07 June Wednesday

പ്രവാസി സഹോദരങ്ങൾക്ക്‌ ‌ആശ്വാസം പകരണം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 14, 2020

ലോകത്തിന്റെ ഏത്‌ മൂലയിലും ഒരു മലയാളിയുണ്ടാകുമെന്നത്‌ ഇതുവരെ നമുക്കൊരു അഭിമാനമായിരുന്നു. ഇപ്പോൾ അതൊരു നൊമ്പരവും ആധിയുമാണ്‌. വിദേശനാടുകളിൽ ഉറ്റവർ  ഇല്ലാത്ത ഒറ്റ കുടുംബംപോലും മലയാളക്കരയിലുണ്ടാകില്ല. കൊറോണ ലോകമാകെ മരണം വിതയ്‌ക്കുമ്പോൾ കൊച്ചുകേരളത്തിലേക്ക്‌ കൂടണയാൻ ഓരോ പ്രവാസിയും കൊതി‌ക്കുന്നുണ്ട്‌. പ്രിയപ്പെട്ടവർ എത്രയും പെട്ടെന്ന്‌ വന്നണയണമെന്ന്‌ ഓരോ വീട്ടുകാരും ആഗ്രഹിക്കുന്നു‌. തൊഴിൽതേടിയും പഠനവഴികളിലും വിദൂര രാജ്യങ്ങളിലേക്ക്‌ ‌ പോയവരിൽ മഹാഭൂരിപക്ഷവും അരക്ഷിതാവസ്ഥയിലാണ്‌. കേരളീയർ ഏറ്റവുമധികം തൊഴിൽചെയ്യുന്നത്‌ ഗൾഫ്‌ നാടുകളിലാണ്‌. ഇത്‌ 30 ലക്ഷത്തിലേറെയാണെന്നാണ്‌ അനൗദ്യേഗിക കണക്ക്‌. അഞ്ചുലക്ഷത്തോളം പേർ  മറ്റെല്ലാ  രാജ്യങ്ങളിലുമുണ്ടെന്നും കണക്കാക്കുന്നു.
കോവിഡ്‌–-19 ഏതെങ്കിലും ഒരു രാജ്യത്തിന്റെയോ വൻകരയുടെയോ പ്രശ്‌നമല്ല. അനിയന്ത്രിതമായ വൈറസ്‌ വ്യാപനം തടുത്തുനിർത്താൻ സമ്പൂർണ അടച്ചിടൽ അല്ലാതെ, ലോക രാജ്യങ്ങൾക്കുമുന്നിൽ മറ്റൊരു വഴിയുണ്ടായിരുന്നില്ല. എന്നാൽ, രോഗവ്യാപനത്തിന്റെ  നില പരിശോധിച്ച്‌ യഥാസമയം നടപടികൾ സ്വീകരിക്കുന്നതിൽ വന്ന വീഴ്‌ചകളാണ്‌ ചില രാഷ്‌ട്രങ്ങളെ ഇപ്പോൾ വേട്ടയാടിക്കൊണ്ടിരിക്കുന്നത്‌. ഇതിൽ യൂറോപ്പിലെയും അമേരിക്കൻ വൻകരയിലെയും വികസിത രാജ്യങ്ങൾ ഉൾപ്പെടുന്നു. അത്തരം രാഷ്‌ട്രങ്ങളിൽ വിദേശീയരുടെ കാര്യംപോയിട്ട്‌ തദ്ദേശീയരുടെ നിലതന്നെ പരുങ്ങലിലാണ്‌. കോവിഡ്‌ ബാധിതർക്ക്‌ ഫലപ്രദമായ ചികിൽസ, രോഗം സംശയിക്കുന്നവർക്ക്‌  പരിശോധന, വ്യാപനം തടയുന്നതിനായി പ്രത്യേകം താമസസൗകര്യം ഇവയൊന്നും യൂറോപ്പിലും അമേരിക്കയിലും ഗൾഫ്‌ നാടുകളിലും ആവശ്യത്തിന്‌ ലഭ്യമാകുന്നില്ല.

