04 June Sunday

അദാനിക്കായി വഴിമാറുന്ന നിയമം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019

തീവ്രസ്വകാര്യവൽക്കരണ പാതയിലാണ്‌ രണ്ടാം മോഡി സർക്കാർ. രാജ്യത്തിന്റെ അഭിമാനമായ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാംതന്നെ കൂട്ടമായി വിറ്റഴിക്കാൻ പദ്ധതി ഒരുങ്ങുകയാണ്‌. ഇതോടൊപ്പം വ്യോമ–- റെയിൽ–- റോഡ്‌ ഗതാഗത മേഖലയും പൂർണമായും സ്വകാര്യവൽക്കരിക്കാനാണ്‌ നീക്കം. സർക്കാരിന്‌ നേതൃത്വംനൽകുന്ന ബിജെപിയുമായി ചേർന്നുപോകുന്ന കോർപറേറ്റ്‌ ഭീമൻമാർക്കാണ്‌ സ്വകാര്യവൽക്കരണത്തിന്റെ നേട്ടമത്രയും. രാജ്യത്തെ ആറ്‌ പ്രധാന വിമാനത്താവളം അദാനി ഗ്രൂപ്പ്‌ ലേലത്തിൽ പിടിച്ചതാണ്‌ ഏറ്റവും ഒടുവിലെ ഉദാഹരണം. ഈ ആറ്‌ വിമാനത്താവളത്തിന്റെയും ലേലപ്രക്രിയയിൽ അദാനി മുന്നിലെത്തിയത്‌ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പാണെന്നത്‌ ശ്രദ്ധേയമാണ്‌.

എയർപോർട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ (എഎഐ) നിയന്ത്രണത്തിലുള്ള തിരുവനന്തപുരം, അഹമ്മദാബാദ്‌, ജയ്‌പൂർ, മംഗളൂരു, ഗുവാഹത്തി, ലഖ്‌നൗ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാൻ 2018 നവംബർ എട്ടിന്‌ ഒന്നാം മോഡി സർക്കാരാണ്‌ തീരുമാനമെടുത്തത്‌. 2018 ഡിസംബർ 14 ന്‌ എഎഐ സ്വകാര്യകമ്പനികളിൽനിന്ന്‌ ടെൻഡർ ക്ഷണിച്ചു. ഡൽഹി വിമാനത്താവളം നിയന്ത്രിക്കുന്ന ജിഎംആർ ഗ്രൂപ്പും വിമാനത്താവള നടത്തിപ്പിൽ മുൻപരിചയമില്ലാത്ത അദാനി ഗ്രൂപ്പും ആറ്‌ വിമാനത്താവളത്തിനായി രംഗത്തുവന്നു. മംഗളൂരു വിമാനത്താവളത്തിനായി സിയാലും തിരുവനന്തപുരം വിമാനത്താവളത്തിനായി കെഎസ്‌ഐഡിസിയും അടക്കം 32 സ്ഥാപനം വിവിധ വിമാനത്താവളങ്ങൾക്കായി രംഗത്തുണ്ടായിരുന്നു. എല്ലാവരെയും പിന്തള്ളി അദാനി ഗ്രൂപ്പ്‌ ആറ്‌ വിമാനത്താവളവും ലേലത്തിൽ പിടിച്ചു.

രണ്ടാം മോഡി സർക്കാർ അധികാരത്തിലെത്തി ആഴ്‌ചകൾക്കുള്ളിൽത്തന്നെ അഹമ്മദാബാദ്‌, ലഖ്‌നൗ, മംഗളൂരു വിമാനത്താവളങ്ങൾ അദാനിക്ക്‌ കൈമാറി ഉത്തരവായി. തിരുവനന്തപുരം അടക്കം ശേഷിക്കുന്ന മൂന്ന്‌ വിമാനത്താവളത്തിന്റെ കാര്യത്തിലും വൈകാതെ തീരുമാനമുണ്ടാകും. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്‌ കൈമാറുന്നതിനെതിരായി സംസ്ഥാന സർക്കാർ രംഗത്തുണ്ട്‌. കെഎസ്‌ഐഡിസിയെ പിന്തള്ളിയായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേലത്തിൽ അദാനി മുന്നിലെത്തിയത്‌. വിമാനത്താവളത്തിൽ വന്നുപോകുന്ന യാത്രക്കാരുടെ എണ്ണമനുസരിച്ച്‌ എത്ര പണം എഎഐക്ക്‌ കൈമാറുമെന്നത്‌ കണക്കാക്കിയാണ്‌ ലേലമുറപ്പിച്ചത്‌. ഒരു യാത്രക്കാരന്‌ 168 രൂപ എന്ന തോതിൽ എഎഐക്ക്‌ കൈമാറുമെന്നാണ്‌ തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിൽ അദാനി ഗ്രൂപ്പ്‌ മുന്നോട്ടുവച്ച വാഗ്‌ദാനം. കെഎസ്‌ഐഡിസിയാകട്ടെ 135 രൂപയാണ്‌ ടെൻഡറിൽ പറഞ്ഞിരുന്നത്‌. മൂന്നാമതുവന്ന ജിഎംആർ പറഞ്ഞത്‌ 63 രൂപയാണ്‌. സിയാലിനെ പിന്തള്ളിയാണ്‌ മംഗളൂരു വിമാനത്താവളം അദാനി ഗ്രൂപ്പ്‌ ലേലത്തിൽ പിടിച്ചത്‌.

