09 June Friday

അഭിനന്ദനം ടീം ഇസ്രോ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 16, 2022


ഐഎസ്‌ആർഒയുടെ പിഎസ്‌എൽവി–-സി52  വിക്ഷേപണ വിജയത്തിന്‌ ഏറെ മധുരമുണ്ട്‌. കോവിഡ്‌ മഹാമാരി മറ്റ്‌ മേഖലകളെപ്പോലെ ഇന്ത്യൻ ബഹിരാകാശ പദ്ധതികളെയും ബാധിച്ചിരുന്നു. ഐഎസ്‌ആർഒയുടെ ബഹിരാകാശ കവാടം എന്നറിയപ്പെടുന്ന ശ്രീഹരിക്കോട്ട സതീഷ്‌ധവാൻ സ്‌പെയ്‌സ്‌ സെന്ററിന്റെ പ്രവർത്തനംപോലും തടസ്സപ്പെട്ടു. ശാസ്‌ത്രസാങ്കേതിക വിദഗ്‌ധരടക്കം നിരവധിപേർ  രോഗബാധിതരായി. മറ്റു സെന്ററുകളിലും സ്ഥിതി മറിച്ചായിരുന്നില്ല. നേരത്തേ നിശ്‌ചയിച്ചിരുന്ന പല പദ്ധതിയും ദൗത്യങ്ങളും  മാറ്റിവയ്‌ക്കുകയോ തടസ്സപ്പെടുകയോ ചെയ്‌തു. അതിനെയെല്ലാം അതിജീവിച്ച്‌ പുതിയ പ്രതീക്ഷ നൽകിയാണ്‌ മൂന്ന്‌ ഉപഗ്രഹത്തെ കൃത്യതയോടെ ലക്ഷ്യത്തിലെത്തിച്ച തിങ്കളാഴ്‌ചത്തെ വിക്ഷേപണം. ശാസ്‌ത്രജ്ഞരുടെ ഭാഷയിൽ പറഞ്ഞാൽ തികച്ചും ഒരു ‘ടെക്‌സ്റ്റ്‌ബുക്ക്‌ ലോഞ്ച്‌’.  ഇസ്രോയിലെ  മുഴുവൻ ആളുകളുടെയും നിശ്‌ചയദാർഢ്യത്തിന്റെയും സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും കരുത്താണ്‌ ഈ വിജയത്തിനു പിന്നിൽ.

ഈ വർഷത്തെ ആദ്യ വിക്ഷേപണമെന്നതിലുപരി മലയാളിയായ ഡോ. എസ് സോമനാഥ് ചെയർമാനായതിനു ശേഷമുള്ള ആദ്യ ദൗത്യം. വിജയത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഊഷ്‌മളമായി അഭിനന്ദിക്കുന്നു. ഐഎസ്‌ആർഒയുടെ വിശ്വസ്‌ത വിക്ഷേപണവാഹനമായ പിഎസ്‌എൽവിയുടെ എക്‌സ്‌എൽ ശ്രേണിയിലുള്ള റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം. സതീഷ്‌ധവാൻ സ്‌പെയ്‌സ്‌ സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന്‌ കുതിച്ചുയർന്ന റോക്കറ്റ്‌ പതിനേഴാം മിനിറ്റിൽ ഉപഗ്രഹങ്ങളെ സൗരസ്ഥിര ഭ്രമണപഥത്തിൽ ഇറക്കി. തുടർന്ന്‌, റോക്കറ്റ്‌ ഭാഗത്തുണ്ടായിരുന്ന ഇന്ധനം പുറത്തുകളഞ്ഞു. റോക്കറ്റ്‌ ഉപേക്ഷിക്കുന്നതിനു മുമ്പുള്ള ഇത്തരമൊരു പ്രക്രിയ പരീക്ഷിക്കുന്നതും ആദ്യം.  ഉപഗ്രഹങ്ങളുമായി കൂട്ടിയിടിച്ചുള്ള സ്‌ഫോടനം ഒഴിവാക്കുന്നതിനുള്ള സുരക്ഷാ ക്രമീകരണമാണിത്‌.

ആധുനിക റഡാർ ഇമേജിങ്‌ ഉപഗ്രഹമായ ഇഒഎസ്‌–-4 ആണ്‌ മൂന്ന്‌ ഉപഗ്രഹത്തിലൊന്ന്‌.  2012ൽ വിക്ഷേപിച്ച റിസാറ്റ്‌ 1 ന്‌ പകരക്കാരനായി ഭ്രമണപഥത്തിലെത്തുന്ന ഇഒഎസ്‌–-4 വിവിധോദ്ദേശ്യ ഉപഗ്രഹമാണ്‌. ഏത്‌ കാലാവസ്ഥയിലും ഭൂമിയെ നിരീക്ഷിക്കാനും സൂക്ഷ്‌മ ചിത്രങ്ങളെടുക്കാനുമുള്ള അത്യാധുനിക സംവിധാനങ്ങളാണ്‌ ഉപഗ്രഹത്തിലുള്ളത്‌. ദുരന്തനിവാരണം, കൃഷി, വനവൽക്കരണം, കാലാവസ്ഥ തുടങ്ങിയവയ്‌ക്കായുള്ള വിവരശേഖരണത്തിൽ നിർണായകമാകും. രണ്ടാമത്തെ ഉപഗ്രഹമായ  ഇൻസ്‌പയർ സാറ്റ്‌–-1  വിദ്യാർഥികൾക്കും പുതു തലമുറയ്‌ക്കും പ്രചോദനമാകും. വലിയമല ഐഐഎസ്‌ടിയിലെ വിദ്യാർഥികൾ വികസിപ്പിച്ച ഈ പേടകം സൂര്യനെ നിരീക്ഷിക്കാനുള്ളതാണ്‌. മൂന്ന്‌ വിദേശ സർവകലാശാലയുടെ സഹകരണവുമുണ്ട്‌. ഇന്ത്യ–-ഭൂട്ടാൻ സംയുക്ത സംരംഭമായ ഐഎൻഎസ്‌ടി–-2ഡിയാണ്‌ മൂന്നാമത്തെ ഉപഗ്രഹം.

