24 March Friday

വീണ്ടും പാഴാകാനുള്ള അവിശുദ്ധ കൂട്ടുകെട്ട്

വെബ് ഡെസ്‌ക്‌Updated: Saturday Mar 23, 2019


സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയരുന്ന രാഷ്ട്രീയ ചർച്ച ഒരു അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ചുള്ളതാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ നേരിടാൻ വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന വർഗീയകക്ഷികളുമായി യുഡിഎഫ് കൂട്ടുചേർന്നു എന്നതാണ് ആ ചർച്ചയുടെ  കാതൽ. കോൺഗ്രസ് നയിക്കുന്ന മുന്നണി ബിജെപിയുമായി വോട്ട് കച്ചവടം ഉറപ്പിച്ചിരിക്കുന്നു  എന്നതാണ് ഒരു വാർത്ത. എസ്ഡിപിഐ എന്ന തീവ്രവാദസ്വഭാവമുള്ള പാർടിയുമായി  ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് രഹസ്യചർച്ച നടത്തിയത് തെളിവ് സഹിതം മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.  രാജ്യം വളരെ നിർണായകമായ ഒരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ കേരളത്തിലെ യുഡിഎഫ് വിശാല വർഗീയ അവസരവാദ സഖ്യമുണ്ടാക്കിയാണ് അതിൽ പങ്കെടുക്കുന്നത് എന്നതാണ് ഇതിനർഥം.

നരേന്ദ്ര മോഡി നയിക്കുന്ന എൻഡിഎ ഗവൺമെന്റ‌്   അഞ്ചുവർഷം രാജ്യത്തെ  സാധാരണ ജനങ്ങളുടെ ജീവിതം കശക്കി എറിയുകയായിരുന്നു.  നോട്ട് നിരോധനം, ജിഎസ് ടി എന്നിവയിലൂടെ നേരിട്ട് ജനജീവിതത്തിനുമേൽ ആക്രമണം നടത്തി. 40 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തൊഴിലില്ലായ്‌മ എത്തിയിരിക്കുന്നു. ഓരോ ദിവസവും രണ്ടായിരത്തിലധികം കൃഷിക്കാർ കൃഷി ഉപേക്ഷിച്ച് ഗ്രാമങ്ങൾ വിടുകയാണ്.  ജാതിയുടെയും മതത്തിന്റെയും  പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണം നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തുന്നു. പാർലമെന്റെ്‌ ഉൾപ്പെടെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും നോക്കുകുത്തിയാക്കി സ്വേച്ഛാധിപത്യഭരണം സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നു.  ഇനിയൊരു തെരഞ്ഞെടുപ്പ്  ഉണ്ടാകില്ല എന്ന് ബിജെപിയുടെ വക്താക്കൾതന്നെ പരസ്യമായി പ്രഖ്യാപിക്കുന്നു. ഇങ്ങനെ ഒരു ഘട്ടത്തിലാണ്  ബിജെപിയുമായി   രഹസ്യബന്ധം ഉറപ്പിച്ച് എങ്ങനെയും ചില സീറ്റുകൾ നേടുക എന്ന നീചമായ രാഷ്ട്രീയധാരണയിൽ കോൺഗ്രസ് എത്തിനിൽക്കുന്നത്.  എസ്ഡിപിഐയുമായി  നടത്തിയ ചർച്ചകളെ കുറിച്ച് തുറന്നുസമ്മതിക്കാൻ ലീഗ് തയ്യാറായില്ലെങ്കിലും എസ്ഡിപിഐ നേതൃത്വം അത് പരസ്യമായി പറഞ്ഞിട്ടുണ്ട്.

ബിജെപിയുടെ സ്ഥാനാർഥിപ്പട്ടിക വന്നാൽ അറിയാം കോൺഗ്രസുമായി ഉണ്ടാക്കിയ രഹസ്യധാരണ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൃത്യമായി ജനങ്ങൾക്ക് മുമ്പാകെ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ അക്ഷരംപ്രതി ശരിവയ്‌ക്കുന്നതാണ് ബിജെപിയുടെ സ്ഥാനാർഥിപ്പട്ടിക. കോൺഗ്രസിന് വോട്ട് മറിച്ചു കൊടുക്കാൻ തക്ക സാഹചര്യം സൃഷ്ടിക്കാൻ ദുർബലരും അപ്രശസ്തരുമായ  ആളുകളെയാണ് വിവിധ മണ്ഡലങ്ങളിൽ ബിജെപി നിർത്തിയിട്ടുള്ളത്.