അവശ്യസാധനങ്ങൾക്കായി ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച്‌ ജനങ്ങൾ പരിഭ്രാന്തിയോടെ പുറത്തിറങ്ങുന്ന അവസ്ഥയും പല രാജ്യങ്ങളിലും കാണുന്നു.  മനുഷ്യരാശിയുടെ നിലനിൽപ്പുതന്നെ ചോദ്യംചെയ്യപ്പെടുന്ന  ഈ ദുരന്തഘട്ടത്തിലും  ചികിൽസയും ഭക്ഷണവും എത്തിക്കാൻ അവിടത്തെ സർക്കാരുകൾക്ക്‌ ഫലപ്രദമായ സംവിധാനമോ സന്നദ്ധതയോ ഇല്ലെന്നതാണ്‌ വസ്‌തുത. വിദേശത്ത്‌ മരിച്ച മുപ്പത്‌ മലയാളികളിൽ നല്ലൊരു പങ്കും ചെറുപ്പക്കാരോ മധ്യവയസ്സ്‌ പിന്നിടാത്തവരോ ആണ്‌. നല്ല ചികിൽസ ലഭിച്ചിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നവരാണ്‌ ഏറെയും. കർശനമായ ലോക്ക്‌ഡൗൺ വ്യവസ്ഥകൾ യാന്ത്രികമായി നടപ്പാക്കിയാൽമാത്രം പോരാ, ജനങ്ങൾക്ക്‌ ആശ്വാസമെത്തിക്കാനും  ആത്മധൈര്യം പകരാനും ഭരണാധികാരികൾക്ക്‌ കഴിയണം. അത്‌ സാധിക്കുന്നില്ലെന്നതോ പോകട്ടെ, ഈ ആപൽസന്ധിയിൽ  എല്ലാ മനുഷ്യരെയും ഒരുപോലെ കാണാനുള്ള സന്മനസ്സെങ്കിലും അവരിൽനിന്നുണ്ടാകണം.

വിദേശത്ത്‌, പ്രത്യേകിച്ച്‌ ഗൾഫ്‌ രാജ്യങ്ങളിൽ ലോക്ക്‌ഡൗണിന്റെ ഭാഗമായി തൊഴിൽമേഖല കടുത്ത അനിശ്‌ചിതാവസ്ഥയിലാണ്‌‌. പലർക്കും തൊഴിലും വിസയും നഷ്‌ടപ്പെടും, കുടിശ്ശികശമ്പളം, തുടർന്നുള്ള ജോലി ഒന്നിനും ഒരു ഉറപ്പുമില്ല. സ്വന്തം പൗരൻമാരുടെ ഉത്തരവാദിത്തത്തിൽനിന്ന്‌ ഒരു സർക്കാരും  ഒഴിഞ്ഞുമാറില്ല.  പക്ഷേ, വൈറസ്‌ വ്യാപനം നിയന്ത്രണവിധേയമാക്കാൻ എല്ലാവരും ഒരു നിശ്‌ചിത സമയമെങ്കിലും നിലവിലുള്ള സ്ഥലത്തുതന്നെ തുടരുക, അവിടെ അവർക്ക്‌ ആവശ്യമുള്ള മിനിമം സൗകര്യങ്ങളും രോഗബാധിതർക്ക്‌ ചികിൽസയും  ലഭ്യമാക്കുക എന്നതാകണം അന്താരാഷ്‌ട്രതലത്തിൽ പിന്തുടരേണ്ട മാതൃക.
പ്രവാസി സഹോദരങ്ങളെ  ചേർത്തുപിടിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അർഥശങ്കയ്‌ക്ക്‌ ഇടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്‌. അവരെ  നാട്ടിലെത്തിക്കുന്നതിന്‌ അടിയന്തര പ്രാധാന്യത്തോടെ നടപടികൾ സ്വീകരിക്കണമെന്ന കേരള മുഖ്യമന്ത്രിയുടെ ആവശ്യത്തോട്‌ കേന്ദ്ര സർക്കാർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്‌ പരിമിതികളുണ്ട്‌. എന്നാലും എംബസികളുമായി ബന്ധപ്പെട്ട്‌ കേരളീയരുടെ കാര്യങ്ങളിൽ ആവശ്യമായ ശ്രദ്ധ ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്‌.  ഇന്ത്യാ ഗവർമെന്റിൽ പരമാവധി സമ്മർദം ചെലുത്തി ആവശ്യമായ തീരുമാനങ്ങൾ എടുപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയും ഉണ്ട്‌. ഇതിനിടെ, സുപ്രീംകോടതിയിൽനിന്നുണ്ടായ ഇടക്കാല ഉത്തരവും പ്രസക്തമാണ്‌. വിദേശരാജ്യങ്ങളില്‍നിന്ന്‌ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കാനാകില്ലെന്നാണ്‌ സുപ്രീംകോടതി വ്യക്തമാക്കിയത്‌. ഹര്‍ജി നാലാഴ്ചത്തേക്ക്‌ നീട്ടിവയ്ക്കുകയും ചെയ്തു. ‌ നിലവിലുള്ള സാഹചര്യത്തിൽ ഹർജിക്കാർക്ക്‌ അനുകൂലമായ  ഉത്തരവ്‌ സുപ്രീംകോടതിയിൽനിന്ന്‌ ‌ ഉണ്ടായില്ലെങ്കിലും  കേന്ദ്ര സർക്കാരിന്‌ ഉചിതമായ തീരുമാനം കൈക്കൊള്ളാവുന്നതേയുള്ളൂ. മുഖ്യമന്ത്രി ആവശ്യപ്പെട്ടപോലെ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച്‌ എത്രയും പെട്ടെന്ന്‌ പ്രവാസികളെ നാട്ടിലെത്തിക്കാനും അവർക്ക്‌ പുനരധിവാസ പാക്കേജിന്‌‌ രൂപംനൽകാനും കേന്ദ്രം മുൻകൈയെടുക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top