ആറ്‌ വിമാനത്താവളവും അദാനിക്ക്‌ ലഭിച്ചതിൽ അസ്വാഭാവികത ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തുവന്ന നിർണായക വിവരങ്ങൾ ഇത്‌ അടിവരയിടുന്നു. ലേല മാനദണ്ഡങ്ങളിൽ അവസാനനിമിഷം വരുത്തിയ മാറ്റങ്ങളാണ്‌ അദാനിക്ക്‌ അനുഗ്രഹമായത്‌. ഒരു കമ്പനിക്ക്‌ രണ്ട്‌ വിമാനത്താവളത്തിൽ കൂടുതൽ നൽകരുതെന്ന വ്യവസ്ഥയടക്കമാണ്‌ അട്ടിമറിക്കപ്പെട്ടത്‌. ലേലപ്രക്രിയ ഏതുരൂപത്തിൽ വേണമെന്ന്‌ വിശദമാക്കിയുള്ള വിലയിരുത്തൽ കുറിപ്പ്‌ ധനമന്ത്രാലയവും നിതി ആയോഗും ചേർന്ന്‌ തയ്യാറാക്കിയിരുന്നു. ഒരു കമ്പനിക്ക്‌ രണ്ട്‌ വിമാനത്താവളത്തിൽ കൂടുതൽ പാടില്ല, വിമാനത്താവള നടത്തിപ്പുരംഗത്ത്‌ മുൻപരിചയമുണ്ടാകണം, ആകെ പദ്ധതിച്ചെലവ്‌ മുൻകൂട്ടി അറിയിക്കുക തുടങ്ങിയ നിബന്ധനകൾ ഇതിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, പൊതു–-സ്വകാര്യ പങ്കാളിത്ത (പിപിപി) പദ്ധതികൾക്ക്‌ അന്തിമാംഗീകാരം നൽകുന്ന പിപിപി വിലയിരുത്തൽ സമിതി (പിപിപിഎസി) ഈ നിർദേശങ്ങൾ അട്ടിമറിച്ചു.

ധനമന്ത്രാലയവും നിതി ആയോഗും കൈമാറിയ വിലയിരുത്തൽ കുറിപ്പിൽ അദാനിക്ക്‌ അനുകൂലമായ തിരുത്തലുകൾ പിപിപിഎസി വരുത്തുകയായിരുന്നു. അടുത്തിടെ ധനവകുപ്പിൽനിന്ന്‌ പുറത്താക്കപ്പെട്ട സുഭാഷ്‌ചന്ദ്ര ഗാർഗായിരുന്നു ഈ ഘട്ടത്തിൽ പിപിപിഎസി തലവൻ. ആർഎസ്‌എസ്‌ ഇടപെടലിനെത്തുടർന്ന്‌ ധനവകുപ്പിൽനിന്ന്‌ നീക്കംചെയ്യപ്പെട്ട ഗാർഗ്‌ ഇപ്പോൾ സ്വയംവിരമിക്കലിന്‌ അപേക്ഷ നൽകിയിരിക്കുകയാണ്‌. ഗാർഗിലൂടെ തന്നെയാകും പിപിപിഎസി നടത്തിയ അട്ടിമറി വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്‌. അദാനിക്ക്‌ അനുകൂലമാകുംവിധം ലേല മാനദണ്ഡങ്ങൾ അട്ടിമറിക്കാൻ ആരൊക്കെയാണ്‌ സമ്മർദം ചെലുത്തിയതെന്ന വിവരമാണ്‌ ഇനി പുറത്തുവരാനുള്ളത്‌. സമഗ്രമായ അന്വേഷണമാണ്‌ ഇതിനാവശ്യം. ഇത്‌ സാധ്യമാകുംവിധം സർക്കാരിനുമേൽ സമ്മർദം ശക്തിപ്പെടുത്താൻ പ്രതിപക്ഷത്തിനാകണം.

വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണത്തിന്‌ തുടക്കമിട്ടത്‌ യുപിഎ സർക്കാരാണ്‌. ഡൽഹി, മുംബൈ വിമാനത്താവളങ്ങൾ 2006ൽ സ്വകാര്യവൽക്കരിച്ചു. ഡൽഹി വിമാനത്താവളം ജിഎംആർ ഗ്രൂപ്പിന്‌ ലഭിച്ചപ്പോൾ മുംബൈ വിമാനത്താവളം ജിവികെ ഗ്രൂപ്പിന്‌ ലഭിച്ചു. സ്വകാര്യവൽക്കരണ പ്രക്രിയയിൽ സാമ്പത്തിക ക്രമക്കേടുകളുണ്ടെന്ന്‌ പിന്നീട്‌ സിഎജി കണ്ടെത്തി. ഡൽഹി വിമാനത്താവളം ലേലത്തിൽ പിടിച്ചതിലൂടെ പതിനായിരക്കണക്കിന്‌ കോടിരൂപയുടെ സാമ്പത്തികനേട്ടം ജിഎംആർ ഗ്രൂപ്പിന്‌ ലഭിച്ചുവെന്നാണ്‌ സിഎജിയുടെ കണ്ടെത്തൽ. ഈ ഇടപാട്‌ നിലവിൽ സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കെയാണ്‌ ഇപ്പോൾ ആറ്‌ വിമാനത്താവളം അദാനിക്ക്‌ ലഭിച്ചതിനുപിന്നിലെ കള്ളക്കളി പുറത്തുവന്നിരിക്കുന്നത്‌. 25 വിമാനത്താവളംകൂടി വൈകാതെ സ്വകാര്യവൽക്കരിക്കാനിരിക്കെയാണ്‌, കോർപറേറ്റുകൾക്കായി ഏതെല്ലാംവിധം മോഡി സർക്കാർ വളയുമെന്ന്‌ ഒരിക്കൽക്കൂടി ബോധ്യപ്പെടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top