ബിജെപിയുടെ സ്ഥാനാർഥിപ്പട്ടിക വന്നാൽ അറിയാം കോൺഗ്രസുമായി ഉണ്ടാക്കിയ രഹസ്യധാരണ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൃത്യമായി ജനങ്ങൾക്ക് മുമ്പാകെ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ അക്ഷരംപ്രതി ശരിവയ്‌ക്കുന്നതാണ് ബിജെപിയുടെ സ്ഥാനാർഥിപ്പട്ടിക. കോൺഗ്രസിന് വോട്ട് മറിച്ചു കൊടുക്കാൻ തക്ക സാഹചര്യം സൃഷ്ടിക്കാൻ ദുർബലരും അപ്രശസ്തരുമായ  ആളുകളെയാണ് വിവിധ മണ്ഡലങ്ങളിൽ ബിജെപി നിർത്തിയിട്ടുള്ളത്. കൊല്ലത്ത് മത്സരിക്കുന്ന െക വി സാബു എന്ന സ്ഥാനാർഥിയെ കേരളരാഷ്ട്രീയത്തെ ഗൗരവമായി എടുക്കുന്ന ആരും ഇതുവരെ ശ്രദ്ധിച്ചിട്ടില്ല. എല്ലാ കാലത്തും തോൽവി മാത്രം രുചിച്ച നേതാവാണ്‌ സി കെ പത്മനാഭൻ. 2005 ൽ തിരുവനന്തപുരം ലോക‌്സഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സി കെ പത്മനാഭനായിരുന്നു സ്ഥാനാർഥി. അന്ന് അദ്ദേഹത്തിന്  കിട്ടിയത് 36690 വോട്ട് . അതിന്‌ തൊട്ടുമുമ്പത്തെ വർഷം ബിജെപി സ്ഥാനാർഥിയായി മത്സരിച്ച ഒ രാജഗോപാൽ നേടിയത് 228052 വോട്ട്. ആ പത്മനാഭനാണ് കണ്ണൂരിൽ ബിജെപി സ്ഥാനാർഥി.

പി ജയരാജനെ ശാരീരികമായി അവസാനിപ്പിക്കാൻ തീരുമാനിച്ച്‌ കൊലയാളികളെ വിടുകയും ആ ദൗത്യം  പൂർത്തിയാക്കാൻ കഴിയാതെ വന്നപ്പോൾ പരസ്യമായി നൈരാശ്യം പ്രകടിപ്പിക്കുകയും ചെയ്‌തവരാണ് സംഘ കാര്യകർത്താക്കൾ. പി ജയരാജൻ സ്ഥാനാർഥി ആകുന്ന വടകരയിൽ ബിജെപിയുടെ പ്രതിനിധി   അപ്രശസ‌്തനായ വി കെ സജീവൻ. കോഴിക്കോട്ട് കെ  പി പ്രകാശ് ബാബു . ഈ മണ്ഡലങ്ങളിൽ ഒന്നുംതന്നെ ബിജെപി ഗൗരവത്തിലുള്ള മത്സരം സംഘടിപ്പിക്കില്ലെന്ന്‌ ഉറപ്പാക്കുന്ന പേരുകളാണ് ഇവ. ഇവിടങ്ങളിൽ വോട്ട് മറിച്ചു കൊടുത്താൽ അതിന‌് പ്രത്യുപകാരമായി തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ ജയിപ്പിക്കണമെന്നാണ് കരാർ എന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. ശശി തരൂരിനെതിരായി പാർടിക്കകത്ത് നിലനിൽക്കുന്ന വികാരം ഈ കച്ചവടം സുഗമമാക്കാൻ പര്യാപ്തമാണ് എന്നും അവർ കരുതുന്നു.

