01 June Thursday

പ്ലസ് വൺ പ്രവേശനം: ആശങ്ക വേണ്ട

വെബ് ഡെസ്‌ക്‌Updated: Wednesday Oct 6, 2021


കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവരുടെ ശോഭനമായ ഭാവിക്കും പിണറായി സർക്കാർ നൽകുന്ന പ്രാധാന്യവും പരിഗണനയും നാടിന് ബോധ്യമുള്ള വസ്തുതയാണ്. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമെല്ലാം അവരുടെ അനുഭവങ്ങളിലൂടെ ഇക്കാര്യം അറിയാം. കുട്ടികളുടെ വിദ്യാഭ്യാസം സുപ്രധാന ചുമതലയായി ഈ സർക്കാർ ഏറ്റെടുത്തിരിക്കുന്നു.

കോവിഡ് മഹാമാരിക്കാലത്ത്  ഓരോ കുഞ്ഞിന്റെയും സുരക്ഷ ഉറപ്പാക്കി പരീക്ഷകൾ നടത്തുന്നതിനും പരീക്ഷാഫലം യഥാസമയം പ്രഖ്യാപിക്കുന്നതിനും ഇന്ത്യക്കാകെ മാതൃകയാണ് ഇപ്പോഴത്തെ സർക്കാരും മുൻ സർക്കാരും. സ്കൂളുകളും കോളേജുകളും അടച്ചിടേണ്ടി വന്നപ്പോൾ, ഒരു നിമിഷംപോലും വൈകാതെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതും കേരളത്തിൽ. ഇപ്പോൾ, എല്ലാ സുരക്ഷാ ക്രമീകരണവും ഉറപ്പാക്കി, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോളേജുകൾ തുറന്നതും സ്കൂളുകൾ തുറക്കാനൊരുങ്ങുന്നതും വിദ്യാർഥികളുടെ ഭാവിയെ കരുതിത്തന്നെയാണ്.  ഉന്നത വിദ്യാഭ്യാസ മേഖയിലാകട്ടെ അറിവിന്റെ പുതിയ ചക്രവാളങ്ങൾ തുറക്കാനൊരുങ്ങുകയാണ് സർക്കാർ. ഉന്നത വിദ്യാഭ്യാസ സമ്പ്രദായമാകെ പുനഃസംവിധാനം ചെയ്യുകയാണ് ലക്ഷ്യം.

ഈയൊരു പശ്ചാത്തലത്തിൽ വേണം സംസ്ഥാനത്ത് ഇപ്പോൾ നടന്നുവരുന്ന പ്ലസ് വൺ പ്രവേശനത്തെയും വിലയിരുത്താൻ. അർഹതയുള്ള ഒരു കുട്ടിക്കുപോലും ഉപരിപഠനത്തിന് അവസരം നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കിക്കൊണ്ടാണ് പ്രവേശന നടപടികൾ പുരോഗമിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്ക പടർത്താൻ പ്രതിപക്ഷവും ചില മാധ്യമങ്ങളും കുറെ ദിവസമായി കൊണ്ടുപിടിച്ച് ശ്രമിക്കുന്നു.  മിടുക്കരായ വിദ്യാർഥികൾക്കുപോലും പ്രവേശനം ലഭിക്കില്ലെന്ന മട്ടിലാണ് പ്രചാരണം. ഇതുസംബന്ധിച്ച് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി, കൃത്യമായ കണക്കുകളോടെ തിങ്കളാഴ്ച നിയമസഭയിൽ നൽകിയ മറുപടി യുക്തിപൂർണവും വസ്തുതാപരവും അർഥവത്തുമായി.  ഇനിയും ആശങ്ക പടർത്താൻ പ്രതിപക്ഷം ശ്രമിക്കരുത്. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി, ഐടിഐ, പോളിടെക്നിക് എന്നീ വിഭാഗങ്ങളിലെല്ലാമായി അർഹരായ മുഴുവൻ കുട്ടികൾക്കും  ഉപരിപഠനത്തിനുള്ള സാഹചര്യം കേരളത്തിലുണ്ട്.

സ്പോട്ട് അഡ്മിഷൻകൂടി പൂർത്തിയാകുന്നതോടെ അപേക്ഷിച്ചവർക്കെല്ലാം പ്ലസ് വൺ പ്രവേശനം ലഭ്യമാകും. ഒന്നാം അലോട്ട്മെന്റിൽ ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റുകൾകൂടി രണ്ടാം അലോട്ട്മെന്റിൽ പൊതു വിഭാഗത്തിലേക്ക് മാറ്റും.  സീറ്റുകൾ അധികമുള്ളിടത്തുനിന്ന് കുറവുള്ള ജില്ലകളിലേക്ക് മാറ്റുന്നതും പരിഗണിക്കും. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ചില കുട്ടികൾ അപേക്ഷയിൽ കുറച്ച് ഓപ്ഷനേ നൽകിയിട്ടുള്ളൂ. അതുകൊണ്ട്, ഇവരിൽ ചിലർക്ക് ആദ്യ അലോട്ട്മെന്റിൽ സീറ്റ് ലഭിച്ചിട്ടുണ്ടാകില്ല. സംവരണ സീറ്റുകൾകൂടി പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതോടെ ഇവർക്കും പ്രവേശനം ലഭിക്കും.

ഏതാനും വർഷത്തെ സ്ഥിതി പരിശോധിച്ചും വിലയിരുത്തിയുമാണ് മന്ത്രി  ശിവൻകുട്ടി സഭയിൽ കാര്യങ്ങൾ വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 2016ലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ എസ്എസ്എൽസി പാസായത്. 4,58,080 വിദ്യാർഥികൾ അക്കൊല്ലം ഉപരിപഠനത്തിന് യോഗ്യത നേടി. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർ 22, 879. അന്നുണ്ടായിരുന്ന സീറ്റുകൾ 4,13,564. പ്രവേശനം നേടിയത് 3, 84,612 അപേക്ഷകർ. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലായി അക്കൊല്ലം 28, 952 സീറ്റ്‌ ഒഴിഞ്ഞുകിടന്നു. 2020ലും മൂന്നു മേഖലയിലുമായി 32,617 സീറ്റ് ഒഴിഞ്ഞുകിടന്നു.  ഇത്തവണ  ഉപരിപഠന യോഗ്യത നേടിയത് 4,19, 653 കുട്ടികൾ. മുൻ വർഷങ്ങളേക്കാൾ കുറവാണിത്. അതേസമയം, എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരുടെ എണ്ണം വലിയ തോതിൽ വർധിച്ചു.  ഇക്കുറിയും സീറ്റുകൾ നല്ല തോതിൽ ഒഴിഞ്ഞുകിടക്കുമെന്നാണ് വിലയിരുത്തൽ. ആരും നിരാശപ്പെടേണ്ടി വരില്ലെന്ന് ചുരുക്കം. കുട്ടികളുടെ വിദ്യാഭ്യാസം ഒരു തരത്തിലും തടസ്സപ്പെടില്ലെന്ന് ഉറപ്പിക്കാം. അസാധാരണ സാഹചര്യങ്ങളെപ്പോലും നേരിട്ട് വിദ്യാർഥികളുടെ ഭാവിയെ സംരക്ഷിക്കുന്ന സർക്കാരാണ് ഇവിടെയുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top