03 October Tuesday

പ്രവാസിപദവി: വ്യവസ്ഥാമാറ്റം പിൻവലിച്ചേ തീരൂ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 4, 2020

കേന്ദ്രബജറ്റിൽ പ്രവാസികൾക്കുമേൽ ചുമത്തിയ നികുതിനിർദേശത്തെപ്പറ്റി അവ്യക്തത തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക്‌ കത്തയച്ചതിനെ തുടർന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ ഒരു വിശദീകരണം നൽകിയെങ്കിലും അതിലും പ്രവാസി പദവി നിശ്ചയിക്കാനുള്ള പുതുക്കിയ മാനദണ്ഡം ഒഴിവാക്കുമെന്നോ  അധികനികുതി ഒഴിയും എന്നോ സൂചനയില്ല. നിലവിൽ പ്രവാസികളെ കടുത്ത ആശങ്കയിലാക്കുന്നതാണ് ബജറ്റിലെ നിർദേശം.

ആദായനികുതി നിയമത്തിലെ ആറാംവകുപ്പ് ഭേദഗതിചെയ്ത് വലിയ പങ്ക് പ്രവാസികളുടെ പ്രവാസിപദവി എടുത്തുകളയാനാണ് സർക്കാർ ബജറ്റിൽ ശ്രമിക്കുന്നത്. എന്നുമാത്രമല്ല ഇങ്ങനെ പ്രവാസിപദവി  നഷ്ടപ്പെടുന്നവർക്ക് പുതിയ  നികുതിഭാരം വരുമെന്നും വ്യക്തമാക്കുന്നു.
നിലവിൽ, നൂറ്റിഎൺപത്തിരണ്ടോ അതിൽ കൂടുതലോ ദിവസം ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരെയോ ഇന്ത്യയിൽ ജനിച്ച ആളുകളെയോ ആണ് സ്ഥിരവാസികളായി കണക്കാക്കുന്നത്. ഈ കാലയളവ് 120 ദിവസമായി കുറയ്ക്കുന്നതാണ് ഭേദഗതിനിർദേശം. 

182 ദിവസം എന്നതാണ് മിക്ക ലോകരാജ്യങ്ങളും പ്രവാസിപദവി നിശ്ചയിക്കാൻ മാനദണ്ഡം ആക്കിയിരിക്കുന്നത്. എന്നാൽ, പുതിയ ബജറ്റിൽ ഇതു മാറ്റി 240 ദിവസമെങ്കിലും വിദേശത്ത് താമസിച്ചാലേ ഒരാളെ പ്രവാസിയായി കണക്കാക്കൂ എന്ന് പറയുന്നു. അതായത് അവർ 120 ദിവസത്തിൽ കൂടുതൽ നാട്ടിൽ താമസിച്ചാൽ പ്രവാസി അല്ലാതാകും. പ്രവാസി എന്ന നിലയിൽ അവർക്ക് കിട്ടുന്ന നികുതി ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയും ചെയ്യും. ചുരുക്കത്തിൽ ഒരു സാമ്പത്തിക വർഷത്തിനിടയിൽ പലപ്പോഴായി നാലുമാസം അവധിക്ക്‌  നാട്ടിൽ വന്നുതാമസിച്ചാൽ ഒരാൾക്ക് പ്രവാസിപദവി നഷ്ടപ്പെടും. സാധാരണ ഗതിയിൽ ഇന്ത്യയിൽ താമസിക്കുന്ന ഒരാൾ ലോകത്ത് എവിടെനിന്ന്‌ വരുമാനം ഉണ്ടാക്കിയാലും അത് ഇന്ത്യയിൽ നികുതിക്ക്‌ വിധേയമാണ്. എന്നാൽ, സ്ഥിരവാസി അല്ലാത്ത ഒരാൾക്ക് ഇതിൽ ഇളവുണ്ട്. ആ ഇളവും  ഇതോടെ ഇല്ലാതാകും.

കേരളത്തിൽനിന്ന് വിവിധ ലോകരാജ്യങ്ങളിൽ പോയി ജോലിചെയ്തു ജീവിക്കുന്നവരുടെ എണ്ണം 21.21 ലക്ഷം വരുമെന്നാണ് സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ 2018ലെ മൈഗ്രേഷൻ സർവേ കണക്കാക്കുന്നത് . ഇവരിൽ 89.2 ശതമാനംപേരും ഗൾഫ്‌ രാജ്യങ്ങൾ എന്നറിയപ്പെടുന്ന മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരാണ്. ഇവരിൽ ഏറെപ്പേരും ചെറിയ ജോലികളും ചെറുകിട വ്യാപാരവുമായി അവിടെ കഴിയുന്നവരാണ്. നാട്ടിലെ കുടുംബത്തിന്റെ കാര്യങ്ങൾ നോക്കുന്നവരും പറ്റുമ്പോഴൊക്കെ നാട്ടിൽ എത്തുന്നവരുമാണ്. അവർ വരുന്നത് നികുതി വെട്ടിക്കാനല്ല. കുടുംബത്തോടൊപ്പം കഴിയാനാണ്. എണ്ണക്കമ്പനികളിലും റിഗ്ഗുകളിലും മർച്ചന്റ് കപ്പലുകളിലും മറ്റും ജോലിചെയ്യുന്നവർക്കും മിക്കപ്പോഴും നാലുമുതൽ ആറുവരെ മാസം നാട്ടിൽ നിൽക്കാൻ അവധി ലഭിക്കാറുണ്ട്.