ഇടവേളയ്‌ക്കുശേഷം നടന്ന വിക്ഷേപണവും അതിന്റെ വിജയവും ഇന്ത്യൻ ബഹിരാകാശ ശാസ്‌ത്രലോകത്തിന്‌ കൂടുതൽ കരുത്തും ആവേശവും പകരും.  പ്രത്യേകിച്ച്‌,  മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയക്കുന്ന ദൗത്യങ്ങളടക്കം പുരോഗമിക്കുമ്പോൾ. വിവിധങ്ങളായ 19 ദൗത്യമാണ്‌ ഈ വർഷം ഐഎസ്‌ആർഒ ലക്ഷ്യമിടുന്നത്‌. കാലാവധി പൂർത്തിയായ ഉപഗ്രഹങ്ങൾക്ക്‌ പകരമായുള്ളവയെ വിക്ഷേപിക്കുക എന്നത്‌ ഏറെ പ്രധാനം. മൂന്നാം ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ–-3 ആഗസ്‌തിൽ വിക്ഷേപിക്കാനാണ്‌ ആലോചന. ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണപ്പറക്കൽ ഈ വർഷം അവസാനവും.

സൂര്യനെ പഠിക്കാനുള്ള ആദിത്യ, മംഗൾയാൻ 2, ബുധനിലേക്കും മറ്റുമുള്ള ദൗത്യങ്ങളെല്ലാം അണിയറയിലുണ്ട്‌. ഭാരം കുറഞ്ഞതും വലിപ്പം കുറഞ്ഞതുമായ ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നതിനുള്ള എസ്‌എസ്‌എൽവി റോക്കറ്റുകളുടെ പരീക്ഷണപ്പറക്കലും ഉടൻ ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷ. അര നൂറ്റാണ്ടുമുമ്പ്‌ തുമ്പയെന്ന മത്സ്യത്തൊഴിലാളി ഗ്രാമത്തിൽനിന്ന്‌ ചെറുകാൽവയ്‌പായി തുടങ്ങിയ  ഇന്ത്യൻ ബഹിരാകാശ ഗവേഷണപദ്ധതി ചന്ദ്രനും കടന്ന്‌ ചൊവ്വയിലേക്ക്‌ വളർന്നു.    ശാസ്‌ത്രലോകത്തിന്റെ നിശ്‌ചയദാർഢ്യമാണ്‌ ഇതിനുപിന്നിൽ. വെറും സൗണ്ടിങ്‌ റോക്കറ്റിൽനിന്ന്‌ എസ്‌എൽവി,  പിഎസ്‌എൽവി, ജിഎസ്‌എൽവി തുടങ്ങിയവയിൽനിന്ന്‌ കരുത്തൻ റോക്കറ്റായ ജിഎസ്‌എൽവി മാർക്ക്‌–-3യും കടന്ന്‌ മുന്നേറുകയാണ്‌ ഇസ്രോയുടെ  സാങ്കേതികവിദ്യ. അമേരിക്കൻ ഉപരോധത്തെ വെല്ലുവിളിച്ച്‌ ക്രയോജനിക് എൻജിൻ സ്വന്തമായി വികസിപ്പിച്ച്‌ മറുപടി നൽകിയതും ചന്ദ്രനിലെ ജലസാന്നിധ്യം ആദ്യം കണ്ടെത്തി(ചാന്ദ്രയാൻ–-1) വൻശക്തികളെ അമ്പരപ്പിച്ചതും ചരിത്രം. സ്വന്തമായി അത്യാധുനിക വാർത്താവിനിമയ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ വികസിപ്പിച്ചും ചെലവുകുറഞ്ഞ രീതിയിൽ വിക്ഷേപണം നടത്തിയും ഐഎസ്‌ആർഒ മാതൃകയാണ്‌. കോവിഡ്‌ കാലത്ത്‌ ചെലവുകുറഞ്ഞ മെഡിക്കൽ  ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ വികസിപ്പിച്ചതും കേരളത്തിനാവശ്യമായ ഓക്‌സിജൻ ലഭ്യമാക്കിയതും എടുത്തു പറയണം.

സമൂഹത്തിൽ ശാസ്‌ത്രാവബോധം വളർത്തുന്നതിൽ ഐഎസ്‌ആർഒ വഹിക്കുന്ന പങ്ക്‌ വലുതാണ്‌. എല്ലാവർഷവും നടത്തുന്ന ലോക ബഹിരാകാശ വാരാചരണ പരിപാടികളിൽ ആയിരക്കണക്കിന്‌ കുട്ടികളാണ്‌ പങ്കാളികളാകുന്നത്‌.  വേഗം, സമയം, ദൂരം തുടങ്ങിയവയെ കീഴടക്കുന്ന സാങ്കേതികവിദ്യകളുടെ കാലമാണ്‌ വരുന്നത്‌. അതുകൊണ്ടുതന്നെ, ഇത്തരം സാങ്കേതികവിദ്യകളുടെ വികസനത്തിൽ ഐഎസ്‌ആർഒ കൂടുതൽ കേന്ദ്രീകരിക്കേണ്ടതുണ്ട്‌. അതിനിടെ ചില സ്വകാര്യവൽക്കരണ നടപടികൾ ആശങ്ക ഉയർത്തുന്നുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top