ഇതുമായി ബന്ധപ്പെട്ട സൂചനകളും വാർത്തകളും പുറത്തുവരുമ്പോൾ വിശ്വാസ്യത ഉണ്ടാകുന്നത്, കേരളചരിത്രത്തിൽ ഇത്തരം അവിശുദ്ധ ബന്ധങ്ങൾക്ക് ഈ രണ്ടു കക്ഷികളും യുഡിഎഫ് ആകെത്തന്നെയും  പലവട്ടം തയ്യാറായിട്ടുണ്ട് എന്നതുകൊണ്ടുതന്നെയാണ്.  എന്നാൽ, ഇങ്ങനെ ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടുകൾ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തിയ അനുഭവമാണ് കേരളത്തിന്റേത്.   അത്തരമൊരു സഖ്യത്തിന് ചുക്കാൻപിടിച്ച കെ ജി മാരാരുടെ ജീവചരിത്രം പ്രസിദ്ധീകരിച്ചപ്പോൾ 1991 ലെ കോൺഗ്രസ‌് –--ലീഗ്–- -ബിജെപി സഖ്യത്തെ  പാഴായ   പരീക്ഷണം എന്നാണ് വിശേഷിപ്പിക്കുന്നത്.  ധാരണയിലെ കാര്യങ്ങൾ  കോൺഗ്രസ് പാലിച്ചില്ലെന്നും എന്നാൽ മുസ്ലിംലീഗ് നന്നായി സഹകരിച്ചു എന്നും ആ പുസ‌്തകത്തിലുണ്ട‌്.

ദേശീയരാഷ്ട്രീയത്തിലെ ചുട്ടുപൊള്ളുന്ന പ്രശ്നങ്ങൾ ഉയർത്തി അഞ്ചുവർഷത്തെ ജനങ്ങളുടെ ദുരിതജീവിതം ഓർമിപ്പിച്ച്‌ ബിജെപിയെ തുറന്നുകാട്ടാനുള്ള തെരഞ്ഞെടുപ്പ് ഘട്ടമാണിത്.   രാജ്യത്താകെ അത്തരം മുദ്രാവാക്യങ്ങളുമായി രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ പ്രചാരണം നടത്തുമ്പോഴാണ്  തങ്ങളുടെ മിത്രം ബിജെപിയാണ് എന്ന് കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾക്ക് തോന്നുന്നത്.  ആ തോന്നൽ ഫലപ്രാപ്തിയിലെത്തിക്കാനാണ്‌ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുന്നത്. എന്നാൽ, അത്തരം അജൻഡകൾക്ക് പിന്നാലെ അല്ല കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി നീങ്ങുന്നത്. മോഡി ഭരണത്തിന്റെ  പൊള്ളത്തരങ്ങൾ വിശദീകരിച്ചും  രാജ്യവും ജനങ്ങളും അനുഭവിക്കുന്ന ദുരിതം ചർച്ചയിലേക്ക് കൊണ്ടുവന്നും  ഈ വിഷയങ്ങളിലെല്ലാംതന്നെ കോൺഗ്രസ് സ്വീകരിക്കുന്ന അറുവഷളൻ നയങ്ങളെ തുറന്നുകാട്ടിയും   ഉള്ള പ്രചാരണമാണ് എൽഡിഎഫ് നടത്തുന്നത്. രാജ്യത്തെ എൻഡിഎ ഭരണത്തിൽനിന്ന് മോചിപ്പിക്കുക,  മതനിരപേക്ഷതയെ  സംരക്ഷിക്കുക,  പാർലമെന്റിൽ  ഇടതുപക്ഷത്തിന്റെ  കരുത്ത് പരമാവധി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എൽഡിഎഫിനെ ജനങ്ങൾ വലിയതോതിൽ സ്വീകരിക്കുകയാണ്.  ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിന്റെ  നേട്ടങ്ങൾ തീർച്ചയായും ദേശീയരാഷ്ട്രീയത്തോടൊപ്പം ജനങ്ങളുടെ ശ്രദ്ധയിൽ ഉണ്ട്.   അതിനു മുമ്പിൽ ഒരവിശുദ്ധ കൂട്ടുകെട്ടും വാഴാൻ പോകുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top