06 June Tuesday

പ്രഗ്യാസിങ്ങിന്റെ സ്ഥാനാർഥിത്വം

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019


ആർഎസ്എസ് പ്രചാരകനായിരുന്ന സുനിൽ ജോഷിയെ വധിച്ച കേസിൽ പ്രതിയായിരുന്നു പ്രഗ്യാസിങ‌് താക്കൂർ. അവർ ഉൾപ്പെടെ  ഏഴുപേരെ പത്തുകൊല്ലം നീണ്ട അന്വേഷണ-വിചാരണാ പ്രക്രിയക്കൊടുവിൽ വിട്ടയക്കുമ്പോൾ മധ്യപ്രദേശിലെ ദേവാസ് സെഷൻസ് കോടതി കുറ്റപ്പെടുത്തിയത് പൊലീസിനെയും  ദേശീയ അന്വേഷണ ഏജൻസിയെയുമാണ്.  സംഝോതാ സ്‌ഫോടനത്തിന്റെയും അജ്മീർ സ്‌ഫോടനത്തിന്റെയും ഗൂഢാലോചന ആർഎസ്എസ് പ്രചാരകനായിരുന്ന സുനിൽ ജോഷി വെളിപ്പെടുത്തുമെന്ന ഭയത്തിലാണ് കൊലപാതകം  എന്നായിരുന്നു. അനേകം  കേസുകളിൽ ഉൾപ്പെട്ട സുനിൽ ജോഷി  ഒളിവിൽ കഴിയവേയാണ് കൊല്ലപ്പെട്ടത്. സ്വന്തം സഹപ്രവർത്തകനെ കൊന്ന ആ കേസിൽ കോടതി വിട്ടുവെങ്കിലും മലേഗാവ് സ്‌ഫോടനക്കേസിൽ പ്രതിയായി ദീർഘനാൾ ജയിൽവാസം അനുഭവിക്കേണ്ടിവന്നിട്ടുണ്ട് പ്രഗ്യാസിങ് താക്കൂറിന്‌. അനേകം തീവ്രവാദ കേസുകളിൽ പങ്കാളി എന്ന് സംശയിക്കപ്പെടുന്ന ഈ വിവാദ സ്വാമിനി ഇപ്പോൾ തന്റെ അഭിനവ ഭാരത് എന്ന സംഘടനയുടെ മേൽവിലാസം ഉപേക്ഷിച്ചു ബിജെപിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നു. ഭോപാൽ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി പ്രഗ്യാസിങ് മത്സരിക്കും എന്ന പ്രഖ്യാപനമാണ് ബുധനാഴ്ച വന്നത്.

തീവ്രഹിന്ദുത്വ  നിലപാടും തീവ്രവാദ പ്രോത്സാഹനവും ഈ തെരഞ്ഞെടുപ്പിൽ പരസ്യമായി  ബിജെപി ഉയർത്തിപ്പിടിക്കുന്നു എന്നതിന്റെ പ്രഖ്യാപനം കൂടിയാണ് പ്രഗ്യാസിങ്ങിന്റെ സ്ഥാനാർഥിത്വം. ഈ തെരഞ്ഞെടുപ്പിൽ ബിജെപി ഉയർത്തുന്ന ആപദ്ഭീഷണിയുടെ പ്രതീകാത്മക മുഖമാണ് പ്രഗ്യാസിങ്.  ഭീകരവാദത്തിനു മതമില്ല.   ഭീകരപ്രവർത്തനം നടത്തുന്നത‌് സംഘപരിവാർ ബന്ധുക്കളെങ്കിൽ  അവരെ രക്ഷപ്പെടുത്തുമെന്നും  ന്യൂനപക്ഷങ്ങളാണെങ്കിൽ  അവരെ ശിക്ഷിക്കുമെന്നുമാണ് ബിജെപി ഗവൺമെന്റിന്റെ നിലപാട്.  സംഝോതാ എക്‌സ‌്പ്രസ‌് കേസിൽ പ്രതികളെ വെറുതെവിട്ട‌്  കോടതി പറഞ്ഞത‌്, " ഈ കേസ് നല്ല രീതിയിൽ നടത്താൻ പ്രോസിക്യൂഷന് ഒരു താൽപ്പര്യവും ഉണ്ടായിരുന്നില്ല’ എന്നാണ‌്. 
ഭീകരാക്രമണ കേസുകളിലെ കീഴ്‌കോടതി വിധികൾക്കുമേലെല്ലാം അപ്പീൽ പോയ കേന്ദ്രവും എൻഐഎയും  സംഝോതാ എക്‌സ‌്പ്രസ‌് കേസിൽ അതിനു തയ്യാറായില്ല. അന്വേഷണ ഏജൻസികളിൽ ദുസ്വാധീനം ചെലുത്തിയും നടപടികൾ വൈകിച്ചും അപ്പീൽ നൽകാതെയും  അസീമാനന്ദയെയും പ്രഗ്യാസിങ് താക്കൂറിനെയും പോലുള്ളവരെ നിയമത്തിന്റെ പിടിയിൽനിന്ന് സംഘപരിവാർ രക്ഷിക്കുകയായിരുന്നു.

