത് വെറും വാക്കല്ലെന്ന് വീണ്ടും തെളിയിക്കുകയാണ് സര്‍ക്കാര്‍. മത്സ്യത്തൊഴിലാളികളുടെ ജീവല്‍പ്രശ്നങ്ങള്‍ ഒന്നൊന്നായി പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. ഇരമ്പിവരുന്ന തിരകളില്‍നിന്ന് മാറി സുരക്ഷിതമായ ഒരു വീട് എന്ന അവരുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ പുനര്‍ഗേഹം പദ്ധതി വലിയൊരു ചുവടുവയ്‌പാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..