പുതിയ ഭേദഗതിയോടെ പ്രവാസികൾക്കുള്ള ആനുകൂല്യങ്ങൾ ഇവർക്കെല്ലാം നിഷേധിക്കപ്പെടും എന്ന ആശങ്ക ശക്തമാണ്. നികുതി വെട്ടിപ്പുകാരെ കുടുക്കാൻ എന്ന അവകാശവാദത്തോടെ കൊണ്ടുവരുന്ന ഭേദഗതി ഫലത്തിൽ ഇവരെയൊക്കെ പ്രതിസന്ധിയിലാക്കും.
ഇപ്പോൾ താമസിക്കുന്ന രാജ്യത്തോ പ്രദേശത്തോ നികുതി അടയ്‌ക്കേണ്ടതില്ലാത്ത ഇന്ത്യൻ പൗരനായ വ്യക്തി, മുൻവർഷങ്ങളിൽ ഇന്ത്യയിൽ താമസിച്ചതായി കണക്കാക്കി നികുതി ചുമത്തും എന്നതാണ്  മറ്റൊരു ഭേദഗതി നിർദേശം.  കേരളത്തിലെ സാധാരണക്കാരായ പ്രവാസികളെ ഇതും സാരമായി ബാധിക്കും. മലയാളി പ്രവാസികളിൽ ബഹുഭൂരിപക്ഷവും ജോലിചെയ്യുന്ന ഗൾഫ്‌ രാജ്യങ്ങളിൽ ആദായ നികുതി ഇല്ല. അവിടെ പണിയെടുത്ത് സമ്പാദിക്കുന്ന പണം നാട്ടിൽ കൊണ്ടുവരുന്നതിൽനിന്ന് അവരെ വിലക്കുന്നതിനുതുല്യമാകും ഈ വ്യവസ്ഥ.

ഇത്തരത്തിൽ പ്രവാസിപദവി പുനർനിർണയിക്കുന്ന ഒരു നിർദേശം ബജറ്റിൽ വന്നത് നിഷ്‌കളങ്കമായ ഒരു സാമ്പത്തികനടപടിയാണെന്നും കരുതാനാകില്ല. കേന്ദ്രസർക്കാരിന്റെ പല നീക്കങ്ങളും അവർ ‘ആഭ്യന്തര ശത്രുക്കളാ’യി കരുതുന്ന പലരെയും ഉന്നംവച്ചാണെന്നത് വ്യക്തമാണ്. ആ ശത്രുക്കളുടെ പട്ടികയിൽ കേരളമുണ്ട്. കേന്ദ്രബജറ്റിലെ പല നിർദേശങ്ങളും സംസ്ഥാനത്തിനെതിരായത് ഈ ഉന്നംവയ്‌ക്കലിന്റെകൂടെ ഭാഗമാണ്. വലിയതോതിൽ പ്രവാസികളെ ആശ്രയിച്ചുനിൽക്കുന്ന ഒരു സംസ്ഥാനമെന്ന നിലയിൽ പ്രവാസികൾക്കെതിരായ ഏത് നീക്കവും കേരളത്തെ ബാധിക്കും എന്ന് കേന്ദ്രസർക്കാരിന് അറിയാം. എന്നു മാത്രമല്ല, കേരളത്തിലെ 21 ലക്ഷം പ്രവാസികളിൽ 14 ലക്ഷം പേരും മുസ്ലിം, -ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നാണെന്ന്‌ മൈഗ്രേഷൻ സർവേ വ്യക്തമാക്കുന്നുണ്ട്. ഹിന്ദുവിനൊന്ന് മുസ്ലിമിനൊന്ന് എന്ന മട്ടിൽ നിയമങ്ങൾ മാറ്റിയെഴുതുന്ന കേന്ദ്രസർക്കാർ ബജറ്റിലും അത്തരം നടപടികൾക്ക് ശ്രമിക്കില്ല എന്ന് പറയാനാകില്ല.

ആ ലക്ഷ്യവും ഇതിനു പിന്നിൽ ഉണ്ടോ എന്ന് സംശയിക്കണം.കേരളത്തെ സംബന്ധിച്ച് നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെതന്നെ നട്ടെല്ലാണ് പ്രവാസി നിക്ഷേപം. രണ്ട്‌ പ്രളയം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് കരകയറ്റാനും സജീവമായി സഹകരിക്കുന്നവരുമാണ് അവർ.  അതുകൊണ്ടുതന്നെ കേരളത്തിന് ഈ ഭേദഗതിയെ നോക്കിയിരിക്കാനാകില്ല. മുഖ്യമന്ത്രി പെട്ടെന്നുതന്നെ ഇടപെട്ടതും ഈ സാഹചര്യത്തിലാണ്. എന്നാൽ, കേരളം ഉന്നയിച്ച പ്രശ്നത്തിന്‌ മറുപടി എന്ന നിലയിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞ കാര്യങ്ങളും ആശങ്ക മാറ്റും വിധമല്ല. ആദായനികുതി നിയമത്തിൽ വരുത്തിയ ഭേദഗതി പിൻവലിക്കുകമാത്രമേ പോംവഴിയുള്ളൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതുതന്നെയാണ്  വേണ്ടതും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top