അതിന്റെ രണ്ടാം ഘട്ടമായിട്ടാണ്, പ്രഗ്യാസിങ്ങിനെ പോലുള്ളവരെ സ്ഥാനാർഥിത്വം നൽകി ആദരിക്കുന്നത്.  സാക്ഷി മഹാരാജും പ്രഗ്യാസിങ് താക്കൂറുമടക്കം സ്ഥാനാർഥികളായി വരുന്നത് മാത്രമല്ല, പ്രധാനമന്ത്രിതന്നെ പച്ചയായി മതത്തെയും വിശ്വാസത്തെയും പരാമർശിച്ച‌് വോട്ടു പിടിക്കാൻ തയ്യാറാകുന്നു എന്നതുകൂടി ശ്രദ്ധിക്കപ്പെടണം.   സംഘപരിവാർ സംഘടനകൾ  രാമക്ഷേത്രവിഷയം തെരഞ്ഞെടുപ്പിൽ വ്യാപകമായി ഉന്നയിക്കുന്നുണ്ട്. തർക്ക പ്രദേശമായ അയോധ്യയിൽ  രാമക്ഷേത്രം നിർമിക്കാനുള്ള  ആഹ്വാനവുമായി മതസമ്മേളനങ്ങളുടെ ഒരു പരമ്പരതന്നെ സംഘടിപ്പിച്ചു. യുപിയിലെ യോഗി ആദിത്യനാഥ്  സർക്കാർ അതിന് പൂർണ പിന്തുണ നൽകി.  സാധാരണ ജനങ്ങൾ കാര്യമായ ആവേശം കാണിക്കാതിരുന്നതിനാലും സുപ്രീംകോടതി അടിയന്തരമായി വിഷയം പരിഗണിക്കാതിരുന്നതിനാലുമാണ്  രാമക്ഷേത്രപ്രക്ഷോഭത്തിൽ നിന്ന‌് താൽക്കാലികമായി പിന്മാറാൻ ആർഎസ്എസ്  നിർബന്ധിതമായത്. എങ്കിലും പ്രകോപനപരമായ പ്രചാരണങ്ങൾ ജനങ്ങളെ വർഗീയമായി വേർതിരിക്കുക എന്ന ലക്ഷ്യത്തോടെ താഴെത്തട്ടിൽ നടത്തുന്നു. അതേ തന്ത്രമാണ്  എല്ലാ പ്രായത്തിലുമുള്ള  സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധിയെ അക്രമമാർഗത്തിലൂടെ എതിർക്കുന്നതിലൂടെ അവർ കേരളത്തിൽ ആവർത്തിച്ചത്.

നിയമവാഴ്ചയെ മറികടക്കാനും  പ്രതിലോമകരമായി  ജനങ്ങളെ സംഘടിപ്പിക്കാനും  ഹൈന്ദവാചാരങ്ങളുടെ സംരക്ഷകർ തങ്ങൾ മാത്രമാണെന്ന് വരുത്തിത്തീർത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമുള്ള ബിജെപിയുടെ നീക്കങ്ങളെ  കേരളത്തിലെ യുഡിഎഫും അനുകരിക്കുകയാണ്.  ആർഎസ്എസിന്റെ വിഷം വമിക്കുന്ന  പ്രത്യയശാസ്ത്രത്തെയാണ് നരേന്ദ്ര മോഡിയുടെ ഗവൺമെന്റ് പ്രതിനിധാനം  ചെയ്യുന്നതെന്നു തിരിച്ചറിഞ്ഞ‌് ശക്തമായ പ്രതിരോധം ഉയർത്തുന്നത‌്  ഇടതുപക്ഷമാണ്. ഇന്ത്യയുടെ എല്ലാതരത്തിലുള്ള വൈവിധ്യങ്ങളേയും  തകർത്തെറിയാൻ ലക്ഷ്യംവയ‌്ക്കുന്ന ആർഎസ്എസിന‌് മുൻതൂക്കമുള്ള ഭരണം ഇനി ഉണ്ടാകരുത് എന്ന് ആവർത്തിച്ചു വിളിച്ചോതുന്നതാണ്, പ്രഗ്യാസിങ്ങിന്റെ സ്ഥാനാർഥിത്വം വരെയുള്ള ബിജെപി ഇടപെടലുകൾ. അതികലുഷിതമായ സാമൂഹ്യ സാമ്പത്തിക - രാഷ്ട്രീയാവസ്ഥകളിൽനിന്ന‌് ഇന്ത്യയെ  വീണ്ടെടുക്കാനുള്ള ദൗത്യം ജനങ്ങൾക്കുള്ളതാണ്. അതിനുവേണ്ടി ബിജെപിയേയും അതിന്റെ സഖ്യകക്ഷികളേയും  പരാജയപ്പെടുത്തിയാൽമാത്രം പോരാ, ഒരു മതനിരപേക്ഷ ബദൽ ശരിയായ ദിശയിൽ ഉയർന്നുവരാനുള്ള സാഹചര്യം ഒരുക്കുകയും വേണം. ബിജെപിക്കും ആർഎസ്എസിനുമെതിരെയുള്ള  പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിന് പാർലമെന്റിലെ ഇടതുപക്ഷ ശക്തികളുടെ സാന്നിധ്യം വർധിപ്പിക്കാനുള്ള വലിയ സംഭാവന നൽകാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം.  അതുകൊണ്ടുതന്നെ, ബിജെപിയുടെ വർഗീയ ഇടപെടലുകളും ഭീകരപ്രവർത്തകരെപ്പോലും മുന്നിൽ നിർത്തിയുള്ള വെല്ലുവിളിയും ചർച്ച ചെയ്യേണ്ടതിന്റെ പ്രസക്തി വളരെ വലുതാണ്. പ്രഗ്യാസിങ്ങിന്റെ സ്ഥാനാർഥിത്വം ചർച്ചയാകേണ്ടതിന്റെ സാഹചര്യവും അതുതന്നെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top